12:12pm 17 April 2026
NEWS
പുതിയ കേരളത്തിലേക്കു കടക്കുമ്പോൾ
16/04/2026  03:59 PM IST
ഡോ. ബി. അശോക്
പുതിയ കേരളത്തിലേക്കു കടക്കുമ്പോൾ
HIGHLIGHTS

ഈ തെരഞ്ഞടുപ്പിലെ  ചാലകശക്തി സംസ്ഥാനത്ത് 2024  ജൂണോടെ രൂപംകൊണ്ട ജനങ്ങളുടെ ഭരണ വിപ്രതിപത്തി (Anti incumbency)  പ്രതികരണമാണ്

മെയ് നാല്  ഉച്ചയോടെ  പതിനാറാം നിയമസഭയുടെ രൂപവും സന്ദേശവും  നമുക്ക് ലഭ്യമാകും.  നിലവിലെ മന്ദീഭവിച്ച സാഹചര്യം മാറി നിക്ഷേപവും തൊഴിലും സൃഷ്ടിക്കുന്നതിൽ ഊന്നുന്ന;   പ്രത്യുൽപ്പന്നമതിത്വവും  ഭരണമെച്ചവുമുള്ള  പൗരസ്വാതന്ത്ര്യത്തിന്റെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു പുതിയ സർക്കാരിനെ നിയമസഭ സൃഷ്ടിക്കും എന്നാണ് വോട്ടർമാരുടെ പ്രതീക്ഷ.

സംസ്ഥാനത്ത് ഒരു ഭരണമാറ്റം സുനിശ്ചിതമാണ്.  ഭരണഘടനാപരമായി 'തുടർഭരണം' എന്നൊന്നില്ല. മുൻ മുഖ്യമന്ത്രിമാർ പുതിയ നിയമസഭയിലും  ഭുരിപക്ഷം നേടുമ്പോൾ  ആലങ്കാരികമായി ഭരണപക്ഷവും പത്രമാധ്യമങ്ങളും സംസ്ഥാനത്ത് ഉപയോഗിക്കുന്ന ഒരു പദമാണ് 'തുടർഭരണം'. രണ്ടുവട്ടം സംസ്ഥാനത്ത് ഒരേകൂട്ടരുടെ  തുടർച്ചയായ ഭരണം ഇല്ലാതെയാക്കുന്ന രാഷ്ട്രീയ  സാമ്പത്തിക സാഹചര്യമാണ് 2024 ജൂൺ മുതലെങ്കിലും സംസ്ഥാനത്ത് നടക്കുന്നത്.  വൻതോതിൽ പൊതുധനം മുടക്കിക്കൊണ്ടുള്ള  ജനുവരി  ഫെബ്രുവരി  മാർച്ച്  മാസത്തെ ഭരണപക്ഷ മാധ്യമ ക്യാംപെയ്ൻ  ഈ വസ്തുത ഫലപ്രദമായി മറച്ചു വച്ച് ഇവിടെ ഒപ്പത്തിനൊപ്പം ഒരു മത്സരം നടക്കുന്നു;  മൂന്നാം  കക്ഷിയും മുന്നണിയും  നേടുന്ന വോട്ട് നാടകീയമായി  വർദ്ധിച്ച് ത്രികോണ മത്സരമാവുന്ന 30 മണ്ഡലങ്ങളിൽ അവർ 20%  വോട്ടും  5 സീറ്റും നേടും എന്നൊക്കെ വ്യാപകമായി പറയപ്പെട്ടിട്ടുണ്ട്.   ചില അന്തർധാരകളെക്കുറിച്ചൊക്കെ സൂചനകളും   പ്രത്യക്ഷപ്പെട്ടു.  എന്നാൽ  ഇതൊന്നും നിലവിലെ രാഷ്ട്രീയ യാഥാർത്ഥ്യവുമായി  പൊരുത്തപ്പെടുന്നതല്ല.   ഭാഗികമായി മാത്രം ശരിയാകാൻ സാധ്യതയുണ്ട്.

