11:01pm 06 November 2026
NEWS
കേരളത്തിൽ രാജീവം വിടരുമോ ?
27/04/2025  11:09 AM IST
അനീഷ് മോഹനചന്ദ്രൻ
കേരളത്തിൽ രാജീവം വിടരുമോ ?
HIGHLIGHTS


വേറിട്ടവഴികളിലൂടെ സഞ്ചരിക്കുന്ന രാജീവ് ചന്ദ്രശേഖർ ലക്ഷ്യമിടുന്നതെന്ത് ?

തിരുവനന്തപുരം എം.പി.ഡോ. ശശിതരൂരിനെ വിശ്വപൗരൻ എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. എം.പി. എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ പാർട്ടിക്കാർപോലും അത്ര തൃപ്തരല്ല. എന്നിട്ടും തലസ്ഥാനവാസികൾ അദ്ദേഹത്തെത്തന്നെ കഴിഞ്ഞ നാലുടേമിലും തിരഞ്ഞെടുത്തു. എന്തുകൊണ്ട്തരൂർ എന്ന ചോദ്യത്തിന് മറ്റൊരോപ്ഷൻ ഇല്ല എന്നതാണ് പലരുടേയും മറുപടി. തങ്ങൾക്ക് ശക്തമായ വേരോട്ടം ഉണ്ടായിട്ടും തിരുവനന്തപുരത്ത് (പാർലമെന്റ്മണ്ഡലം) ബി.ജെ.പിക്ക് നിലംതൊടാൻ സാധിക്കാതെ പോയതിന് പിന്നിലെ കാരണങ്ങളിൽ ഒന്നും ഇതുതന്നെയാണ്. എന്നാൽ 2024ലെ തിരഞ്ഞെടുപ്പിൽ കളിമാറി. തരൂരിനൊത്ത ശക്തനായ  ഒരു എതിരാളിയെ അവർകളത്തിലിറക്കി. മുൻകേന്ദ്രമന്ത്രി കൂടിയായ രാജീവ്ചന്ദ്രശേഖറായിരുന്നു ആ ബദൽ എതിരാളി. 

മലയാളി ആയിരുന്നിട്ടും മലയാളികൾക്ക് അത്രകണ്ട് സുപരിചിതനല്ലാത്ത രാജീവ് കഴിഞ്ഞ കുറേയധികം നാളുകളായി ബംഗളൂരുവിലാണ് സെറ്റിൽ ആയിരുന്നത്. അവിടെ നിന്നുള്ള രാജ്യസഭാം ഗംആയിട്ടാണ് അദ്ദേഹം കേന്ദ്രമന്ത്രിസഭയിൽ എത്തിയത്. കേരളത്തിലെ മുൻനിര വാർത്താചാനൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമസ്ഥൻ എന്ന നിലയിലും ചിലർ അദ്ദേഹത്തെ അറിയുമായിരുന്നു. എന്നാൽ ഒരു തിരഞ്ഞെടുപ്പ് വിജയിച്ചുകയറാൻ ഇപ്പറഞ്ഞ മുഖപരിചയം മാത്രം പോരായിരുന്നു എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന് പ്രതീക്ഷിച്ച (ബി.ജെ.പി.ക്യാമ്പ്) മുന്നേറ്റം പോലും നടത്താനാകാതെ പരാജിതനാകേണ്ടിവന്നത്. ഏതായാലും തോൽവിക്ക് പിന്നാലെ ഡൽഹിക്ക് വണ്ടികയറിയ രാജീവ് ഇപ്പോൾ വീണ്ടും തലസ്ഥാനത്ത് പറന്നിറങ്ങിയിരിക്കുകയാണ്. രാജ്യം ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ കേരളാഘടകത്തിന്റെ അദ്ധ്യക്ഷനായിട്ടാണ് ഇക്കുറി രാജീവ് എത്തിയിരിക്കുന്നത്. 

