02:24am 12 November 2025
NEWS
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിൽ കൊമ്പുകോർക്കുമ്പോൾ...
01/11/2025  10:09 PM IST
കല്ലമ്പലം അൻസാരി
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിൽ കൊമ്പുകോർക്കുമ്പോൾ...
HIGHLIGHTS

ഉറ്റചങ്ങാതികൾ ബദ്ധശത്രുക്കളായത് എന്തുകൊണ്ട് ?

പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷം രൂക്ഷമാകുകയാണ്. ചില മുസ്ലീം രാജ്യങ്ങളുടെ മദ്ധ്യസ്ഥതയിൽ ഇടക്കാല ഒത്തുതീർപ്പുകൾ നടക്കുന്നുണ്ടെങ്കിലും, അടിത്തട്ടിൽ സംഘർഷം പുകഞ്ഞുതന്നെ നിൽക്കുന്നു. ഒരു കാലത്ത് ഉറ്റചങ്ങാതികളായി അറിയപ്പെട്ട ഇരുവരും ഇന്ന് ബദ്ധശത്രുക്കളായി മാറിയതിന്റെ പൊരുൾ വിലയിരുത്തുകയാണ് ലോകം. നിരവധി കാരണങ്ങൾ ഇതിന് പിന്നിലായി പറഞ്ഞുകേൾക്കുന്നുണ്ട്. എങ്കിലും ചുരുങ്ങിയ കാലം കൊണ്ട് യുദ്ധസമാനമായ സാഹചര്യത്തിലേക്ക് ഇരുരാജ്യങ്ങളും ചെന്നെത്തിയത് നയതന്ത്ര വൃത്തങ്ങളിൽ ആശ്ചര്യം ഉളവാക്കിയിട്ടുണ്ട്.

അഫ്ഗാൻ വിദേശകാര്യമന്ത്രി അമീർഖാൻ മുത്തഖിയുടെ ഇദംപ്രഥമമായ ഇൻഡ്യാ സന്ദർശനവേളയിലാണ് അഫ്ഗാൻ-പാകിസ്ഥാൻ സംഘർഷങ്ങൾ രൂക്ഷമാകുന്നത്. ഒക്‌ടോബർ 9-ാം തീയതിയാണ് അമീർഖാൻ മുത്തഖി ഇൻഡ്യ സന്ദർശനത്തിനെത്തുന്നത്. അതിന് തലേദിവസം പാകിസ്ഥാൻ- അഫ്ഘാൻ അതിർത്തി പ്രവിശ്യയായ പക്തൂൺഖ്വായിൽ പാകിസ്ഥാൻ സൈന്യത്തിന് നേരെ കനത്ത ആക്രമണം നടന്നു. പതിനൊന്ന് പാകിസ്ഥാൻ സൈനികരാണ് ഈ ഓപ്പറേഷനിൽ കൊല്ലപ്പെട്ടത്. പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ഭീകരവാദ സംഘടനയായ തെഹ്‌രിക് ഇ താലിബാൻ പാകിസ്ഥാൻ(ഠഠജ) ആണ്. പിറ്റേദിവസം അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തി. ടിടിപി സംരക്ഷണം നൽകി. പാകിസ്ഥാന്റെ നേർക്ക് ആക്രമണം നടത്തിയതിൽ അഫ്ഗാൻ താലിബാന് ബന്ധമുണ്ടെന്ന പേരിലായിരുന്നു പാകിസ്ഥാന്റെ ആക്രമണം. പാകിസ്ഥാന്റെ വ്യോമാക്രമണത്തിന് മറുപടി നൽകിയത് അഫ്ഗാൻ സൈന്യമായിരുന്നു. ഒക്‌ടോബർ 11 ന് നടന്ന അതിർത്തിയിലെ സംഘർഷത്തിൽ അൻപതിലധികം പാകിസ്ഥാൻ സൈനികർ വധിക്കപ്പെട്ടന്നാണ് അഫ്ഗാൻ അവകാശവാദം. പ്രത്യാക്രമണത്തിൽ നൂറുകണക്കിന് പേരെ പാകിസ്ഥാൻ കൊന്നു. ഇതിൽ നിരവധി സാധാരണ ജനങ്ങളും, ഭീകരവാദികളം, അഫ്ഗാൻ സൈനികരുമുണ്ട്. തുടർന്ന് ഇരുരാജ്യങ്ങളുടെയും അതിർത്തി സഞ്ചാരപാതകൾ അടച്ചിട്ടു. തുടർന്നാണ് ഖത്തർ ഇടപെട്ട് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്.

