
കേന്ദ്ര സർക്കാരിന് ജസ്റ്റിസ് അതുൽ ശ്രീധറിനോട് വിരോധം തോന്നാനിടയായ ഒരു കാര്യം അദ്ദേഹത്തിന്റെ 2025 മെയ് 13 ലെ ഉത്തരവാണ്.
മധ്യപ്രദേശ് ഹൈക്കോടതിയിലെ മലയാളി ജഡ്ജി അതുൽ ശ്രീധറിനെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള വിജ്ഞാപനം ഇറങ്ങിയത് ഈ ഒക്‌ടോബർ 20 നാണ്. ഛത്തീസ്ഗഢ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനായിരുന്നു സുപ്രീംകോടതി കൊളീജിയം ആദ്യം ശുപാർശ നൽകിയിരുന്നത്. ഇത് പുനഃപരിശോധിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യവും ശക്തമായ സമ്മർദ്ദവും പരിഗണിച്ചാണ് കൊളീജിയം അദ്ദേഹത്തെ അലഹബാദിന് മാറ്റിയത്.
മധ്യപ്രദേശ് ഹൈക്കോടതിയിൽ സീനിയോറിറ്റിയിൽ രണ്ടാമനായിരുന്ന ജസ്റ്റിസ് അതുൽശ്രീധർ അവിടെ കൊളീജിയത്തിന്റെ ഭാഗമായിരുന്നു. ഛത്തിസ്ഗഢ് ഹൈക്കോടതിയിലായിരുന്നെങ്കിൽ സീനിയോറിറ്റിയിൽ മൂന്നാമനാകുമായിരുന്നു. അലഹബാദിലേക്ക് മാറിയതോടെ അവിടെ ഇദ്ദേഹം സീനിയോറിറ്റിയിൽ ഏഴാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ജസ്റ്റീസ് അതുൽ ശ്രീധർ ഭാവിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റീസോ സുപ്രീകോടതി ജഡ്ജിയോ ആകുന്നത് തടയുക എന്ന ഉദ്ദേശത്തോടെയാണ് കേന്ദ്ര സർക്കാർ ഈ ജഡ്ജിയുടെ മാത്രം കാര്യത്തിൽ അമിതതാൽപ്പര്യം പ്രകടിപ്പിച്ചത്.
ഉന്നതമായ നീതിബോധവും നിഷ്പക്ഷതയും ധീരതയും പുലർത്തുന്ന ജഡ്ജിയെന്ന നിലയിൽ സേവനം അനുഷ്ഠിച്ച ഇടങ്ങളിലെല്ലാം സർവ്വാദരണീയനായരുന്നു ഈ ജസ്റ്റിസ്. എന്നിട്ടും എന്തുകൊണ്ടാണ് കേന്ദ്ര ബി.ജെ.പി സർക്കാരിന് ഇദ്ദേഹത്തെ തരംതാഴ്ത്തണമെന്ന് നിർബന്ധം ഉണ്ടായത്?
2016 ഏപ്രിൽ 7 നാണ് മധ്യപ്രദേശ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി അതുൽ ശ്രീധരൻ എന്ന പ്രഗത്ഭ അഭിഭാഷകൻ നിയമിതനാകുന്നത്. 2018 മാർച്ച് 17 ന് സ്ഥരം ജഡ്ജിയായി സ്ഥിരപ്പെടുത്തി. മകൾ മധ്യപ്രദേശ് ഹൈക്കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നതിനാൽ, ജസ്റ്റീസ് ശ്രീധറിന്റെ അഭ്യർത്ഥന പ്രകാരം 2023 ഏപ്രിലിൽ ജമ്മുകാശ്മീർ, ലഡാക്ക് ഹൈക്കോടതി ജഡ്ജിയായി സ്ഥലം മാറ്റി. 2025 മാർച്ചിൽ ഈ അമ്പത്തിയൊൻപതുകാരനെ മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു.
