
മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം സിവിൽ സർവ്വീസിന്റെ വിശ്വാസ്യതയ്ക്ക് ക്ഷതമേൽപ്പിക്കുന്ന വിവരങ്ങളാണ് അനുദിനം പുറത്തുവരുന്നത്.
സംസ്ഥാന ഭരണത്തെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെയും അവരോട് ചേർന്നുനിൽക്കുന്ന ചില സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെയും മൂല്യച്യുതിയും ജീർണ്ണതയും ഒരു പി ആർ വർക്കുകൊണ്ടും മൂടിവയ്ക്കാൻ കഴിയാത്തവിധം വ്രണം പോലെ പൊട്ടിയൊലിക്കാൻ തുടങ്ങിയിരിക്കുന്നു. എന്തിനും ഏതിനും കൂട്ടുനിൽക്കുന്ന ഐ.എ.എസുകാരേയും ഐ.പി.എസുകാരെയും താക്കോൽ സ്ഥാനങ്ങളിൽ കുടിയിരുത്തുക, കുറ്റകൃത്യങ്ങളിലും ദുഷ്‌ചെയ്തികളിലും ഒരുപോലെ പങ്കുചേർന്ന്, അവിഹിത നേട്ടങ്ങൾ ഉണ്ടാകുക, പരസ്പരം സഹായവും സംരക്ഷണവും ഒരുക്കുക അങ്ങനെയൊരു ദൂഷിതവലയം അണിഞ്ഞിരുന്ന പൊയ്മുഖം ജനങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു.
ശിവശങ്കർ ഐ.എ.എസ് മുതൽ നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് വരെയും, ലോക്‌നാഥ് ബെഹ്‌റ മുതൽ ഡി.ജി.പി എം.ആർ. അജിത്കുമാർ വരെയുമുള്ളവർ തങ്ങൾക്കുവേണ്ടിയും അധികാരത്തലപ്പത്ത് ഉള്ളവർക്കുവേണ്ടിയും ചെയ്തുകൂട്ടിയ കൊടുംപാതകങ്ങൾ സമാനതകളില്ലാത്തതാണ്. എന്നാലിവരൊക്കെയും നിയമ നടപടികൾ നേരിടാതിരിക്കാൻ ഭരണകൂടം ഒരുക്കിയ സംരക്ഷണ കവചവും സമാനതകളില്ലാത്തതായിരുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും ഭരണാധികാരത്തിന് വളരെ വേണ്ടപ്പെട്ട സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായിരുന്നു ഡോ. എ. ജയതിലക് ഐ.എ.എസ്. മുഖ്യമന്ത്രിക്ക് മുമ്പാകെ ലഭ്യമായിട്ടുള്ള നിരവധി പരാതികളും ആക്ഷേപങ്ങളും അവഗണിച്ചുകൊണ്ടാണ് അദ്ദേഹത്തെ സംസ്ഥാന ബ്യൂറോക്രസിയുടെ തലപ്പത്ത് കേരളത്തിന്റെ 50-ാമത് ചീഫ് സെക്രട്ടറിയായി നിയമിക്കുന്നത്. അദ്ദേഹത്തിനെതിരായി ഗുരുതരമായ ചില ആരോപണങ്ങൾ ഉന്നയിച്ച യുവ ഐ.എ.എസ് ഓഫീസർ എൻ പ്രശാന്തിനെ സർക്കാർ തുടർച്ചയായി സസ്‌പെന്റ് ചെയ്തു പുറത്തുനിർത്തുകയും, ചില മാധ്യമങ്ങൾ ജയതിലക് ഐ.എ.എസിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത് പ്രശാന്തിനെ വിചാരണ ചെയ്യുകയുമായിരുന്നു.