ദിവസങ്ങൾക്കകം വെടിനിർത്തൽ കരാർ ലംഘിക്കപ്പെടുകയാണ് ഉണ്ടായത്. പാകിസ്ഥാൻ അതിർത്തി ലംഘിച്ച ടിടിപി ചാവേറുകൾ പാകിസ്ഥാൻ സൈനിക ക്യാമ്പുകൾ ആക്രമിച്ച് നിരവധിപേരെ കൊലപ്പെടുത്തി. അതിന് പ്രതികാരമായി അഫ്ഗാനിസ്ഥാനിലെ ഉർഗോൺ ജില്ലയിലെ പക്തികയിൽ പാകിസ്ഥാൻ വ്യോമാക്രണം നടത്തി. ഈ ബോംബാക്രമണത്തിൽ അഫ്ഗാനിസ്ഥാന്റെ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. ഇവരുടെ കളിക്കളത്തിലേക്കാണ് പാകിസ്ഥാൻ ബോംബുകൾ പതിച്ചത്. ഈ പശ്ചാത്തലത്തിലാണ് ദുബായിൽ നവംബറിൽ നടക്കേണ്ടിയിരുന്ന ത്രിരാഷ്ട്രക്രിക്കറ്റ് പരമ്പരയിൽ നിന്ന് അഫ്ഗാനിസ്ഥാൻ പിന്മാറിയത്. സംഗതികൾ വഷളാകുമെന്ന സ്ഥിതിയിലേക്കെത്തുമ്പോഴാണ് ദോഹയിൽ ഖത്തറും, തുർക്കിയും സൗദി അറേബ്യയും മദ്ധ്യസ്ഥരായി നടത്തിയ സമാധാനചർച്ചയിൽ വീണ്ടും താൽക്കാലിക വെടിനിർത്തലിന് ധാരണയായത്.

2021 ൽ അമേരിക്ക അഫ്ഗാൻ അധിനിവേശം പിൻവലിച്ച് താലിബാന് അധികാരം കൈമാറിയ നാൾ മുതൽ പാകിസ്ഥാനും, അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധങ്ങൾ ഉലഞ്ഞുതുടങ്ങിയിരുന്നു. പാകിസ്ഥാനെതിരായി ഭീകരയുദ്ധം നയിക്കുന്ന തെഹ്‌രിക് ഇ താലിബാൻ പാകിസ്ഥാന്റെ അതിർത്തി കടന്ന് നടത്തുന്ന ഇടപെടലുകളാണ് സംഗതികൾ വഷളാക്കിയത്. പാകിസ്ഥാന്റെ അഫ്ഗാനിസ്ഥാൻ അതിർത്തി പ്രദേശമായ പക്തൂൺഖ്വായിൽ ഗോത്ര വിഭാഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള സംഘടനയാണ് ടിടിപി. പാകിസ്ഥാനിൽ നിന്ന് വേണ്ടവിധം പരിഗണന ലഭിക്കുന്നില്ലെന്ന് പരാതിയുള്ളവരാണ് പക്തൂൺഖ്വായിലെ ജനങ്ങൾ. ആ അവസരം മുതലെടുത്താണ് ടിടിപി ഈ പ്രവിശ്യയിൽ സംഘർഷത്തിൽ വിത്ത് വിതയ്ക്കുന്നത്.