ഈ തെരഞ്ഞടുപ്പിലെ  ചാലകശക്തി   സംസ്ഥാനത്ത് 2024  ജൂണോടെ  രൂപം കൊണ്ട ജനങ്ങളുടെ ഭരണ വിപ്രതിപത്തി (Anti incumbency)  പ്രതികരണമാണ് എന്നതു വ്യക്തമാണ്.  ഏതാണ്ട്   47% വോട്ടു നേടി  99 സീറ്റോടെ  മെയ്  2021 ൽ  അധികാരമേറ്റ മുന്നണി 2024 ൽ ലോകസഭയിൽ  33.6%  വോട്ടിലേക്കും ഒന്നൊഴികെ എല്ലാ സീറ്റിലും പരാജയപ്പെടുന്ന  സ്ഥിതിയിലുമെത്തി, 13%ത്തോളം വോട്ട് മൂന്ന് പ്രവർത്തന വർഷം കൊണ്ട്  നഷ്ടപ്പെടുക  ഇടതുമുന്നണിയെ സംബന്ധിച്ച് മുൻപില്ലാത്ത സ്ഥിതിയാണ്.   2024 തെരഞ്ഞെടുപ്പ് പാർലമെന്റിലേക്കുള്ളതാണ്;  അതിൽ പ്രതിഫലിച്ച  110 നിയമസഭാമണ്ഡങ്ങളിലെ തോൽവി  ഒന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല എന്നു പറയുന്നത്  മൗഢ്യമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാന നിയമസഭയും സർക്കാരും അഭിമുഖീകരിക്കേണ്ട വിഷയങ്ങൾ അത്രകണ്ട്  പ്രസക്തമാവില്ല എന്നതു വസ്തുതയാണ്. ദേശീയ സർക്കാരിന്റെ പ്രവർത്തനവും നയങ്ങളുമാവും അവിടെ ചർച്ചാവിഷയം. എന്നാൽ സംസ്ഥാന ഭരണപ്പാർട്ടി  അതിൽ ശക്തമായി മത്സരിക്കുമ്പോൾ  അത് ഒട്ടും പ്രസക്ത ഘടകമല്ല എന്നു കാണാനാവില്ല.  

അതിനാൽ രൂക്ഷമായ തിരിച്ചടി സംസ്ഥാന ഭരണം മെച്ചപ്പെടുത്തി   ജനാംഗീകാരം  നേടാനുള്ള  ഒരു ഉണർത്തു പാട്ടായിട്ടാണ് കാണേണ്ടിയിരുന്നത്.  എന്നാൽ 2024  ജൂണിൽ നിന്നും പഠിക്കേണ്ട പാഠങ്ങൾ ബന്ധപ്പെട്ടവർ പഠിച്ചതായി കണ്ടില്ല.  എന്തുതന്നെ ശ്രമിച്ചാലും  കേവലം മൂന്ന് വർഷം കഴിഞ്ഞ് ഡിസംബർ 2025 ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ  വോട്ടിംഗ് ശതമാനം  33.42% മായി വീണ്ടും കുറയുകയും നിയമസഭ സീറ്റടിസ്ഥാനത്തിൽ  80-85  സീറ്റുകളിൽ ഭരണമുന്നണി പിന്നിൽപ്പോകന്നതായും കണ്ടു.   ഇതും നിയമസഭ തെരഞ്ഞെടുപ്പിൽ  അതേപടി റിസൾറ്റാവില്ലെങ്കിലും തദ്ദേശസ്ഥാപനത്തിലെ ഇടതു സ്വാധീനം  താരതമ്യേന  കഴിഞ്ഞ  20 വർഷമായി യു.ഡി.എഫിനെക്കാൾ കൂടുതലായിട്ടാണ് കണ്ടുവരുന്നത്.   അതിദാരിദ്രമുക്തമാക്കിയതാണ് സംസ്ഥാന ഭരണത്തിന്റെ   പത്തുവർഷത്തിലെ ഏറ്റവും വലിയ നേട്ടം എന്നു പറയപ്പെടുമ്പോൾ  നിശ്ചയമായും  നഗര-ഗ്രാമ സഭകളിലൊക്കെ അതിന്റെ പ്രതിഫലനം വോട്ടിൽ ഉണ്ടാകേണ്ടതാണ്. എന്നാൽ സംസ്ഥാനത്താകെ തെരുവുനായശല്യമുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ  മുൻനിറുത്തി ഫലം പ്രതികൂലമാവുകയായിരുന്നു. ഖരമാലിന്യ നിർമ്മാർജ്ജനത്തിൽ  വന്ന പോരായ്മകൾ തലസ്ഥാനത്തെ നഗരസഭയിലെ ഭരണപ്രശ്‌നങ്ങൾ എന്നിവയെല്ലാം വിധിയെ സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെ നിയമസഭ തെരഞ്ഞെടുപ്പിന് 120 ദിവസം മാത്രം ബാക്കിയിരിക്കെ സംസ്ഥാനത്തെ തുടർച്ചയായ രണ്ടാമത്തെ തിരിച്ചടിയിൽ  നിന്നും കാര്യമായ പാഠങ്ങൾ  ബന്ധപ്പെട്ടവർ പഠിച്ചതായി കണ്ടില്ല. ''ഭരണവിരുദ്ധ വികാരമില്ല''  എന്ന അകാരണമായ ഒരു  പ്രസ്താവനയിലേക്കാണ് പലരും നീങ്ങിയത്. മറിച്ച് സംഘടനാ ദൗർബല്യമുണ്ട് എന്നും   അത് പരിഹരിക്കുമെന്നും പ്രതികരണം വന്നു.  ഭരണം മുഴുവൻ മാർക്കും നേടി  തിളങ്ങി നിൽക്കുന്നു എന്നു പറയപ്പെട്ടാൽ പിന്നെ ഒന്നും തിരുത്തേണ്ടതില്ലല്ലോ. 

