01:14am 18 January 2026
NEWS
ബംഗ്ലാദേശിൽ സംഭവിക്കുന്നതു.. ഷെയ്ക്ക് ഹസീനയ്ക്ക് തൂക്കുകയർ, അസിം മുനീറിന് ഭരണഘടനാ സംരക്ഷണം
08/12/2025  12:45 PM IST
കല്ലമ്പലം അൻസാരി
ബംഗ്ലാദേശിൽ സംഭവിക്കുന്നതു.. ഷെയ്ക്ക് ഹസീനയ്ക്ക് തൂക്കുകയർ, അസിം മുനീറിന് ഭരണഘടനാ സംരക്ഷണം

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ഈയിടെ ബ്രിട്ടീഷ് മാധ്യമമായ ബി.ബി.സിക്ക് നൽകിയ ഒരു ഇന്റർവ്യൂവിൽ സുവ്യക്തമായി ആവശ്യപ്പെട്ടത് തന്റെ കക്ഷിയായ അവാമിലീഗിന് വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദം നൽകണമെന്നാണ്. ബംഗ്ലാദേശിലെ പ്രത്യേക കോടതി തനിക്ക് പരമാവധി ശിക്ഷ തന്നെ തരുമെന്ന് ഉറച്ച് വിശ്വാസമുള്ളതുകൊണ്ടാണ് ഹസീന മനഃപൂർവ്വമായി തെരഞ്ഞെടുപ്പ് വിഷയം എടുത്തിട്ടത്. ബി.ബി.സി പോലെ അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു വാർത്താ മാധ്യമത്തിലൂടെ ബംഗ്ലാദേശിൽ ജനാധിപത്യധ്വംസനമാണ് നടക്കുന്നതെന്ന് ലോകത്തോട് പറയാനാണ് ഹസീന ശ്രമിച്ചത്. 2026 ഫെബ്രുവരിയിലാണ് പാർലമെന്റ് തെരഞ്ഞെടുപ്പിന് തീയതി നിശ്ചയിച്ചിട്ടുള്ളത്. ബംഗ്ലാദേശ് വിമോചന സമരത്തിന്റെ നെടുനായകത്വം വഹിക്കുകയും, പിന്നീട് പതിറ്റാണ്ടുകൾ അധികാരത്തിൽ തുടരുകയും ചെയ്ത അവാമിലീഗിന് ഇപ്പോൾ ബംഗ്ലാദേശിൽ നിരോധനമാണ്. സൈന്യവും, അവരുടെ പിന്തുണയുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും(ബി.എൻ.പി), ജമാഅത്തെ ഇസ്ലാമിയും ചേർന്ന ഒരു സ്വേഛാധിപത്യ സംവിധാനമാണ് ബംഗ്ലാദേശിൽ ഇപ്പോൾ അധികാരം നിയന്ത്രിക്കുന്നത്.

2024 ജൂലൈ, ആഗസ്റ്റിൽ ഷെയ്ക്ക് ഹസീനയെ അധികാരത്തിൽ നിന്ന് പുറന്തള്ളിയ പ്രക്ഷോഭ  കാലങ്ങൾക്കിടെ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ പേരിലാണ് ബംഗ്ലാദേശിലെ പ്രത്യേക കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള താൽക്കാലിക സർക്കാർ നിയോഗിച്ചതാണ് ഈ പ്രത്യേക കോടതി. അന്താരാഷ്ട്ര ക്രൈസിസ് ട്രിബ്യൂണൽ(ഐ.സി.ടി) എന്ന് പേരിട്ട് നിയമിച്ച ഈ സംവിധാനത്തിലെ 'അന്താരാഷ്ട്രം' വെറുതെ ഒരു തള്ളിന് വേണ്ടി ഇട്ടതാണ്. ബംഗ്ലാദേശിലെ താൽക്കാലിക സർക്കാരിന്റെയും, ഹസീന വിരുദ്ധരുടെയും ഒരു പപ്പറ്റ് കോടതി തന്നെയാണ് ഇത്. എന്നാൽ ഹസീനയെ ബംഗ്ലാദേശിൽ കാലുകുത്താതിരിപ്പിക്കാൻ ഈ വിധിപ്രഖ്യാപനം ധാരാളം മതി.

