04:32pm 27 June 2026
NEWS
കേരളത്തിലെ ഇടതുപക്ഷത്തെ വിരൽചൂണ്ടാൻ ഡിഎംകെയ്ക്ക് എന്ത് യോഗ്യത? കനലിൽ വെന്ത പ്രസ്ഥാനത്തെ കരിതേക്കാൻ നോക്കേണ്ട
27/06/2026  02:11 PM IST
ന്യൂസ് ബ്യൂറോ
കേരളത്തിലെ ഇടതുപക്ഷത്തെ വിരൽചൂണ്ടാൻ ഡിഎംകെയ്ക്ക് എന്ത് യോഗ്യത? കനലിൽ വെന്ത പ്രസ്ഥാനത്തെ കരിതേക്കാൻ നോക്കേണ്ട

ചെന്നൈ:അയൽവീട്ടിലെ അടുപ്പിൽ നിന്ന് പുകയുയരുമ്പോൾ സ്വന്തം വീട് കത്തിയമരുന്നത് കാണാതെ പോകുന്ന കടുത്ത അന്ധത ബാധിച്ചിരിക്കുകയാണ്  ഡിഎംകെയ്ക്ക്. കേരളത്തിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് തിരിച്ചടികളെക്കുറിച്ച് ഡിഎംകെയുടെ മുഖപത്രമായ 'മുരശൊലി' നടത്തിയ കണ്ടെത്തലുകൾ തികച്ചും ഹാസ്യാസ്പദവും രാഷ്ട്രീയ പാപ്പരത്തം വിളിച്ചോതുന്നതുമാണ്. തമിഴ്‌നാട്ടിലെ യുവാക്കളുടെ രോഷമാണ് കേരളത്തിൽ ഇടതുപക്ഷത്തിന് തിരിച്ചടിയായതെന്ന ഇവരുടെ വാദം കേട്ടാൽ തോന്നും തമിഴകം ഇന്ന് അഴിമതിരഹിതവും സുതാര്യവുമായ ഒരു മാവേലിനാടാണെന്ന്! കണ്ണാടി നോക്കി സ്വന്തം മുഖത്തെ കറകൾ കാണാതെ മറ്റുള്ളവരുടെ മേൽ ചെളിവാരിയെറിയാൻ നോക്കുന്ന ഡിഎംകെ നേതൃത്വം ഒന്നു മനസ്സിലാക്കണം—കേരളത്തിലെ ഇടതുപക്ഷത്തെ വിരൽചൂണ്ടാൻ മാത്രം രാഷ്ട്രീയ ശുദ്ധിയോ ധാർമ്മികതയോ നിങ്ങൾക്ക് ഇന്നേവരെ ഉണ്ടായിട്ടില്ല.
​അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കുടുംബവാഴ്ചയുടെയും കാര്യത്തിൽ ഇന്ത്യയിൽ തന്നെ റെക്കോർഡിട്ട ഒരു പ്രസ്ഥാനം ഉണ്ടെങ്കിൽ അത് ഡിഎംകെ മാത്രമായിരിക്കും. കോടികളുടെ ശാസ്ത്രീയ അഴിമതികൾ നടത്തി രാജ്യത്തിന് മുന്നിൽ നാണംകെട്ട ചരിത്രമുള്ളവരാണ് ഇന്ന് ജനപക്ഷത്തുനിന്ന് പോരാടുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ക്ലാസെടുക്കാൻ വരുന്നത്. നിലവിൽ തമിഴ്‌നാട് നിയമസഭയ്ക്കകത്തും പുറത്തും ഡിഎംകെ യുടെ അഴിമതിക്കഥകൾ ഓരോന്നായി വിചാരണ ചെയ്യപ്പെടുകയാണ്. തമിഴക രാഷ്ട്രീയത്തിൽ പുതിയ തരംഗം സൃഷ്ടിച്ചുകൊണ്ട് കടന്നുവന്ന തമിഴക വെട്രി കഴകവും (ടിവികെ) അതിന്റെ നേതാവ് വിജയും ഡിഎംകെയുടെ പൊള്ളത്തരങ്ങൾ ജനങ്ങൾക്ക് മുന്നിൽ അക്കമിട്ട് നിരത്തുമ്പോൾ, അതിന് മറുപടി പറയാൻ കഴിയാതെ വിയർക്കുകയാണ് 