പക്തൂതൂൺ ദേശീയവാദം മുറുകെപ്പിടിക്കുന്ന തീവ്രവാദ സംഘടനയാണ് തെഹ്‌രിക ഇ താലിബാൻ പാകിസ്ഥാൻ. 2007 ൽ ബൈതുള്ള മെഷൂദാണ് ഈ സംഘടന സ്ഥാപിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ അവിടത്തെ താലിബാൻ അധികാരം പിടിക്കുന്നതിന് പോരാട്ടം നടത്തുമ്പോൾ, പാകിസ്ഥാൻ കേന്ദ്രമാക്കിയിരുന്ന ടിടിവി അവർക്കൊപ്പം അടരാടാൻ രംഗത്തുണ്ടായിരുന്നു. അന്ന് ഇരു താലിബാനുകളെയും സംരക്ഷിച്ച് പ്രോത്സാഹിപ്പിച്ചത് പാകിസ്ഥാൻ ഭരണകൂടമായിരുന്നു. അഫ്ഗാനിസ്ഥാനിൽ അവിടത്തെ താലിബാന് അധികാരം ലഭ്യമായപ്പോൾ താലിബാൻ പാകിസ്ഥാൻ അതിന്റെ തനിനിറം പുറത്തെടുത്തു. പാകിസ്ഥാനിൽ ഒരു ഇസ്ലാമിക ഭരണകൂടം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാനിൽ സംഘർഷത്തിന്റെ വിത്തുവിതയ്ക്കാൻ ടിടിപി മടിച്ചില്ല. കുറഞ്ഞ പക്ഷം അതിർത്തി പ്രവിശ്യയായ പക്തൂൺഖ്വായിലെങ്കിലും അധികാരം സ്ഥാപിച്ചെടുക്കാനാണ് ടിടിപിയുടെ ഉന്നം. കാശ്മീരിലും മറ്റും ഭീകരസംഘടനകൾക്ക് വെള്ളവും, വളവും നൽകി പ്രോത്സാഹിപ്പിച്ച പാകിസ്ഥാന് മലയോര പ്രവിശ്യയായ പക്തൂൺഖ്വായിൽ സമാനതരത്തിലുള്ള തിരിച്ചടികളാണ് ടിടിപി സമ്മാനിക്കുന്നത്.

അഫ്ഗാനിസ്ഥാനും, പാകിസ്ഥാനും തമ്മിൽ സൈനിക ബലാബലത്തിലുള്ള ഒരു തുറന്ന യുദ്ധം സംജാതമായാൽ അഫ്ഗാനിസ്ഥാന് പിടിച്ചുനിൽക്കാൻ കഴിയുന്ന ഒരു ശക്തിയല്ല പാകിസ്ഥാൻ. സൈനികപരമായി അഫ്ഗാനിസ്ഥാനെ വെല്ലുന്ന സന്നാഹങ്ങൾ പാകിസ്ഥാനുണ്ട്. പാകിസ്ഥാന്റെ കാലാൾപ്പടയുടെ എണ്ണം ആറുലക്ഷത്തി അറുപതിനായിരമാണ്. വെറും ഒരു ലക്ഷത്തി എഴുപത്തി രണ്ടായിരമാണ് അഫ്ഗാനിസ്ഥാന്റെ ശക്തി. നാനൂറ്റി അറുപത്തിയഞ്ച് യുദ്ധവിമാനങ്ങളും 260 ൽപ്പരം ഹെലികോപ്റ്ററുകളും പാകിസ്ഥാനുണ്ട്. 

അഫ്ഗാനിസ്ഥാന് യുദ്ധവിമാനങ്ങൾ ഒന്നുമില്ല. ആറ് സാദാ വിമാനങ്ങളും, 23 ഹെലികോപ്റ്ററുകളുമാണ് അവർക്ക് സ്വന്തം. കരയുദ്ധത്തിനുള്ള ടാങ്കറുകളും മറ്റ് ആർട്ടിലറികളും ചേർന്ന് പാകിസ്ഥാന്റെ ശക്തി പതിനായിരക്കണക്കിന് പുറത്തുപോകും. താലിബാന്റെ കയ്യിലുള്ളത് സോവിയറ്റ് അധിനിവേശ കാലത്ത് ലഭിച്ച ഏതാനും ടാങ്കറുകൾ മാത്രം. അതിനെല്ലാമുപരി മാരകമായത് പാകിസ്ഥാന്റെ ന്യൂക്ലിയർ യുദ്ധശേഷിയാണ്. ഇത്രയധികം സൈനികശക്തിയായ പാകിസ്ഥാനെ നേരിടാൻ അഫ്ഗാനിസ്ഥാന് സന്നാഹങ്ങൾ ഒന്നുമില്ലെങ്കിലും, അവരുടെ പ്രധാന ആയുധം തീവ്രവാദ ആക്രമണങ്ങളും എന്തിനുംപോന്ന താലിബാൻ ചാവേറുകളുമാണ്. പാകിസ്ഥാന്റെ  മണ്ണിൽ വലിയ പ്രഹരശേഷിയുള്ളവരാണ് ഈ ഭീകരവാദികൾ. പ്രത്യേകിച്ച് പാകിസ്ഥാനുള്ളിൽ നിന്ന് തന്നെ അവർക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നുണ്ട്. പാകിസ്ഥാനെ വലയ്ക്കുന്നതും ഈ സാഹചര്യങ്ങൾ തന്നെ.

