01:48am 17 September 2026
NEWS
പാലോട് രവി ചെയ്ത തെറ്റ് എന്താണ്?
28/07/2025  09:18 PM IST
വവാളങ്കോട് രാജഗോപാൽ
പാലോട് രവി ചെയ്ത തെറ്റ് എന്താണ്?
HIGHLIGHTS

ഡിസിസി ഓഫീസിലും,മന്ത്രി മന്ദിരത്തിലും ഇല്ലാത്ത തിരക്ക് അന്ന് രവിമാരുടെ തമ്പാനൂരിലെ വീട്ടിൽ രാപകൽ  ഉണ്ടായിരുന്നു.

1973ന് ശേഷം തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസിനെ വേരോട്ടമുള്ള പ്രസ്ഥാനമാക്കി മാറ്റുന്നതിൽ,പ്രധാന പങ്കു വഹിച്ചിട്ടുള്ള കുറച്ചുപേരിൽ പാലോട് രവിയുടെയും തമ്പാനൂർ രവിയുടെയും  പേരുകൾ ആർക്കും വിസ്മരിക്കാൻ കഴിയുന്നതല്ല. തമ്പാനൂരിലെ ഒരു ഓലമേഞ്ഞ വീട്ടിലിരുന്നു കൊണ്ട്, തിരുവനന്തപുരം ജില്ലയിലെ സാധാരണ പ്രവർത്തകരുടെ പരാതികൾക്കും ആവശ്യങ്ങൾക്കും പരിഹാരം കണ്ടെത്തിയിരുന്ന അന്നത്തെ രണ്ടു ചൂറു ചുറുക്കുള്ള ചെറുപ്പ ക്കാരാ യിരുന്നു തമ്പാനൂർ, പാലോട് രവിമാർ. ബോബനും മോളിയും എന്നാണ് ഇവരെ അന്ന് പലരും വിളിച്ചിരുന്നത്. ഡിസിസി ഓഫീസിലും,മന്ത്രി മന്ദിരത്തിലും ഇല്ലാത്ത തിരക്ക് അന്ന് രവിമാരുടെ തമ്പാനൂരിലെ വീട്ടിൽ രാപകൽ  ഉണ്ടായിരുന്നു.

കാലം കടന്നു പോയപ്പോൾ തമ്പാനൂർ രവിയും പാലോട് രവിയും ജില്ലയിലെ കോൺഗ്രസിന്റെ പ്രധാന ചുക്കാൻ പിടിക്കുന്ന നേതാക്കളായി മാറി. മാത്രമല്ല രണ്ടുപേരും പലതവണ എംഎൽഎമാരുമായി. മന്ത്രിമാരാകേണ്ടവരായിരുന്നു ഇരുവരും. എന്നാൽ എല്ലാവർക്കും മന്ത്രിമാരാകാനുള്ള  തലവിധി ഉണ്ടാകണമെന്നില്ലല്ലോ. സാധാരണ പ്രവർത്തകന്റെ വികാരവും വിചാരവും അറിയുന്ന, വ്യക്തിത്വം സംസ്കാരവും പാരമ്പര്യവും ഉള്ള,പാർട്ടിയോടുകൂറും വിശ്വസ്തതയും ഉള്ള നേതാക്കൾ ആയിരുന്നത് കൊണ്ടാണ് തമ്പാനൂർരവിയും പാലോട് രവിയും ഇന്നും പ്രവർത്തക മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നത്. തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് എന്ന നിലയിൽ ജില്ലയിലെ കോൺഗ്രസ് പ്രവർത്തനത്തിൽരവി വരുത്തിയ മാറ്റങ്ങൾ പലതാണ്. എന്നാൽ ഗ്രൂപ്പിസവുംകാലുവാരലും അധികാരമോഹവും  തലയ്ക്കു പിടിച്ചവർ, കുറെ നാളായി പാലോട് രവി യുടെ രക്തത്തിന് വേണ്ടി ദാഹിക്കുക യായിരുന്നു എന്ന് തോന്നുന്നു. അതിന്റെ ഭാഗമായാണ് വിവാദ ഫോൺ സംഭാഷണം പുറത്തുവന്നത്. 

സ്വന്തം പ്രദേശത്തിലെ മണ്ഡലം പ്രസിഡന്റിനെ കുറിച്ചും, ഗ്രൂപ്പുകളികളെ കുറിച്ചും പറഞ്ഞ ജലീലിനോട്  'നീയൊക്കെ ഗ്രൂപ്പ് കളിച്ച് ഈ പാർട്ടിയെ അധോഗതിയിലാക്കും എന്നും, വീണ്ടും എൽഡിഎഫ് വരും എന്നും പറഞ്ഞതിൽ എന്താണ് തെറ്റ്? ബ്ലോക്ക് സെക്രട്ടറിയോട് ഫോണിൽ സംസാരിക്കുമ്പോഴാണ് രവി ഇത് പറഞ്ഞത്. അല്ലാതെ പരസ്യമായി അല്ല. രവിയുടെ സംഭാഷണം പുറത്തുവിട്ട നടപടി മാന്യത ഇല്ലാത്തതായിരുന്നു ഇങ്ങനെ യാണെങ്കിൽ ആർക്കും ആരോടും ഒന്നും പറയാൻ വയ്യാത്ത സ്ഥിതിയാണ് കോൺഗ്രസിൽ എന്ന് തോന്നുന്നു. പാലോട് പറഞ്ഞ ചിലകാര്യങ്ങൾ ശ്രദ്ധേയമാണ് ''ബ്ലോക്ക് ഭാരവാഹിയായി 100 പേർ, പാർട്ടിക്കുവേണ്ടി ഇറങ്ങി നടക്കാൻ ആളില്ല, വീരവാദം മുഴക്കി നടന്നിട്ട് കാര്യമില്ല, സ്വന്തം വാർഡിൽ ഇനിയും കീരിയും പാമ്പുമായി നിന്നാൽ പാർട്ടി എങ്ങനെ രക്ഷപ്പെടും,ഒരുത്തനും ആത്മാർത്ഥതഇല്ല,പരസ്പരസ്നേഹമില്ല, ഒരോ നേതാവിന്റെയും പേര് പറഞ്ഞ് നടക്കും താഴെത്തട്ടിൽ ഒരു ബന്ധവുമില്ല, ഒരാൾക്ക് 40 സ്ഥാനം വരെ ഉണ്ട്, വ്യക്തിപരമായ എതിർപ്പ് മഹാ പ്രസ്ഥാനത്തെ കുഴിച്ച് മൂടും.'' 

ഈ പറഞ്ഞതിൽ എന്താണ് തെറ്റ്? പ്രസ്ഥാനം നന്നാവാൻ വേണ്ടിയല്ലേ പറഞ്ഞത്? രവി തന്നെ പറഞ്ഞതുപോലെ പുത്തരിക്കണ്ടം  മൈതാനിയിൽ നിന്നല്ലല്ലോ പറഞ്ഞത്. ഇതിനെയാണ് ഒരു മഹാ സംഭവം ആക്കി മാറ്റി സ്ഥാനം തെറിപ്പിച്ചത്. ഓർമ്മവച്ച നാൾ മുതൽ  കോൺഗ്രസിനു വേണ്ടി അഹോരാത്രം പണിയെടുത്ത പാലോട് രവിയെ 76ആം വയസ്സിൽ ഇങ്ങനെ അപമാനിച്ച് ഇറക്കി വിട്ടത് ശരിയായിരുന്നോ? വരുന്ന ആഴ്ചകളിൽ ഡിസിസി പ്രസിഡണ്ട് മാർ മാറുന്ന ഒരു സ്ഥിതി നിലനിൽക്കെ, അപ്പോൾ പോരായിരുന്നോ ഈ മാറ്റം അതിനുമുമ്പ് ഇങ്ങനെ ക്രൂരമായിചെയ്തതിന് പിന്നിൽ ഒരു ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് വ്യക്തമാണ്. കഷ്ടമാണ് കോൺഗ്രസേ ഈ സ്ഥിതി.
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img