എന്നാൽ സംസ്ഥാനത്തെ ഒരു ചീഫ് സെക്രട്ടറിക്കെതിരേയും ഇതിനുമുമ്പ് കേട്ടിട്ടില്ലാത്ത അതിഗുരുതരമായ ആരോപണങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗമായ ടെലിവിഷൻ ചാനൽ പോലും റിപ്പോർട്ട് ചെയ്തിട്ടും, ആരോപണ വിധേയനായ ഉദ്യോഗസ്ഥനോ സർക്കാരിനോ മാനം നഷ്ടപ്പെട്ടതായിപ്പോലും തോന്നുന്നില്ലെന്നതാണ് പരിതാപകരം.
തിരുവനന്തപുരം പട്ടം സ്വദേശിയായ ഡോ. എ. ജയതിലക് 2025 ഏപ്രിൽ 30 നാണ് കേരള സംസ്ഥാന ചീഫ് സെക്രട്ടറിയായി നിയമിതനാകുന്നത്. 1991 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് 2026 ജൂൺ വരെ സർവ്വീസ് കാലാവധിയുണ്ട്. 10 വർഷം ഡെപ്യൂട്ടേഷനിലായിരുന്നു. ഇതിൽ മൂന്നുവർഷം ഛത്തീസ്ഗഢിലും ഏഴുവർഷം കേന്ദ്ര സർവ്വീസിലുമായിരുന്നു.
ജയതിലക് ഐ.എ.എസിന്റെ ശത്രുതയുടെ ഇരയാണത്രെ ദീർഘനാളായി തുടർച്ചയായി സസ്‌പെൻഷൻ നേരിടുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത്. സമൂഹമാധ്യമത്തിൽ കുറിപ്പ് ഇട്ടതിന് സസ്‌പെൻഡ് ചെയ്യപ്പെടുന്ന ആദ്യഐ.എ.എസ് ഉദ്യോഗസ്ഥനാണ് പ്രശാന്ത്. 2024 നവംബർ 10 നായിരുന്നു ആദ്യ സസ്‌പെൻഷൻ. തലശ്ശേരി സ്വദേശിയായ പ്രശാന്ത് 2007 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. 2015 ൽ കോഴിക്കോട് ജില്ലാ കളക്ടറായിരിക്കെ ഒട്ടേറെ ജനപ്രിയ പദ്ധതികൾ നടപ്പിലാക്കി പൊതു ജനങ്ങളുടെ 'കളക്ടർ ബ്രോ' ആയി മാറുകയായിരുന്നു.
റോഡുകളിലെ കുഴിയടയ്ക്കാൻ സ്‌പോൺസർമാരെ തേടുന്ന 'നമുക്ക് നിരത്താം നിരത്ത്' പദ്ധതി, വിശക്കുന്നവർക്ക് ഭക്ഷണം നൽകാനുള്ള 'ഓപ്പറേഷൻ സുലൈമാനി പദ്ധതി', വിദ്യാർത്ഥികളുടെ സൗകര്യം വർദ്ധിപ്പിക്കാനുള്ള സവാരിഗിരിഗിരി പദ്ധതി, കോഴിക്കോടിനെപ്പറ്റി അറിയേണ്ടതെല്ലാം ഉൾപ്പെടുത്തിയുള്ള 'കോഴിപീഡിയ' വിജ്ഞാനകോശം പദ്ധതി തുടങ്ങി ജനോപകാര പ്രദമായ ഒട്ടേറെ പരിപാടികൾ ആവിഷ്‌ക്കരിച്ചതുവഴി താനൊരു വ്യത്യസ്തനായ ബ്യൂറോക്രാറ്റ് ആണെന്ന് തെളിയിച്ച് ജനഹൃദയങ്ങളിലിടം നേടി. പൊതുജനങ്ങളെ ഭരണ നടപടികളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിന് സമൂഹമാധ്യമങ്ങളുടെ വിപുല സാധ്യതകൾ ഉപയോഗപ്പെടുത്തിയ പ്രശാന്തിന്, നിർഭയനായി തനിക്ക് മുകളിലുള്ളവരുടെ തെറ്റുകുറ്റങ്ങൾ വിളിച്ചുപറയണമെന്നു തോന്നിയത് ഏകപക്ഷീയമായ അച്ചടക്ക നടപടികൾ ക്ഷണിച്ചുവരുത്തുന്നതിനിടയാക്കി.