അതെന്തായാലും ഇക്കാലമത്രയും ഇടതുപക്ഷത്തെ  ദുർബലപ്പെടുത്തിക്കൊണ്ടിരുന്നത് ശക്തമായ ഭരണ വിപ്രതിപത്തി തന്നെയാണ് എന്നതാണ് യാഥാർത്ഥ്യം.  ശരാശരി ചോദിച്ചവരിൽ 47% സർക്കാർ  പ്രകടനം മോശമാണ് എന്ന അഭിപ്രായമാണ്  ജനുവരി മുതൽ ഏപ്രിൽ 2026 ൽ മാർക്കറ്റിംഗ് ഏജൻസികൾ  സംസ്ഥാനത്തു വിലയിരുത്തിയത്. ധാരാളമായി സർക്കാർ പരസ്യം - പ്രത്യേകിച്ച് ഇലക്ട്രോണിക് സാമൂഹ്യ മാധ്യമങ്ങൾക്കു നൽകിയപ്പോൾ ഇതു താൽക്കാലികമായി 43%  ആയി മാർച്ചിൽ കുറഞ്ഞെങ്കിലും  ഏപ്രിൽ 6, 2026 ന് ഇത് വീണ്ടും  47.8% ആയി. ഫെബ്രുവരിയിൽ 53% പേർ സർക്കാർ പ്രവർത്തനം തൃപ്തികരമല്ല എന്ന അഭിപ്രായമായിരുന്നു 

 ഇതു തിരിച്ചറിഞ്ഞാകണം  പ്രധാനമായും കിഫ്ബി  കടമെടുത്ത പണവും പബ്ലിക് റിലേഷൻസ് വകുപ്പും ഇടപെട്ട് ഏതാണ്ട് 250 കോടി രൂപ ചിലവിട്ട് ജനുവരി മുതൽ മാർച്ച് 15   വരെ വിപുലമായ പ്രചരണ പരിപാടി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു  സംസ്ഥാനത്തു നടപ്പാക്കിയത്.  ഈ ഘട്ടത്തിൽ ''തുടർഭരണം''   സംസ്ഥാനത്ത് ഒരു സർക്കാർ പദ്ധതിയായി തന്നെ രൂപപ്പെട്ടു.  ഭരണസൗകര്യങ്ങളെല്ലാം തന്നെ വീണ്ടും നിയമസഭയിൽ 2026 ൽ ഭൂരിപക്ഷം സൃഷ്ടിക്കുന്നതിലേക്ക് നീങ്ങി. സർക്കാർ കിഫ്ബിയിലടക്കം  പുന:പ്രതിഷ്ഠിച്ചിരിക്കുന്ന  ചില വിരമിച്ച ഉദ്യോഗസ്ഥരാണ്  തുടർഭരണ ക്യാംപെയ്ൻ വലിയ തുകകൾ ഖജനാവിൽ നിന്നെടുത്ത്  രൂപം കൊടുത്തത്.   ക്യാംപെയ്‌നിന്റെ മർമ്മവും മുഖവും   മുഖ്യമന്ത്രിമാത്രമാകണം എന്നു  ഈ തുടർ ഭരണം ലക്ഷ്യമിട്ടുള്ള  'കോർഗ്രൂപ്പ്' നിശ്ചയിച്ചു.   

