04:16am 12 November 2026
NEWS
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ തേടി സിപിഎം; ലോക്കൽ കമ്മിറ്റികളോട് 34 ചോദ്യങ്ങൾ
22/05/2026  06:39 AM IST
nila
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ തേടി സിപിഎം; ലോക്കൽ കമ്മിറ്റികളോട് 34 ചോദ്യങ്ങൾ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പരാജയത്തിന്റെ കാരണങ്ങൾ വിശദമായി വിലയിരുത്താൻ സിപിഎം. ഇതിനായി 34 ചോദ്യങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക ചോദ്യാവലി സംസ്ഥാനത്തെ ലോക്കൽ കമ്മിറ്റികൾക്ക് കൈമാറി. ഓരോ ലോക്കൽ കമ്മിറ്റിയും റിപ്പോർട്ട് തയ്യാറാക്കി ചർച്ച ചെയ്തശേഷം അതത് ഏരിയാ കമ്മിറ്റികൾക്ക് സമർപ്പിക്കണമെന്നാണ് നിർദേശം.

അണികളുടെയും പ്രവർത്തകരുടെയും അഭിപ്രായങ്ങൾ ശേഖരിച്ച് തോൽവിക്ക് കാരണമായ ഘടകങ്ങൾ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ പാർട്ടി നേതൃത്വത്തിന്റെയോ സർക്കാരിന്റെ ഭരണപരമായ പ്രവർത്തനങ്ങളിലുണ്ടായ വീഴ്ചകളെയോ നേരിട്ട് വിലയിരുത്തുന്ന ചോദ്യങ്ങൾ അതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയം.

2021 മുതൽ നടന്ന നിയമസഭാ, ലോക്‌സഭാ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് പ്രവണതകൾ വിശദമായി പരിശോധിക്കാനും നിർദേശമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എല്ലാ വീടുകളിലും എത്തണമെന്ന പാർട്ടി തീരുമാനം നടപ്പിലാക്കിയോ, എത്ര വീടുകളിൽ സന്ദർശനം നടത്തി, എത്ര സ്‌ക്വാഡുകൾ പ്രവർത്തിച്ചു തുടങ്ങിയ വിവരങ്ങൾ തേടുന്നുണ്ട്.

പാർട്ടി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ പങ്കാളിത്തം, എല്ലാ ബൂത്തുകളിലും പ്രവർത്തക സ്‌ക്വാഡുകളുടെ സാന്നിധ്യം, തൊഴിലാളി-കർഷക വിഭാഗങ്ങളുടെ പിന്തുണ, ക്ഷേമപെൻഷൻ ഗുണഭോക്താക്കളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളും ചോദ്യാവലിയുടെ ഭാഗമാണ്. കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, അംഗനവാടി ജീവനക്കാർ, ഹരിതകർമ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയ വിവിധ വിഭാഗങ്ങളുമായി യോഗങ്ങൾ സംഘടിപ്പിച്ചോയെന്നും അന്വേഷിക്കുന്നു.

അതേസമയം, ബിജെപിയുടെ വളർച്ചയും സ്വാധീനവും സംബന്ധിച്ചും ചോദ്യാവലിയിൽ പ്രത്യേക പരാമർശമുണ്ട്. ബിജെപിയുടെ വോട്ടുശതമാനത്തിൽ ഉണ്ടായ മാറ്റങ്ങൾ, യുഡിഎഫിന് അനുകൂലമായ നിലപാടുകൾ ഉണ്ടായോയെന്ന വിലയിരുത്തൽ, *ദേശാഭിമാനി*യുടെ പ്രചാരണം, സാംസ്‌കാരിക മേഖലയിലെ തെരഞ്ഞെടുപ്പ് ഇടപെടലുകൾ, യുവജനങ്ങളുടെ രാഷ്ട്രീയ സമീപനം തുടങ്ങിയ വിഷയങ്ങളും പരിശോധിക്കും.

പരാജയത്തിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്നും അവ ഏരിയാ കമ്മിറ്റികളുടെ പ്രവർത്തനത്തിൽ എങ്ങനെ പ്രതിഫലിച്ചുവെന്നുമുള്ള വിലയിരുത്തലുകൾക്കൊപ്പം വോട്ടർ പട്ടികയിൽ പുതിയ വോട്ടർമാരെ ചേർക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും റിപ്പോർട്ടിന്റെ ഭാഗമാക്കാൻ പാർട്ടി നിർദേശിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img