കേരള പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പിൽ ജയതിലക് അഡീഷണൽ ചീഫ് സെക്രട്ടറിയും എൻ. പ്രശാന്ത് സ്‌പെഷ്യൽ സെക്രട്ടറിയുമായി 2023-24 കാലത്ത് ഏതാനും മാസങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. 2024 മാർച്ചിൽ പ്രശാന്ത് കൃഷിവകുപ്പിലേക്കും ജയതിലക് പിന്നീട് ധനകാര്യവകുപ്പിലേക്കും മാറുകയുണ്ടായി. പട്ടികജാതി, പട്ടികവർഗ്ഗ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള എംപവർമെന്റ് സൊസൈറ്റിയാണ് 'ഉന്നതി.' പട്ടികവിഭാഗശാക്തീകരണത്തിനായി വിവിധ പദ്ധതികൾ, ഇന്റേൺഷിപ്പുകൾ, സംരംഭകത്വം, നൈപുണ്യവൽക്കരണം തുടങ്ങിയ മേഖലകളിൽ പരിശീലനവും പ്രോത്സാഹനവുമാണ് ഉന്നതി ലക്ഷ്യമിടുന്നത്. എൻ. പ്രശാന്ത് 'ഉന്നതി'യുടെ ചുമതല വഹിക്കവേ അദ്ദേഹം കൃത്യനിർവ്വഹണത്തിൽ വീഴ്ചവരുത്തിയെന്നാരോപിച്ചുകൊണ്ടും, പ്രശാന്ത് ഐ.എ.എസിന്റെ ആത്മാർത്ഥതയും ഇന്റഗ്രിറ്റിയും ചോദ്യം ചെയ്തുകൊണ്ടും സൽപേരും, പ്രതിഛായയും കളങ്കപ്പെടുത്തികൊണ്ടും മേലുദ്യോഗസ്ഥനായിരുന്ന എ. ജയതിലക് മുഖ്യമന്ത്രിക്ക് വാസ്തവവിരുദ്ധമായ ഒരു റിപ്പോർട്ട് നൽകുകയും ആ റിപ്പോർട്ട് ഒരു പ്രമുഖപത്രത്തിന് നൽകി പ്രസിദ്ധീകരിക്കുകയും ചെയ്തിടത്തുനിന്നാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടക്കം.
ഈ നടപടി എൻ. പ്രശാന്തിനെ ആഴത്തിൽ മുറിവേൽപ്പിച്ചപ്പോൾ അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് രണ്ടും കൽപ്പിച്ച് തിരിച്ചടിക്കാനിറങ്ങുകയായിരുന്നു. 'ഉന്നതി' സി.ഇ.ഒ സ്ഥാനത്തുനിന്നും നീക്കിയതിനുപിന്നാലെ അവിടുത്തെ ഫയലുകൾ പ്രശാന്ത് മുക്കിയെന്നായിരുന്നു വകുപ്പ് സെക്രട്ടറിയായിരുന്ന ജയതിലകിന്റെ പ്രധാന കുറ്റാരോപണം. എന്നാൽ പ്രശാന്ത് ഫയലുകൾ മുക്കിയിട്ടില്ലെന്നും അവ, തങ്ങളെ പ്രശാന്ത് ഏൽപ്പിച്ചിരുന്നെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയതോടെ ജയതിലക് വെട്ടിലായി. വീണിടത്തു കിടന്നു ഉരുണ്ട ഈ മേലുദ്യോഗസ്ഥൻ, പ്രശാന്ത് വകുപ്പിനെതിരെ ഏൽപ്പിച്ച കൂട്ടത്തിൽ സമൂഹമാധ്യമ അജണ്ടകളുടേയും ഇമെയിൽ വിലാസങ്ങളുടെയും വെബ് സൈറ്റിന്റെയും ലോഗിൻ വിവരങ്ങളും ആദ്യജനറൽ ബോഡി യോഗത്തിന്റെ മിനിറ്റ്‌സും ഇല്ലായിരുന്നെന്ന ആരോപണവുമായി വീണ്ടും രംഗത്തെത്തുകയുണ്ടായി.