ഇതിനായി മുംബൈയിലും കൊച്ചിയിലും കോഴിക്കോട്ടുമുള്ള  മുൻനിര പരസ്യ ഏജൻസികൾക്കു ലഭിച്ചത് ശതകോടികളുടെ പരസ്യ നിർമ്മാണ - പ്രചാരണ പരിപാടികളാണ്. ആദ്യം വിപണിയിലെത്തിയത്   കിഫ്ബിയുടെ ദശവാർഷികാഘോഷവും  പരസ്യ കമ്പനി സൃഷ്ടിച്ച നിർമ്മിതബുദ്ധി യന്ത്രമനുഷ്യൻ നയിച്ച ''കുതിച്ചു കേരളം'' മൾട്ടി മീഡിയ ക്യാംപെയ്‌നുമാണ്.  കിഫ്ബി നിർമ്മിച്ച പശ്ചാത്തല സൗകര്യങ്ങളെല്ലാം ശരീരത്തു  ചേർത്തുവച്ച യന്ത്ര മനുഷ്യൻ  കുന്തിച്ചിരിക്കുന്നു; ഓടുന്നു; ചാടുന്നു; സൂപ്പർമാനെപ്പോലെ  പറക്കുന്നു; പാലങ്ങളും ആസ്പത്രി  സ്‌കൂൾകെട്ടിടങ്ങളും  തുരങ്കപാതയും ഒക്കെ നിർമ്മിച്ചിരിക്കുന്നു ഇതിലെല്ലാം  മുഖ്യമന്ത്രിയുടെ ചിത്രം  എന്നിങ്ങനെയായിരുന്നു പരസ്യനിർമ്മിതി.   ഉദ്ദേശിച്ചതിനുപകരം കാണുന്നവരിൽ പ്രതികൂലഭാവം മാത്രം സൃഷ്ടിക്കുന്നതും  പശ്ചാത്തല നിർമ്മിതിയൊക്കെ  മനുഷ്യവിദൂരമായ യാന്ത്രിക നിർമ്മിതികൾ മാത്രമാണെന്നുമുള്ള പ്രതീതിയാണ് ചിത്രം യഥാർത്ഥത്തിൽ നിർമ്മിച്ചത്. എല്ലാ  ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും ജനുവരി  ഫെബ്രുവരി മാസം ഓടിത്തകർത്ത പരസ്യം ഇന്ന് കണ്ടവർക്കു പോലും ഓർമ്മയില്ല. ഷ്വാസെനെഗറിന്റെ  'ടെർമിനേറ്റർ' സിനിമയിലെ റോബോട്ടുകളുടെ പ്രതീതിയാണ്  പരസ്യം നൽകിയത്. കിഫ്ബി പരസ്യത്തിന്റെ പൂർണ്ണ പരാജയശേഷം പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഊഴമായി.  ഒന്നരകോടി രൂപയോളം  ചെലവിട്ട് സൃഷ്ടിച്ച സ്റ്റീഫൻ  ദേവസി, പ്രശസ്ത നടി ഭാവന, വേടൻ എന്നിവരുടെ സംഗീതാത്മക പരസ്യങ്ങൾ  ഒരാഴ്ച പോലും  മാധ്യമങ്ങൾക്കു നൽകാനായില്ല. പ്രതീക്ഷിച്ചതിലും നേരത്തേ വന്നു കയറിയ തെരഞ്ഞെടുപ്പ് പ്രഖ്യാപനം  എല്ലാ കണക്കുകൂട്ടലുകളും  തെറ്റിച്ചു.  

ഡി.പി.ആർ നൽകിയ 2016 ലെ കേരളം ഇരുണ്ടകാലമാണ് എന്നു പ്രഖ്യാപിച്ച പരസ്യം ഏറെ നിയമക്കുരുക്കുകളിലേക്കു  പോവുകയും ഉദ്യോഗസ്ഥർക്കു  ഭാവിയിൽ ബാധ്യതയാവുമെന്നതും ഉറപ്പായി. സർക്കാർ പരസ്യങ്ങളിൽ   പാലിക്കേണ്ട എല്ലാ സീമകളും  ലംഘിച്ച പരസ്യ പ്രചാരണ പരിപാടി  പാർട്ടി - സർക്കാർ മെഷിനറിയുടെ ഐകമത്യം സൂചിപ്പിക്കുന്നു. നേരത്തേ സൂചിപ്പിച്ച വിരമിച്ച ഉദ്യോഗസ്ഥ കോക്കസ് നയിച്ച തുടർഭരണ പദ്ധതിയിലെ ഇരകളായി മാറും ഇതിന്റെ ചുമതലക്കാർ.  ഇതിനൊപ്പം നാൽപ്പതു കോടി രൂപയിലധികം ചിലവിട്ട് കിഫ്ബി മേധാവിയുടെ ഉത്സാഹത്തിൽ സി.എം കോൾ സെന്ററും സംസ്ഥാനത്താകെ വികസന സർവ്വേ പദ്ധതികൾക്കും  തുടക്കമിട്ടു. വീടുകയറി  ഇടതുമുന്നണി പ്രവർത്തകരും സർക്കാർ സഖാക്കളും വരുത്തുന്ന  ചിലവിൽ പത്തു കോടി രൂപയോളം ഖജനാവിൽ നിന്നും കൊടുത്തു തീർക്കാൻ തീരുമാനമായി.   സർക്കാരിന്റെ പ്രകൃതിദുരന്ത പ്രതിരോധ വോളന്റിയർ പോർട്ടലിൽ ഇതു മുൻകൂട്ടി കണ്ട് രജിസ്റ്റർ  ചെയ്ത സഖാക്കളും സർക്കാർ വിലാസം സഖാക്കളും സർക്കാരിന്റെ നേട്ടങ്ങളുടെ ലഘുരേഖകളുമായി വീടുകൾ കയറി. 85 ലക്ഷം വീടുകൾ കയറി സർക്കാർ ചിലവിൽ തെരഞ്ഞെടുപ്പ് പ്രചരണമായിരുന്നു ലക്ഷ്യം, ഇതിനെതിരേയുള്ള ഹർജികളിൽ ഹൈക്കോടതി സ്റ്റേ നൽകിയപ്പോൾ  സുപ്രീംകോടതിയിലെത്തി  വാശിയോടെ സ്റ്റേ  നീക്കിച്ച്  ഈ സർവ്വേ  സർക്കാർ തുടർന്നു.   എന്നാൽ പത്തു ലക്ഷം വീടിനപ്പുറം  സർവ്വേ സഖാക്കൾക്കും  വീടുകളിലെത്താൻ കഴിഞ്ഞില്ല,  ലഭിച്ച സമയം പരിമിതമായിരുന്നു.  ഈ പ്രവർത്തനവും പരിപൂർണ്ണമാകാതെ അലസി. 

