05:44am 13 October 2025
NEWS
ഐ.എ.എസ്-ഐ.പി.എസ് അസ്സോസിയേഷൻ പ്രസിഡണ്ടുമാരെ ദ്രോഹിക്കുന്നത് എന്തിന്? ബ്യൂറോക്രസിയുടെ ഉന്നതങ്ങളിൽ സംഭവിക്കുന്നത്
05/10/2025  08:58 AM IST
ചെറുകര സണ്ണീലൂക്കോസ്
ഐ.എ.എസ്-ഐ.പി.എസ് അസ്സോസിയേഷൻ  പ്രസിഡണ്ടുമാരെ ദ്രോഹിക്കുന്നത് എന്തിന്? ബ്യൂറോക്രസിയുടെ ഉന്നതങ്ങളിൽ സംഭവിക്കുന്നത്

''നിങ്ങൾ പറയുന്നത് എനിക്ക് അംഗീകരിക്കാനാവില്ല. എന്നാൽ അത് പറയാനുള്ള നിങ്ങളുടെ അവകാശത്തെ മരണം വരെ ഞാൻ സംരക്ഷിക്കും. 'The Friends of Voltair' എന്ന ജീവചരിത്രഗ്രന്ഥത്തിൽ SG Talletyre 1906 ൽ എഴുതിയ വാചകങ്ങളാണ് ഇത്. അപ്രിയമായതുപറയുന്നതുവരെ ശാരീരികമായി ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ച് അത്യാവശ്യം ലോക വിവരവും അറിവുമുണ്ടെന്ന് ധരിച്ചിരുന്ന ചിലരുടെ പോസ്റ്റുകളും കമന്റുകളും വായിക്കാനിടയായപ്പോൾ ഒന്നോർത്തുപോയി: 1906 എവിടെ? കേരളം 2025 ൽ എവിടെ?''
ഇങ്ങനെ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ(2025 സെപ്റ്റംബർ ഒന്നിന്) ചോദിച്ചത് കേരള കേഡറിലുള്ള ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. എൻ. പ്രശാന്ത് എന്ന ഈ സീനിയർ ഐ.എ.എസ് ഓഫീസർ പക്ഷേ കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിരിക്കെ 2024 നവംബർ 11 മുതൽ സസ്‌പെഷൻഷനിലാണ്.

എൻ. പ്രശാന്തിന്റെ കുറിപ്പ് ഒട്ടും അതിശയോക്തിപരമല്ല. 1957 ൽ കേരളത്തിൽ ആദ്യത്തെ മന്ത്രിസഭ നിലവിൽ വന്നതുമുതൽ ഇന്നേവരെ ഒരു മന്ത്രിസഭയും ചെയ്യാത്തവിധം തങ്ങളുടെ രാഷ്ട്രീയ ഇച്ഛയ്ക്കും താൽപ്പര്യങ്ങൾക്കും കൂട്ടുനിൽക്കാത്ത അനഭിമതരായ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരെ മനപ്പൂർവ്വം ദ്രോഹിക്കുന്നു എന്നത് 2025 ൽ ഭരണപരമായ ഒരു സാധാരണ നടപടി മാത്രമായി മാധ്യമങ്ങളും സമൂഹവും കാണുന്നതിലുള്ള അമർഷമാകാം പ്രശാന്ത് പ്രകടിപ്പിച്ചത്.

അഴിമതിക്കും അധികാര ദുർവിനിയോഗത്തിനും ഭരണാധികാരികൾക്ക് സ്തുതിപാടുന്നതിനും കുപ്രസിദ്ധിയാർജ്ജിച്ച ചില ഉന്നത ഉദ്യോഗസ്ഥരെ വഴിവിട്ട നിലയിൽ സംരക്ഷിച്ചുചേർത്തുപിടിക്കുമ്പോഴാണ് ഭരണനിർവ്വഹണത്തിലെ ചില അപ്രിയ സത്യങ്ങൾ തുറന്നു പറഞ്ഞതിന്റെയും നീതിപൂർവ്വകമായ നടപടികൾ സ്വീകരിച്ചതിന്റെയും പേരിൽ സംസ്ഥാന ഐ.എ.എസ് അസോസിയേഷൻ പ്രസിഡന്റ് ബി. അശോകിനേയും, സംസ്ഥാന ഐ.പി.എസ് അസോസിയേഷൻ പ്രസിഡന്റ് യോഗേഷ് ഗുപ്തയേയും പിന്തുടർന്ന് ദ്രോഹിക്കുകയും വിദ്വേഷ നടപടി സ്വീകരിക്കുകയും ചെയ്യുന്നത്.

സംസ്ഥാനത്തെ പ്രമാദമായ പല രാഷ്ട്രീയ വിഷയങ്ങളിലും സർക്കാരിനുവേണ്ടി പോലീസിനെ ഉപയോഗിക്കുന്നതും രാഷ്ട്രീയമായ  ഇടപെടലുകൾ നടത്തുന്നതും പൊളിറ്റിക്കൽ സെക്രട്ടറി തുടങ്ങി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏതാനും ചിലരാണെങ്കിലും ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കാര്യങ്ങളിൽ ഇടപെടൽ നടത്തുന്നവരല്ല അവരുടെ കാര്യങ്ങളിൽ സ്വാധീനിക്കപ്പെടുന്നത്. സൂപ്പർ മുഖ്യമന്ത്രിയെന്ന് സെക്രട്ടറിയേറ്റിൽ അടക്കം പറയപ്പെടുന്ന മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിന്റെ താൽപ്പര്യങ്ങളാണ്. ഡോ. ബി. അശോക് ഐ.എ.എസിനും യോഗേഷ് ഗുപ്ത ഐ.പി.എസിനും എതിരേയുള്ള ഭരണനടപടികളും നിയമയുദ്ധവും ഡോ. എബ്രഹാമിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടക്കുന്നത്.

2017 ഓഗസ്റ്റിൽ കേരള ചീഫ് സെക്രട്ടറിയായ കെ.എം. എബ്രഹാം 2017 ഡിസംബറിൽ വിരമിച്ചെങ്കിലും എട്ടുവർഷം ആയിട്ടും കേരള ഭരണത്തിന്റെ ചുക്കാൻ മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്റെ കൈകളിലാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്നതിനുപുറമെ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB)  ന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ എക്‌സിക്യുട്ടീവ് വൈസ് ചെയർപേഴ്‌സണും ഇദ്ദേഹം തന്നെയാണ്.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്‌സിസ്റ്റ് പാർട്ടിയുടെ കേരളഘടകനേതാക്കളിൽ പാർട്ടിയുടെ നയത്തിൽ വ്യതിയാനം വരുത്താൻ ഇത്രയും സ്വാധീനം ചെലുത്തിയ മറ്റൊരാളുണ്ടാവില്ല. 1996-2001 നായനാർ മന്ത്രിസഭയുടെ കാലത്ത് ടി. ശിവദാസമേനോൻ ധനമന്ത്രിയായിരിക്കുമ്പോൾ ധനവകുപ്പ് സെക്രട്ടറിയായിരുന്ന കെ.എം. എബ്രഹാമാണ് മോഡണൈസിംഗ് ഗവൺമെന്റ് പ്രോഗ്രാം എന്ന ധനകാര്യ ഭരണപരിഷ്‌ക്കരണ നടപടിക്ക് ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ(എ.ഡി.ബി) ധനസഹായം നേടിയെടുക്കുന്നത്. ഈ പ്രോഗ്രാമിന് നെതർലാൻഡ് ഗവൺമെന്റിന്റെയും യു.കെ. ഗവൺമെന്റിന്റെയും അനുബന്ധ ഗ്രാന്റ് മേടിച്ചതും ഇദ്ദേഹത്തിന്റെ ഇടപെടലിലായിരുന്നു.

2014 ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കെ.എം. മാണി ധനകാര്യവകുപ്പുമന്ത്രിയായിരിക്കെ വീണ്ടും ധനവകുപ്പ് സെക്രട്ടറിയായി. 2016 ലെ ഭരണമാറ്റത്തിനുശേഷം ഡോ. തോമസ് ഐസക്ക് ധനമന്ത്രിയായപ്പോൾ ധനസെക്രട്ടറി പദവിയിൽ തുടർന്ന കെ.എം.എബ്രഹാമും മന്ത്രിയും ചേർന്ന് നവ ഉദാരവൽക്കരണ സാമ്പത്തിക നയങ്ങളുടെയും വിപണിയുടെയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള വൻസാമ്പത്തിക പരിഷ്‌ക്കരണ നടപടികൾക്ക് മുതിർന്നു. 2016 ൽ തന്നെ കിഫ്ബി ആക്ട് ഭേദഗതി ചെയ്തു. ഒരു സ്റ്റാറ്റിയൂട്ടറി ബോഡിയായിരുന്ന കിഫ്ബിയെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി പുനഃസംഘടിപ്പിച്ചു. ആർ.ബി.ഐയുടെ നിയന്ത്രണങ്ങൾ മറികടന്നു വിദേശത്തുനിന്ന് വൻതുകകളും വായ്പ സ്വരൂപിക്കുകയായിരുന്നു ലക്ഷ്യം. ഫലത്തിൽ കിഫ്ബി എന്നത് സർക്കാരിന്റെ തന്നെ സ്വകാര്യവൽക്കരണമായി മാറുകയായിരുന്നു.

