10:14pm 14 September 2026
NEWS
മുഖമല്ല തലയെടുപ്പാണ് മുഖമുദ്ര!
01/04/2025  03:49 PM IST
പ്രത്യേകലേഖകൻ
മുഖമല്ല തലയെടുപ്പാണ് മുഖമുദ്ര!
HIGHLIGHTS

ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്...

സംസ്ഥാനത്ത് എൽ.ഡി.എഫിന് ഇനിയൊരു ഭരണത്തുടർച്ച വന്നാൽ അത് യു.ഡി.എഫിന് താങ്ങാനാകുന്ന സംഗതിയല്ല. അങ്ങിനെ സംഭവിക്കുന്നപക്ഷം മുന്നണി സംവിധാനം തന്നെ തകർന്നടിയും. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ഏട്ടിലെ പുലിക്ക് പിന്നെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാകും സ്ഥാനം. ഈ സാഹചര്യത്തിൽ എന്തുവില കൊടുത്തും ഭരണം തിരിച്ചുപിടിച്ചേ മതിയാകൂ എന്ന് യു.ഡി.എഫ്. നേതൃത്വം, വിശിഷ്യാകോൺഗ്രസ് തിരിച്ചറിയുന്നു. എന്നാൽ അതെങ്ങിനെ സാധ്യമാകും എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ആർക്കും സാധിക്കുന്നില്ല എന്നത് പാർട്ടിപ്രവർത്തകരെ സംബന്ധിച്ചിടത്തോളം ദൗർഭാഗ്യകരം. 

2021 ൽ എങ്ങിനെ എൽ.ഡി.എഫിന് തുടർഭരണം ലഭിച്ചു? കഴിഞ്ഞ കുറച്ചുനാളുകളായി, രാഷ്ട്രീയരംഗത്തുള്ളവർ കൂലംകഷമായി ചിന്തിക്കുന്നത് ഈ ചോദ്യത്തിന്റെ ഉത്തരമാണ്. പലരും പലതരം വിലയിരുത്തൽ നടത്തുന്നുണ്ടെങ്കിലും അതിൽ കാതലായി കാണേണ്ടത് രണ്ടുസംഗതികളാണ്. ഒന്ന്- പിണറായി വിജയൻ എന്ന നേതാവിന്റെ കരിസ്മയാണ്. ആര് എന്തുപറഞ്ഞാലും എന്തിനും പോന്ന കരുത്തുറ്റ നേതാവാണ് താൻ എന്ന പ്രതീതി സൃഷ്ടിക്കാനും, അതിലേക്ക് നല്ലൊരുശതമാനം ജനതയെ ആകർഷിക്കാനും വിശ്വസിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു എന്നത് ഒരു വസ്തുതയാണ്. കൊവിഡ് തീർത്ത പ്രതിസന്ധിയും ആ പ്രതിസന്ധിയിൽ പാർട്ടി മെഷിനറി എങ്ങിനെ പ്രവർത്തിച്ചു എന്നതും ഇതോടൊപ്പം ചേർത്തുവായിക്കേണ്ട സംഗതിയാണ്. ഇതിനെല്ലാം പുറമേ സർക്കാർ, പാർട്ടിസംവിധാനങ്ങളുടെ പി.ആർ. പ്രചാരണങ്ങൾ മറുഭാഗത്തുണ്ട് എന്നതും കാണേണ്ട കാര്യമാണ്. രണ്ട്  ഉമ്മൻചാണ്ടിക്ക് ശേഷം കരിസ്മാറ്റിക് ആയ മറ്റൊരു നേതാവ് അല്ലെങ്കിൽ പൊതുസ്വീകാര്യനായ ഒരു ജനകീയമുഖം യു.ഡി.എഫിനില്ല എന്നതാണ്. ഇവിടെ ജനങ്ങൾക്ക് മുന്നിൽ ഉയരുന്ന ചോദ്യം ഇതാണ്. പിണറായി വിജയനുപകരം അതിനൊത്ത് നിൽക്കുന്ന ഏത് നേതാവാണ് യു.ഡി.എഫിലുള്ളത് ? 