'സി.എം. വിത്ത് മീ' കാൾ സെന്ററിലും നിയോഗിക്കപ്പെട്ടത്  ഭരണകക്ഷി സംഘടനകൾ നിർദ്ദേശിച്ചവർ മാത്രമായിരുന്നു. കെ.എ.എസ്, പോലീസ്  തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥർ വോട്ടർമാരെ ഫോണിൽ വിളിക്കാനും സർക്കാരിനോടുള്ള ജനാഭിമുഖ്യം മനസ്സിലാക്കാനും തുടങ്ങി.  സമ്പൂർണ്ണ  മുഖ്യമന്ത്രിയുടെ ഗ്രീവൻസ് സെൽ ഉള്ളപ്പോഴാണ് ഇരുപതുകോടി രൂപ ചെലവിട്ടുള്ള ഒരു പുതിയ  സംവിധാനം കേവലം രണ്ടു മാസത്തേയ്ക്ക് കിഫ്ബി ഇതിനായി രൂപീകരിച്ചത്.  ചുരുക്കത്തിൽ  9.5% പലിശയ്ക്ക് കടമെടുത്ത ആവശ്യ പശ്ചാത്തലസൗകര്യം നിർമ്മിക്കേണ്ട പണം 150 കോടി രൂപയെങ്കിലും  തുടർഭരണം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ വകമാറ്റി ഉപയോഗിച്ചു. ഭരണം മാറിയാൽ തങ്ങളുടെ പദവികൾക്കു സംഭവിക്കാവുന്ന  അപകടവും കിഫ്ബിയിലടക്കം നടത്തിയിരിക്കുന്ന പലതരം ഇടപാടുകൾ സംരക്ഷിച്ചു നിറുത്താനുമായിരുന്നു ഈ തന്ത്രപ്പാച്ചിൽ. എന്തു ചെലവിലും തുടർഭരണം എന്നത് കിഫ്ബി മേധാവി ഒരു മുദ്രാവാക്യമാക്കി മാറ്റി.  ഒറ്റയടിക്ക് മാധ്യമ വിമർശനം ഒഴിവാക്കി ഭരണനേട്ടം പരസ്യം ചെയ്ത്  നേരിയ ഭൂരിപക്ഷത്തോടെ  ഭരണം നിലനിറുത്തിയില്ലെങ്കിൽ  തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകും എന്നത് അവർക്കു  ഇതിനകം വ്യക്തമായിരുന്നു.

ഏതായാലും 200 കോടി രൂപയോളം രൂപ ചെലവിട്ടു നടത്തിയ ജനുവരി മാർച്ച് പരസ്യ മാമാങ്കം മാധ്യമ വിമർശനം ഒരളവുവരെ കുറച്ചു എന്നു കാണാതെ വയ്യ.   മുഖ്യ പത്ര-ദൃശ്യമാധ്യമങ്ങൾക്കൊക്കെ 10 കോടി  രൂപയിലധികം  ശരാശരി ലഭിച്ചപ്പോൾ  ഒപ്പത്തിനൊപ്പമാണ് മത്സരം എന്നു വരുത്തിത്തീർക്കാനെങ്കിലുമായി.  അതെന്തായാലും  വോട്ടെടുപ്പിനുശേഷം ഇത് എഴുതുമ്പോൾ  75/76 സീറ്റോടെ ഭരണം നിലനിറുത്തും എന്നാണ് ഇടതുമുന്നണി കേന്ദ്രങ്ങൾ പറയുന്നത്. ഇതിന്റെ വസ്തുതയിലേക്കു കടക്കുന്നില്ല.  