ആഗോള കാപ്പിറ്റൽ മാർക്കറ്റുമായുള്ള കെ.എം. എബ്രഹാമിന്റെ അടുപ്പവും പരിചയവും ഒന്നാം പിണറായി സർക്കാരും രണ്ടാം പിണറായി സർക്കാരും വളരെയേറെ ഉപയോഗപ്പെടുത്തി. കേരളത്തിൽ പല വികസന പദ്ധതികളിലേക്കും വായ്പ നൽകുന്നവരെ സഹായിക്കാനെത്തുന്ന കൺസൾട്ടൻസികളാണ് വായ്പാ ഏജൻസിക്കുവേണ്ട നിബന്ധനകൾ കേരളത്തിന് ഗുണകരമെന്ന നിലയിൽ എഴുതിച്ചേർക്കുന്നത്. കൺസൾട്ടൻസികൾ വരുന്നതിൽ എബ്രഹാമിന് ഒരു പ്രധാന റോളുണ്ട്. 2021 ആദ്യം കാരവൻ മാസിക പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് വായിച്ചാലറിയാം സർക്കാരിന്റെ നയരൂപവൽക്കരണ ഉദ്യോഗസ്ഥരെ അന്താരാഷ്ട്ര ഏജൻസികൾ സ്വാധീനിക്കുന്നതിനെക്കുറിച്ച്. നവകേരളത്തിനുള്ള പാർട്ടിയുടെ കാഴ്ചപ്പാട് എന്ന രേഖയുടെ സ്രഷ്ടാവും കെ.എം. എബ്രഹാമാണെന്നത് ഒരു രഹസ്യമേയല്ല.

കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലേറെക്കാലമായി കെ.എം. എബ്രഹാം എന്ന പ്രബലന്റെ അപ്രീതിക്കുപാത്രമായ ഉദ്യോഗസ്ഥരൊക്കെ അതിന് വലിയ വിലകൊടുക്കേണ്ടി വന്നിട്ടുണ്ട്. ഉമ്മൻചാണ്ടി സർക്കാരിന് വലിയ തലവേദന സൃഷ്ടിച്ച ഉദ്യോഗസ്ഥനെന്ന നിലയിൽ എ.ഡി.ജി.പി ജേക്കബ് തോമസിനോട് 2016 ൽ അധികാരത്തിലെത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക വാത്സല്യവും കരുതലുമായിരുന്നു. ആ സ്വാതന്ത്ര്യത്തിൽ കെ.എം. എബ്രഹാമിനോട് ഏറ്റുമുട്ടാൻ പോയ ശേഷം ജേക്കബ് തോമസ് ഐ.പി.എസിന് എത്ര സസ്‌പെൻഷൻ ലഭിച്ചു എന്നത് ഐ.പി.എസ് കേഡറിലെ റിക്കോർഡ് ആയിരിക്കും.

കെ.എം. എബ്രഹാം എന്ന അധികാരകേന്ദ്രത്തിൽ ശത്രുസംഹാരലിസ്റ്റിൽ ഒടുവിലത്തെ ഹതഭാഗ്യരാണ് സംസ്ഥാന ഐ.എ.എസ് അസ്സോസിയേഷൻ പ്രസിഡന്റ് ബി. അശോകും ഐ.പി.എസ് അസോസിയേഷൻ പ്രസിഡന്റ് യോഗേഷ് ഗുപ്തയും. പ്രിൻസിപ്പൽ സെക്രട്ടറി(കൃഷി) പദവിയിലുള്ള ഡോ. ബി.അശോകിനും ഡിജിപി റാങ്കിൽ ഫയർ സർവ്വീസ് ഡയറക്ടർ ജനറലായി നിയമിതനായ യോഗേഷ് ഗുപ്തയ്ക്കും എതിരേയുള്ള ഭരണനടപടികളും നിയമയുദ്ധവും ഡോ.കെ.എം. എബ്രഹാമിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടക്കുന്നത് എന്നാണ് സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്കിൽ നിന്നുള്ള സൂചനകൾ.