​ഡിഎംകെ സർക്കാർ നേരിടുന്ന ഏറ്റവും വലിയ അഴിമതി ആരോപണങ്ങളിലൊന്ന് 'ടാസ്മാർക്' (Tasmac) കൊള്ളയാണ്. തമിഴ്‌നാട്ടിലെ സർക്കാർ മദ്യവില്പനശാല ശൃംഖലയായ ടാസ്മാർകിൽ നിന്ന് വൻതോതിൽ പണം തട്ടിയെടുത്ത് ഭരണകക്ഷിയുടെ പാർട്ടി ഫണ്ടിലേക്കും നേതാക്കളുടെ കീശയിലേക്കും മാറ്റുന്നു എന്ന ഗുരുതരമായ ആരോപണമാണ് വിജയ് ഉയർത്തിയിരിക്കുന്നത്. തമിഴ് ജനതയെ, പ്രത്യേകിച്ച് യുവാക്കളെയും സാധാരണക്കാരെയും കുടിപ്പിച്ചു മുടിക്കുന്ന പണം കൊണ്ട് പാർട്ടി വളർത്തുന്നവരാണ് ഡിഎംകെക്കാർ. ഈ 'ബാർ കോഴ'യും കമ്മീഷൻ രാജും വഴി തമിഴ്‌നാടിന്റെ സമ്പദ്‌വ്യവസ്ഥയെത്തന്നെ ഇവർ തകിടം മറിച്ചു. ജനങ്ങളുടെ കണ്ണീരിൽ പടുത്തുയർത്തിയ ഈ കള്ളപ്പണ സാമ്രാജ്യത്തിലിരുന്നുകൊണ്ടാണ് ഇവർ കേരളത്തിലെ ജനകീയ ബദലുകളെ വിമർശിക്കുന്നത്.
​നിയമസഭയിൽ കുതിരക്കച്ചവടവും എംഎൽഎമാരെ സ്വാധീനിക്കാൻ പണം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന 'സോഫാ' വിവാദത്തെ വിജയ് നേരിട്ട രീതി ഡിഎംകെയുടെ രാഷ്ട്രീയ ജീർണ്ണതയ്ക്ക് കിട്ടിയ കടുത്ത പ്രഹരമായിരുന്നു. "ഈ സോഫാ, സോഫാ എന്ന് എപ്പോഴും പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ തന്നെ കുറെ സമയമെടുത്തു. നിങ്ങൾക്ക് തമിഴ്‌നാട്ടിൽ പലതരം ബിസിനസുകൾ ഉണ്ടല്ലോ, അതുപോലെ ഈ സോഫായും ഫർണിച്ചറും ഒക്കെ ഒരു ബിസിനസ് ആയി അങ്ങ് തുടങ്ങിയാൽ പോരെ" എന്ന വിജയുടെ പരിഹാസം വെറുമൊരു കൗണ്ടർ ആയിരുന്നില്ല. മറിച്ച്, അധികാരം നിലനിർത്താൻ കോടികൾ ഒഴുക്കി ജനപ്രതിനിധികളെ വിലയ്ക്കെടുക്കുന്ന ഡിഎംകെയുടെ കോർപ്പറേറ്റ് രാഷ്ട്രീയ ശൈലിക്കേറ്റ കനത്ത പ്രഹരമായിരുന്നു. മണൽ മാഫിയ, ഫർണിച്ചർ ബിസിനസ്, സിനിമാ നിർമ്മാണം തുടങ്ങി തമിഴ്‌നാട്ടിലെ ലാഭകരമായ എല്ലാ മേഖലകളും ഒരു കുടുംബത്തിന്റെ കൈപ്പിടിയിലൊതുക്കി നടത്തുന്ന ഈ 'ബിസിനസ് പാർട്ടി'ക്ക് എങ്ങനെയാണ് കറപുരളാത്ത കമ്യൂണിസ്റ്റ് ആശയങ്ങളെ ഉൾക്കൊള്ളാൻ കഴിയുക?
