
ന്യൂഡൽഹി: ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ അംഗീകൃത വാക്സിൻ ലഭ്യമാകാൻ വഴിയൊരുങ്ങുന്നു. ജപ്പാനിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ടാകേഡ ഫാർമസ്യൂട്ടിക്കലും ഡോ. റെഡ്ഡീസ് ലബോറട്ടറീസും തമ്മിൽ കരാർ ഒപ്പുവെച്ചതോടെയാണ് ക്യുഡെംഗ (QDENGA) വാക്സിൻ രാജ്യത്ത് എത്തുന്നതിനുള്ള നടപടികൾക്ക് വേഗം കൂടിയത്. 2027ന്റെ ആദ്യ പകുതിയിൽ വാക്സിൻ സ്വകാര്യ വിപണിയിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
ടാകേഡ വികസിപ്പിച്ച ക്യുഡെംഗയ്ക്ക് ഇന്ത്യയുടെ ഔഷധ നിയന്ത്രണ അതോറിറ്റിയുടെ അനുമതി കഴിഞ്ഞ ജൂലൈയിലാണ് ലഭിച്ചത്. ഡെങ്കിപ്പനിക്ക് കാരണമാകുന്ന നാല് പ്രധാന വൈറസ് സീറോടൈപ്പുകൾക്കെതിരെയും പ്രതിരോധശേഷി നൽകാൻ രൂപകൽപ്പന ചെയ്ത വാക്സിനാണ് ക്യുഡെംഗ.
നാല് ഡെങ്കി വൈറസ് വകഭേദങ്ങൾക്കെതിരെ സംരക്ഷണം
DENV-1, DENV-2, DENV-3, DENV-4 എന്നീ നാല് ഡെങ്കി വൈറസ് സീറോടൈപ്പുകൾക്കെതിരെയാണ് ക്യുഡെംഗ പ്രതിരോധം നൽകുന്നത്. ഡെങ്കി ടെട്രാവാലന്റ് ലൈവ്-അറ്റൻവേറ്റഡ് വാക്സിൻ വിഭാഗത്തിലാണ് ഇത് ഉൾപ്പെടുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2024ൽ ക്യുഡെംഗയ്ക്ക് പ്രീക്വാളിഫിക്കേഷൻ അംഗീകാരവും ലഭിച്ചിരുന്നു. മൂന്ന് മാസത്തെ ഇടവേളയിൽ രണ്ട് ഡോസുകളായാണ് വാക്സിൻ നൽകുന്നത്. ഓരോ ഡോസും 0.5 മില്ലിയാണ്.
മറ്റൊരു പ്രധാന പ്രത്യേകത, വാക്സിൻ നൽകുന്നതിന് മുമ്പ് വ്യക്തിക്ക് മുൻപ് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധന നടത്തി ഉറപ്പാക്കേണ്ടതില്ല എന്നതാണ്.
80 ശതമാനത്തിലേറെ ഫലപ്രാപ്തി
അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ക്യുഡെംഗ ഡെങ്കിപ്പനി കേസുകൾക്കെതിരെ ശ്രദ്ധേയമായ ഫലപ്രാപ്തി കാഴ്ചവെച്ചതായി പഠനങ്ങൾ വ്യക്തമാക്കുന്നു. വാക്സിനേഷൻ കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ഡെങ്കിപ്പനി കേസുകൾ തടയുന്നതിൽ 80.2 ശതമാനം ഫലപ്രാപ്തിയാണ് രേഖപ്പെടുത്തിയത്.
വാക്സിനേഷൻ കഴിഞ്ഞ് 18 മാസത്തിന് ശേഷം ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കേണ്ടി വരുന്ന കേസുകൾ 90.4 ശതമാനം വരെ കുറയ്ക്കാനും വാക്സിന് കഴിഞ്ഞതായി പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ക്യുഡെംഗയും ഡെങ്കിഓളും ഒരുപോലെയാണോ?
ഡെങ്കിപ്പനിയുടെ നാല് സീറോടൈപ്പുകളെയും ലക്ഷ്യമിടുന്ന വാക്സിനുകൾ എന്ന നിലയിൽ ക്യുഡെംഗയും ഡെങ്കിഓളും (DengiAll) തമ്മിൽ സാമ്യമുണ്ട്. എന്നാൽ ഇന്ത്യയിലെ ഇവയുടെ നിയന്ത്രണപരമായ പദവി ഒരുപോലെയല്ല.
ക്യുഡെംഗയ്ക്ക് ഇന്ത്യയിൽ ഔഷധ നിയന്ത്രണ അതോറിറ്റിയുടെ അനുമതി ലഭിച്ചുകഴിഞ്ഞു. അതേസമയം, ഡെങ്കിഓളിന്റെ സുരക്ഷയും ഫലപ്രാപ്തിയും വിലയിരുത്തുന്നതിനുള്ള വിപുലമായ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്. അതിനാൽ ഡെങ്കിഓൾ ഇതിനകം ഇന്ത്യയിൽ അംഗീകൃത വാക്സിനായി വിപണിയിൽ ലഭ്യമാണെന്ന് കണക്കാക്കാനാകില്ല.
ഡെങ്കിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ നാല് സീറോടൈപ്പുകൾക്കെതിരെയും പ്രതിരോധം ലക്ഷ്യമിടുന്ന ക്യുഡെംഗയുടെ ഇന്ത്യയിലെ വരവ് പൊതുജനാരോഗ്യ രംഗത്ത് ശ്രദ്ധേയമായ വികസനമായാണ് കണക്കാക്കുന്നത്.











