08:57am 26 September 2026
NEWS
മാറേണ്ടത് കൊളോണിയല്‍ ദാസ്യമനസ്സ് ആര്‍. സഞ്ജയന്‍
10/12/2025  07:46 PM IST
നാസർ
മാറേണ്ടത് കൊളോണിയല്‍ ദാസ്യമനസ്സ് ആര്‍. സഞ്ജയന്‍

കോഴിക്കോട്: ഭാരതത്തിലെ ദേശീയ സമവായമില്ലാത്ത അവസ്ഥയ്ക്ക് കാരണം ഇവിടെയുള്ള ജനമനസ്സുകളില്‍ നിന്ന് വിട്ടുമാറിയിട്ടില്ലാത്ത  കൊളോണിയല്‍ ദാസ്യ മനോഭാവമാണെന്നും ഇത് മാറേണ്ടതുണ്ടെന്നും ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. ജനുവരിയില്‍ കോഴിക്കോട്ട് നടക്കുന്ന ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലീഷുകാര്‍ കേവലം 190 വര്‍ഷം കൊണ്ട് നമ്മുടെ ആളുകളില്‍ ഉണ്ടാക്കിയെടുത്ത കൊളോണിയല്‍ ദാസ്യം കാരണം ഭാരതത്തിന്റെ അടിസ്ഥാന വിഷയങ്ങള്‍ തന്നെ അട്ടിമറിക്കപ്പെട്ടു. രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് സാംസ്‌കാരികവും സാമൂഹ്യവുമായ അടിത്തറ ആവശ്യമാണ്.  ഭൗതികമായ പുരോഗതി മാത്രമല്ല, സാംസ്‌കാരിക ചൈതന്യത്തെ തിരിച്ചറിഞ്ഞ് പുഷ്ടിപ്പെടുത്തുക കൂടി വേണം.   കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഭാരതത്തില്‍ ചരിത്രത്തെ തമസ്‌കരിച്ചതിന് ബദലായി സമാന്തര ആഖ്യാനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ടെന്നത് ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.ഓഫീസ് ഉദ്ഘാടനം പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. കെ.പി. പ്രഭാകരന്‍ നായര്‍ നിര്‍വ്വഹിച്ചു. ഹരിത വിപ്ലവം ഭാരതത്തിലെ മൂന്നില്‍ ഒരു ഭാഗം മണ്ണിനെ നശിപ്പിച്ചെന്നും ദക്ഷിണേഷ്യയില്‍ ഏറ്റവുമധികം മണ്ണ്‌നാശം സംഭവിച്ചത് ഭാരതത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ മോഹന്‍ എ. മേനോന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ പദ്മജന്‍ ടി.കെ., വിചാരകേന്ദ്രം സംസ്ഥാന ഉപാധ്യക്ഷന്‍ പ്രൊഫ. കെ.പി. സോമരാജന്‍,സംസ്ഥാന സമിതി അംഗം രാമന്‍ കീഴനതുടങ്ങിയവര്‍ സംസാരിച്ചു. ചാലപ്പുറം കേസരി ബില്‍ഡിങിലുള്ള ഡോ. കെ. മാധവന്‍കുട്ടി പഠന ഗവേഷണ കേന്ദ്രത്തിലാണ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img