
കൊച്ചി: സുരേഷ് ഗോപി നായകനായ 'ജെ.എസ്.കെ' (ജാനകി V/S സ്റ്റേറ്റ് ഒഫ് കേരള) എന്ന സിനിമയുടെ പേരിനെ ചൊല്ലിയുള്ള വിവാദം തുടരുന്നു. സിനിമയുടെ പേരും സംഭാഷണങ്ങളിലും 'ജാനകി' എന്ന വാക്ക് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടതിനെതിരെ ഹൈക്കോടതി രംഗത്തെത്തി. കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടുകയാണോയെന്നും, 'ജാനകി' എന്ന പേര് ആരുടെ വികാരമാണ് വ്രണപ്പെടുത്തുന്നതെന്നും സെൻസർ ബോർഡിനോട് ജസ്റ്റിസ് എൻ. നഗരേഷ് ആരാഞ്ഞു. പേര് ഒഴിവാക്കാൻ വ്യക്തമായ കാരണം ബോധിപ്പിക്കാനും കോടതി നിർദ്ദേശിച്ചു.
സെൻസർ ബോർഡിന്റെ നിലപാടിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സിനിമാ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. ഫെഫ്ക, അമ്മ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ കത്രിക ചവറ്റുകുട്ടയിൽ എറിഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം.
'ജാനകി V/S സ്റ്റേറ്റ് ഒഫ് കേരള' എന്ന സിനിമയ്ക്ക് സെൻസർ ബോർഡിന്റെ പുനഃപരിശോധനാ സമിതിയും മാറ്റങ്ങൾ നിർദ്ദേശിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. സിനിമ സർട്ടിഫിക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങളിൽ മത, വംശീയ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വാക്കുകളും ദൃശ്യങ്ങളും ഒഴിവാക്കണമെന്നാണ് പറയുന്നത്. എന്നാൽ, ഇന്ത്യയിലെ 80 ശതമാനം പേരുകളും ദൈവങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജാനകി: പോരാടി ജയിച്ച നായിക
മാനഭംഗത്തിന് ഇരയായ കഥാപാത്രത്തിനാണ് സിനിമയിൽ 'ജാനകി' എന്ന പേര് നൽകിയിരിക്കുന്നത്. ഇത് സംസ്കാരത്തിന് എതിരാണെന്ന് സെൻസർ ബോർഡിനുവേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഒ.എം. ശാലീന കോടതിയിൽ വാദിച്ചു. എന്നാൽ, 'ജാനകി കുറ്റം ചെയ്തയാളല്ലല്ലോ, ഇരയല്ലേ, പോരാടി ജയിച്ച നായികയല്ലേ?' എന്ന് കോടതി തിരിച്ച് ചോദിച്ചു.
പേര് മൂന്ന് മാസം മുമ്പ് അംഗീകരിച്ചതാണെന്നും, അടുത്തിടെ 'ജാനകി ജാനേ' എന്ന സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകിയതാണെന്നും നിർമ്മാതാക്കളായ കോസ്മോസ് എന്റർടെയിൻമെന്റ്സിനുവേണ്ടി അഡ്വ. ഹാരിസ് ബീരാൻ എം.പി വാദിച്ചു. നീതിക്കുവേണ്ടി പോരാടുന്ന അതിജീവിതയാണ് ചിത്രത്തിലെ ജാനകി എന്നും അദ്ദേഹം വിശദീകരിച്ചു. 'ജെ.എസ്.കെ' റിലീസ് നീളുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഹർജിക്കാർ കോടതിയെ അറിയിച്ചു.
സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ് തേടി നിർമ്മാതാക്കൾ നൽകിയ ഹർജി നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും.