പ്രശാന്തിനുശേഷം ഉന്നതി സി.ഇ.ഒ ആയ ഗോപാലകൃഷ്ണൻ മേലുദ്യോഗസ്ഥനായ ജയതിലകിന്റെ വിനീതവിധേയനായിരുന്നു. ജയതിലകും ഗോപാലകൃഷ്ണനും ചേർന്നാണ് പ്രശാന്തിനെതിരായി മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ട് തയ്യാറാക്കിയത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസിൽ കുറച്ചുകാലം പി.എസ്. ആയി വർക്ക് ചെയ്തിരുന്നതിനാലാവാം വിവാദങ്ങൾ കത്തിനിന്നപ്പോൾ പ്രശാന്തിനെ കോൺഗ്രസ് അനുകൂലി എന്ന നിലയിൽ ചിത്രീകരിച്ച് മുൻമന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയും, മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ഗോപകുമാറും പ്രശാന്തിനെതിരെപ്രസ്താവനയുമായി രംഗത്ത് എത്തിയിരുന്നു.
എ. ജയതിലക് മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ട് രണ്ട് ദിവസമായിട്ടാണ് പത്രത്തിൽ വാർത്തയായത്. വാർത്ത വന്ന ആദ്യദിനം, തന്നെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രശാന്ത് പത്രത്തിനെതിരേയും ജയതിലകിനെതിരെയും രൂക്ഷമായി പ്രതികരിച്ചു. കുറിപ്പിന് താഴെ വന്ന ഒരു കമന്റിൽ റിപ്പോർട്ട് ആരാണ് പത്രത്തിന് ചോർത്തിയത് എന്നുചോദിക്കുന്നുണ്ട്. അതിനുള്ള മറുപടി 'ഈ ജയതിലക് എന്ന വ്യക്തി തന്നെയാണ് ബ്രോ, മാടമ്പള്ളിയിലെ യഥാർത്ഥ ചിത്തരോഗി' എന്നാണ് പ്രതികരിച്ചത്. ഇത് വിവാദമായതോടെ കുറിപ്പ് ഡിലീറ്റ് ചെയ്തു.
ഇതിനുപിന്നാലെ ജയതിലകിന്റെ ചിത്രം അടക്കം പങ്കുവച്ച് വീണ്ടും ഫെയ്ബുക്ക് പോസ്റ്റിട്ടത് ഇങ്ങനെയായിരുന്നു.
സെക്രട്ടറിയേറ്റിൽ അടയിരിക്കാതെ ഫീൽഡിൽ ഇറങ്ങി ജോലി ചെയ്യുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ കണ്ട് പരിചയമില്ലാത്ത പത്രം ഇന്നും എനിക്കെതിരെ വാർത്ത അച്ചടിച്ചിട്ടുണ്ട്. എന്നത്തേയും പോലെ എന്റെ ഭാഗം ചോദിക്കാതെ എനിക്കായി ഒരു സ്ഥിരം കോളം ഇടാൻ അപേക്ഷ.
ബഹുമന്ത്രിയുടെ അനുമതിയോടെയും നിർദ്ദേശപ്രകാരവും ഫീൽഡ് വിസിറ്റിനും മീറ്റിംഗുകളിലും പങ്കെടുക്കാൻ പോകുമ്പോൾ 'അദർ ഡ്യൂട്ടി' മാർക്ക് ചെയ്യുന്നതിനെ ഹാജർ എന്ന് വ്യാജമായി റിപ്പോർട്ടാക്കണമെങ്കിൽ അതിനു പിന്നിൽ എന്തുമാത്രം കഷ്ടപ്പാടുണ്ട്.