ഷേയ്ക്ക് ഹസീനയെ അട്ടിമറിച്ച 2024 ലെ പ്രക്ഷോഭകാലത്ത് ഏതാണ്ട് 1400 ഓളം പേരാണ് പോലീസ്, സൈനിക നടപടികളിൽ ബംഗ്ലാദേശിൽ കൊല്ലപ്പെട്ടത്. നിരത്തിലിറങ്ങിയ പ്രക്ഷോഭകരെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് തന്നെയാണ് ഹസീന നേരിട്ടത്. പ്രക്ഷോഭകരെ 'ഭീകരവാദികൾ' എന്നാണ് ഹസീന വിശേഷിപ്പിച്ചത്. സർക്കാർ നിയമനങ്ങളിൽ ബംഗ്ലാദേശ് വിമോചനസമരത്തിൽ പങ്കെടുത്തവരുടെ ബന്ധുക്കൾക്ക് സംവരണം ഏർപ്പെടുത്തിയതിനെതിരെ ആയിരുന്നു സമരത്തിന്റെ തുടക്കം. ആ നടപടി ഹസീന പിൻവലിച്ചെങ്കിലും പ്രക്ഷോഭകർ അടങ്ങിയില്ല. അവരുടെ നേതൃത്വത്തിന്റെ ലക്ഷ്യം ഹസീനയെ പുറത്താക്കുക തന്നെയായിരുന്നു. അത് തിരിച്ചറിഞ്ഞുകൊണ്ടാണ് ഹസീന ദയാദാക്ഷിണ്യമില്ലാതെ സമരക്കാരെ നേരിട്ടത്. പ്രക്ഷോഭകർക്കെതിരെയുള്ള നടപടികളിൽ ഹസീന നേരിട്ട് തന്നെ നിർദ്ദേശം കൊടുത്തിരുന്നതായി തെളിവുകൾ പ്രത്യേക കോടതിയിൽ ഹാജരാക്കിയിരുന്നു. ഹസീനയുടെ ശബ്ദസന്ദേശങ്ങളായിരുന്നു ഇത്. കോടതി നടപടികളിൽ നിസ്സഹകരണം പുലർത്തിയ ഹസീനയ്ക്ക് വേണ്ടി സർക്കാർ തന്നെ പ്രത്യേക അഭിഭാഷകരെ നിയമിച്ചിരുന്നു. എന്നാലും കോടതി നടപടികളും, കണ്ടെത്തലുകളും നീതിയുക്തമല്ലെന്ന് തന്നെയാണ് പൊതുവേയുള്ള വിലയിരുത്തൽ.

ബംഗ്ലാദേശ് കോടതിയുടെ വധശിക്ഷ തൽക്കാലം പേപ്പറിൽ തന്നെ ഒതുങ്ങാനാണ് സാധ്യത. ഇൻഡ്യയിൽ അഭയം തേടിയിരുന്ന ഹസീനയെ ഇന്ത്യ ഒരിക്കലും ബംഗ്ലാദേശിന് വിട്ടുകൊടുക്കാനുള്ള സാധ്യത ഒട്ടുമില്ല. പ്രത്യേകിച്ച് ഭരണത്തിലിരുന്ന കാലത്ത് ഇന്ത്യയുമായുള്ള അവരുടെ ബന്ധം ഊഷ്മളമായിരുന്നു. ചൈന-പാകിസ്ഥാൻ അച്ചുതണ്ടിനെതിരെ ഇന്ത്യക്കൊപ്പം അടിയുറച്ച് നിന്ന ആളാണ് ഷേക്ക് ഹസീന. അന്ന് ഇന്ത്യയുമായി കുറ്റവാളികളെ അന്യോന്യം കൈമാറാനുള്ള ഒരു കരാർ ഹസീന ഉണ്ടാക്കിയിരുന്നു. ആ കരാറിന്റെ ബലത്തിലാണ് ഹസീനയെ ബംഗ്ലാദേശിലേക്ക് നാടുകടത്തണമെന്ന് അവിടത്തെ സർക്കാർ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. എന്നാൽ രാഷ്ട്രീയ പ്രേരിതമായ കേസുകളിൽ മറിച്ചൊരു തീരുമാനമെടുക്കാൻ കരാറിൽ വ്യവസ്ഥയുണ്ട്. ഷെയ്ക്ക് ഹസീനയ്‌ക്കെതിരെ തട്ടിക്കൂട്ടിയ നിയമനടപടികൾ രാഷ്ട്രീയ വിരോധം കൊണ്ടല്ലെന്ന് സമർത്ഥിക്കാൻ ബംഗ്ലാദേശിന് ഏറെ പാടുപെടേണ്ടി വരും.

