
എൻഎസ്എസിന്റെ നിലപാടാണ് ഇപ്പോൾ രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്നത്. കഴിഞ്ഞ ഒമ്പതു വർഷത്തോളം ബദ്ധവൈരികളെപോലെ കഴിഞ്ഞ എൻഎസ്എസും ഇടതു സർക്കാരും ഇപ്പോൾ ഒന്നിച്ചിരിക്കുകയാണ്. പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തോടെയാണ് എൻഎസ്എസും ഇടതുപക്ഷവും തമ്മിലുള്ള അകൽച്ച മാറിയത്. എന്നാൽ, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ നിലപാട് മാറ്റത്തെ തുടർന്ന് നായർ സമുദായാംഗങ്ങളിൽ പലരും പൊട്ടിത്തെറിക്കുകയാണ്. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമെല്ലാം സുകുമാരൻ നായർക്കെതിരെ ഫ്ലക്സ് ബോർഡുകൾ ഉയർന്നുകഴിഞ്ഞു. സുകുമാരൻ നായരെ കട്ടപ്പയെന്നും മറ്റുമാണ് ഇപ്പോൾ കരയോഗങ്ങളിലെ ചിലർ സംബോധന ചെയ്യുന്നത്. അത്തരത്തിലുള്ള ഫ്ലക്സുകളും ഉയർന്നിട്ടുണ്ട്.
എന്നാൽ, എന്താണ് സുകുമാരൻ നായർ വളരെ പെട്ടെന്ന് മലക്കംമറിയാനുള്ള കാരണം? എൻഎസ്എസ് അംഗങ്ങൾക്കിടയിൽ ഉയരുന്ന ചോദ്യം ഇതാണ്. എൻഎസ്എസ് കാലങ്ങളായി രാഷ്ട്രീയത്തിൽ സ്വീകരിച്ച് വന്നിരുന്നത് സമദൂര സിദ്ധാന്തമായിരുന്നു. സമദൂരമാണ് ശരിദൂരമാണ് എന്നൊക്കെ വാതോരാതെ സംസാരിച്ചിരുന്നയാളാണ് ജി സുകുമാരൻ നായർ. എന്നാൽ, വളരെ പെട്ടെന്ന് സമദൂരമൊക്കെ വിട്ട്, സിപിഎമ്മിനോട് വലിയ അടുപ്പം കാണിക്കുകയാണ് സുകുമാരൻ നായർ. സമുദായത്തിന് ഗുണകരമാകുന്ന ഒരു പ്രഖ്യാപനവും സംസ്ഥാന സർക്കാരോ സിപിഎമ്മോ നടത്താത്ത സമയത്താണ് ഈ നിലപാട് മാറ്റം എന്നതാണ് ഏറെ ശ്രദ്ധേയം.
അവിടെയാണ് സമുദായാംഗങ്ങൾക്കിടയിൽ കുടൂതൽ ദുരൂഹത നിറച്ച ഒരു ഫ്ലക്സ് ഉയർന്നത്. പത്തനംതിട്ട പ്രമാടം പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രത്യക്ഷപ്പെട്ട ബാനറിലാണ് സുകുമാരൻ നായർ സ്വർത്ഥലാഭത്തിന് വേണ്ടിയാണ് സിപിഎമ്മിന് അനുകൂലമായ നിലപാട് സ്വീകരിച്ചത് എന്നാരോപിച്ചിരിക്കുന്നത്. കുടുംബ കാര്യത്തിനുവേണ്ടി ഭക്തരെ പിന്നിൽ നിന്നു കുത്തിയെന്നാണ് ഈ ഫ്ലക്സിലെ ആരോപണം.
പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ എന്ന പരിഹാസവുമുണ്ട്. 681-ാം നമ്പർ കരയോഗത്തിൽ നിന്നും 100 മീറ്ററിന് സമീപമാണ് ഈ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. പത്തനംതിട്ട വെട്ടിപ്രം കരയോഗ കെട്ടിടത്തിന് മുന്നിലാണു ഇന്നലെ ആദ്യം ബാനർ പ്രത്യക്ഷപ്പെട്ടത്. സുകുമാരൻ നായരെ കട്ടപ്പ എന്ന് വിമർശിച്ചാണ് ബാനർ കെട്ടിയത്. സുകുമാരൻ നായർ സമുദായത്തിന് നാണക്കേടാണെന്നും ബാനറിലുണ്ട്. ഇതിനു പിന്നാലെ തിരുവനന്തപുരത്തും ഫ്ലക്സ് ബോർഡ് ഉയർന്നു.
