04:35am 15 July 2026
NEWS
കറുത്തവർ നിരത്തിൽ നേർക്കുനേർ; വർണ്ണവിവേചനത്തെ തകർത്ത സൗത്താഫ്രിക്കയിൽ സംഭവിക്കുന്നത്
14/07/2026  11:37 AM IST
കല്ലമ്പലം അൻസാരി
കറുത്തവർ നിരത്തിൽ നേർക്കുനേർ; വർണ്ണവിവേചനത്തെ തകർത്ത സൗത്താഫ്രിക്കയിൽ സംഭവിക്കുന്നത്

വർണ്ണവിവേചനത്തിന്റെ ഇരുളടഞ്ഞ യുഗത്തെ തൂത്തെറിഞ്ഞ് ചരിത്രത്തിൽ പുതു അധ്യായം രചിച്ച രാജ്യമാണ് സൗത്താഫിക്ക. മഹാത്മാഗാന്ധി അവിടെ നിന്ന് കൊളുത്തിയ ചെറിയ തിരിനാളമാണ് ഇൻഡ്യൻ സ്വാതന്ത്ര്യസമരത്തെ അഗ്നിയായി ജ്വലിപ്പിച്ച് ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ചത്. പിന്നീട് ചരിത്ര നിയോഗത്തിൽ നെൽസൺ മണ്ടേല ഏറ്റെടുത്ത് സൗത്താഫിക്കയിൽ നടത്തിയ ഐതിഹാസികമായ സമരം 1994 ൽ വെളുത്ത വർഗ്ഗക്കാരന്റെ ന്യൂനപക്ഷ ഭരണം സൗത്താഫ്രിക്കയിൽ എന്നന്നേക്കുമായി അവസാനിപ്പിച്ചു. വർണ്ണവിവേചനത്തിനിപ്പുറം മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ കറുത്തവർഗ്ഗക്കാർ മറ്റിടങ്ങളിൽ നിന്നുള്ള കറുത്തവർഗ്ഗക്കാരെ ആട്ടിയോടിക്കുന്ന പുതുചരിത്രമാണ് ഇന്നത്തെ സൗത്താഫ്രിക്കയിൽ വിരചിക്കപ്പെടുന്നത്.

പാവപ്പെട്ട ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് സമ്പന്നതയുടെ മടിത്തട്ട് തേടി സൗത്താഫ്രിക്കയിലേക്ക് കുടിയേറിയ ഇതര ആഫ്രിക്കൻ വംശജരായ അനധികൃത കുടിയേറ്റക്കാർ ഉടനടി രാജ്യം വിട്ടുകൊള്ളാൻ സൗത്താഫ്രിക്കൻ സർക്കാർ ഈയിടെ അന്ത്യശാസനം പുറത്തിറക്കി. തുടർന്ന് സൗത്താഫ്രിക്കൻ വംശജരായ കറുത്തവർഗ്ഗക്കാർ കൂട്ടത്തോടെ പൊതുനിരത്തിലെത്തി കുടിയേറ്റക്കാരെ കൈകാര്യം ചെയ്യുന്ന നിരവധി സംഭവങ്ങൾ തുടരെ തുടരെ റിപ്പോർട്ട് ചെയ്യപ്പെടുകയാണ് ഇപ്പോൾ. അമേരിക്കയിലും, യൂറോപ്പിലും പടർന്നുപിടിച്ചിരിക്കുന്ന കുടിയേറ്റത്തിനെതിരായുള്ള സംഘടിത നീക്കങ്ങൾ അതേപടി പകർത്തപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇന്ന് സൗത്താഫ്രിക്കയിലുള്ളത്.
ഇക്കഴിഞ്ഞ ജൂൺ ആദ്യവാരത്തിലാണ് സൗത്താഫ്രിക്കയിലെ അനധികൃത കുടിയേറ്റക്കാരെ കൈകാര്യം ചെയ്യാനുള്ള നടപടികൾ പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്റ് സിറിൽ റാംഫോസാ രംഗത്ത് വന്നത്. അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നിർദ്ദേശങ്ങൾ പ്രസിഡന്റിന്റെ പ്രസ്താവനയിലുണ്ട്. കുടിയേറ്റ രേഖകളില്ലാത്തവരെ തൊഴിലിടങ്ങളിൽ നിയമിച്ചാൽ തൊഴിൽദായകരെ ജയിലിലടക്കുമെന്നായിരുന്നു ഒരു പ്രഖ്യാപനം. ഇത്തരത്തിലുള്ളവരെ അറസ്റ്റ് ചെയ്ത് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കി നാടുകടത്തുമെന്നും റാംഫോസാ പ്രഖ്യാപിച്ചു. ഈ സാഹചര്യം ഒഴിവാക്കാൻ ആഫ്രിക്കൻ രാജ്യങ്ങൾ അവരുടെ പൗരന്മാരെ എത്രയും വേഗം സൗത്താഫ്രിക്കയിൽ നിന്ന് തിരിച്ചുകൊണ്ടു പോകണമെന്നും നിർദ്ദേശമുണ്ട്. 