42% വോട്ടെങ്കിലും നേടാതെ ഭരണം നിലനിറുത്താനാവില്ല. ഇടതു മുന്നണിയ്ക്ക് 33.4 ൽ നിന്നും 8  ശതമാനം വോട്ട് 117 ദിവസം കൊണ്ട് വർദ്ധിപ്പിക്കാനുള്ള  സാധ്യതകൾ പരിശോധിക്കാവുന്നതേയുള്ളൂ.  ഇതിന്റെ സാധ്യത തുലോം പരിമിതമാവുന്നത് പ്രധാനമായും ന്യൂനപക്ഷ ഏകീകരണവും   തൽഫലമായുള്ള ഹിന്ദു ഈഴവ വിഭാഗത്തിന്റെ  നേരിയ എൻ.ഡി.എ ആഭിമുഖ്യവുമാണ്. ന്യൂനപക്ഷ സമീപനത്തിൽ വരുത്തിയ മാറ്റം  ഇടതുപക്ഷ വോട്ട് അകറ്റുക മാത്രമല്ല ഹിന്ദു ഭൂരിപക്ഷത്തെ ശബരിമല അടക്കമുള്ള വിഷയങ്ങളിൽ അനുകൂലമാക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു.  കക്ഷത്തുള്ളത് പോവുകയും ഉത്തരത്തിലുള്ളത്  എടുക്കാനാവാതെ വരികയും ചെയ്തു എന്നർത്ഥം. ഇതിൽ  കൃത്യസമയത്ത് കീറാമുട്ടിയായത്  ശബരിമലയിലെ വൻകൊള്ള പുറത്തു വന്നതിലാണ് ഇത് മഹാഭൂരിപക്ഷം വരുന്ന ഹിന്ദു പിന്നോക്ക വിഭാഗങ്ങളെ അടുക്കുന്നതിൽ നിന്നും  അകറ്റിയിട്ടുണ്ട്. ന്യൂനപക്ഷ മുന്നേറ്റത്തിൽ  ആശങ്കകളുള്ളവർക്കു പോലും ശബരിമല വൻകൊള്ളയുടെ പശ്ചാത്തലത്തിൽ എൻ.ഡി.എക്കുള്ള ധ്രുവീകരണ സാധ്യത കുറഞ്ഞു.

ഇതിനൊക്കെപ്പുറമേയാണ് തെരഞ്ഞെടുപ്പിനു ആഴ്ചകൾക്കു മുൻപു വന്ന എഫ്.സി.ആർ.എ ബില്ലിലെ വ്യവസ്ഥകളും എസ്.ഡി.പി.ഐ  ബന്ധത്തെക്കൂറിച്ചുള്ള പൊതു ചർച്ചകളും. ഇതൊന്നും ഹിന്ദു പിന്നോക്ക വിഭാഗത്തിന്റെ  വോട്ടാകർഷിക്കുന്നതിനു മതിയാവില്ല. ഇങ്ങനെ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഏതാണ്ടെല്ലാ വകുപ്പുകളിലും  പരസ്യങ്ങളിലടക്കം ഏറെ പിന്നോക്കം പോയതാണ് ഭരണ മാറ്റത്തിനും പുതിയ തുടക്കങ്ങൾക്കും  വഴിയൊരുക്കുന്നത്.

 എന്നാൽ 4 വർഷത്തെ ഭരണം വോട്ടർമാർക്കും  സ്വീകാര്യമായില്ല എന്ന  നഗ്‌നമായ യാഥാർത്ഥ്യവും രാഷ്ട്രീയ അടിത്തറയിൽ വന്ന ദൗർബല്യവും ചൂണ്ടിക്കാട്ടിക്കൊണ്ട് ഏഴിലധികം വിമത സ്ഥാനാർത്ഥികൾ രംഗപ്രവേശം ചെയ്തു പ്രതിപക്ഷ പിന്തുണയോടെ മത്സരിച്ചതും ഒന്നും കാര്യമായ  ആത്മവിശകലനത്തിനും  വിമർശനത്തിനും വഴിവെച്ചില്ല.  തിരുത്തൽ പ്രക്രിയ ഒന്നും കൂടാതെയും സർക്കാർ  പ്രവർത്തനം  പഠനങ്ങളുടെ അടിസ്ഥാനത്തിൽ നന്നായി  വിലയിരുത്താതെയും പിശകുള്ളത്  തിരുത്താതെയും മുന്നോട്ടു പോയതാണ്  ഇടതുപക്ഷത്തിന്റെ ഭരണ തുടർച്ചാ സാധ്യത തീർത്തും ഇല്ലാതെയാക്കിയത്. 2021 ൽ  ലഭിച്ച 99 സീറ്റിൽ 75 മാത്രം  പ്രതീക്ഷിക്കുന്നു എന്നു  പറയുന്നതു തന്നെ  പരാജയം സൂചിപ്പിക്കുന്നു. 24 സീറ്റിനുള്ള വോട്ടു നഷ്ടപ്പെടും എന്നാണല്ലോ ആ പറച്ചിലിന്റെ അർത്ഥം.  അതെങ്ങനെ കൂടുതൽ ജനസ്വീകാര്യത കിട്ടിയതിന്റെ ലക്ഷണമാകും?