ഇരുപത് കൊല്ലത്തോളം ബംഗ്ലാദേശിൽ അധികാരത്തിലിരുന്ന ആളാണ് ഷെയ്ക്ക് ഹസീന. ഇവരുടെ ഭരണകാലത്ത് വികസനകാര്യങ്ങളിൽ ബംഗ്ലാദേശ് ഏറെ കുതിപ്പ് നടത്തിയിട്ടുണ്ടെങ്കിലും, അവിടുത്തെ ജനാധിപത്യ സംവിധാനങ്ങളെ അതിന്റെ ശൈശവ ദശയിൽ നിന്ന് കൈപിടിച്ച് ഒട്ടും മുന്നോട്ടുനയിക്കാൻ ഹസീനയ്ക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ പരിണിത ഫലമാണ് ബംഗ്ലാദേശ് ഇന്നനുഭവിക്കുന്നത്. പാകിസ്ഥാനിൽ നിന്ന് പൊരുതി സ്വാതന്ത്ര്യം കിട്ടി അരനൂറ്റാണ്ട് പിന്നിട്ടിട്ടും ബംഗ്ലാദേശിന്റെ ജനാധിപത്യ സംവിധാനങ്ങൾ പാകിസ്ഥാനെപ്പോലെ തന്നെ പരിതാപകരമായ അവസ്ഥയിലാണ്. ജനാധിപത്യ സർക്കാരുകൾ തിരിച്ചും മറിച്ചും സൈനിക നേതൃത്വത്തെയും പ്രീണിപ്പിക്കാൻ ശ്രമിച്ചതുകൊണ്ട് നിയന്ത്രണങ്ങളുടെ ചരട് അവരുടെ കയ്യിലായി. 

ബംഗ്ലാദേശിനെ വിമോചന സമരത്തിലൂടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ദേശീയപിതാവ് ബംഗ്ലാബന്ധു ഷേക്ക് മുജീബുൾ റഹ്മാനെയും, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അരുംകൊല ചെയ്തുകൊണ്ടാണ് സൈന്യം നിർണ്ണായക  അധികാരശക്തിയാകുന്നത്. അവരെ പിന്താങ്ങിയ ഖാലിദാ സിയായുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയത് തന്നെ സൈന്യത്തിന്റെ പിൻബലത്തിലായിരുന്നു. ഹസീനയ്ക്ക് പോലും സൈന്യത്തെ ജനാധിപത്യ സംവിധാനങ്ങളുടെ കീഴിൽ കൊണ്ടുവരാനായില്ല. അവരും അധികാരത്തിന്റെ മത്തിൽ എതിരാളികളെ കർശനമായി നേരിട്ടു. ഖാലിദാ സിയാ ഉൾപ്പെടെ പലരെയും ജയിലിലടച്ചു. ഇപ്പോൾ ചരിത്രം ആവർത്തിച്ചിരിക്കുന്നു. ഇനി അടുത്ത ഒരു അട്ടിമറിക്കാലം വരെ ഹസീനയ്ക്ക് ബംഗ്ലാദേശിൽ കാലുകുത്താനാവില്ല. അന്ന് ഹസീനയുടെ രാഷ്ട്രീയ പ്രസക്തിക്ക് ഇന്നത്തെപ്പോലെ ബാല്യമുണ്ടാവില്ല. ഒരുപക്ഷേ അവരുടെ മക്കളായ അമേരിക്കയിലുള്ള സജീബ് അഹമ്മദ് വാസെദും, ഇൻഡ്യയിലുള്ള സൈമ വാസെദും ആയിരിക്കും പുതിയ പട നയിക്കുക.

പാകിസ്ഥാൻ സൈനിക മേധാവിക്ക് ആജീവനാന്ത സംരക്ഷണം

പാകിസ്ഥാനിലെ സൈനിക മേധാവി അസിം മുനീറിന് പുതിയ അധികാരങ്ങളും സംരക്ഷണവും വാരിക്കോരി നൽകിക്കൊണ്ട് ഒരു പുതിയ നിയമം പാകിസ്ഥാൻ ജനറൽ അസംബ്ലി പാസാക്കിയിരിക്കുന്നു. ഇപ്പോൾ കരസേന മേധാവി മാത്രമായ അസിം മുനീർ ഇനി മുതൽ മൂന്ന് സേനാവിഭാഗങ്ങളുടെയും തലവനായ ചീഫ് ഫീൽഡ് മാർഷൽ എന്നറിയപ്പെടും. പാകിസ്ഥാൻ ഭരണഘടനയുടെ 27-ാം ഭേദഗതി ബിൽ പാസ്സാക്കിക്കൊണ്ട് പാകിസ്ഥാൻ ജനറൽ അസംബ്ലിയാണ് ജനറൽ അസിം മുനീറിനെ പുതിയ പദവിയിലേക്കുയർത്തിയത്. പാകിസ്ഥാൻ പ്രസിഡന്റ് അസിഫ് അലിസർദാരി ഒപ്പുവച്ചതോടെ നിയമം നിലവിൽ വരികയും ചെയ്തു.