കൃഷിവകുപ്പിന്റെ കേര(കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ പ്രോജക്ട്) പദ്ധതി നടപ്പാക്കുന്നതിനായി ലോകബാങ്ക് കേന്ദ്ര സർക്കാർ വഴി കേരള സംസ്ഥാനത്തിന് മുൻകൂറായി കൈമാറിയ 150 കോടിയോളം രൂപ പദ്ധതിയിലേക്ക് കൈമാറ്റം ചെയ്യാതെ വകമാറ്റിയ നടപടി ഈ വർഷം ഏപ്രിൽ അവസാനം പത്രവാർത്തകളിലൂടെ വിവാദമായിരുന്നു.
2024 ഒക്‌ടോബർ 31 ന് ആണ് ലോകബാങ്ക് 2366 കോടി രൂപയുടെ കേരപദ്ധതി അംഗീകരിച്ചത്. 1655 കോടി ലോകബാങ്ക് സഹായവും 710 കോടി രൂപ സംസ്ഥാന വിഹിതവുമാണ്. 2025 ഫെബ്രുവരി 3 ന് പ്രവർത്തനം തുടങ്ങിയിരുന്ന പദ്ധതിക്ക് 2025 മാർച്ച് 17 ന് ആദ്യഗഡു കൈമാറി. ഇത്തരം പദ്ധതികൾക്കായി ഒരു സംസ്ഥാനത്തും ലോകബാങ്ക് മുൻകൂർ പണം നൽകാറില്ല. കേരളത്തിന് മാത്രമാണ് ഇത്രയും തുക മുൻകൂറായി അനുവദിച്ചത്. നൽകിയ പണം ഏഴുദിവസത്തിനുള്ളിൽ പദ്ധതിയിലേക്ക് കൈമാറ്റം ചെയ്യണമെന്ന കർമ്മനിർദ്ദേശമാണ് ലോകബാങ്ക് മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ ഈ നിർദ്ദേശം പാലിക്കാതെ സർക്കാർ സാമ്പത്തിക വർഷത്തിന്റെ അവസാനത്തെ ചെലവുകൾക്കായി ഈ പണം ധനവകുപ്പ് വകമാറ്റിയെന്നായിരുന്നു ആക്ഷേപം. തുക വകമാറ്റിയതോടെ ലക്ഷക്കണക്കിന് കർഷകർക്ക് സഹായം ലഭിക്കേണ്ട പദ്ധതി പ്രതിസന്ധിയിലായി.

ഇങ്ങനെയൊരു വാർത്ത, മാധ്യമങ്ങളിൽ വന്നത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയെ പ്രകോപിപ്പിച്ചു. ഡോ. കെ.എം. എബ്രഹാം പത്രവാർത്തകളുടെ കട്ടിംഗുകൾ സഹിതം 30-7-2025 ന് ചീഫ് സെക്രട്ടറി വഴി കൃഷിവകുപ്പിൽ അന്വേഷണം ആവശ്യപ്പെട്ടു. ഇതിനുപുറമെ കൃഷിവകുപ്പ് മന്ത്രി, കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് വസ്തുതകൾ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടു.

ബി.അശോക്, കൃഷിമന്ത്രിക്ക് ഓഗസ്റ്റ് മാസം വിശദമായ റിപ്പോർട്ട് കൈമാറി. താൻ പരിശോധിച്ച പത്രകട്ടിംഗുകൾ ഡോ. എബ്രഹാം കുറിപ്പിൽ പറഞ്ഞ ഇ മെയിലിന് മുൻപുള്ളതാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം നിരോധിച്ചതാണ് എന്നു എബ്രഹാം പറയുന്ന ഇ മെയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും എബ്രഹാം കൃഷിവകുപ്പിനോട് അന്വേഷണം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്ക് നൽകിയ കുറിപ്പിനോടൊപ്പം ചേർത്തിരുന്ന ഇ മെയിൽ പകർപ്പ്, അനധികൃതമായി പദ്ധതിരേഖകളിൽ നിന്നും ചോർത്തിയെടുത്തതാണെന്നും ഡോ. അശോക് കൃഷിമന്ത്രിയെ ധരിപ്പിച്ചു. വാർത്ത പുറത്തുകൊടുത്തത് ഡോ. അശോക് ആണെന്നാണ് എബ്രഹാം മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നത്. എന്നാൽ ലോകബാങ്ക് പ്രതിനിധി കൃഷിവകുപ്പിലേക്ക് അയച്ച ഇമെയിലിന്റെ പകർപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃതമായി കൈവശപ്പെടുത്തിയെന്ന് ഡോ. അശോക് തെളിവുകൾ നിരത്തിയകാര്യം കൃഷിമന്ത്രിയിൽ നിന്ന് മുഖ്യമന്ത്രിയടക്കം അറിഞ്ഞ പാടെ ഡോ. അശോകിനെ സർക്കാരിൽ നിന്നൊഴിവാക്കി അടച്ചു പൂട്ടാറായ കെ.ടി.ഡി.എഫ്.സി ചെയർമാൻ പോസ്റ്റിലേക്ക് നിയമിക്കുകയായിരുന്നു.

കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കാർഷികോൽപ്പാദന കമ്മീഷണർ, കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ പദവികൾ വഹിച്ചിരുന്ന ഡോ. ബി അശോകിനെ 2025 ജനുവരി ആദ്യം മാറ്റിയത് ഐ.എ.എസ് കേഡറിന് പുറത്തുള്ള തസ്തികയിലേക്കായിരുന്നു. തദ്ദേശ ഭരണപരിഷ്‌ക്കാര കമ്മീഷൻ എന്ന അതുവരെയില്ലാത്ത ഒരു സംവിധാനം പെട്ടെന്ന് തട്ടിക്കൂട്ടി അതിന്റെ അധ്യക്ഷനായിട്ടായിരുന്നു നിയമിച്ചത്. കൃഷിമന്ത്രി പോലും അറിയാത്തതായിരുന്നു ഈ ഏർപ്പാട്. മന്ത്രിസഭയിൽ വിഷയം എത്തിയപ്പോഴാണ് മന്ത്രി വിവരം അറിയുന്നത്.
ലോകബാങ്കിന്റെ 2,650 കോടിയുടെ പദ്ധതിക്കുവേണ്ടി ഡോ. അശോക് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി അറിയാതെ മുൻകൈ എടുത്തതും, പദ്ധതി 2024 ഒക്‌ടോബർ അവസാനം ലോകബാങ്ക് അംഗീകാരം ലഭിച്ചതും കെ.എം. എബ്രഹാമിന് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ലത്രേ. വിദേശ ധനസഹായമുള്ള പദ്ധതികൾ ഒക്കെ കൊണ്ടുവരുവാൻ, താനുള്ളപ്പോൾ മറ്റൊരു ഐ.എ.എസുകാരൻ അതിനു തുനിഞ്ഞതാവാം എബ്രഹാമിനെ ചൊടിപ്പിച്ചത് എന്നാണ് ഐ.എ.എസുകാർക്കിടയിലെ സംസാരം. ലോകബാങ്ക് തുകയുടെ ആദ്യഗഡു ലഭിക്കുന്നതിന് തൊട്ടുമുൻപാണ് 2025 ജനുവരി ആദ്യം ഡോ. അശോകിനെ മനപ്പൂർവ്വം ഉന്നമിട്ട് തദ്ദേശ ഭരണപരിഷ്‌ക്കാര കമ്മീഷന്റെ രൂപീകരണവും അദ്ധ്യക്ഷപദവി ഏൽപ്പിക്കലും നടക്കുന്നത്.

ഐ.എ.എസ് കേഡറിനുപുറത്തുള്ള തസ്തികയിൽ നിയമിക്കുമ്പോൾ ഉദ്യോഗസ്ഥരിൽനിന്ന് മുൻകൂർ അനുമതി വാങ്ങണമെന്ന സുപ്രീംകോടതി ഉത്തരവുപാലിക്കപ്പെട്ടില്ല. കമ്മീഷൻ അധ്യക്ഷനായി നിയമിക്കുന്നതിന് മുൻപോ ശേഷമോ സർക്കാരിന്റെ ഭാഗത്തുനിന്നു അശോകുമായി ആശയവിനിമയം ഉണ്ടായില്ല. സർക്കാരിൽ ഭരണപരമായ ചുമതലകൾ നിർവ്വഹിക്കുന്ന കേഡർ തസ്തികയിൽ നിന്ന് ഉദ്യോഗസ്ഥനെ പുറത്തേക്ക് മാറ്റുമ്പോൾ കേന്ദ്ര സർക്കാരിനെ അറിയിക്കണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ല. സ്വാഭാവികമായും തനിക്കുള്ള നീതിനിഷേധത്തിനെതിരെ ഡോ. അശോക് സെൻട്രൽ അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും ട്രൈബ്യൂണൽ പുതിയ നിയമനം റദ്ദാക്കി തൽസ്ഥിതി തുടരാൻ ഇടക്കാല ഉത്തരവിറക്കുകയും ചെയ്തിരുന്നു.

അതിനുശേഷം 'കേര' പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾക്കുചോർന്ന സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിൽ നിർത്തിയതിന്റെ പേരിലാണ് ബി.അശോകിനെ കെ.ടി.ഡി.എഫ്.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി 2025 ഓഗസ്റ്റ് 30 ന് സ്ഥലം മാറ്റിയത്. അസോസിയേഷൻ പ്രസിഡന്റ് കