
തമിഴ്നാട്ടിൽ സൂപ്പർസ്റ്റാറും ടിവികെ നേതാവുമായ ജോസഫ് വിജയിന്റെ മന്ത്രിസഭയിൽ കോൺഗ്രസ് പങ്കാളിയാകുമ്പോൾ അത് ദേശീയതലത്തിൽ ഉയർത്തുന്ന രാഷ്ട്രീയ കൗതുകം വളരെ വലുതാണ്. ആറു പതിറ്റാണ്ടുകൾക്ക് ശേഷമാണ് കോൺഗ്രസ് തമിഴ്നാട്ടിൽ അധികാരത്തിന്റെ ഗന്ധം ശ്വസിക്കുന്നത്. തമിഴ്നാട്ടിൽ ഡി എം കെ നയിച്ച പ്രോഗ്രസീവ് മുന്നണിയുടെ ഭാഗമായിരുന്നു കോൺഗ്രസ്. മുസ്ലിംലീഗും ഇടതുകക്ഷികളും വി സി കെ പോലുള്ള ദളിത് കൂട്ടായ്മകളും ഈ മുന്നണിയിലെ സഖ്യകക്ഷികളായിരുന്നു. ദേശീയതലത്തിൽ കോൺഗ്രസ് നയിച്ച ഇന്ത്യ മുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായിരുന്നു ഡിഎംകെ. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി എം കെ തകർന്നടിഞ്ഞപ്പോൾ 25 സീറ്റുകളിൽ മത്സരിക്കാൻ അവസരം കിട്ടിയ കോൺഗ്രസിന് അഞ്ചു സീറ്റുകളിൽ ജയിക്കാൻ കഴിഞ്ഞു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ വിജയിന്റെ ടിവികെയ്‌ക്ക് കേവല ഭൂരിപക്ഷത്തിന് ഏതാനും സീറ്റുകളുടെ കുറവുണ്ടായപ്പോഴാണ് തമിഴ്നാട് രാഷ്ട്രീയം മാറിമറിഞ്ഞത്. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ രാഷ്ട്രീയ കൂട്ടുകെട്ടിനായി വിജയ് രാഹുൽഗാന്ധിയെ സമീപിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ ധാർമ്മികതയുടെ പേരിൽ രാഹുൽ അതിന് തയ്യാറായിരുന്നില്ല. എന്നാൽ തമിഴ്നാട്ടിലെ ഇടപാടുകളിൽ ഡി എം കെയും കോൺഗ്രസ്സും തമ്മിലുള്ള ബന്ധം സുദൃഢമായിരുന്നില്ല.2021ൽ 25 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 18 സീറ്റിൽ ജയിച്ചുകയറിയിരുന്നെങ്കിലും ഡിഎംകെ കോൺഗ്രസ്സിനെ മന്ത്രിസഭയിൽ ചേർത്തിരുന്നില്ല. സ്വന്തമായി ഭൂരിപക്ഷം ഉണ്ടായിരുന്നതിനാലാണ് കോൺഗ്രസിനെ ചേർക്കാതിരുന്നത്. ആ നിലപാടിൽ കോൺഗ്രസ്സിൽ മുറുമുറുപ്പ് ഉയർന്നിരുന്നു. ഇത്തവണ ഡി എം കെ ദുർബലമാവുകയും അധികാരത്തിൽ നിന്ന് പറിച്ചെറിയപ്പെടുകയും ചെയ്ത സാഹചര്യത്തിൽ വിജയ് വീണ്ടും രാഹുൽഗാന്ധിയെ സമീപിച്ചു. ആ സാഹചര്യത്തിലാണ് രാഹുലും തമിഴ്നാട്ടിലെ കോൺഗ്രസ്സ് നേതാക്കളും കളം മാറ്റിചവിട്ടിയത്. അതാകട്ടെ ഇന്ത്യ മുന്നണിയുമായുള്ള ബന്ധം വിഛേദിക്കാൻ ഡി എം കെയെ പ്രേരിപ്പിച്ചു. എന്നാൽ അത് ഗൗനിക്കാതെ തമിഴ്നാട്ടിലെ പുതിയകാല രാഷ്ട്രീയത്തിൽ പങ്കാളിത്തം വഹിക്കാനാണ് രാഹുൽഗാന്ധി തീരുമാനിച്ചത്. ഇടതുകക്ഷികളും മുസ്ലിംലീഗും വിസികെയും കോൺഗ്രസ്സിന്റെ പാത പിന്തുടർന്ന് വിജയിന്റെ മുന്നണിയിലെത്തി. കോൺഗ്രസ്സിന് രണ്ടു മന്ത്രിസ്ഥാനമാണ് വിജയ് നൽകിയത്. എസ്. രാജേഷ് കുമാറും (ടൂറിസം), പി. വിശ്വനാഥനുമാണ്( ഉന്നത വിദ്യാഭ്യാസം) മന്ത്രിമാരായത്. ലീഗിനും വിസികെയ്ക്കും ഓരോ മന്ത്രിസ്ഥാനം വീതം ലഭിച്ചു. ഇടതുകക്ഷികളാകട്ടെ വിജയ് ഗവണ്മെന്റിനെ പുറത്തുനിന്ന് പിന്തുണക്കാനാണ് തീരുമാനിച്ചത്. അണ്ണാ ഡി എം കെ പിളർന്ന് 25 എം എൽ എമാർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആ പാർട്ടിയ്ക്ക് വിജയ് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിയിട്ടില്ല. മുസ്ലിംലീഗിന്റെ എ. എം ഷാജഹാനും വിസികെയുടെ വന്നി അരസുമാണ് മന്ത്രിമാരായത്. വിസികെ തലൈവർ തോൾ തിരുമാളവന്റെ വിശ്വസ്ത സഹായിയാണ് വന്നി അരസു. വിജയിന്റെ 33 അംഗ മന്ത്രിസഭയിൽ ദളിത് വിഭാഗത്തിന് നിർണ്ണായക പങ്കാളിത്തമുണ്ട്. സ്വാതന്ത്ര്യാനന്തരം കോൺഗ്രസിന് ഏകാധിപത്യ സ്വാധീനമുണ്ടായിരുന്ന സംസ്ഥാനമാണ് മദ്രാസ്. അതായത് ഇന്നത്തെ തമിഴ്നാട്.സി രാജഗോപാലാചാരി, കെ കാമരാജ് , എം ഭക്തവത്സലം എന്നിവർ മദ്രാസ് ഭാരതത്തിനു സംഭാവന ചെയ്ത പ്രമുഖ കോൺഗ്രസ്സ് നേതാക്കളാണ്. 1954- 63 കാലയളവിലാണ് കാമരാജ് മദ്രാസ് ഭരിച്ചത്. അണ്ണാദുരൈ നേതൃത്വം നൽകിയ ഡിഎംകെ കോൺഗ്രസിനെ തോൽപ്പിച്ച് അധികാരം പിടിച്ചത് 1967ലാണ്. 1969ൽ അണ്ണാദുരൈ ആണ് സംസ്ഥാനത്തിന്റെ പേര് തമിഴ് നാട് എന്നാക്കിയത്. അതിന് മുമ്പ് മലബാറും ആന്ധ്രയുടെ ചില പ്രദേശങ്ങളും മദ്രാസിന്റെ ഭാഗമായിരുന്നു. അതിന് ശേഷം ഡിഎംകെയും അണ്ണാ ഡി എം കെയും മാറിമാറി ഭരിച്ച തമിഴ് നാട്ടിൽ അധികാരത്തിന്റെ ഭാഗമാകാൻ കോൺഗ്രസ്സിന് കഴിഞ്ഞില്ല. 1996 ൽ കോൺഗ്രസ്സ് നേതൃത്വത്തോട് കലഹിച്ച് ജി കെ മൂപ്പനാർ തമിഴ് നാട് മാനില കോൺഗ്രസ്സ് ഉണ്ടാക്കിയത് കോൺഗ്രസ്സിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടിയിരുന്നു. ആ വിധം പിൻ നിരയിലേക്ക് തള്ളപ്പെട്ട കോൺഗ്രസാണ് ഇപ്പോൾ വിജയിന്റെ സഹവാസത്തിൽ മെല്ലെ തലയുയർത്തുന്നത്.
Photo Courtesy - Google