എനിക്കെതിരെ റിപ്പോർട്ടുകൾ തയ്യാറാക്കി ഉടനുടനെ പത്രത്തിന് സമർപ്പിക്കുന്ന അവരുടെ സ്‌പെഷ്യൽ റിപ്പോർട്ടർ ഡോ. ജയതിലക് ഐ.എ.എസ് എന്ന സീനിയർ ഉദ്യോഗസ്ഥനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകൾ അറിയിക്കാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്. സർക്കാർ ഫയലുകൾ പൊതുജനമധ്യത്തിൽ ചർച്ച ചെയ്യേണ്ടിവരുന്നത് എനിക്കിഷ്ടമല്ലെങ്കിലും തൽക്കാലം വേറെ നിർവ്വാഹമില്ല. വിവരാവകാശപ്രകാരം പൊതുജനത്തിന് അറിയാൻ അവകാശമുള്ള കാര്യങ്ങൾ മാത്രമാണ് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്, കാര്യം അറിയാത്തവർക്ക് താഴെ കമന്റാം. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തിയാണ്, അതുകൊണ്ട് വേണ്ടവിധം ഭയബഹുമാനത്തോടെ വേണം കേട്ടോ.'
പ്രശാന്തിന്റെ സമൂഹമാധ്യമത്തിലെ വിമർശനമാണ് സസ്‌പെൻഷനിൽ കലാശിച്ചത്. അഴിമതി പുറത്തുകൊണ്ടുവരുന്ന 'വിസിൽ ബ്ലോവറു'ടെ റോളാണ് താൻ ഏറ്റെടുത്തിരിക്കുന്നതെന്നും സഹപ്രവർത്തകനെ വിമർശിക്കുന്നത് സർവ്വീസ് ചട്ടലംഘനമല്ലെന്നും പ്രശാന്ത് അവകാശപ്പെട്ടെങ്കിലും ചട്ടലംഘനം നടത്തിയെന്നാണ് ചീഫ് സെക്രട്ടറി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. കടുത്ത നടപടിയാവശ്യപ്പെട്ടുള്ള ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ റിപ്പോർട്ടിനെ തുടർന്ന് 2024 നവംബർ 10 ന് മുഖ്യമന്ത്രിയെടുത്ത തീരുമാനത്തിന്റെയടിസ്ഥാനത്തിലാണ് പിറ്റേന്ന് നവംബർ 11 ന് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ അപമാനിക്കുകവഴി പ്രശാന്ത് ഭരണയന്ത്രത്തിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി സസ്‌പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്.
എന്നാൽ അന്നത്തെ നടപടിയുടെ പ്രത്യേകത ഒരേദിവസം ഐ.എ.എസ് ഉദ്യോഗസ്ഥരെ വ്യത്യസ്ത കാരണങ്ങളാൽ സസ്‌പെൻഡ് ചെയ്തു എന്നതാണ.് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ തമിഴ്‌നാട് സ്വദേശിയായ ഗോപാലകൃഷ്ണനെ സസ്‌പെൻഡ് ചെയ്തത് മതേതര കേരളത്തെ ഞെട്ടിച്ച അതീവഗുരുതരമായ ആരോപണത്തിന്റെ പേരിൽ. എന്നാൽ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് ജയതിലകിന്റെ വലംകയ്യായ കെ. ഗോപാലകൃഷ്ണന്റെ സസ്‌പെൻഷൻ 2025 ജനുവരി 9 ന് അതായത് 69-ാം ദിവസം പിൻവലിച്ചു. പ്രശാന്തിന്റെ സസ്‌പെൻഷൻ ഒരു വർഷവും രണ്ടുമാസവും ആകുമ്പോഴും പിൻവലിക്കാൻ സർക്കാർ തയ്യാറല്ല, ഭരണാധികാരികൾ ഈ ഇരട്ട നീതിയെക്കുറിച്ച് വിലയിരുത്തുമ്പോൾ ഗോപാലകൃഷ്ണന്റെ പേരിലുള്ള കുറ്റം എന്തായിരുന്നുവെന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്.