കഴിവും പ്രാവീണ്യവുമുള്ള, ഒരുപിടി നല്ല നേതാക്കൻമാർ യു.ഡി.എഫിലുണ്ട ്എന്നത് ഒരു വസ്തുതയാണ്. പക്ഷേ, അവരാരും കരിസ്മാറ്റിക് ആയ അല്ലെങ്കിൽ ആ തലത്തിലേക്ക് ഉയർത്തിക്കാട്ടാവുന്ന ഡൈനാമിക് ലീഡേഴ്സ് അല്ല എന്നതാണ് പ്രശ്നം. പ്രമുഖ ചായക്കമ്പനിയുടെ പരസ്യത്തിൽ ഈ ചായയ്ക്ക് മണമില്ല, മണമുണ്ടെങ്കിൽ നിറമില്ല, നിറമുണ്ടെങ്കിൽ കടുപ്പമില്ല എന്ന് പറയുന്നതുപോലത്തെ അവസ്ഥ. എല്ലാംതികഞ്ഞ പൊതുസ്വീകാര്യർ ഇല്ല എന്നുസാരം. ഇനി ഏതെങ്കിലുമൊക്കെ കുറ്റങ്ങളും കുറവുകളും സമരസപ്പെട്ടു മുന്നോട്ടുപോകാം എന്ന് കരുതിയാൽ അവിടെയും തെറ്റി. പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങൾ കാരണം പലപ്പോഴും നേതാക്കൻമാർക്കിടയിൽ പരിഭവങ്ങളും പരാതികളും രൂക്ഷമാകാറുണ്ട്. കെ.പി.സി.സി. പ്രസിഡന്റ്കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള പ്രശ്നങ്ങൾ ഇവിടെ ഉദാഹരിക്കാവുന്നതാണ്. 

പ്രശ്നങ്ങളും പ്രതിസന്ധികളും ധാരാളമുണ്ടെങ്കിലും 2026 ൽ രണ്ടുടേം പൂർത്തിയാക്കുന്ന പിണറായി വിജയൻ പിന്നീട് മാറിനിൽക്കേണ്ടിവരും എന്നത് യു.ഡി.എഫിന് പ്രത്യാശ നൽകുന്ന കാര്യമായിരുന്നു. കാരണം പിണറായിക്ക് ശേഷം കരിസ്മാറ്റിക് ആയ മറ്റൊരുനേതാവ് സി.പി.എമ്മിൽ ഇല്ല എന്നതുതന്നെ. അതായത് ഉമ്മൻചാണ്ടിക്ക് ശേഷം കോൺഗ്രസ് നേരിട്ട അതേ പ്രതിസന്ധിയിലൂടെത്തന്നെയാണ് ഇപ്പോൾ എൽ.ഡി.എഫും കടന്നുപോകുന്നത്. ആരൊക്കെ വന്നാലും പോയാലും പാർട്ടി പാർട്ടിയാണെന്നും അതു മുന്നോട്ടു പോകും എന്നുമൊക്കെ സി.പി.എമ്മുകാർ അവകാശപ്പെടുന്നുണ്ടെങ്കിലും അതൊക്കെ വെറും അവകാശവാദങ്ങൾ മാത്രമാണ് എന്നത് ഒരു സമകാലിക യാഥാർത്ഥ്യമാണ്. ഈ തിരിച്ചറിവ് സഖാക്കൻമാർക്കുമുണ്ട്. അതുകൊണ്ട് തന്നെയാണ് അവർ പിണറായിക്ക് വീണ്ടുമൊരു ടേംകൂടി നൽകണമെന്ന ആവശ്യം മുന്നോട്ടുവെയ്ക്കുന്നത്. 