സൗത്താഫ്രിക്കൻ സമൂഹത്തിൽ വലിയ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്ന അന്ത്യശാസനയായിരുന്നു സിറിൽ റാംഫോസായുടേത്. ആയിരക്കണക്കിന് കുടിയേറ്റക്കാർ ഇതിനകം തന്നെ സൗത്താഫ്രിക്ക ഉപേക്ഷിച്ച് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോയി. പല സർക്കാരുകളും അവരവരുടെ നൂറുകണക്കിന് പൗരന്മാരെ കൂട്ടത്തോടെ സൗത്താഫ്രിക്കയിൽ നിന്ന് കുടിയൊഴിപ്പിച്ച് കൊണ്ടിരിക്കുകയാണ്. തിരിച്ചുപോകാൻ മടിക്കുന്ന നൂറുകണക്കിനുപേർ തദ്ദേശിയരുടെ ആക്രമണം ഭയന്ന് സ്വന്തം വീടുകൾ ഉപേക്ഷിച്ച് സാമൂഹിക സുരക്ഷിത കേന്ദ്രങ്ങളിലേക്ക് താമസം മാറ്റിയിരിക്കുന്നു. സൗത്താഫ്രിക്കയുടെ പ്രധാന പട്ടങ്ങളായ കേപ്ടൗൺ, ഡർബാൻ എന്നിവിടങ്ങളിൽ ഉൾപ്പെടെ കുടിയേറ്റ വിരുദ്ധ വിജിലാന്റി സംഘങ്ങൾ വീടുകയറി ഭീഷണി മുടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. കേപ്ടൗണിൽ രണ്ട് മൊസാംബിക് വംശജർ കൊല്ലപ്പെട്ടതായും വാർത്തകൾ വന്നിരുന്നു.

ലഭ്യമായ വിവരങ്ങൾ വച്ച് സൗത്താഫ്രിക്കയിൽ ഏതാണ്ട് മുപ്പത് ലക്ഷത്തോളം കുടിയേറ്റക്കാരുണ്ടെന്നാണ് കണക്ക്. ഇവർ ഏതാണ്ട് മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനം വരും. ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. എന്നാൽ ഇതിൽപ്പെടാതെ പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ വേറെയുണ്ടെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞവർഷം മാത്രം ഏതാണ്ട് നാലരലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരെ അതിർത്തികളിൽ വച്ചുതന്നെ തടഞ്ഞ് തിരിച്ചയച്ചതായി സർക്കാർ അവകാശപ്പെടുന്നു. പതിനായിരക്കണക്കിന് ഇമിഗ്രേഷൻ ഇൻസ്‌പെക്ടർമാരെ നിയോഗിച്ച് രാജ്യത്തിനുള്ളിലെ തൊഴിലിടങ്ങളിൽ നിന്ന് പിടികൂടിയ അനധികൃത കുടിയേറ്റക്കാരുടെ സംഖ്യ വേറെയും വരും. തുച്ഛമായ ശമ്പളത്തിൽ അനധികൃതരെ കയറ്റി പണിയെടുപ്പിക്കുന്ന സ്ഥാപനങ്ങൾ വലിയ കൊള്ളലാഭമാണ് ഉണ്ടാക്കുന്നത്. ഇത്തരം ഇടങ്ങളിലേക്ക് ആളുകളെ എത്തിക്കാൻ വലിയ റിക്രൂട്ടിംഗ് ഏജൻസികൾ വരെയുണ്ട്. ഈ ഏജൻസികൾ വലിയ തുകകളാണ് വരത്തൻമാരിൽ നിന്ന് ഈടാക്കുന്നത്. കൂടാതെ സർക്കാർ തിരിച്ചറിയൽ രേഖകൾ വ്യാജമായി സൃഷ്ടിച്ച് അനധികൃത കുടിയേറ്റക്കാർക്ക് നൽകുന്ന വലിയ റാക്കറ്റും നിലവിലുണ്ട്.