2024 ഒക്‌ടോബർ 30 ന് mallu Hindu officers എന്ന പേരിൽ ഗോപാലകൃഷ്ണൻ അഡ്മിനായി സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ മതാടിസ്ഥാനത്തിൽ വാട്‌സ് ആപ്പ് ഗൂപ്പ് ഉണ്ടാക്കുകയാണ് കെ. ഗോപാലകൃഷ്ണൻ ചെയ്തത്. ഹിന്ദു ഗ്രൂപ്പിന്റെ സ്‌ക്രീൻഷോട്ട് അടക്കം മുതിർന്ന ബി.ജെ.പി നേതാവിന് ഗോപാലകൃഷ്ണൻ സന്ദേശമയച്ചെന്ന വിവരം പോലീസിന് ലഭിച്ചെങ്കിലും തെളിവ് നശിപ്പിക്കപ്പെട്ടു. ദീപാവലി ആശംസ അയയ്ക്കാനെന്ന വ്യാജേനയാണ് ഹിന്ദുവിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരിൽ ഗോപാലകൃഷ്ണൻ അഡ്മിനായി വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഇത് വിവാദമായതോടെ തൊട്ടടുത്ത ദിവസം മല്ലു മുസ്ലീം ഓഫീസേഴ്‌സ് എന്ന പേരിൽ മറ്റൊരു ഗ്രൂപ്പും ഉണ്ടാക്കി. പിടിവീഴുമെന്നായപ്പോൾ രണ്ട് ഗ്രൂപ്പുകളും ഡിലീറ്റാക്കി ഫോർമാറ്റ് ചെയ്തശേഷമാണ് ഗോപാലകൃഷ്ണൻ ഫോറൻസിക് പരിശോധനയ്ക്ക് ഫോൺ പോലീസിന് കൈമാറിയത്.
തന്റെ ഫോൺ ആരോ ഹാക്ക് ചെയ്ത് മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്ന് പരാതി നൽകി മുഖം രക്ഷിക്കാനും ഗോപാലകൃഷ്ണൻ ശ്രമം നടത്തി. എന്നാൽ അത് തെളിയിക്കാനാവാത്ത വിധം വിവരങ്ങളെല്ലാം ഫോർമാറ്റ് ചെയ്തിട്ടായിരുന്നു ഈ പരാതി നൽകിയത്. ഫോൺ മറ്റാരും ഹാക്ക് ചെയ്തതായി തെളിവില്ലെന്ന് വാട്‌സ് ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയും, തുടർന്ന് ഗൂഗിളും, സംസ്ഥാന ഫോറൻസിക് സംഘവും പോലീസിനെ അറിയിക്കുകയുണ്ടായി.
മതപരമായ വേർതിരിവ് ഉണ്ടാക്കുന്ന പ്രവൃത്തികൾ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിന് എതിരാണെന്നുമാത്രമല്ല നിഷ്പക്ഷവും നീതിപൂർവ്വവുമാകേണ്ട സർക്കാർ സർവ്വീസിൽ തന്നെ വിഷം കലർത്തുക കൂടിയാണ് ചെയ്തത്. ഐ.എ.എസുകാർക്കിടയിലെ ഐക്യം തകർക്കാനും ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റം ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറി സസ്‌പെൻഷൻ ഉത്തരവിറക്കിയത്. ഗോപാലകൃഷ്ണൻ ചെയ്തത് എന്താണെന്ന് പകൽപോലെ മുഴുവൻ കേരളീയർക്കും മനസ്സിലായിട്ടും തുടരന്വേഷണമോ നടപടികളോ ഇല്ലാതെ പിണറായി സർക്കാർ മഹാമനസ്‌ക്കതയോടെ വളരെ വേഗം സസ്‌പെൻഷൻ പിൻവലിക്കുകയായിരുന്നു.
