ഷേക്ക് ഹസീനയുടെ പതിനഞ്ച് വർഷം നീണ്ട ഭരണം ബംഗ്ലാദേശിൽ പര്യവസാനിച്ചു. സർക്കാരിനെതിരെ വിദ്യാർത്ഥികൾ നടത്തിയ കനത്ത പ്രക്ഷോഭത്തെ മറികടക്കാൻ കഴിയാതെ വന്നപ്പോഴാണ് ഹസീന മാതൃരാജ്യം വിട്ട് ഇൻഡ്യയിലേക്ക് പലായനം ചെയ്തത്. അധികാരം ഒഴിയാൻ ബംഗ്ലാദേശ് സൈന്യത്തിന്റെ സമ്മർദ്ദവും ഉണ്ടായിരുന്നു.
തൊഴിലവസരങ്ങളിൽ മുപ്പത് ശതമാനം ബംഗ്ലാദേശിന്റെ വിമോചനസമരത്തിൽ പെങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സംവരണം ചെയ്ത വിഷയത്തിലായിരുന്നു വിദ്യാർത്ഥി പ്രക്ഷോഭം ഉടലെടുത്തത്. പിന്നീട് 30 ശതമാനം സംവരണം അഞ്ച് ശതമാനമായി കോടതി വെട്ടിക്കുറച്ചെങ്കിലും, വിദ്യാർത്ഥി പ്രക്ഷോഭം ആളിക്കത്തി. പാകിസ്ഥാന്റെ സ്ഥാപക പിതാവായ മുഹമ്മദലി ജിന്നയെ ഒരിക്കൽ വിറപ്പിച്ച ധാക്ക യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ് ഉരുക്കുവനിതയായ ഷെയ്ക്ക് ഹസീനയെയും കസേരയിൽ നിന്നിറക്കി വിട്ടതിന്റെ വെടിമരുന്നിട്ടത്. ഉറുദു പാകിസ്ഥാന്റെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കാനുള്ള ജിന്നയുടെ ശ്രമത്തെ നിലംപരിശാക്കിയത് ധാക്ക സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണ്. 1948 ൽ തുടങ്ങിയ പ്രക്ഷോഭം 1956 ൽ ബംഗ്ലാഭാഷയെ ഔദ്യോഗികഭാഷയായി അംഗീകരിച്ചതിനുശേഷം മാത്രമേ അവസാനിപ്പിച്ചുള്ളൂ. ബംഗ്ലാദേശ് വിമോചന സമരത്തിലും പാകിസ്ഥാനെതിരെ കടുത്ത ചെറുത്ത് നിൽപ്പിന്റെ ചരിത്രം ധാക്ക യൂണിവേഴ്‌സിറ്റിക്കുണ്ട്. ഇത്തവണ ഷെയ്ക്ക് ഹസീനയെ കെട്ടുകെട്ടിക്കുന്നത് വിദ്യാർത്ഥി മുന്നണി രൂപീകരിച്ച് വിദ്യാർത്ഥികൾ നടത്തിയ സംവരണ വിരുദ്ധ കലാപത്തിന്റെ ഫലമായിട്ടാണ്.
ഒറ്റനോട്ടത്തിൽ സംവരണ വിരുദ്ധ കലാപമാണ് ഷെയ്ക്ക് ഹസീനയുടെ പതനത്തിന് കാരണമായി തോന്നുമെങ്കിലും, അതിന് പിന്നിൽ മറ്റ് നിരവധി വിഷയങ്ങൾ അന്തർലീനമായിട്ടുണ്ട്. ഹസീനയുടെ ദേശീയവും, അന്തർദേശീയവുമായ ശത്രുക്കൾ മുഴുവൻ ഈ പ്രക്ഷോഭത്തിന്റെ പിന്നിൽ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചിട്ടുണ്ട്. വൻഭൂരിപക്ഷത്തോടെ നിരവധി തവണ അധികാരത്തിലെത്തിയപ്പോൾ സ്വന്തം അപ്രമാദിത്വം അടിച്ചേൽപ്പിക്കുന്നതിന് ഹസീന ഒട്ടും മടിച്ചിരുന്നില്ല. സർക്കാർ സംവിധാനങ്ങളിലുടനീളം കനത്ത അഴിമതിയും ആരോപിക്കപ്പെട്ടു. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതോടെ അവരും പ്രക്ഷോഭത്തെ ആളിക്കത്തിക്കാൻ രംഗത്തിറങ്ങി. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെ നേതാവ് ഖാലിദാസിയ ജയിലറയ്ക്കുള്ളിൽ അടയ്ക്കപ്പെട്ടതിന്റെ പ്രതികാരം തീർക്കാൻ അവരുടെ പക്ഷവും സമരത്തിൽ സജീവമായി. കടുത്ത പാകിസ്ഥാൻ വിരുദ്ധയും, ഇൻഡ്യൻ പക്ഷപാതിയുമായ ഹസീനയെ തുരത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയും, ചൈനയും പിന്നിൽ പ്രവർത്തിച്ചിരുന്നു എന്ന് സംശയിക്കുന്നുണ്ട്.
