
ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കി വാട്സാപ്പ്. ആപ്പിൽ നിന്നുതന്നെ നേരിട്ട് മൊബൈൽ റീച്ചാർജുകൾ നടത്താൻ കഴിയുന്ന അപ്ഡേഷനാണ് ഇപ്പോൾ ചർച്ചയാകുന്നത്. സംവിധാനം വരുന്നു. പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേയുവിന്റെ സഹകരണത്തോടെയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് ഇത് ഘട്ടംഘട്ടമായി ലഭ്യമാക്കും. തുടർന്നുള്ള ആഴ്ചകളിൽ എല്ലാവർക്കും ഈ ഫീച്ചർ ഉപയോഗിക്കാനാകുമെന്നാണ് റിപ്പോർട്ടുകൾ.
ഈ പുതിയ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് സ്വന്തം നമ്പറിലേക്കും സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും നമ്പറുകളിലേക്കും എളുപ്പത്തിൽ റീച്ചാർജ് ചെയ്യാം. ജിയോ, എയർടെൽ, വി ഉപഭോക്താക്കൾക്ക് ഈ സേവനം ഉപയോഗിക്കാനാകും.
ഇതിനുമുമ്പ് തന്നെ വാട്‌സ്ആപ്പിൽ യുപിഐ അടിസ്ഥാനത്തിലുള്ള പേയ്‌മെന്റ് സൗകര്യം ലഭ്യമാണ്. അതിലൂടെ ചാറ്റിനുള്ളിൽ തന്നെ പണം അയയ്ക്കാനും സ്വീകരിക്കാനും കഴിയുന്നുണ്ടായിരുന്നു. ഇപ്പോൾ അതിലേക്ക് മൊബൈൽ റീച്ചാർജ് സൗകര്യവും ചേർക്കപ്പെടുന്നതോടെ ആപ്പ് കൂടുതൽ സമഗ്രമായ ഒരു ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമായി മാറുകയാണ്.
ഉപയോക്താക്കൾക്ക് പേയ്‌മെന്റ് ഓപ്ഷനുകൾ എളുപ്പത്തിൽ കണ്ടെത്താൻ ഹോം സ്‌ക്രീനിൽ ₹ ഐക്കണും അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ യുപിഐ സേവനങ്ങളും റീച്ചാർജ് സംവിധാനവും ഒരിടത്ത് ലഭിക്കും. കൂടാതെ, മെട്രോ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ടിക്കറ്റിംഗ് ഫീച്ചറും വാട്‌സ്ആപ്പ് ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്.
റീചാർജ് ഫീച്ചർ ആക്‌സസ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള ഘട്ടങ്ങൾ
1. ₹ ഐക്കണിൽ ടാപ്പ് ചെയ്യുക
2. പ്രീപെയ്ഡ് റീചാർജ് തിരഞ്ഞെടുക്കുക
3. നമ്പർ തിരഞ്ഞെടുക്കുക (സ്വന്തം/കുടുംബത്തിന്റെ അല്ലെങ്കിൽ സുഹൃത്തുക്കളുടെ)
4. ഓപ്പറേറ്ററെ സ്ഥിരീകരിക്കുക
5. മൊബൈൽ ഓപ്പറേറ്ററെ അടിസ്ഥാനമാക്കി പ്ലാൻ തിരഞ്ഞെടുക്കുക
6. പേയ്‌മെന്റ് മോഡ് തിരഞ്ഞെടുക്കുക (യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡുകൾ)
7. പേയ്‌മെന്റ് സ്ഥിരീകരിക്കുക