ഇത്രയധികം പ്രത്യയശാസ്ത്രപരമായ  പ്രതിസന്ധി  ഭരണവേളയിൽ  ഉണ്ടാവുന്നതും  ഇതാദ്യമാണ്.  വർഗ്ഗീയതയുടെ നിർവ്വചനം  തുടങ്ങി മുതലാളത്തത്തോടുള്ള സമീപനം തന്നെ വ്യക്തതയില്ലാതെയായി.  ഒരുദാഹരണം മാത്രം നോക്കിയാൽ 2016 -2020 വരെ സംസ്ഥാനത്ത് ഒരൊറ്റ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനവും കോഴ്‌സും അനുവദിച്ചില്ല എന്നത് നേട്ടമായി പറഞ്ഞ  സംസ്ഥാനത്ത് പിന്നെ സംസ്ഥാനത്തു  സ്വകാര്യ സർവ്വകലാശാലകളെ അനുവദിക്കുന്ന നിയമം രചിക്കപ്പെട്ടു. സർക്കാർ പ്രവർത്തനം തന്നെ ഒരു പ്രത്യയശാസ്ത്രമായി രൂപാന്തരം പ്രാപിച്ചപ്പോൾ  നയപരിപാടിക്കു വ്യക്തതയില്ലാതെയായി പാർട്ടി കുഴങ്ങി. വലിയ ആന്തരിക പരിശ്രമം  കൊണ്ടേ ഇനി ഇടതു മുന്നണിക്ക് പരിപാടിയിൽ വ്യക്തത  കൈവരിക്കാനാവൂ. ഇടതുമന്ത്രിമാർ അയ്യപ്പസംഗമം പോലെ ഒരു പരിപാടി സംഘടിപ്പിച്ചു  പങ്കെടുക്കുന്നതിന്റെ വൈരുദ്ധ്യം എത്ര വിശദീകരിച്ചാലും മതേതര  സോഷ്യലിസ്റ്റായ ഒരു കമ്മ്യൂണിസ്റ്റിന്  ബോധ്യമാവുകയില്ല.  എക്കാലവും വർഗ്ഗീയത, മതേതരത്വം എന്നിവ മൂല്യങ്ങളായി കണ്ട ഒരു തലമുറയ്ക്കുൾക്കൊള്ളാവുന്നതായില്ല  ഭരണവേളയിലെ പല പ്രയോഗങ്ങളും.

നാൽപ്പതു വാഹന അകമ്പടിയും  പ്രതിവർഷം 22 കോടി രൂപ ചെലവുള്ള ഹെലികോപ്റ്ററും ഇല്ലാതെ സഞ്ചരിക്കുന്ന ഒരു മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പ്  വേളയിൽ തന്നെ കണ്ട ജനം ചോദിക്കുന്ന ന്യായമായ ചോദ്യമാണ്, ഒരു ഇടതു മുഖ്യമന്ത്രി ഇങ്ങനെയാകാമോ എന്ന്.  പാരീസിൽ ഒരു രാത്രിക്ക് മുറിവാടകയായി ഏഴു ലക്ഷം രൂപ  കടം കയറിയ സംസ്ഥാനത്തിന്റെ  നേതാവ് നൽകുന്നത് ശരാശരി മൂന്നു ലക്ഷം രൂപ പ്രതിശീർഷ  വരുമാനമുള്ള ഒരു സംസ്ഥാനം പൊറുക്കുമോ? 500 ഡോളറിന് നല്ല മുറി കിട്ടുമ്പോഴാണ് നമ്മുടെ  നേതാക്കൾ 7500 ഡോളർ മുറി എടുത്തത് എന്നത് പോരേ ജനവികാരം എതിരാകാൻ. 