പാർട്ടിയുടെ ഈ അവസ്ഥ വ്യക്തിപരമായി പിണറായി ആസ്വദിക്കുന്നുണ്ടെങ്കിലും പാർട്ടി നേതാക്കൻമാരിൽ പലരും മനസ്സില്ലാമനസ്സോടെ അത് ഉൾക്കൊള്ളുകയാണ്. കാരണം ഇന്ന് ഇന്ത്യയിൽ സി.പി.എമ്മിന്‘ഭരണമുള്ള ഏകസംസ്ഥാനം കേരളമാണ്. ഇതുകൂടി കൈവിട്ടാൽ പിന്നൊരു തിരിച്ചുവരവ ്ചിലപ്പോൾ അത്ര എളുപ്പമാകണമെന്നില്ല. പിണറായിക്ക് മൂന്നാം ടേം അനുവദിക്കുന്ന കാര്യത്തിൽ പാർട്ടിസംസ്ഥാന സമ്മേളനത്തിൽ തീരുമാനം ആയിട്ടില്ലെങ്കിലും മധുരയിൽ നടക്കുന്ന പാർട്ടികോൺഗ്രസ് കഴിയുന്നതോടെ മിക്കവാറും അക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകാനാണ് സാദ്ധ്യത. അതായത് പിണറായിക്ക് മൂന്നാം ടേം ലഭിക്കാനുള്ള സാദ്ധ്യത തള്ളാനാകില്ല എന്നുസാരം. അങ്ങിനെ വന്നാൽ വീണ്ടും യു.ഡി.എഫ്. പ്രതിസന്ധിയിലാകുമെന്ന് ഏറെക്കുറേ ഉറപ്പാണ്. 

വൈകിവന്ന വിവേകമെന്നോണം കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൻമാരും ചെറുപ്പക്കാരിൽ ഒരു വിഭാഗവും ചില കാര്യങ്ങൾ ഗൗരവമായി ചിന്തിക്കുന്നുണ്ട്. അത്തരം ചിന്തകളുടേയും ചർച്ചകളു ടേയും അനന്തരഫലം എന്നോണം ഉരുത്തിരിഞ്ഞിരിക്കുന്ന ഫോർമുല  മുഖമല്ല, തലയെടുപ്പാണ് മുഖമുദ്ര. അതായത് ഒരു വ്യക്തിയെ അല്ലെങ്കിൽ ഒന്നോ രണ്ടോ വ്യക്തികളെ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാതെ അറിവും അവഗാഹവുമുള്ള ജനസമ്മതരായ ഒരുപിടി നേതാക്കൻമാരെ മുൻനിർത്തി സദ്ഭരണം വാഗ്ദാനം നൽകി അധികാരം പിടിക്കുക. അങ്ങിനെ വരുമ്പോൾ മുൻമന്ത്രിയും മുൻ കെ.പി.സി.സി. പ്രസിഡന്റുമായ വി.എം. സുധീരൻ ഉൾപ്പെടെ പലരേയും പരീക്ഷിക്കേണ്ടി വരും. മുൻ കെ.പി.സി.സി. പ്രസിഡന്റും മുൻകേന്ദ്രമന്ത്രിയും ആയ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ എന്നിവരേയും ബാർകോഴ വിവാദത്തിൽ പ്രതിച്ഛായ മങ്ങിയ കെ. ബാബു ഉൾപ്പെടെ ഉള്ളവരേയും കളത്തിൽ ഇറക്കേണ്ടിവരും. സാമുദായിക ഫോർമുല തുല്യമാക്കുന്നതിന് വേണ്ടി പാർട്ടി തലത്തിലും സമഗ്രമായ പൊളിച്ചെഴുത്ത് വേണ്ടി വന്നേയ്ക്കും. 

