08:41pm 11 November 2026
NEWS
ജനസേവകർ ചൂഷകരാകുമ്പോൾ: 'ഫൈൻ വേട്ട'യിൽ പൊറുതിമുട്ടി കേരളം!
09/11/2025  08:46 AM IST
സുരേഷ് വണ്ടന്നൂർ
ജനസേവകർ ചൂഷകരാകുമ്പോൾ: ഫൈൻ വേട്ടയിൽ പൊറുതിമുട്ടി കേരളം!

​നിയമം നടപ്പാക്കുമ്പോൾ 'ഭരത്ചന്ദ്രൻ ഐപിഎസ്' ചമയുന്ന ഉദ്യോഗസ്ഥർ
​സ്വന്തം നാട്ടിലോ ജില്ലയിലോ സർവീസിന്റെ അവസാന കാലഘട്ടത്തിൽ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നവരാണ് മിക്ക പോലീസ് ഉദ്യോഗസ്ഥരും. ജനങ്ങളുമായി മികച്ച സൗഹൃദവും സഹകരണവും ഉണ്ടാകുമെന്നാണ് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ, സംസ്ഥാനത്തെ ചിലയിടങ്ങളിൽ, പ്രത്യേകിച്ച് ട്രാഫിക് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ സേവനത്തിന്റെ ഈ അവസാന കാലഘട്ടത്തിൽ 'ഭരത്ചന്ദ്രൻ ഐപിഎസ്' ചമയാൻ ശ്രമിക്കുന്നു എന്ന വിമർശനം ഉയരുകയാണ്. ഇത് ജനങ്ങളെ ഒന്നാകെ വെറുപ്പിച്ച് കൊണ്ടുള്ള പ്രവർത്തനരീതികളായി മാറുന്നു.

​ഇത് സേവനം തന്നെയോ?

​നഗരങ്ങളിലേക്ക് വാഹനവുമായി എത്തുന്നവർ ഇപ്പോൾ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. വാഹനം എവിടെ പാർക്ക് ചെയ്താലും എട്ടിന്റെ പണി കിട്ടും. ട്രാഫിക് എസ്.ഐമാരും സംഘവും സദാസമയവും നിരത്തിലുണ്ട്. മൊബൈൽ ഫോണിൽ വാഹനത്തിന്റെ ഫോട്ടോയെടുത്ത് പിഴ ഈടാക്കി, സർക്കാർ ഖജനാവിൽ പരമാവധി തുക എത്തിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയുള്ള നീക്കമാണിത്. ഇതിന് സ്വന്തക്കാരെന്നോ ബന്ധുക്കാരെന്നോ വ്യത്യാസമില്ല. നിയമം ലംഘിച്ചാലും ഇല്ലെങ്കിലും പിന്നീട് ഒരവസരം തരാതെ ഫോട്ടോയെടുത്ത് പിഴ ചുമത്തും.

​റോഡരികിൽ, നിശ്ചിത സ്ഥലത്ത് വാഹനം നിർത്തി ഒരത്യാവശ്യ സാധനം വാങ്ങാൻ പോയവരെപ്പോലും വെറുതെ വിടുന്നില്ല. മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത് പിഴ ചുമത്താൻ മോട്ടോർ വാഹന വകുപ്പ് നിയമം അനുവദിക്കുന്നില്ല എന്നുള്ളത് മറ്റൊരു കാര്യം. നഗരത്തിലെ വ്യാപാരികളും പൊതുജനങ്ങളും ടാക്സി ഡ്രൈവർമാരും മാത്രമല്ല, വി.ഐ.പികൾ പോലും ഇത്തരം 'ഫൈൻ വേട്ട'യുടെ ഇരകളായിട്ടുണ്ട്.
ചില ഉദ്യോഗസ്ഥർ പ്രതിദിനം മുപ്പതിനായിരം മുതൽ അമ്പതിനായിരം വരെ ഫൈൻ ഇനത്തിൽ വരുമാനമുണ്ടാക്കുന്ന ഒരുതരം കളക്ഷൻ ഏജന്റുമാരായി മാറിയിരിക്കുന്നു എന്ന വിമർശനം ശക്തമാണ്.