ഭരണനേട്ടങ്ങളുടെ അടിത്തറയും   സാമൂഹ്യ അടിത്തറയും  ഒന്നിച്ചു നഷ്ടപ്പെട്ടതാണ് എക്കാലത്തെ പ്രതിസന്ധിയിലേക്കു പത്തുവർഷം  ഭരണതലത്തിൽ പൂർത്തിയാക്കിയ മുന്നണിയെ എത്തിച്ചിട്ടുള്ളത്.  ഒപ്പം എൻ.ഡി.എ നിലവിലെ ഒടുവിലത്തെ  ലോകസഭയിലെ മെച്ചപ്പെട്ട 19%  പിടിക്കുമോ അതോ വോട്ട് ഷെയർ  പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ  14% ൽ  അടുത്തു നിൽക്കുമോ എന്നത് പ്രസക്തമാണ്. സീറ്റുകൾക്കപ്പുറം  വോട്ടുശതമാനം ഇരുമുന്നണികളെയും വ്യത്യസ്ത മണ്ഡലങ്ങളിൽ തീർച്ചയായും ബാധിക്കും. ഇത് ഏറെ മണ്ഡലങ്ങളിൽ പ്രതികൂലമായില്ലെങ്കിൽ   കൃത്യമായും ഭരണമാറ്റം സൃഷ്ടിക്കുന്ന ജനവിധിയിലേക്കു നീങ്ങാൻ  പ്രയാസമുണ്ടാവില്ല. ഭരണമാറ്റം ഉണ്ടായി എന്നു കരുതി പുതിയ ഭരണം സുഗമമാവണം എന്നില്ല. ഭരണമുന്നണി പറയുന്ന 73-75 സീറ്റിൽ തന്നെ ഭരിക്കാമെങ്കിലും  നയപരിപാടികൾക്ക് സ്വീകാര്യത വരുത്താൻ കഷ്ടപ്പെടും. 90 സീറ്റ് യു.ഡി.എഫിനു ലഭിച്ചാലും  ശൂന്യമായ ഖജനാവും  ഭരണപരമായ ഡസൻ കണക്കിനു പ്രതിസന്ധികളുമാണ്  പുതിയ സർക്കാരിനെ കാത്തിരിക്കുന്നത്.  ദുർഘടങ്ങളാണ് മുന്നിലാകെ. 

ഉദ്ദേശിക്കുന്ന പുതുകേരളം  സൃഷ്ടിച്ചെടുക്കാൻ വരുന്ന രണ്ടു വർഷം കൊണ്ട് സംസ്ഥാനത്തെ പൊതു ധനകാര്യാവസ്ഥ പൂർണ്ണമായും ഘടനാപരമായി  പൊളിച്ചെഴുതാതെ ഒരു സർക്കാരിനും മുന്നോട്ടു പോകാനാവില്ല. ഒരു ലക്ഷം കോടി   രൂപയിലേറെ ജീവനക്കാർക്കും  കരാറുകാർക്കും കൊടുത്തു  തീർക്കാനിട്ടുകൊണ്ടാണ്  സർക്കാർ കാലാവധി പൂർത്തിയാക്കുന്നത്.   അഞ്ചു വർഷം കൊണ്ടു പോലും  വീടാനാവാത്ത ബാധ്യതകൾ സർക്കാർ പ്രവർത്തനത്തെ ഞെരിക്കുന്നു. 2023-24 നുശേഷം  കിഫ്ബിയുടെ തിരിച്ചടവും ശമ്പള  പലിശ പെൻഷനുമല്ലാതം ഒന്നും കാര്യമായി പദ്ധതിച്ചിലവിനത്തിൽ  സംസ്ഥാനത്തിനു  ചെയ്യാനായിട്ടില്ല. പദ്ധതി 2024-25 മുതൽ വെട്ടിച്ചുരുക്കി  പകുതിയായിട്ടാണ് നടക്കുന്നത്.

ഇതു മറികടന്ന് പുതുതായി വാഗ്ദാനം ചെയ്യപ്പെട്ട ഇന്ദിരാ ഗ്യാരന്റികളടക്കം  നിറവേറ്റാൻ വലിയ ഭാവനാശക്തിയും കർമ്മശേഷിയും  ഭരണകർത്താക്കൾക്കാവശ്യമാണ്. ഇത് നിറവേറ്റാനുള്ള സീനിയർ ഉദ്യോഗസ്ഥസംഘവും  മറ്റും സംസ്ഥാനത്തിനു  ആവശ്യത്തിനു ലഭ്യമല്ലതാനും. ആത്മവീര്യം കുറഞ്ഞ  ഉദ്യോഗസ്ഥ സംവിധാനത്തെയും രാഷ്ട്രീയമായി അനുകൂലമായ തദ്ദേശ സ്ഥാപനങ്ങളെയും  സജീവമാക്കികൊണ്ടും പൊതു ധനകാര്യ സംവിധാനം വേണ്ട രീതിയിൽ പൊളിച്ചെഴുതിക്കൊണ്ടും  മാത്രമേ മേയിൽ അധികാരമേൽക്കുന്ന സർക്കാരിന്  മുന്നോട്ടു പോകാനാവൂ.   ഏതായാലും കേരളം വേണ്ട  നയം  നടപടി മാറ്റങ്ങൾ  ഉൾക്കൊണ്ട് ഒരു വലിയ മാറ്റത്തിനു തയ്യാറെടുക്കുന്ന  ഘട്ടമാണിത് എന്നതാണ്  വ്യക്തമാവുന്നത്.
(അഭിപ്രായം വ്യക്തിപരം)

Tags   
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.