അസിം മുനീറിനെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ഉയർത്തുക മാത്രമല്ല പുതിയ ബില്ലിലെ വ്യവസ്ഥ. ഈ പദവിയിലിരുന്നുകൊണ്ട് അസിം മുനീർ എടുക്കുന്ന ഒരു തീരുമാനത്തിനും അദ്ദേഹത്തിന് ബാധ്യതയില്ല എന്ന നിബന്ധനയും നിയമത്തിലുണ്ട്. മരണം വരെ ഇതുമായി ബന്ധിപ്പിച്ച് അദ്ദേഹത്തിനെതിരെ നിയമനടപടികളോ അറസ്റ്റോ പുതിയ നിയമം അനുവദിക്കുന്നില്ല. ഒരു സൈനിക മേധാവിക്ക് പാകിസ്ഥാൻ ഇന്നുവരെ നൽകാത്ത പ്രത്യേക പരിഗണനയാണിത്. ഇത് അസിം മുനീറിനെ പാകിസ്ഥാന്റെ ഭരണത്തിൽ മറ്റാരെക്കാളും ഏറെ കരുത്തനാക്കുമെന്നതിൽ സംശയമില്ല. ജനറൽ പർവേസ് മുഷറഫിനും, ജനറൽ സിയാഉൾ ഹക്കിനും ഒന്നും ലഭിക്കാത്ത പ്രത്യേക പരിഗണനയാണ് പുതിയ നിയമത്തിലൂടെ പ്രധാനമന്ത്രി ഷെബാസ് ഷെരീഫ് അസം മുനീറിന് അനുവദിച്ചുനൽകിയിരിക്കുന്നത്. സൈന്യത്തിന്റെ ഒരു പാവസർക്കാരാണ് നിലവിലുള്ളത് എന്ന് വെളിവാക്കുന്നതാണ് പുതിയ ഭരണഘടനാഭേദഗതി.

നിയമനിർമ്മാണത്തിലെ മറ്റൊരു വിവാദ ഭേദഗതി പാകിസ്ഥാനിലെ ഉന്നത കോടതികൾക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള വകുപ്പുകളാണ്. ഇനി മുതൽ ഭരണഘടനാ സംവിധാന വിഷയങ്ങളെ സംബന്ധിച്ച വ്യവഹാരങ്ങൾക്ക് നിലവിലുള്ള പരമോന്നത നീതിപീഠമായ സുപ്രീംകോടതിക്ക് അധികാരമില്ല. അതിനുവേണ്ടി ഒരു പ്രത്യേക കൺസ്റ്റിസ്റ്റ്യൂണൽ കോടതി ഫെഡറൽ കോൺസ്റ്റിറ്റിയൂഷണൽ കോർട്ട്(എഫ്.സി.സി) എന്ന പേരിൽ സ്ഥാപിതമാകും. അതിന് പ്രത്യേക ചീഫ് ജസ്റ്റിസിനെയും മറ്റ് ജഡ്ജിമാരെയും സർക്കാർ തെരഞ്ഞെടുത്ത് പ്രസിഡന്റ് നിയമിക്കും. ഇതിനർത്ഥം സർക്കാരിന്റെയും സൈന്യത്തിന്റെയും ഇംഗിതമനുസരിച്ചുള്ള ജഡ്ജിമാർ നിയമനാധികാരിയായ എക്‌സിക്യുട്ടീവിന്റെ താൽപ്പര്യങ്ങളനുസരിച്ച് തുള്ളുന്ന പുതിയ ഭരണഘടനാ കോടതിയെന്ന് സാരം. പുതിയഭേദഗതികളിൽ പ്രതിഷേധിച്ച് രണ്ട് സുപ്രീംകോടതി ജഡ്ജിമാർ തൽസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ പാകിസ്ഥാൻ 27-ാമത് ഭരണഘടനാ ഭേദഗതി നിയമം സൈന്യത്തിന് അമിതാധികാരം അനുവദിച്ച് കൊടുക്കുകയും അതേസമയം നീതിന്യായപീഠങ്ങൾക്കുള്ള ഇടപെടൽ ശക്തി നാമമാത്രമായി വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുള്ളതായിട്ടാണ് വെളിവാകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img