​അഞ്ചു മിനിറ്റിന് ഫൈൻ: നിയമം നടപ്പാക്കലിലെ അതിരുകടന്ന മത്സരം

​ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ഇടാത്തതിനോ, മൂന്നുപേരെ കയറ്റിയതിനോ, സീറ്റ് ബെൽറ്റ് ധരിക്കാത്തതിനോ, അമിത വേഗതയ്ക്കോ പിഴ ഈടാക്കുന്നത് നിയമപരമാണ്. എന്നാൽ അഞ്ചു മിനിറ്റ് കടയുടെ സൈഡിൽ നിർത്തി അത്യാവശ്യ സാധനം വാങ്ങാൻ ഇറങ്ങിയാൽ ഓടിയെത്തി ഫൈനടിക്കുന്ന രീതി വിമർശനത്തിന് ഇടയാക്കുന്നു.
​സംസ്ഥാനത്തെ ഒരു നഗരത്തിലെ ജ്വല്ലറിയുടെ പാർക്കിംഗ് ഏരിയയിൽ കാർ നിർത്തിയിട്ട ഒരു വനിതാ അഭിഭാഷകയുടെ വാഹനത്തിന് പോലും ഈയിടെ ഒരു ഉദ്യോഗസ്ഥൻ ഫൈൻ ചുമത്തി. തുടർന്ന് നടന്ന സാമൂഹ്യ മാധ്യമങ്ങളിലെ വാദപ്രതിവാദം ജനമൈത്രി പോലീസ് എന്ന ആശയത്തിന് തന്നെ കോട്ടം വരുത്തി.
​ഉദ്യോഗസ്ഥന്റെ മറുപടി: "വക്കീലെ തോന്നുംപോലെ വാഹനം പാർക്ക് ചെയ്താൽ ഫൈൻ കിട്ടും. തെറ്റ് ചെയ്തില്ലെങ്കിൽ പരാതി കൊടുക്ക്. അതല്ലേ ചെയ്യേണ്ടത്."
​അഭിഭാഷകയുടെ മറുപടി: "ഇതൊരു വെല്ലുവിളിയാണല്ലോ ഓഫീസറെ. കേസ് കൊടുക്കാൻ മടിയോ പേടിയോ ഇല്ലെന്ന് അറിയാമല്ലോ."
​ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥന് ഇങ്ങനെയൊക്കെ പെരുമാറാൻ കഴിയുമോ എന്ന ചോദ്യമാണ് പൊതുസമൂഹത്തിൽ ഉയരുന്നത്.

​പാർട്ടി ഭേദമില്ലാതെ പ്രതിഷേധം; നടപടി ആവശ്യപ്പെട്ട് സംഘടനകൾ

​സംസ്ഥാനത്തെ പലയിടത്തും ജനങ്ങളുമായി സൗഹൃദത്തിലല്ലാത്ത ഒരു ട്രാഫിക് പോലീസാണ് ഇപ്പോൾ ഉള്ളതെന്ന വിമർശനമുണ്ട്. 'ജനമൈത്രി' എന്ന ആശയം പലപ്പോഴും ഇല്ലാതാവുകയാണ്. തെറ്റായ ഈ നയത്തിൽ പ്രതിഷേധിച്ച് ഭരണകക്ഷിയുടെ യുവജന സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഇപ്പോൾ ഈ ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ പേരിൽ നടപടി ആവശ്യപ്പെട്ട് ബ്രാഞ്ച് സെക്രട്ടറിമാർ മുതൽ രാഷ്ട്രീയ പ്രവർത്തകർ വരെ മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടലിൽ പരാതികൾ നൽകിയിട്ടുണ്ട്.

​ഒരു പ്രൊബേഷനിലുള്ള എസ്.ഐ മോശമായി പെരുമാറിയെന്ന് കാണിച്ച് നഗരസഭയിലെ സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷൻ വരെ പോലീസിന് പരാതി നൽകേണ്ട അവസ്ഥയുണ്ടായി. ഇത്തരം സംഭവങ്ങൾ ജനങ്ങളും പോലീസും തമ്മിലുള്ള അകലം വർദ്ധിപ്പിക്കുന്നു.
​വാഹനങ്ങൾ അനുദിനം വർധിക്കുമ്പോൾ, അതിനനുസരിച്ച് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താൻ അധികൃതർ തയ്യാറാകാത്തതാണ് ഈ പ്രശ്നത്തിന്റെ ഒരു പ്രധാന കാരണം. നിസാര കാര്യങ്ങൾക്ക് പോലും മത്സരബുദ്ധിയോടെ പോലീസ് പെറ്റി അടിക്കുന്നത് കൊണ്ട് നഗരത്തിൽ വാഹനവുമായി കടക്കാൻ വ്യാപാരികളും പൊതുജനങ്ങളും മടിക്കുകയാണ്. ഇത് വ്യാപാര സ്ഥാപനങ്ങളുടെ കച്ചവടത്തെ പോലും സാരമായി ബാധിക്കുന്നു.

​സംസ്ഥാനത്ത് വ്യാപകമാകുന്ന ഈ 'ഫൈൻ വേട്ട' നിയമം നടപ്പാക്കാനുള്ള ഊർജ്ജസ്വലതയായി കാണണോ അതോ അധികാര ദുർവിനിയോഗമായി കാണണോ എന്ന ചോദ്യം പ്രസക്തമാവുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img