​കുടുംബവാഴ്ചയുടെ അത്യുന്നത പീഠത്തിലാണ് ഡിഎംകെ നിലകൊള്ളുന്നത്. കരുണാനിധിയിൽ നിന്ന് സ്റ്റാലിനിലേക്കും അവിടെനിന്ന് ഉദയനിധിയിലേക്കും നീളുന്ന ആ വംശാവലിക്ക് പുറത്തുള്ള ഒരു സാധാരണക്കാരന് ആ പാർട്ടിയിൽ എന്ത് സ്ഥാനമാണുള്ളത്? ഒരു വശത്ത് തമിഴ് വികാരവും ദ്രാവിഡ മോഡലും പ്രസംഗിക്കുകയും മറുഭാഗത്ത് കോർപ്പറേറ്റുകളെപ്പോലെ  പ്രവർത്തിക്കുകയും  ചെയ്യുന്ന ഇരട്ടത്താപ്പാണ് ഇവരുടേത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനേക്കാൾ സ്വന്തം കുടുംബത്തിന്റെ സാമ്രാജ്യം സംരക്ഷിക്കുന്നതിലാണ് ഡിഎംകെ നേതൃത്വത്തിന് താല്പര്യം.
​ഇതിന് നേർവിപരീതമാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ ചരിത്രം. വിയർപ്പും ചോരയും ചിന്തി, ജനകീയ പോരാട്ടങ്ങളിലൂടെ പടുത്തുയർത്തിയ പ്രസ്ഥാനമാണത്. തിരഞ്ഞെടുപ്പ് തിരിച്ചടികൾ ജനാധിപത്യത്തിൽ സ്വാഭാവികമാണ്. അതിനെ കൃത്യമായി വിലയിരുത്താനും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് തിരുത്താനുമുള്ള ആർജ്ജവം ഇടതുപക്ഷത്തിനുണ്ട്. കാരണം, അതിന്റെ വേരുകൾ കിടക്കുന്നത് കോടീശ്വരന്മാരുടെ ഫണ്ടുകളിലല്ല, മറിച്ച് സാധാരണക്കാരായ തൊഴിലാളികളുടെ നെഞ്ചകങ്ങളിലാണ്.
​അതുകൊണ്ട്, മറ്റുള്ളവരെ പരിഹസിക്കാൻ പേനയുന്തി ഇറങ്ങുന്നതിന് മുൻപ് മുരശൊലിയും ഡിഎംകെ നേതൃത്വവും സ്വന്തം പാളയത്തിലെ അഴിമതിക്കറകൾ കഴുകിക്കളയാൻ തയ്യാറാകണം. സ്വന്തം വീട്ടിലെ തീയണയ്ക്കാൻ കെൽപ്പില്ലാത്തവർ അയൽക്കാരന്റെ അടുപ്പിലെ പുകയെക്കുറിച്ച് വ്യാകുലപ്പെടുന്നത് വെറും പരിഹാസ്യമാണ്. ജനവികാരം തങ്ങൾക്ക് അനുകൂലമല്ലെന്ന് മനസ്സിലാക്കി, ജനപക്ഷ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാൻ ഡിഎംകെ ശ്രമിക്കുന്നതാകും തമിഴ്‌നാടിന്റെ ഭാവിക്ക് നല്ലത്. കേരളത്തിലെ ഇടതുപക്ഷത്തെ വിരൽചൂണ്ടാൻ മാത്രം ഡിഎംകെ വളർന്നിട്ടില്ല, അതിനുള്ള രാഷ്ട്രീയ യോഗ്യത ഒട്ടുമില്ല താനും!

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img