അതേസമയം, മേൽപ്പറഞ്ഞ പരീക്ഷണങ്ങൾ എത്രകണ്ട് വിജയിക്കും അല്ലെങ്കിൽ അത്തരം ചർച്ചകൾ എത്രദൂരം മുന്നോട്ടുപോകും എന്നതും ഒരു ചോദ്യച്ചിഹ്നമാണ്. വി.എം. സുധീരന്റെ കാര്യംതന്നെ ഒരുദാഹരണം. ഇനി മത്സരരംഗത്തേയ്ക്കില്ല എന്ന് നേരത്തേ പ്രഖ്യാപിച്ച സുധീരൻ പാർട്ടി അദ്ധ്യക്ഷനായിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ കാർക്കശ്യനിലപാട് കൊണ്ടുമാത്രമാണ് ബാർകോഴവിവാദവും പ്രതിസന്ധിയുമൊക്കെ ഉണ്ടായത്  എന്നും, അത് ഉമ്മൻചാണ്ടി സർക്കാരിനുണ്ടാക്കിയ ഡാമേജ് ചെറുതല്ല എന്നും ഒരു വിഭാഗം നേതാക്കൾ കരുതുന്നു. കരിമണൽ ഖനനവിവാദകാലത്ത് മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ഇടഞ്ഞ സുധീരൻ കെ.പി.സി.സി. അദ്ധ്യക്ഷനായപ്പോൾ എല്ലാം മറന്ന് കുഞ്ഞാലിക്കുട്ടിക്ക് കൈകൊടുത്തിരുന്നു. വീണ്ടുമൊരു ടേം യു.ഡി.എഫ്. വന്നാൽ അതിൽ കുഞ്ഞാലിക്കുട്ടി നിർണ്ണായക റോളിലേക്ക് വരും. അങ്ങിനെ വരുമ്പോൾ അവിടെ സുധീരനുമായുള്ള ക്ലാഷിന് സാദ്ധ്യത ഏറെയാണ്. എന്തിനേറെ സുധീരന് സീറ്റുനൽകണമെന്ന ചർച്ചപോലും ചിലപ്പോൾ പൊട്ടിത്തെറികളിലേക്ക് നയിച്ചേക്കാം.

മുല്ലപ്പള്ളിയെ കളത്തിലിറക്കിയാൽ കോഴിക്കോട് ജില്ലയിൽ നഷ്ടമായ കോൺഗ്രസ് പ്രതാപം തിരിച്ചുപിടിക്കാമെന്നും സുധീരൻ, ടി.എൻ. പ്രതാപൻ എന്നിവരെ ഇറക്കി തൃശൂരും വി.ടി. ബൽറാമിലൂടെ പാലക്കാടും കെ. മുരളീധരനിലൂടെ തിരുവനന്തപുരത്ത് വട്ടിയൂർക്കാവിലും നേട്ടം കൊയ്യാനാകുമെന്ന തരത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കസറിയ രാഹുൽ മാങ്കൂട്ടത്തിനെ ആറൻമുളയിലേക്ക് മാറ്റി പകരം പാലക്കാട് സന്ദീപ്വാര്യരെ ഇറക്കി പരീക്ഷിക്കാനും ആലോചനകൾ നടക്കുന്നു. പ്രതിച്ഛായ ഉള്ള ഒരുപിടി മുതിർന്ന നേതാക്കൻമാരുടെ മുൻനിരയും അവരോടൊപ്പം നേതാക്കളോട് ്തോൾചേർന്നുനിൽക്കുന്ന യുവനിരയും ചേരുമ്പോൾ വിജയം സുനിശ്ചിതമാണെന്ന ഫോർമുലയാണ് തിരഞ്ഞെടുപ്പ് വിദഗ്ദ്ധൻ സുനിൽ കനഗോലു കോൺഗ്രസ് ഹൈക്കമാന്റിന് സമർപ്പിച്ചിരിക്കുന്നതത്രേ. ഇതുമായി ബന്ധപ്പെട്ട് ചില സർവ്വേകളും അവർ സംസ്ഥാനത്ത് നടത്തിയിട്ടുണ്ട് എന്നും സൂചനയുണ്ട്. 

ഇവിടെ ടിക്ക്, അവിടെ വെട്ട്

ഇവിടെ ആരൊക്കെ എന്തൊക്കെ ഫോർമുലകൾ എഴുതിയുണ്ടാക്കിയാലും അതിൽ പലതും കേന്ദ്രത്തിൽ വെട്ടപ്പെടുന്നു എന്നതാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളിൽ പലരും ഉന്നയിക്കുന്ന പ്രധാനപ്രശ്നം. മുഖ്യമന്ത്രി കസേരയ്ക്കായി കരുക്കൾ നീക്കുന്ന മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇക്കാര്യത്തിൽ കടുത്ത അതൃപ്തിയിലാണ്. ആരുടേയും പേരെടുത്ത് പറയുന്നില്ലെങ്കിലും ഇരുവരുടേയും നീരസം രാഹുൽഗാന്ധിയുടെ വിശ്വസ്തൻ കൂടിയായ എ.ഐ.സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലിനോടാണ്. ഇവിടെ തങ്ങൾ പണിയെടുത്ത് ‘ഭരണം പിടിച്ചാലും കഥാന്ത്യം തർക്കവും അടിപിടിയും ഉറപ്പാണ്. ആര് മുഖ്യമന്ത്രിയാകും എന്നതായിരിക്കും അന്നേരം ഉയരുന്ന ചോദ്യം. അങ്ങിനെ വരുമ്പോൾ സമവായ ഫോർമുല എന്നോണം കെ.സി. മുഖ്യമന്ത്രിയായി സ്വയം അവതരിച്ചിറങ്ങാനുള്ള സാദ്ധ്യതയും കേരളത്തിലെ നേതാക്കൻമാർ തള്ളുന്നില്ല. 