1992 ൽ ഡൽഹിയിലാണിദ്ദേഹത്തിന്റെ അഭിഭാഷക ജീവിതം ആരംഭിക്കുന്നത്. ഗോപാൽ സുബ്രഹ്മണ്യത്തിന്റെ ചേംബർ അംഗമായാണ് തുടക്കം. 1997-2000 കാലത്ത് ഡൽഹിയിൽ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു. 2002 നും 2012 നും ഇടയിൽ മധ്യപ്രദേശ് ബോർഡിന്റെ പാനലിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
അതുൽ ശ്രീധറിനെപ്പോലെ നീതിമാനായ ഒരു ജഡ്ജിയോട് അനീതി ചെയ്യുന്നതിൽ ഞങ്ങൾക്ക് പങ്കില്ല എന്നു പൊതുസമൂഹത്തെ അറിയിക്കുന്നതിനുവേണ്ടിയാകണം കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത് പ്രകാരമാണ് തങ്ങളുടെ ആദ്യശുപാർശ പുനഃപരിശോധിച്ചതെന്ന പ്രസ്താവനയുമായി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ അധ്യക്ഷതയിലുള്ള സുപ്രീംകോടതി കൊളീജിയം രംഗത്തുവന്നത്. സുപ്രീംകോടതി കൊളീജിയത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ജഡ്ജിമാരുടെ സ്ഥലം മാറ്റത്തിൽ കേന്ദ്ര സർക്കാർ ഇടപെടലുണ്ടായി പരസ്യപ്രസ്താവന നടത്തുന്നത്.
കേന്ദ്ര സർക്കാരിന് ജസ്റ്റീസ് അതുൽ ശ്രീധറിനോട് വിരോധം തോന്നാനിടയായ ഒരു കാര്യം അദ്ദേഹത്തിന്റെ 2025 മെയ് 13 ലെ ഉത്തരവാണ്. ഇൻഡോറിലെ മോവിലെ റായ്കുണ്ട് ഗ്രാമത്തിൽ മെയ് 11 ന് നടന്ന ഒരു പരിപാടിയിൽ മധ്യപ്രദേശിലെ ഗോത്രകാര്യമന്ത്രി വിജയ്ഷാ കരസേന ഉദ്യോഗസ്ഥ കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ മന്ത്രിക്കെതിരെ പ്രഥമ വിവരറിപ്പോർട്ട് രജിസ്റ്റർ ചെയ്ത് നാല് മണിക്കൂറിനുള്ളിൽ നിയമനടപടികൾ ആരംഭിക്കാൻ മധ്യപ്രദേശ് ഡി.ജി.പിക്ക് ജസ്റ്റിസ് അതുൽ ശ്രീധർ, ജസ്റ്റിസ് അനുരാധ ശുക്ല എന്നിവരടങ്ങിയ ജബൽപൂർ ഹൈക്കോടതി ബഞ്ച് ഉത്തരവിട്ടു. കോടതി സ്വമേധയാ എടുത്ത കേസിലായിരുന്നു ഉത്തരവ്. നടപടിക്ക് കാലതാമസം നേരിട്ടാൽ കോടതിയലക്ഷ്യം ചുമത്തുമെന്ന് ഡി.ജി.പിക്ക് മുന്നറിയിപ്പും നൽകി.
ഇന്ത്യൻ സൈന്യത്തിൽ മികച്ച റിക്കാർഡുകളുണ്ട് കേണൽ ഖുറേഷിക്ക്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വാർത്താസമ്മേളനം നടത്തിയത് കേണൽ ഖുറേഷിയും വ്യോമസേനാവിംഗ് കമാൻഡർ വ്യോമിക സിംഗും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രയും ചേർന്നാണ്. ഇത് രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മന്ത്രി വിജയഷാ നടത്തിയ വിവാദപ്രസംഗം കേണൽ സോഫിയ ഖുറേഷിയെ പരോക്ഷമായി എന്നാൽ വ്യക്തമായി സൂചിപ്പിക്കുന്നതായിരുന്നു.
'ഭീകരവാദികളുടെ സമുദായത്തിൽ നിന്നുള്ള ഒരു സഹോദരിയെ ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ അയച്ചത് അവരുടെ അഹങ്കാരം നശിപ്പിക്കാനും അവരെ ഒരു പാഠം പഠിപ്പിക്കാനും വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടതായി ബി.ജെ.പി മന്ത്രി പറഞ്ഞു.' നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചുകളഞ്ഞവരോട് അവരുടെ സഹോദരിയെ അയച്ച് നമ്മൾ പ്രതികാരം ചെയ്തു. ഭീകരവാദികൾ നമ്മുടെ ഹൈന്ദവ സഹോദരങ്ങളെ കൊലപ്പെടുത്തി. അവരുടെ സഹോദരിയെ ആർമി വിമാനത്തിൽ അയച്ചുകൊണ്ട് പ്രധാനമന്ത്രി മോദിജി പ്രതികരിച്ചു. ഇതായിരുന്നു മന്ത്രിയുടെ വിവാദപരാമർശങ്ങൾ. മന്ത്രിയുടെ പ്രസംഗ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയും സൈന്യത്തിനിടയിലും ജനങ്ങൾക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തിരുന്നു.