അടിമുടി കോർപറേറ്റ ്കൾച്ചറിൽ രാഷ്ട്രീയകരുക്കൾ നീക്കുന്ന രാജീവിന് ബി.ജെ.പിയെ കരകയറ്റാൻ സാധിക്കുമോ എന്നതാണ് ഏവരും ഉന്നയിക്കുന്ന ചോദ്യം. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം 2026 ഏറെ നിർണ്ണായകമാണ്. ഈ സാഹചര്യത്തിൽ രാജീവ് ഫാക്ടർ 2026ൽ എങ്ങിനെ വർക്കൗട്ടാകും എന്നും രാഷ്ട്രീയകേരളം ചിന്തിക്കുന്നു. രാജീവിന്റെ വരവിന്റെ ആഫ്റ്റർ എഫക്ട് എന്തുതന്നെ ആയാലും ഒരുകാര്യം ഉറപ്പാണ് ഒരു തോൽവിക്കു ശേഷംരാജീവ് ഇവിടെ പറന്നിറങ്ങിയിട്ടുണ്ട്എങ്കിൽ ആ വരവ് ഒരു വെറും വരവല്ല. കാര്യങ്ങൾ കൽപ്പിച്ചുകൂട്ടിയുള്ള രാജീവിന്റെ വരവിൽ ചിലമാറ്റങ്ങൾ വന്നുഭവിക്കും എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 

സംഘടനാസംവിധാനം 

അടിമുടി ഗ്രൂപ്പിസത്തിൽ കുളിച്ചുനിൽക്കുന്ന ജീർണ്ണിച്ച ഒരു സംവിധാനമാണ് ബി.ജെ.പി.കേരളഘടകത്തിലുള്ളത്. അഞ്ച് നേതാക്കൻമാരുണ്ടെങ്കിൽ അവിടെ 15 ഗ്രൂപ്പാണ്. ഓരോ ഗ്രൂപ്പിലും നേതാവാകാൻ ചുരുങ്ങിയത് രണ്ടോമൂന്നോപേർ ഉണ്ടാകും. ഇവരിൽ പലരേയും മാറ്റിനിർത്തി, പുതുതായി ഫോംചെയ്ത 30 ജില്ലകളുടെ അദ്ധ്യക്ഷൻമാരെ മുഖവിലയ്ക്കെടുത്ത് അവർക്ക് ഉത്തരവാദിത്വബോധം വീതിച്ചുനൽകുന്ന ഡയറക്ട് പ്ലേയാണ് രാജീവ് കേരളത്തിൽ വിഭാവനം ചെയ്യുന്നത്. അതിനായി ഇവിടെ ഗ്രൗണ്ട് സ്റ്റഡി നടത്താൻ രാജീവ് സ്വകാര്യഏജൻസിയെ തന്നെ കളത്തിലിറക്കിയിട്ടുണ്ട് എന്നാണ ്ലഭ്യമാകുന്ന വിവരം. അതായത്, മുന്നേപ്പോലെ ചെവികടിരാഷ്ട്രീയം ഇനി ബി.ജെ.പിയിൽ വിലപ്പോകില്ലെന്നു സാരം. ജനങ്ങൾക്ക് സ്വീകാര്യൻ ആരാണ്, ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നത ്ആരാണ് എന്ന കൃത്യമായ പൾസ് മനസ്സിലാക്കി അതനുസരിച്ച് മുന്നോട്ടുപോകുന്ന സിസ്റ്റമാണ് രാജീവ് വളർത്തിയെടുക്കാൻ ശ്രമിക്കുന്നത് (ഫലം കാത്തിരുന്ന് കാണണം). 

എന്തിനും ഏതിനും രാഷ്ട്രീയപ്രതികരണം നടത്തുന്ന പതിവുരീതിമാറ്റി സെലക്ടീവായിമാത്രം സംസ്ഥാന പ്രസിഡന്റ് വായതുറക്കും എന്നതാണ് രണ്ടാമത്തെ മാറ്റം. കോർകമ്മറ്റി യോഗങ്ങളിലും മറ്റും ഉരുത്തിരിഞ്ഞ കാര്യങ്ങൾ ജനങ്ങളേയുംഅണികളേയും അറിയിക്കാൻ സംസ്ഥാന നേതാക്കളിൽ ആരെയെങ്കിലും ചട്ടംകെട്ടും. അതിലൂടെ രണ്ടുകാര്യങ്ങളാണ് രാജീവ് ലക്ഷ്യമിടുന്നത്. ഒന്ന് മാധ്യമങ്ങൾക്ക് മുന്നിലെ ലൂസ്ടോക്കിലൂടെയുള്ള സമയനഷ്ടം ഒഴിവാക്കുക (പുലിവാൽ പിടിക്കാതെ വിവാദങ്ങൾ ഒഴിവാക്കാം). രണ്ട് ഓരോ യോഗവിശദീകരണത്തിനും ഓരോ നേതാക്കൻമാരെ കൊണ്ടുവരുന്നതിലൂടെ പരാതികൾ കുറേയധികം ഒഴിവാക്കുക. അതായത് പാർട്ടിതന്നെ അവഗണിക്കുന്നു, തനിക്ക് അവസരങ്ങൾ തരുന്നില്ല എന്ന് ആരും പരാതിപ്പെടാതിരിക്കുക (സന്ദീപ് വാര്യർ മോഡൽ). ആദ്യഘട്ടത്തിൽ ഇത് ഫലപ്രദമായി നടപ്പാക്കാൻ രാജീവിന് സാധിച്ചു എന്നുതന്നെ വിലയിരുത്താം. 

ജില്ലകൾതോറുമുള്ള പര്യടനം നടത്തുന്നതിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക എന്നതാണ് രാജീവിന്റെ അടുത്ത തന്ത്രം. കേന്ദ്രത്തിൽ നിന്നും കെട്ടിയിറക്കപ്പെട്ട നേതാവ് എന്ന ഇമേജിൽ നിന്നുംസ്വയം പുറത്തുചാടാനും കേരളത്തിലെ കോക്കസുകളെപൊളി ച്ചടുക്കാനുമാണ് രാജീവ് ഇതിലൂടെ ശ്രമിക്കുന്നത്. സംസ്ഥാനത്തെ ചിലതലമുതിർന്ന നേതാക്കൻമാരുടെ പ്രവർത്തനമണ്ഡലം അധികംവൈകാതെ ഡെൽഹിയിലേക്ക് മാറ്റപ്പെടുമെന്നാണ് സൂചന. ഇതിനായി രാജീവ് പണികൾ ആരംഭിച്ചിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. അങ്ങിനെ വരുമ്പോൾ കുറേയധികം ഗ്രൂപ്പുകളികൾ ഒഴിവാക്കാൻ സാധിക്കും. 

മിഷൻ 2025 

രാജീവിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി 2025ലെ തദ്ദേശതിരഞ്ഞെടുപ്പാണ്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അവകാശവാദങ്ങളും പ്രതീക്ഷകളും നിരവധി നിരത്തുന്നുണ്ടെങ്കിലും ആത്യന്തികമായി അവർ ലക്ഷ്യമിടുന്നത് ഇക്കുറി തലസ്ഥാന നഗരത്തിന്റെ ‘ഭരണം പിടിക്കുക എന്നതാണ്. ഒപ്പം പാലക്കാട് നഗരസഭ നിലനിർത്തുകയും വേണം. ഒപ്പം പാൻ കേരള തലത്തിൽ ബി.ജെ.പിയുടെ വോട്ടുവിഹിതം വർദ്ധിപ്പിക്കണം. അങ്ങിനെ വർദ്ധിക്കുന്ന വോട്ട് 2026 ലേക്കുള്ള ചവിട്ടുപടിയായി മാറ്റാൻ സാധിക്കണം. ഇതിൽ രാജീവ്ചന്ദ്രശേഖർ ഏറെ പ്രാമുഖ്യം നൽകുന്നത് തിരുവനന്തപുരം നഗരസഭയുടെ ഭരണമാണ്. ഇതിന് പിന്നിൽ രണ്ടുണ്ട് ലക്ഷ്യങ്ങൾ. 

