
പെട്ടെന്നുണ്ടാകുന്ന ചെവി അടപ്പ് SSNHL രോഗവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഉദാഹരണത്തിന് രാവിലെ നിങ്ങള്‍ ഉറക്കമുണരുന്ന സമയത്ത്, ഒരു വശത്തെ ചെവി അടഞ്ഞിരിക്കുന്നതായും ഒരു മൂളലും (tinnitus) തോന്നുന്ന അവസ്ഥ. മിക്കവാറും ഇത് ചെവിയിലെ മെഴുക് (ear wax) അടിഞ്ഞ് ചെവി അടഞ്ഞതാകാം എന്ന സംശയത്തില്‍ ഈ അവസ്ഥ തനിയെ മാറും എന്ന് പ്രതീക്ഷിച്ചിരിക്കും. എന്നാല്‍ അടുത്ത ദിവസവും ഈ അവസ്ഥ മാറാതെ നില്‍ക്കുകയാണെങ്കില്‍ ഒരു ENT ഡോക്ടറെ കാണേണ്ടത് അനിവാര്യമാണ്. ചെവി പരിശോധിക്കുമ്പോള്‍ പുറമേ നിന്നും സാധാരണമായി തോന്നുകയാണെങ്കില്‍ Audiogram test നിര്‍ദ്ദേശിക്കുന്നു. ഓഡിയോഗ്രാം പരിശോധനയിലൂടെ ചെവിയിലെ നാഡികളുടെ തകരാര്‍ മൂലമുള്ള കേള്‍വി നഷ്ടമാണോ എന്ന് നിര്‍ണ്ണയിക്കാന്‍ സാധിക്കുന്നു.
SSNHL വരാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെ?
പ്രതിരോധശേഷി കുറഞ്ഞ വ്യക്തികളെയോ (പ്രമേഹ രോഗികളെയോ), ഗര്‍ഭിണികളെയോ, ശബ്ദ മലിനീകരണം നേരിടേണ്ടി വന്നവരെയോ, അടുത്തിടെ വൈറല്‍ അണുബാധ ഉണ്ടായവരെയോ, തൈറോയ്ഡ് രോഗികളെയോ, ചില മരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരെയോ ഒക്കെയാണ് SSNHL ബാധിക്കുന്നത്.
മൂളലോടു കൂടി ചെവി അടയുന്ന അവസ്ഥ ഉണ്ടാകുമ്പോള്‍ ചെയ്യേണ്ടതെന്ത്?
മുമ്പ് പറഞ്ഞത് പോലെ എത്രയും പെട്ടെന്ന് തന്നെ ഒരു ENT വിദഗ്ദ്ധന്റെ സഹായം തേടുകയും ചെവി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ ഓഡിയോമെട്രി ടെസ്റ്റും ചെയ്യേണ്ടതാണ്. ഡോക്ടറുടെ സഹായം തേടാന്‍ എടുക്കുന്ന സമയം അനുസരിച്ചാണ് ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുമോ എത്രത്തോളം സാദ്ധ്യതയുണ്ട് എന്ന് പറയാനാവുക.
രോഗലക്ഷണങ്ങള്‍ പ്രകടമായി ആദ്യം 24 - 72 മണിക്കൂര്‍ വരെ ഡോക്ടറുടെ സഹായം തേടി ചികിത്സ തുടങ്ങുന്നതിനുള്ള സമയത്തെ 'ഗോള്‍ഡന്‍ പീരിയഡ്' (Golden period) ആയി കണക്കാക്കുന്നു. ആദ്യം 24 - 72 മണിക്കൂര്‍ വരെയുള്ള സമയത്ത് ചികിത്സ തേടുകയാണെങ്കില്‍ കേള്‍വി നഷ്ടം 95% വരെ വീണ്ടെടുക്കാന്‍ സാധിക്കുന്നു. എന്നിരുന്നാലും ചെവിയില്‍ മുഴക്കം ഉണ്ടെങ്കില്‍, സാധാരണ ഗതിയിലാകാന്‍ കൂടുതല്‍ സമയം വേണ്ടി വന്നേക്കാം.
ചികിത്സാരീതികള്‍ എന്തെല്ലാം?
പ്രധാനമായും മൂന്ന് ദിവസത്തേക്ക് ഉയര്‍ന്ന ഡോസിലുള്ള സ്റ്റിറോയ്ഡ് കുത്തിവയ്പ്പാണ് നല്‍കുന്നത്. ഇതോടൊപ്പം പ്രമേഹ രോഗിയാണെങ്കില്‍ ബ്ലഡ് ഷുഗര്‍ കൃത്യമായ ഇടവേളകളില്‍ നിരീക്ഷിക്കേണ്ടതാണ്. അല്ലെങ്കില്‍ സ്റ്റിറോയ്ഡ് injection ചെവിക്കല്ലിന്റെ Tympanic membrane ല്‍ നല്‍കാവുന്നതാണ്. അസുഖത്തിന്റെ തോത് കുറയുന്നുണ്ടോ എന്നറിയാന്‍ ചികിത്സ തുടങ്ങി മൂന്നാം ദിവസം വീണ്ടും ഓഡിയോഗ്രാം ചെയ്യേണ്ടതാണ്. അതുപോലെ, തുടര്‍ന്ന് നല്‍കേണ്ട മരുന്നുകളുടെ ഡോസ് നിശ്ചയിക്കുന്നതിനും ഈ ടെസ്റ്റ് ആവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.
'Autoimmune disorders' ഉള്ള വ്യക്തികളില്‍ SSNHL രോഗം ഇടയ്ക്കിടെ വരാന്‍ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ തലച്ചോറിന്റെയും CP Angleന്റെയും MRI സ്‌കാന്‍ അനിവാര്യമാണ്.
ഇഎന്‍ടി യില്‍ SSNHL രോഗം ഉടനടി രോഗനിര്‍ണ്ണയം നടത്തി ചികിത്സിക്കേണ്ടതാണ്. അതിനാല്‍ നിങ്ങള്‍ക്ക് ചെവി അടഞ്ഞിരിക്കുന്നതായി തോന്നുന്നുവെങ്കില്‍ സ്വയം ചികിത്സ നടത്തുന്നതിന് പകരം എത്രയും പെട്ടെന്ന് ഒരു ഇഎന്‍ടി ഡോക്ടറുടെ സഹായം തേടുകയാണ് വേണ്ടത്.
Dr. Ammu Sreeparvathi
Consultant Laryngology and ENT
SUT Hospital, Pattom
Photo Courtesy - Google