കൊളോണിയൽ വാഴ്ചയുടെ പിൻമുറക്കാരായ ആഫ്രിക്കൻ വെളുത്ത വർഗ്ഗക്കാരാണ് 1948 ൽ വർണ്ണവിവേചനത്തിലടിസ്ഥാനപ്പെടുത്തിയുള്ള ഭരണം സൗത്താഫ്രിക്കയിൽ ഔദ്യോഗികമാക്കിയത്. അവരുടെ നാഷണൽ പാർട്ടി സർക്കാർ 1950 ൽ കൊണ്ടുവന്ന പോപ്പുലേഷൻ രജിസ്‌ട്രേഷൻ ആക്ട് അനുസരിച്ചാണ് സൗത്ത് ആഫ്രിക്കൻ ജനതയെ, വെളുത്തവർ, കറുത്തവർ, മിത്രിർ (അല്ലെങ്കിൽ ഇൻഡ്യാക്കാർ) എന്നീ മൂന്ന് വിഭാഗങ്ങളായി തിരിച്ചത്. ഈ വിഭാഗങ്ങൾ തമ്മിലുള്ള വിവാഹബന്ധവും ലൈംഗിക ബന്ധവും വരെ നിയമപരമായി നിരോധിക്കപ്പെട്ടു. രാജ്യത്തെ ഭൂസ്വത്തിലെ എൺപത് ശതമാനവും വെളുത്ത വർഗ്ഗക്കാർക്കായി റിസർവ്വ് ചെയ്തു. ഭരണവും, ഉയർന്ന സർക്കാർ ഉദ്യോഗങ്ങളും, വെളുത്തവർഗ്ഗക്കാരുടെ കുത്തകയായി. പല തദ്ദേശീയ കറുത്ത ഗോത്രങ്ങൾക്കും തങ്ങളുടെ ആഫ്രിക്കൻ ഐഡന്റിറ്റിയും, പൗരത്വവും നിഷേധിക്കുന്ന നിയമങ്ങൾ അപ്പാർതീഡ് സർക്കാർ പാസ്സാക്കി നടപ്പാക്കി. പിന്നീട് വന്ന നാഷണൽ പാർട്ടിയുടെ സർക്കാരുകളെല്ലാം ഈ നിയമങ്ങൾ കർശനമായി പഠിച്ചു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വർണ്ണവിവേചനത്തിനെതിരായുള്ള സമരവും ഈ കാലഘട്ടത്തിൽ ശക്തിപ്പെട്ടുവന്നു. 1989 ൽ അധികാരത്തിൽ വന്ന എഫ്.ഡബ്ല്യു.ഡി ക്ലർക്കിന്റെ നാഷണൽ പാർട്ടി സർക്കാർ എ.എൻ.സിയുടെ നിരോധനം നീക്കിയതോടെ പുതിയ ചരിത്രസംഭവങ്ങൾക്ക് സൗത്താഫ്രിക്ക നേർസാക്ഷിയായി. 1990 ഫെബ്രുവരി വരെ നീണ്ട 27 വർഷത്തെ കാരാഗൃഹവാസത്തിനനുശേഷം നെൽസൺ മണ്ടേല പുറത്തിറങ്ങിയതോടെ വർണ്ണവിവേചനത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള ഒരു പുതിയ അധ്യായം സൗത്താഫ്രിക്കയിൽ വിരചിക്കപ്പെട്ടു. 1994 ൽ ഏപ്രിലിൽ എല്ലാ വിഭാഗങ്ങളും പങ്കെടുത്ത് നടന്ന പൊതുതിരഞ്ഞെടുപ്പിൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സൗത്താഫ്രിക്കയുടെ അധികാരം കൈയാളി. സൗത്താഫ്രിക്കൻ പാർലമെന്റിലെ 400 സീറ്റുകളിൽ 252 സീറ്റുകൾ നേടിയാണ് എ.എൻ.സി അധികാരത്തിലെത്തിയത്. ഡിക്ലർക്കിന്റെ നാഷണൽ പാർട്ടി 82 സീറ്റുകളാണ് നേടിയത്.

