08:54am 01 May 2026
NEWS
നിയമസഭയിൽ ആർഎസ്എസ് പ്രാർത്ഥനാലാപം, ബി എൽ സന്തോഷുമായി സൗഹൃദം; ഡി കെ യുടെ മനസ്സിലെന്തെന്ന് കർണാടകത്തിലെ കോൺഗ്രസുകാർ
26/08/2025  12:44 PM IST
വിഷ്ണുമംഗലം കുമാർ
നിയമസഭയിൽ ആർഎസ്എസ് പ്രാർത്ഥനാലാപം, ബി എൽ സന്തോഷുമായി സൗഹൃദം; ഡി കെ യുടെ മനസ്സിലെന്തെന്ന് കർണാടകത്തിലെ കോൺഗ്രസുകാർ

 ബംഗളുരു: കോൺഗ്രസ്സിന്റെ സംസ്ഥാന അധ്യക്ഷപദവി കൂടി വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ മനസ്സിൽ പുതുതായെന്തോ പദ്ധതിയുണ്ടെന്ന സംശയം കർണാടകത്തിലെ ഒരു വിഭാഗം കോൺഗ്രസ്സ് നേതാക്കൾ പ്രകടിപ്പിക്കുന്നുണ്ട്. രണ്ടു വർഷം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ഭൂരിപക്ഷം കിട്ടിയപ്പോൾ മുഖ്യമന്ത്രിയാകാൻ കിണഞ്ഞു പരിശ്രമിച്ച നേതാവാണ് ശിവകുമാർ. കോൺഗ്രസ്സ് ഹൈക്കമാണ്ടിലെ ചീഫ് കമാന്റിനും അത് സ്വീകാര്യമായിരുന്നു. എന്നാൽ ഭൂരിപക്ഷം എം എൽ എമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കായിരുന്നു. രാഹുൽഗാന്ധി അഭിപ്രായപ്പെട്ടതും അഹിന്ദ പ്രതിഛായയുള്ള സിദ്ധരാമയ്യ മുഖ്യമന്ത്രിയാകട്ടെ എന്നാണ്. വല്ലാതെ നിരാശനായ ശിവകുമാർ ഉപമുഖ്യമന്ത്രി പദവിയോടൊപ്പം പിസിസി അധ്യക്ഷപദവിയും വേണമെന്നും ഒന്നിലേറെ ഉപമുഖ്യമന്ത്രിമാർ പാടില്ലെന്നും ശഠിച്ചു. നേതൃത്വം അതൊക്കെ അനുവദിച്ചുകൊടുത്തു. രണ്ടര വർഷമാകുമ്പോൾ മുഖ്യമന്ത്രി പദവി നൽകണമെന്നും അപ്പോൾ മാത്രമെ പിസിസി അധ്യക്ഷസ്ഥാനമൊഴിയൂ എന്നൊരു നിർദ്ദേശം കൂടി ശിവകുമാർ ഹൈക്കമാണ്ടിന് മുമ്പിൽ വെച്ചിരുന്നതായി കേട്ടിരുന്നു. എന്നാൽ ഹൈക്കമാണ്ട് അത് അംഗീകരിച്ചിരുന്നോ എന്ന് വ്യക്തമല്ല. കോൺഗ്രസ്സ് അധികാരത്തിലെത്തിയിട്ട് രണ്ടരവർഷം പൂർത്തിയാകുന്നത് ഈ ഒക്ടോബറിലാണ്. ആ സന്ദർഭത്തിൽ മുഖ്യമന്ത്രിക്കസേര ശിവകുമാറിന് വിട്ടുകൊടുക്കണമെന്നുള്ള ഒരു നിർദ്ദേശം ഈയ്യിടെ ഹൈക്കമാണ്ട് സിദ്ധരാമയ്യയ്‌ക്ക് നൽകിയതായി സൂചനയുണ്ട്. അതാണ് ഒക്ടോബറിൽ വിപ്ലവമുണ്ടാകുമെന്ന് സിദ്ധരാമയ്യയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ കെ എൻ രാജണ്ണ പരസ്യപ്പെടുത്തി വിവാദമാക്കിയത്. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ ശിവകുമാർ പ്രശ്നമുണ്ടാക്കുമെന്നാണ് രാജണ്ണ 'വിപ്ലവം' എന്ന പ്രയോഗത്തിലൂടെ സൂചിപ്പിച്ചത്. ശിവകുമാറിന്റെ എതിർപക്ഷത്താണ് രാജണ്ണ കുറെക്കാലമായി നിലയുറപ്പിച്ചിട്ടുള്ളത്. ശിവകുമാർ പിസിസി അധ്യക്ഷപദവി ഒഴിയണമെന്ന് അദ്ദേഹം പലവട്ടം ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധിയുടെ വോട്ടുതട്ടിപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്താവന രാജണ്ണയുടെ മന്ത്രിക്കസേര തെറിപ്പിച്ചിരുന്നു. അതിന്റെ പിന്നിൽ ശിവകുമാർ ആണെന്നാണ് രാജണ്ണ ആരോപിക്കുന്നത്. രാജണ്ണയെ പോലെ പല മുതിർന്ന നേതാക്കൾക്കും മിക്ക എം എൽ എ മാർക്കും ശിവകുമാർ മുഖ്യമന്ത്രിയാകുന്നത് ഇഷ്ടമല്ല. അധികാരക്കസേര അത്ര പെട്ടെന്നൊന്നും സിദ്ധരാമയ്യ വിട്ടുകൊടുക്കുകയുമില്ല. അങ്ങനെയൊരു സാഹചര്യം ഉരുത്തിരിഞ്ഞാൽ ഉപയോഗപ്പെടുത്താനായി ശിവകുമാർ പ്ലാൻ-ബി രൂപപ്പെടുത്തിയിട്ടുണ്ടെന്ന സംശയമാണ് ചില കോൺഗ്രസ്സ് നേതാക്കൾ പ്രകടിപ്പിക്കുന്നത്. ഈയ്യിടെ നിയമസഭയിൽ ശിവകുമാർ ആർ എസ് എസ് പ്രാർത്ഥനയിലെ ചില വരികൾ, ( നമസ്തേ സദാ വത്സലേ.....) ചൊല്ലിയത് വിവാദമായിരുന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായ ആർ എസ് എസ് പ്രമുഖൻ ബി എൽ സന്തോഷുമായി ശിവകുമാർ പുലർത്തുന്ന സൗഹൃദവും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ നിരീശ്വരവാദിയാണെങ്കിൽ ശിവകുമാർ കടുത്ത ദൈവവിശ്വാസിയാണ്. ക്ഷേത്രസന്ദർശനം അദ്ദേഹത്തിന്റെ നിത്യജീവിതത്തിന്റെ ഭാഗമാണ്.  മുഖ്യമന്ത്രിയായ ശേഷം സിദ്ധരാമയ്യ കുറെയൊക്കെ ദൈവവിശ്വാസം കാണിക്കുന്നുണ്ട്. ശിവകുമാർ ആകട്ടെ ഹൈന്ദവാചാരങ്ങളെ ഇറുകെ പുൽകുന്നു. ആരെ പ്രീതിപ്പെടുത്താനാണ് ശിവകുമാർ നിയമസഭയിൽ ആർ എസ് എസ് പ്രാർത്ഥന ചൊല്ലിയതെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് ബി കെ ഹരിപ്രസാദ് ചോദിച്ചു. "കോൺഗ്രസ്സ് അധ്യക്ഷ പദവിയിലിരിക്കെ ആർ എസ് എസ് പ്രാർത്ഥന ഉരുവിട്ടത് അപരാധമാണ്. അതിന് അദ്ദേഹം മാപ്പ് പറയണം" ഹരിപ്രസാദ് ആവശ്യപ്പെട്ടു. എ ഐ സി സി മുൻജനറൽ സെക്രട്ടറിയായ ഹരിപ്രസാദ് ഈ കാര്യം ഹൈക്കമാണ്ടിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടത്രെ. പ്രിയങ്ക് ഖാർഗെ, സതീഷ് ജാർക്കിഹോളി, മഹാദേവപ്പ എന്നീ മന്ത്രിമാരും ശിവകുമാറിന്റെ നടപടിയെ വിമർശിച്ചിട്ടുണ്ട്. 'അയാൾക്ക് എന്തുമാകാമല്ലോ എന്നായിരുന്നു' രാജണ്ണയുടെ പ്രതികരണം. " മറ്റു പാർട്ടികളുടെ ആശയങ്ങളും പ്രവർത്തനരീതികളും പഠിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ഇതൊക്കെ അതിന്റെ ഭാഗമായി കണ്ടാൽ മതി " ശിവകുമാർ പ്രതികരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img