കേസ്സെടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മന്ത്രി വിജയ്ഷാ മാപ്പ് അപേക്ഷ സഹിതമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഷായുടെ മാപ്പപേക്ഷ തള്ളിയ സുപ്രീംകോടതി രാജ്യത്തിന് മൊത്തം നാണക്കേടാണ് പ്രസ്താവനയെന്നു പറഞ്ഞു. ഭരണഘടനാപദവി വിവക്ഷിക്കുന്ന വ്യക്തിക്ക് ഓരോ വാക്കിനും ഉത്തരവാദിത്തം വേണമെന്നും സുപ്രീംകോടതി ഓർമ്മിപ്പിച്ചു. ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ചു, രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും ലംഘിക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
വിഷയത്തിൽ ജസ്റ്റിസ് അതുൽ ശ്രീധറിന്റെ ഇടപെടലും സ്വമേധയാ കേസ് എടുത്തതും പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തരമന്ത്രിയേയും പ്രകോപിപ്പിച്ചതിന്റെ പ്രതികാരനടപടിയാണ് അദ്ദേഹത്തിന് തരംതാഴ്ത്തലിന് തുല്യമായ സ്ഥലം മാറ്റം ലഭിക്കാനിടയാക്കിയതെന്നാണ് നിയമവൃത്തങ്ങളുടെ മുഴുവൻ വിലയിരുത്തൽ.
തന്റെ മകൾ അഭിഭാഷകയായി താൻ ജഡ്ജിയായിരിക്കുന്ന കോടതിയിൽ പ്രാക്ടീസ് ആരംഭിച്ച വേളയിൽ നിഷ്പക്ഷത ഉറപ്പാക്കാനും താൽപ്പര്യസംഘട്ടനങ്ങൾ ഒഴിവാക്കാനുമായി സ്ഥലം മാറ്റം ചോദിച്ചുവാങ്ങി മാതൃകയായ ആളാണ് ജസ്റ്റിസ് അതുൽ ശ്രീധർ. ജമ്മുകാശ്മീർ ഹൈക്കോടിതിയിൽ ആയിരിക്കെ കരുതൽ തടങ്കൽ കേസുകളിൽ കൃത്യമായ ജുഡീഷ്യൽ പരിശോധനകൾ നടത്തി മാനുഷിക നിലപാടുകൾ കൈക്കൊണ്ടതും പൊതുസുരക്ഷാ നിയമപ്രകാരം പോലീസ് ചുമത്തിയ നിരവധി അനാവശ്യ കേസുകൾ റദ്ദാക്കുകയും ചെയ്തതും ഈ ജഡ്ജിയോട് ബി.ജെ.പി വിരോധത്തിനിടയാക്കിയിരുന്നു.
എന്തായാലും ജസ്റ്റിസ് അതുൽ ശ്രീധറിന്റെ സ്ഥലം മാറ്റത്തിലുണ്ടായ അനീതി രാജ്യത്തെ മുഴുവൻ ന്യായാധിപർക്കും ഒരു തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന ആശങ്ക നിയമവൃത്തങ്ങളിലുണ്ട്. കേന്ദ്രത്തിന്റെ ആജ്ഞകൾ ശിരസ്സാവഹിക്കുക, കേന്ദ്രഭരണക്കാർക്ക് ഹിതകരമായ വിധികൾ മമാത്രം പുറപ്പെടുവിക്കുക ഇല്ലെങ്കിൽ അവർ അതിന്റെ ഫലം അനുഭവിക്കേണ്ടി വരും എന്ന മുന്നറിയിപ്പാണ് ഈ സംഭവം.
2020 ലെ ഡൽഹി കലാപത്തിന് ആക്കം കൂട്ടിയ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബി.ജെ.പി നേതാക്കളായ അനുരാധ ഠാക്കൂർ, കപിൽ മിശ്ര, പർവേഷ് ശർമ്മ എന്നിവർക്കെതിരെ കേസ് എടുക്കാത്ത ഡൽഹി പോലീസിനെ വിമർശിച്ചതിന്റെ പേരിൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റീസ് മുരളീധറിനും നേരിടേണ്ടിവന്നത് സമാന അനുഭവമായിരുന്നു.