നെൽസൻ മണ്ടേലയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന പുതിയ സർക്കാർ പുതുയുഗ പിറവിക്ക് നാന്ദികുറിച്ചതിനോടൊപ്പം മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ വരവിനും കാരണഭൂതരായി മാറി. കൊളോണിയൽ അപ്പാർതീഡ് കാലഘട്ടങ്ങളിൽ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളെക്കാൾ മെച്ചപ്പെട്ട സാമ്പത്തികാവസ്ഥ കൈവരിച്ച സൗത്താഫ്രിക്കയിലേക്ക് മറ്റ് ആഫ്രിക്കൻ വംശജർ ആകർഷിക്കപ്പെട്ടത് സ്വാഭാവികം മാത്രമാണ്. തൊഴിലും, മെച്ചമായ വരുമാനവും സൗത്താഫ്രിക്കയിൽ ഏതാണ്ട് ഉറപ്പിക്കാവുന്ന അവസ്ഥയായിരുന്നു. 
എന്നാൽ പതിറ്റാണ്ടുകൾക്കിപ്പുറം കടുത്ത സാമ്പത്തിക വെല്ലുവിളികളെ നേരിടുകയാണ് സൗത്താഫ്രിക്ക. മൊത്തം ജനസംഖ്യയുടെ മുപ്പത് ശതമാനം തൊഴിൽരഹിതരെന്നാണ് കണക്ക്. ഒരു കാലത്ത് വെളുത്തവർഗ്ഗക്കാർ ഉടമസ്ഥാവകാശത്തിൽ ആധിപത്യം പുലർത്തിയിരുന്ന വലിയ വ്യവസായ- കച്ചവട സംരംഭങ്ങൾ പലതും പൂട്ടിപ്പോയി. അവരിൽ നല്ലൊരു ശതമാനം സമ്പത്തുമായി സുരക്ഷിതമായ താവളങ്ങൾ തേടി രാജ്യത്തിന് പുറത്തുപോയി. ചെറുകിട കച്ചവട സംരംഭങ്ങളിൽ കുടിയേറ്റക്കാരായി വന്നവർ ധനസമ്പാദനത്തിനായി കുത്തക ഉറപ്പിച്ചു. ആയിരക്കണക്കിന് സ്ഥാപനങ്ങൾ ഇങ്ങനെ സർക്കാർ ലൈസൻസുകളില്ലാതെ കൂൺപോലെ മുളച്ചുപൊന്തി. അവിടത്തെ തൊഴിലവസരങ്ങളിൽ തദ്ദേശീയർക്ക് പകരം അനധികൃത കുടിയേറ്റക്കാർ പണിക്കാരായി.

അനധികൃത കുടിയേറ്റക്കാർക്കെതിരെ സർക്കാർ പ്രഖ്യാപിച്ച നടപടികൾ ത്വരിതഗതിയിൽ പുരോഗമിക്കുമ്പോൾ തന്നെ, കുടിയേറ്റവിരുദ്ധ വിജിലാന്റി സംഘങ്ങൾ തെരുവുകളിൽ ഭീകരത സൃഷ്ടിക്കുന്നതായ നിരവധി റിപ്പോർട്ടുകളുണ്ട്. സൗത്താഫ്രിക്കൻ വംശജരായ കറുത്ത വർഗ്ഗക്കാരാണ് ഈ സംഘത്തെ നയിക്കുന്നത്. ഇക്കൂട്ടത്തിലെ കുപ്രസിദ്ധ സംഘമാണ് ഡുഡൂലാ. സുജ ഭാഷയിലുള്ള ഈ വാക്കിന്റെ അർത്ഥം 'പുറത്താക്കുക' എന്നാണ്. കുടിയേറ്റക്കാരെ സൗത്താഫ്രിക്കയിൽ നിന്ന് തുരത്തുക എന്ന ലക്ഷ്യത്തോടെ സൈനികരീതിയിലുള്ള യൂണിഫോം ധരിച്ച് ആ സംഘങ്ങൾ നിരത്തിൽ കുടിയേറ്റക്കാരെ നേരിട്ട അനവധി സംഭവങ്ങൾ ഈയിടെയുണ്ടായി. ഇവരുടെ ആക്രമണത്തിൽ രണ്ട് നൈജീരിയൻ പൗരന്മാർ കൊല്ലപ്പെട്ടതായി നൈജീരിയൻ ഗവൺമെന്റ് തന്നെ പരാതിപ്പെട്ടിട്ടുണ്ട്. 