തൊഴിലിൽ അഞ്ച് ശതമാനം സംവരണമെന്നത് ഒരു ജനാധിപത്യ സർക്കാരിനെ പ്രക്ഷോഭത്തിലൂടെ അട്ടിമറിക്കാനുള്ള ഗൗരവതരമായ വിഷയമല്ല. പ്രത്യേകിച്ച് ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ ഉത്തരവുമുണ്ട്. അപ്പോൾ കലാപത്തിന്റെ പിന്നാമ്പുറത്ത് വലിയ ദുരൂഹതകൾ സംശയിക്കുന്നുണ്ട്. പ്രക്ഷോഭത്തെ ഹസീന നേരിട്ടരീതിയും അവർക്ക് തിരിച്ചടിയായി. പ്രക്ഷോഭകരെ പാകിസ്ഥാൻ അനുകൂലികളെന്ന് മുദ്രകുത്തിയാണ് ഹസീന ഉരുക്കുമുഷ്ടി പ്രയോഗിച്ചത്. വീണുകിട്ടുന്ന ഏത് അവസരവും സുവർണ്ണാവസരമായി വിനിയോഗിക്കാൻ തക്കം പാർത്തിരിക്കുന്ന ഒരു സൈനിക സംവിധാനമാണ് ബാംഗ്ലാദേശിലുള്ളത് എന്ന സത്യവും അവർ വിസ്മരിച്ചു. ഹസീനയെക്കാളും പ്രഗത്ഭനും ബംഗ്ലാദേശിന്റെ വികാരവുമായിരുന്ന മുജിബുർ റഹ്മാനെ എങ്ങനെയാണ് വീഴ്ത്തിയെതെന്ന ചരിത്രപാഠവും അവരുൾക്കൊണ്ടില്ല.
ഷെയ്ക്ക് ഹസീന ഇൻഡ്യയിലോ മറ്റെവിടെയെങ്കിലുമോ അഭയാർത്ഥിയാകും. അനുകൂല സാഹചര്യം ഉരുത്തിരിഞ്ഞ് വന്നാലും മറ്റൊരങ്കത്തിനായി അവർ ബംഗ്ലാദേശിലേക്ക് പോകുമെന്ന് തോന്നുന്നില്ല. അങ്ങനെ വന്നാൽ ഹസീനയുടെ മകൻ സജീബ് വാസേദ് ആയിരിക്കും രംഗത്തിറങ്ങുക. ബംഗ്ലാദേശിൽ പുതിയ ഇടക്കാല സർക്കാർ നോബൽ ജേതാവ് മുഹമ്മദ് യൂനിസ് നയിക്കും. ഷെയ്ക്ക് ഹസീനയുടെ ശക്തനായ വിമർശകനായ യൂനിസിനെ ജയിലിലടയ്ക്കാൻ ഹസീന കരുക്കൾ നീക്കിയതാണ്. വിദ്യാർത്ഥിപ്രക്ഷോഭകരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് യൂനുസിനെ സൈന്യം ഇടക്കാല പ്രധാനമന്ത്രിയാക്കിയത്. എന്നാൽ കാര്യങ്ങൾ സൈന്യത്തിന്റെ നിയന്ത്രണത്തിൽ തന്നെയായിരിക്കും. പാർലമെന്റും പിരിച്ചുവിട്ട് കഴിഞ്ഞു. പ്രസിഡന്റും സൈന്യത്തിന്റെ കയ്യിലെ കളിപ്പാവയായി.
ബംഗ്ലാദേശിലെ ജനാധിപത്യത്തിന്റെ ഭാവി പ്രവചിക്കുക അസാധ്യം. ഇൻഡ്യയുടെ ഉറ്റ സുഹൃത്തായ ഷേയ്ക്ക് ഹസീന അരങ്ങൊഴിഞ്ഞതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും ദുർഘടമാകും. കരുത്താർജ്ജിച്ച് കൊണ്ടിരുന്ന ബംഗ്ലാദേശിന്റെ സാമ്പത്തിക അടിത്തറ ഇനി ഭദ്രമായി മുന്നോട്ടുപോകുമോ എന്നു കാത്തിരുന്ന് കാണേണ്ടതാണ്.