
കോഴിക്കോട്: പാകിസ്ഥാൻ സ്വദേശിയുമായി നിരന്തരം വാട്സ്ആപ്പ് വഴി ആശയവിനിമയം നടത്തിയെന്ന സംശയത്തെ തുടർന്ന് ബേപ്പൂർ ഹാർബറിൽ നിന്ന് ബംഗാൾ സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മത്സ്യബന്ധന ബോട്ടിൽ ജോലിക്കെത്തിയതാണെന്നാണ് ഇയാളുടെ വിശദീകരണമെങ്കിലും, പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതകൾ കണ്ടെത്തിയതോടെയാണ് നടപടി.
ഹാർബറിൽ എത്തിയ യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോൾ, താൻ ജോലിക്കായി എത്തിയതാണെന്ന് പറഞ്ഞു. എന്നാൽ ഏത് ബോട്ടിലേക്കാണ് എത്തിയതെന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ ഇയാൾക്ക് കഴിഞ്ഞില്ല.
ആധാർ കാർഡ് പരിശോധിച്ചതിൽ ഇയാൾ പശ്ചിമ ബംഗാൾ സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പാകിസ്ഥാൻ സ്വദേശിയുമായി സ്ഥിരമായി വാട്സ്ആപ്പ് ചാറ്റ് നടത്തിയിരുന്നതായി കണ്ടെത്തിയത്.
തനിക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ടെന്നും, അതിലൂടെയാണ് പാക് സ്വദേശിയുമായി പരിചയപ്പെട്ട് സന്ദേശങ്ങൾ കൈമാറിയതെന്നുമാണ് യുവാവിന്റെ വിശദീകരണം. എന്നാൽ ഈ മൊഴി അന്വേഷണ സംഘം പൂർണമായി വിശ്വസിച്ചിട്ടില്ല.
ബേപ്പൂർ പൊലീസ് സ്റ്റേഷനിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ, കോസ്റ്റ് ഗാർഡ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് യുവാവിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ മൊബൈൽ ഫോൺ, രേഖകൾ എന്നിവ ഉൾപ്പെടെ പരിശോധിച്ചുവരുന്നതായി ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ. പ്രേംജിത്ത് അറിയിച്ചു.