എന്താണ് ആ കുടുംബ കാര്യം? എൻഎസ്എസിനെ കഴിഞ്ഞ കുറേ നാളായി സുകുമാരൻ നായർ കുടുംബസ്വത്ത് പോലെ കൊണ്ടുനടക്കുന്നു എന്ന ആക്ഷേപം നായന്മാർക്കിടയിൽ തന്നെയുണ്ട്. എന്നാൽ, കരയോഗം വേണം എന്നതിനാലും ഇതിനെയൊന്നും എതിർക്കാൻ മറ്റൊരു നേതാവും തയ്യാറാകാത്തതിനാലും ആരും എതിർത്തെന്നും പറയാറില്ല എന്നു മാത്രം. സുകുമാരൻ നായരുടെ മകൾ ഉൾപ്പെടെ എല്ലാ കുടുംബാംഗങ്ങൾക്കും എൻഎസ്എസ് സ്ഥാപനങ്ങളിലാണ് ജോലി എന്ന ആക്ഷേപവും പലരും ഉയർത്താറുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി എൻഎസ്എസിന്റെ ചില നടപടികൾ ദുരൂഹമാണെന്ന് കരയോഗം പ്രവർത്തകർ തന്നെ ചൂണ്ടിക്കാട്ടുന്നു. കരയോഗങ്ങളുടെ സാമ്പത്തിക ഇടപാടുകളെല്ലാം ധനലക്ഷ്മി ബാങ്കുവഴിയായിരുന്നു. എന്നാൽ, വളരെ പെട്ടെന്ന് എല്ലാ ഇടപാടുകളും ധനലക്ഷ്മിയിൽ നിന്നും ഫെഡറൽ ബാങ്കിലേക്ക് മാറ്റി. എന്തുകൊണ്ടാണ് അങ്ങനെ ചെയ്തത് എന്നത് സംബന്ധിച്ച് യാതൊരു വിശദീകരണവും സുകുമാരൻ നായർ കരയോഗങ്ങൾക്ക് നൽകിയിരുന്നില്ല. അതിലും ചില കുടുംബ താത്പര്യങ്ങളുണ്ടെന്നും അതിന്റെ പിന്തുടർച്ചയാണ് ഇപ്പോൾ പിണറായി വിജയന് മുന്നിൽ മുട്ടുകുത്തിയത് എന്നും ആരോപണമുണ്ട്.
എന്നാൽ, സർക്കാർ അനുകൂല നിലപാടിൽ ഉറച്ച് നിൽക്കുകയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി. രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി. ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പൊതുയോഗത്തിനെത്തിയപ്പോഴായിരുന്നു ജി സുകുമാരൻ നായരുടെ പ്രതികരണം. താൻ തൻറെ രാഷ്ട്രീയ നിലപാട് നേരത്തെ തന്നെ പറഞ്ഞതാണെന്നും പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചോട്ടെയെന്നും അത് നേരിട്ടോളാണെന്നും ജി സുകുമാരൻ നായർ പറഞ്ഞു. പ്രതിഷേധങ്ങൾ കൊണ്ട് തനിക്ക് കുറച്ച് പബ്ലിസിറ്റി കിട്ടുമല്ലോ. പറഞ്ഞ നിലപാടിനെക്കുറിച്ച് പിന്നെയും പിന്നെയും ചോദിക്കേണ്ടതില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
ഏതായാലും കരയോഗങ്ങളിലെ ഇടത് വിരുദ്ധർ പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് നീക്കം. അങ്ങനെയെങ്കിൽ സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിന് പിന്നിലെ കുടുംബ കാര്യം വിശദമായി പുറത്തുവരും എന്നുതന്നെ കരുതാം.