ഈ സാഹചര്യത്തിൽ സീറ്റ് നിർണ്ണയഘട്ടത്തിൽതന്നെ നീക്കുപോക്കുകൾ ഉണ്ടാക്കാനാണ് പ്രമുഖൻമാരുടെ നീക്കം. കക്ഷി, രാഷ്ട്രീയഭേദമെന്യേ പൊതുസ്വീകാര്യൻ എന്ന ഇമേജ് സൃഷ്ടിക്കാൻ ശ്രമിക്കുന്ന നേതാക്കൻമാർ പലരും ജയിച്ചാൽതന്നെ മുഖ്യമന്ത്രി ആകാൻ വേണ്ടിആരൊക്കെ കൈ ഉയർത്തും എന്നതാണ് ഇപ്പോൾ പരിശോധിച്ചുകൊണ്ടിരിക്കുന്നത്. പണ്ടത്തെപ്പോലെ ഗ്രൂപ്പിന്റെ പേരിലുള്ള ചേരിതിരിവ് ഇപ്പോൾ പാർട്ടിയിൽ ഇല്ലെങ്കിലും വ്യക്തികേന്ദ്രീകൃതമായ ഫോർമുലകളും നെക്സസ് രൂപീകരണവും ഇപ്പോഴുമുണ്ട്. ഇവിടെആരുടെ പിന്തുണ ആർക്ക് എന്ന ്ഒരു നേതാവിനും തറപ്പിച്ച് പറയാൻ സാധിക്കുന്നില്ല. എല്ലാം ഒരു വിശ്വാസത്തിന്റെ പുറത്ത് പോകുന്നു എന്നുമാത്രം. 

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം തമ്മിൽത്തല്ലും കാലുവാരലുമൊന്നും പുത്തരിയല്ല. അത് എല്ലാക്കാലത്തും അങ്ങിനെ തന്നെയാണ്. സീറ്റ് കിട്ടുന്നിടംവരെ ഒരു തമ്മിൽത്തല്ല്. അതുകഴിഞ്ഞ് ജയിക്കുന്നിടംവരെ ചില പിന്നിൽ നിന്നും കുത്തലുകൾ. ജയിച്ചുകഴിഞ്ഞാൽ പിന്നെ അധികാരസ്ഥാനങ്ങൾക്കുവേണ്ടിയുള്ള വടംവലിയും പിണങ്ങിപ്പോക്കും. എന്തൊക്കെയുണ്ടെങ്കിലും എൽ.ഡി.എഫ്. കഴിഞ്ഞാൽ യു.ഡി.എഫ്., യു.ഡി.എഫ്. കഴിഞ്ഞാൽ എൽ.ഡി.എഫ്. എന്ന ഫോർമുല 2021 വരെ കൃത്യമായി വർക്കായിരുന്നു. എന്നാലിപ്പോൾ കാര്യങ്ങൾ അത്രകണ്ട് പന്തിയല്ല എന്ന് യു.ഡി.എഫ്. നേതൃത്വം വിശിഷ്യാ കോൺഗ്രസുകാർ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുന്നേതന്നെ ഐക്യസമവാക്യങ്ങൾ രൂപീകരിക്കാനും വിജയം ഉറപ്പാക്കാനുമുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 


ബി.ജെ.പിക്ക് ഈ വീട്ടിൽ എന്ത് കാര്യം ? 

