
ന്യൂഡൽഹി: വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In). വാട്സ്ആപ്പിൽ അഞ്ച് ഗുരുതര സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയ സാഹചര്യത്തിൽ മൊബൈൽ ഫോണുകളിലെയും കമ്പ്യൂട്ടറുകളിലെയും ആപ്പ് അടിയന്തരമായി അപ്ഡേറ്റ് ചെയ്യണമെന്നാണ് നിർദേശം. സുരക്ഷാ പ്രശ്നങ്ങളെ 'ഹൈ റിസ്ക്' വിഭാഗത്തിലാണ് ഏജൻസി ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രത്യേകം തയ്യാറാക്കിയ സന്ദേശങ്ങൾ, ഫയലുകൾ, ലിങ്കുകൾ എന്നിവ ഉപയോഗിച്ച് ഹാക്കർമാർക്ക് ഉപയോക്താക്കളുടെ ഉപകരണങ്ങളിൽ പ്രവേശിക്കാനും സ്വകാര്യ വിവരങ്ങൾ ചോർത്താനും സുരക്ഷാ സംവിധാനങ്ങളെ മറികടക്കാനും സാധിക്കുമെന്നാണ് മുന്നറിയിപ്പ്. ആൻഡ്രോയിഡ്, ഐഫോൺ, വിൻഡോസ്, മാക് പ്ലാറ്റ്ഫോമുകളിലെ വാട്സ്ആപ്പ്, വാട്സ്ആപ്പ് ബിസിനസ് പതിപ്പുകളെ സുരക്ഷാ പിഴവുകൾ ബാധിക്കാനിടയുണ്ട്.
വാട്സ്ആപ്പിന്റെ അനൗദ്യോഗിക പതിപ്പുകളിൽനിന്ന് അയയ്ക്കുന്ന 'ഓർഡർ ഡീറ്റെയിൽസ്' എന്ന വ്യാജ സന്ദേശം തുറന്നാൽ ആൻഡ്രോയിഡ് ഫോണുകളിൽ വാട്സ്ആപ്പ് സൂക്ഷിച്ചിരിക്കുന്ന ഫയലുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. അതേസമയം, വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടുകളിലെ ചാറ്റ് തുറക്കാൻ പ്രേരിപ്പിക്കുന്ന പരസ്യങ്ങളിലെ ലിങ്കുകൾ വഴി ഉപയോക്താക്കളുടെ ഐപി വിലാസം ചോർത്താനും ലൊക്കേഷൻ തിരിച്ചറിയാനും സാധിച്ചേക്കാം. സ്പാം സന്ദേശങ്ങൾക്കൊപ്പം ഈ സുരക്ഷാ പിഴവ് ഹാക്കർമാർ ദുരുപയോഗം ചെയ്തിട്ടുണ്ടാകാമെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.
അഞ്ച് സുരക്ഷാ വീഴ്ചകളിൽ നാലെണ്ണം ഇതുവരെ ദുരുപയോഗം ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്നാണ് മെറ്റയുടെ വിശദീകരണം. പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടുള്ള പുതിയ പതിപ്പുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
വാട്സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യ മുന്നിലുള്ള രാജ്യമായതിനാൽ സുരക്ഷാ മുന്നറിയിപ്പ് ഗൗരവത്തോടെയാണ് കാണേണ്ടത്. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ, മൈക്രോസോഫ്റ്റ് സ്റ്റോർ എന്നിവ വഴി വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയത്തിന് കീഴിലുള്ള CERT-In നിർദേശിച്ചു. അപ്ഡേറ്റ് വൈകിക്കരുതെന്നും ഏജൻസി മുന്നറിയിപ്പ് നൽകുന്നു.