ഒരിക്കൽ നെൽസൺ മണ്ടേല തന്റെ വർണ്ണവിവേചന വിരുദ്ധ പ്രസ്ഥാനത്തിന് ഊടും പാവും നൽകിയ സ്‌വെറ്റോ നഗരത്തിലാണ് രണ്ടുവർഷങ്ങൾക്ക് മുമ്പ് ഡൂഡുലാ പിറന്നുവീണത്. ഈ സ്‌വെറ്റോ നഗരം ഇപ്പോൾ അടക്കിഭരിക്കുന്നത് ഈ സംഘമാണ്. എ.എൻ.സിയുടെ നേതൃത്വത്തിലുള്ള സർക്കാർ സംവിധാനങ്ങൾക്ക് ഇവരെ നേരിടാനുള്ള ശക്തി പോരെന്ന് പരക്കെ അഭിപ്രായമുണ്ട്. ഡുഡൂലയെ ഒതുക്കാൻ എ.എൻ.സിക്ക് കഴിയാത്തതിന്റെ മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്. പഴയ എ.എൻ.സിക്കാരാണ് ഇപ്പോഴത്തെ ഡുഡൂല അനുഭാവികൾ. സ്‌വെറ്റോയിലും മറ്റും എ.എൻ.സിയുടെ ശക്തി ചോർന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് സൗത്താഫ്രിക്കയിലെ കറുത്തവർഗ്ഗക്കാരുടെ എൺപത് ശതമാനം വരെ പിന്തുണയുണ്ടായിരുന്ന എ.എൻ.സിക്ക് ഇന്ന് അതിന്റെ പകുതിപോലും ശക്തിയില്ല. ഒരു കുടിയേറ്റ വിരുദ്ധ സംഘടനയായി പിറന്ന ഡുഡൂല ഭാവിയിൽ അധികാരപദങ്ങളിലെത്താൻ കാലതാമസം ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്നവരുണ്ട്. വരുന്ന നവംബറിൽ അടുത്ത പൊതുതിരഞ്ഞെടുപ്പ് സൗത്താഫ്രിക്കയിൽ നടക്കും. അതിലേക്ക് നോട്ടമിട്ടാണ് ഡുഡൂലാ രംഗത്തുള്ളത്. അനുയായികളിൽ വലിയ വ്യക്തിപ്രഭാവമുള്ള സാൻഡിലെ ഡബൂലാ എന്ന ചെറുപ്പക്കാരിയാണ് ഡുഡൂലായുടെ പ്രസിഡന്റ്. സൗത്താഫ്രിക്കയുടെ ഇന്നത്തെ ദയനീയ സ്ഥിതിക്ക് കാരണം അനധികൃത കുടിയേറ്റക്കാരാണെന്ന് വ്യക്തമായി സ്ഥാപിച്ചെടുക്കാൻ ഡബൂലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ലഹരിമരുന്ന് വിപണനത്തിന്റെയും, കുറ്റകൃത്യങ്ങളുടെയും പ്രധാന കാരണക്കാർ കുടിയേറ്റക്കാരാണെന്ന് ഡബൂല ആക്ഷേപിക്കുന്നു. ഇവരുടെ പ്രചരണങ്ങൾ സൗത്താഫ്രിക്കയിലുടനീളമുള്ള കറുത്ത വർഗ്ഗക്കാർക്കിടയിൽ വലിയ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട്. 
ഇപ്പോഴത്തെ നിലയിൽ വിഷയങ്ങൾ പടർന്നുപന്തലിച്ചാൽ വലിയ ക്രമസമാധാന പ്രശ്‌നങ്ങളിലേക്കും, കറുത്തവൻ കറുത്തവനെത്തന്നെ പൊതുനിരത്തിൽ നേരിടുന്നതിന്റെ നേർചിത്രങ്ങളിലേക്കായിരിക്കും സൗത്താഫ്രിക്ക ചെന്നെത്തും.

 

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img