
ബെംഗളൂരു പോലീസ് കമ്മീഷണറേറ്റ് അഞ്ച് വിഭാഗങ്ങളായി വിഭജിച്ചതോടെ നഗരത്തിലെ നിർണായക കുറ്റാന്വേഷണ ഏജൻസിയായ സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ (സി.സി.ബി) ഭാവി അനിശ്ചിതത്വത്തിലായി. പതിറ്റാണ്ടുകളായി സങ്കീർണമായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുകയും കുറ്റവാളികളെ കണ്ടെത്തുകയും ചെയ്തിരുന്ന സി.സി.ബിയുടെ നിലവിലുള്ള ഘടന തുടരുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.പുതിയ സർക്കാർ ഉത്തരവ് പ്രകാരം സി.സി.ബിയുടെ തലവനായിരുന്ന ജോയിന്റ് അല്ലെങ്കിൽ അഡീഷണൽ പോലീസ് കമ്മീഷണർ (ക്രൈം) എന്ന തസ്തിക ആന്റി റൗഡി സ്ക്വാഡ് കമ്മീഷണർ എന്നാക്കി മാറ്റിയിട്ടുണ്ട്. രണ്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരുടെ കീഴിൽ ആന്റി റൗഡി സ്ക്വാഡിന്റെ പ്രവർത്തനം ക്രമീകരിക്കാനാണ് തീരുമാനം. ഇതോടെ സി.സി.ബി വെറുമൊരു ഗുണ്ടാവിരുദ്ധ വിഭാഗമായി ചുരുങ്ങുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.മയക്കുമരുന്ന് വിരുദ്ധ വിഭാഗം, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, വനിതാ സംരക്ഷണ വിഭാഗം, പ്രത്യേക അന്വേഷണ വിഭാഗം, ഭീകരവിരുദ്ധ സെൽ തുടങ്ങിയ സി.സി.ബിയുടെ പ്രധാന വിഭാഗങ്ങളുടെ ഭാവിയും വ്യക്തമല്ല. മയക്കുമരുന്ന് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ആന്റി നാർക്കോട്ടിക് ടാസ്ക് ഫോഴ്സ് നിലവിലുണ്ടെങ്കിലും മറ്റു വിഭാഗങ്ങളുടെ പ്രവർത്തനം എങ്ങനെയായിരിക്കുമെന്നതിൽ തീരുമാനമായിട്ടില്ല.ബെംഗളൂരു പോലുള്ള മഹാനഗരത്തിൽ സി.സി.ബി പോലൊരു പ്രത്യേക കുറ്റാന്വേഷണ വിഭാഗം അനിവാര്യമാണെന്നാണ് മുൻ പോലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. കുറ്റവാളികൾക്ക് നഗരാതിർത്തികളോ പോലീസ് സ്റ്റേഷൻ പരിധികളോ ബാധകമല്ല. എന്നാൽ പോലീസ് സംവിധാനത്തെ കൂടുതൽ മേഖലകളായി വിഭജിക്കുന്നത് അന്വേഷണത്തെയും രഹസ്യവിവര കൈമാറ്റത്തെയും പ്രതികൂലമായി ബാധിച്ചേക്കാമെന്ന് മുൻ ബെംഗളൂരു പോലീസ് കമ്മീഷണർ ഭാസ്കർ റാവു ചൂണ്ടിക്കാട്ടുന്നു.മയക്കുമരുന്ന് കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ, ഗുണ്ടാസംഘങ്ങളുടെ പ്രവർത്തനം, സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങി അതീവ സങ്കീർണമായ കേസുകൾ അന്വേഷിക്കുന്നതിൽ സി.സി.ബിക്ക് നിർണായക പങ്കുണ്ട്. സാധാരണ പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധിക്കപ്പുറം വ്യാപിക്കുന്ന ഇത്തരം കേസുകളിൽ രഹസ്യാന്വേഷണവും സാങ്കേതിക വൈദഗ്ധ്യവും ഉപയോഗിച്ചാണ് സി.സി.ബി പ്രവർത്തിക്കുന്നത്.അഞ്ച് കമ്മീഷണറേറ്റുകളിലായി കുറ്റാന്വേഷണ വിഭാഗങ്ങൾ രൂപീകരിക്കുമ്പോൾ ഏകോപനത്തിലെ പോരായ്മകളും അധികാരപരിധി സംബന്ധിച്ച തർക്കങ്ങളും അന്വേഷണത്തെ ബാധിക്കാനിടയുണ്ട്. പ്രാദേശിക പോലീസ് സംവിധാനത്തിന് ദൈനംദിന ക്രമസമാധാന ചുമതലകൾക്കൊപ്പം കുറ്റാന്വേഷണവും കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ സങ്കീർണമായ കേസുകളിൽ പ്രത്യേക ശ്രദ്ധ നൽകാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.പുതിയ പോലീസ് ഘടനയിൽ സി.സി.ബിയുടെ പ്രത്യേക പദവിയും നിലവിലുള്ള അന്വേഷണ വിഭാഗങ്ങളും നിലനിർത്തുമോ എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. ബെംഗളൂരുവിന്റെ വളർച്ചയ്ക്കൊപ്പം കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ ശക്തമായ ഒരു സ്വതന്ത്ര കുറ്റാന്വേഷണ വിഭാഗം ആവശ്യമാണെന്ന വാദം ശക്തമാണ്. അതുകൊണ്ടുതന്നെ സി.സി.ബിയുടെ ഭാവിയെക്കുറിച്ചുള്ള സർക്കാർ തീരുമാനം നഗരത്തിലെ പോലീസ് സംവിധാനത്തിന്റെ കാര്യക്ഷമതയെ നിർണയിക്കുന്നതായിരിക്കും.
Photo Courtesy - Google