അതേസമയം എൻ. പ്രശാന്തിനെതിരായ പ്രതികരണ നടപടികൾ അനസ്യൂതം തുടരുകയായിരുന്നു. ഒരു സർക്കാർ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്താൽ, ആറുമാസത്തിനകം ഒരു സമിതിയെവച്ച് സസ്‌പെൻഷൻ ശരിയാണോ എന്നന്വേഷിച്ച് റിപ്പോർട്ട് നൽകേണ്ടത് സാധാരണ നടപടിക്രമം മാത്രമാണ്. ആറുമാസത്തിനിടയിൽ പ്രശാന്തിനെ വിളിച്ചുവരുത്തി ചീഫ് സെക്രട്ടറിയായിരുന്ന ശാരദാ മുരളീധരൻ വിശദീകരണം തേടുകയും പിന്നാലെ സസ്‌പെൻഷൻ പിൻവലിക്കുകയും സർവ്വീസിലേക്ക് തിരികെ എടുക്കാനും ശുപാർശ ചെയ്തിരുന്നു. എന്നാൽ ശാരദാ മുരളീധരൻ, ബിശ്വനാഥ് സിൻഹ, കെ.ആർ. ജ്യോതിലാൽ എന്നിവരുടെ കമ്മിറ്റി എടുത്ത തീരുമാനം പിന്നീട് തിരുത്തപ്പെടുകയും പ്രശാന്തിന്റെ സസ്‌പെൻഷൻ നീട്ടുകയുമായിരുന്നു. ഒമ്പതുമാസം പിന്നിട്ടശേഷമാണ് രണ്ടാമത്തെ സമിതിയെ നിയോഗിച്ചതുതന്നെ. തന്റെ സസ്‌പെൻഷൻ നീട്ടാൻ ജയതിലക് ഇടപെട്ടുവെന്നും അതിന്റെ തെളിവുകൾ തന്റെ കൈവശം ഉണ്ടെന്നും പ്രശാന്ത് വെല്ലുവിളിക്കുകയുമായിരുന്നു.
എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ ആറുമാസത്തേക്ക് 2025 നവംബർ ആദ്യം നീട്ടിയതിനുപിന്നാലെ ഡോ. എ. ജയതിലകിനെതിരെ അനധികൃത സ്വത്ത് സമ്പാദനവും ഗുരുതരമായ ചട്ടലംഘനങ്ങളും ചൂണ്ടിക്കാട്ടി റൂൾ 7 പരാതി സമർപ്പിച്ചതായി പ്രശാന്ത് ഫെയിസ് ബുക്ക് പോസ്റ്റിട്ടും മാധ്യമങ്ങളെ അറിയിക്കുകയുണ്ടായി. ഓൾ ഇന്ത്യ സർവ്വീസ് റൂൾ 1968 പ്രകാരം നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് കൃത്യമായ തെളിവുകളുടെ രേഖകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു. ജയതിലക് റവന്യൂ, എക്‌സൈസ് വകുപ്പുകൾ കൈകാര്യം ചെയ്ത കാലയളവുകളിൽ ബാർ, റിയൽ എസ്റ്റേറ്റ് കച്ചവടക്കാരുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ അടക്കം നിരവധി ഡീലുകളുടെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും 2025 നവംബർ 17 ന് പോസ്റ്റ് ചെയ്ത പ്രശാന്തിന്റെ കുറിപ്പിൽ പറയുന്നു. എന്നാൽ പ്രശാന്തിന്റെ പരാതിയിൽ മുഖ്യമന്ത്രി എന്തെങ്കിലും തുടർനടപടികൾ ഇതുവരെ സ്വീകരിച്ചതായി അറിവില്ല.
ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഗൾഫ് പര്യടനം നടത്തവേ 2025 നവംബർ 8 ന് ഗുരുതര അഴിമതി ആരോപണങ്ങളുമായി തെളിവുകൾ സഹിതമുള്ള പരാതി വിജിലൻസിന് ലഭിച്ചത് ചീഫ് സെക്രട്ടറിക്ക് മറ്റൊരു പ്രഹരമായി. വഞ്ചനാപരമായ സാമ്പത്തികനേട്ടം, ഔദ്യോഗിക പദവി ദുരുപയോഗം, സ്വത്തുവിവര സത്യവാങ്മൂലത്തിൽ കള്ളത്തരം കാണിക്കൽ, വെളിപ്പെടുത്താത്ത സ്വകാര്യ വാണിജ്യ ഇടപാടുകൾ, ബിനാമി ഇടപാടുകൾ എന്നിവയാണ് ആരോപണങ്ങൾ. പരാതിയിലെ വിശദവിവരങ്ങളടക്കം ഇംഗ്ലീഷ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
നേരത്തെതന്നെ മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് റവന്യൂ സെക്രട്ടറിയായിരുന്ന ജയതിലകിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നതാണ്. വയനാട് ജില്ലയിലുള്ള മുട്ടിൽ വില്ലേജിലെ ലാന്റ്, അസൈൻമെന്റ് പട്ടയഭൂമിയിൽ നിന്നും അനധികൃതമായി 2020-21 ൽ കോടികളുടെ അനധികൃത മരം മുറി നടന്നു. ലാന്റ് അസൈൻമെന്റ് പട്ടയം അനുവദിച്ച ഭൂമിയിലെ ചന്ദനം, തേക്ക്, വീട്ടി, എബണി എന്നീ നാല് തരം മരങ്ങളുടെ ഉടസ്ഥത സർക്കാരിനാണുള്ളത്. 2020 ഒക്‌ടോബർ 24 ന് റവന്യൂവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എ. ജയതിലക് പുറത്തിറക്കിയ വിവാദ ഉത്തരവ് ആണ് മുട്ടിൽ മരംമുറിക്ക് അവസരം ഒരുക്കിയത്. ചന്ദനമൊഴികെയുള്ള മറ്റെല്ലാ മരങ്ങളും ഈ ഭൂമികളിൽ നിന്ന് മുറിക്കാം എന്നായിരുന്നു വിവാദ ഉത്തരവിൽ ഉണ്ടായിരുന്നത്. മരം മുറിക്കുന്നതിനെതിരെ പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ തടസ്സം നിൽക്കാൻ പാടില്ലെന്നും അങ്ങനെ ആരെങ്കിലും തടസ്സം നിന്നാൽ അവർക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നുള്ള അസാധാരണ വ്യവസ്ഥയും ആ ഉത്തരവിലുണ്ടായിരുന്നു. കേവലം മൂന്ന് മാസത്തേയ്ക്ക് മാത്രമായിട്ടാണ് ഇങ്ങനെയൊരു വിചിത്ര ഉത്തരവിറക്കിയത്. എന്നാൽ ആ മൂന്നുമാസം കൊണ്ട് മുന്നൂറ് കോടികളുടെ മരം മുറിക്കപ്പെട്ടു. മുട്ടിൽ വില്ലേജിൽ നിന്നുമാത്രം 15 കോടി രൂപയുടെ മരങ്ങളാണ് മുറിച്ചുകടത്തിയത്. ഉത്തരവിറക്കിയ പ്രിൻസിപ്പൽ സെക്രട്ടറി ജയതിലകിനെതിരെ ഒരു നടപടിയും ഉണ്ടാകാതെ സർക്കാർ സംരക്ഷിക്കുകയായിരുന്നു.
ഏറ്റവും ഒടുവിലായി ജനം ടി.വി ഉൾപ്പെടെ വിവിധ മാധ്യമങ്ങൾ, സെക്രട്ടറിയേറ്റിലെ വനിതാജീവനക്കാരോട് മോശമായി പെരുമാറിയെന്നതടക്കമുള്ള ലൈംഗിക ആരോപണങ്ങളും ചീഫ് സെക്രട്ടറിക്കെതിരെ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. വനിതാജീവനക്കാർ അടക്കം മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് നൽകിയ പരാതി രണ്ട് വർഷമായി ഒരു നടപടിയും സ്വീകരിക്കാതെ പൂഴ്ത്തി വെച്ചതായും ഈ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. എന്നാൽ ആ ആരോപണവുമായി തനിക്ക് ബന്ധമില്ലെന്ന് എൻ. പ്രശാന്ത് ഐ.എ.എസ് പറഞ്ഞിട്ടുണ്ട്. ഏതായാലും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം സിവിൽ സർവ്വീസിന്റെ വിശ്വാസ്യതയ്ക്ക് ക്ഷതമേൽപ്പിക്കുന്ന വിവരങ്ങളാണ് അനുദിനം പുറത്തുവരുന്നത്.