തിരുവനന്തപുരം നഗരസഭ പിടിച്ചാൽ അതിലൂടെ ചുരുങ്ങിയത് നാല് നിയസഭാമണ്ഡലങ്ങൾ അവർക്ക് ടാർഗറ്റ് ചെയ്യാൻ സാധിക്കും. തിരുവനന്തപുരം സെൻട്രൽ, വട്ടിയൂർക്കാവ്, കഴക്കൂട്ടം, നേമം എന്നവയാണത്. തദ്ദേശതിരഞ്ഞെടുപ്പിനായുള്ള പ്രവർത്തനങ്ങളിലൂടെ ഈ നാലുമണ്ഡലങ്ങളേയും 2026ൽ ബി.ജെ.പിക്ക് അനുകൂലമാക്കിമാറ്റുക എന്നതാണ് അജണ്ട. അതിൽതന്നെ ബി.ജെ.പിക്കും ആർ.എസ്.എസിനും ശക്തമായ വേരോട്ടമുള്ള വട്ടിയൂർക്കാവാണ് രാജീവിന് ഏറെ താത്പര്യം. 2026 ൽ ഒരുപക്ഷേ രാജീവ്തന്നെ അവിടെ മത്സരിക്കാൻ ഇറങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല. അതിനായുള്ള ഇക്കോസിസ്റ്റം രൂപപ്പെടുത്തി എടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. തലസ്ഥാനത്ത് കോൺഗ്രസ് തീരെ ദുർബലമാണ്. സി.പി.എം. നേതൃത്വം നൽകുന്ന ഭരണസംവിധാനത്തോട് പാർട്ടിക്കാർക്കുപോലും നീരസമുണ്ട് (ആര്യ രാജേന്ദ്രൻ ഫാക്ടർ ചേർത്തുവായിക്കേണ്ടതാണ്). ഈ സാഹചര്യംമുതലടെത്ത്, കുറഞ്ഞപക്ഷം വട്ടിയൂർക്കാവും കഴക്കൂട്ടവും നേമവും പിടിക്കാൻ സാധിച്ചാൽ തനിക്ക് ഒരു നിയമസഭാകക്ഷി നേതാവ് എന്ന നിലയിൽ വളരാൻ സാധിക്കുമെന്നതും രാജീവിന്റെ ലക്ഷ്യങ്ങളിൽപ്പെടുന്നതായി അറിയുന്നു. 

ഇവിടെ ഒരു വെടിക്ക് പല പക്ഷികളാണ് രാജീവ് ലക്ഷ്യമിടുന്നത്. ഇനി അഥവാ ഒരുവേള ഒന്നും നടന്നില്ലെങ്കിൽപ്പോലും തലസ്ഥാനത്ത് തന്നെ നിലയുറപ്പിച്ചുകൊണ്ട് 2029 ൽ പാർലമെന്റിലേക്കെത്താനാകുമോ എന്നതും രാജീവ് ചിന്തിക്കുന്നുണ്ടത്രേ. ഏതായാലും പാർട്ടിയെ വളർത്തുന്നതിനോടൊപ്പം വ്യക്തിപരമായ ചില അജണ്ടകൾ സെറ്റാക്കാനുള്ള പ്രവർത്തനങ്ങളുമായിട്ടാണ് രാജീവ്ചന്ദ്രശേഖർ നിലകൊള്ളുന്നത്. എല്ലാക്കാലത്തും വിമതസ്വരമുയർത്തുന്ന ശോഭാസുരേന്ദ്രനെ വിശ്വാസത്തിലെടുത്തും പാർട്ടിക്ക് അടിക്കടി തലവേദന സൃഷ്ടിക്കുന്ന സുരേഷ്ഗോപിക്കെതിര മൃദുസമീപനം കൈക്കൊണ്ടും രാജീവ് നടത്തുന്ന നീക്കങ്ങൾ എത്രത്തോളം ഫലംകാണുമെന്നത് കാത്തിരുന്ന് കാണേണ്ട വിഷയമാണ്. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img