ഒരു കാലത്ത് പാകിസ്ഥാൻ താലോലിച്ച് വളർത്തിയവരാണ് താലിബാൻകാർ. 2021 ൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ വന്നതിനുശേഷം ഈ പഴയ മിത്രങ്ങൾ ഇപ്പോൾ വലിയ ശത്രുക്കളായിരിക്കുന്നു. പാകിസ്ഥാന്റെ ഭീഷണി മുൻകൂട്ടി കണ്ടുകൊണ്ടാണ് താലിബാൻ ഭരണകൂടം ഇൻഡ്യയുമായി സൗഹൃദബന്ധം സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത്. റഷ്യ അഫ്ഗാനിസ്ഥാനുമായി നല്ല ബന്ധങ്ങൾക്ക് തുടർച്ചയിടുന്നതിലും പാകിസ്ഥാന് ആവലാതിയുണ്ട്. ചൈന പാകിസ്ഥാനെയും, അഫ്ഗാനിസ്ഥാനെയും കൂടെ കൂട്ടാൻ പരിശ്രമിക്കുന്നുമുണ്ട്. ഈ നീക്കങ്ങൾ അമേരിക്കയെയും അസ്വസ്ഥപ്പെടുത്തുന്നു. അതുകൊണ്ടാണ് ഡൊണാൾഡ് ട്രംപ് പാകിസ്ഥാനെ നല്ല സുഹൃത്തായി ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നത്. അമേരിക്കയുടെ ഇടപെടൽ ഉണ്ടായാൽ താലിബാനെ നിലയ്ക്ക് നിർത്താമെന്ന് പാകിസ്ഥാൻ വ്യാമോഹിക്കുന്നുണ്ട്. 

വിട്ടുകൊടുക്കാതിരിക്കാനാണ് അഫ്ഗാനിസ്ഥാൻ ഇൻഡ്യയുമായും, റഷ്യയുമായും നല്ല ബന്ധങ്ങൾ സ്ഥാപിക്കാൻ മുൻകൈ എടുത്തത്. ഈ സംഘർഷത്തിൽ ഞെരുങ്ങുന്നത് അറബ്- മുസ്ലീം രാഷ്ട്രങ്ങളാണ്. അഫ്ഗാനിസ്ഥാനും, പാകിസ്ഥാനും ഇസ്ലാമിക രാജ്യങ്ങളാണ്. സൗദി അറേബ്യ പാകിസ്ഥാനുമായി ഒരു സൈനിക സംരക്ഷണ കരാറിൽ ഒപ്പിട്ടുണ്ടെങ്കിലും താലിബാനെതിരായി തിരിയാൻ സൗദി അറേബ്യ തയ്യാറാവുമെന്ന് തോന്നുന്നില്ല. പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇതൊരു ഊരാക്കുടുക്കാണ്. താലിബാന് എന്നത്തെയും പോലെ ഇനിയും നഷ്ടപ്പെടാൻ ഒന്നുമില്ല. തുല്യശക്തികളായ സോവിയറ്റ് യൂണിയനും, അമേരിക്കയ്ക്കും എതിരെ അധിനിവേശകാലത്ത് പടനയിച്ചവരാണ് താലിബാനികൾ. പാകിസ്ഥാനെ ആശങ്കപ്പെടുത്തുന്നതും ഇതുതന്നെ. ഏതായാലും പാകിസ്ഥാന്റെ അഫ്ഗാൻ അതിർത്തികൾ ശാന്തമാകാൻ അതിവിദൂര സാധ്യതകൾ മാത്രമേ കാണുന്നുള്ളൂ.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img