സംസ്ഥാനഭരണം ആര് പിടിക്കും എന്ന് ചർച്ച ചെയ്യുന്നിടത്ത് ബി.ജെ.പിയെ വലിച്ചിടേണ്ട കാര്യമില്ല. കാരണം, നിലവിലെ സാഹചര്യത്തിൽ ബി.ജെ.പിക്ക് കേരള‘ഭരണത്തെക്കുറിച്ച ്സ്വപ്നം കാണാൻ പോലും സാധിക്കില്ല. അതായത് ബി.ജെ.പിക്ക് സ്വയം ജയിച്ച് മുന്നേറാൻ സാധിക്കില്ല എന്ന് സാരം. എന്നുകരുതി അവരെ എഴുതിത്തള്ളാനാകില്ല. കേരളത്തിലെ പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് ജയിക്കാൻ സാധിച്ചില്ലെങ്കിലും പലരേയും തോൽപ്പിക്കാൻ സാധിക്കും. ഇതുമുന്നിൽ കാണുന്ന കോൺഗ്രസ് നേതാക്കൻമാരിൽ ചിലർ ബി.ജെ.പി. നേതൃത്വത്തിലെ ചിലരുമായി രഹസ്യചർച്ചകൾ നടത്തുന്നുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. അതായത്, തങ്ങൾക്ക് ഉറപ്പായും ജയിച്ചുപോരേണ്ട സീറ്റുകളിൽ ബി.ജെ.പി. സ്ഥാനാർത്ഥികൾ ദുർ ബലരോ വിന്നബിൾ അല്ലാത്തവരോ ആയിരിക്കണം എന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട് എന്നുസാരം. 

എന്നാൽ പണ്ടത്തെ കളികളൊന്നും ഇപ്പോൾ ഫലം കാണില്ലെന്ന് മാരാർജി ഭവനിലെ ചില മുതിർന്ന നേതാക്കളും ആർ.എസ്.എസ്. നേതൃത്വവും തറപ്പിച്ച് പറയുന്നു. വെടക്കാക്കി തനിക്കാക്കുക എന്ന ഫോർമുലയാണ് കേരളത്തിൽ ബി.ജെ.പി. പയറ്റുന്നത്. ഇടതുവലതുമുന്നണികളിൽ നിന്നും പെട്ടെന്ന് മൂന്നാം ബദലിലേക്ക് ഒരു ഷിഫ്റ്റ് കേരളത്തിൽ പോസിബിൾ അല്ല. അതുകൊണ്ടുതന്നെ ഇടതുമുന്നണിക്ക് ഒരവസരംകൂടി നൽകി ജനം അവരെ നിഷ്കാസനം ചെയ്യുന്ന സാഹചര്യവും അതിലൂടെ കോൺഗ്രസ്, യു.ഡി.എഫ്. സംവിധാനങ്ങൾ തകർന്നടിയുന്ന സാഹചര്യവും സൃഷ്ടിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട. അതിനായി യു.ഡി.എഫ്. ജയത്തേക്കാൾ ബി.ജെ.പി. താത്പര്യപ്പെടുന്നത്
ഇടതിന്റെ ഹാട്രിക് ആയിരിക്കും. ഒപ്പം സംസ്ഥാനത്തെ തങ്ങളുടെ സീറ്റുനില 2-5 എന്ന നിലയിലേക്ക് ഉയർത്തുകയും വോട്ടുവിഹിതം 25 ശതമാനത്തിലേക്ക് എത്തിക്കുകയും വേണം. ബി.ജെ.പി.സംസ്ഥാന നേതൃത്വത്തെ സംബന്ധിച്ചിടത്തോളം അഞ്ച് സീറ്റ് നേടുന്നതിനൊപ്പം തന്നെ പ്രധാനമാണ് പത്തോളം സീറ്റുകളിൽ രണ്ടാമത് എത്തുക എന്നത്. അത് സംഭവിച്ചാൽ പിന്നെ ഏറിയാൽ പത്തുകൊല്ലം. സംസ്ഥാന സെക്രട്ടറിയേറ്റിൽ കാവിക്കൊടി പാറിക്കാനാകും. ഇതാണ് ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഇതിന്റെ ആദ്യപടിയായിട്ടാണത്രെ മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img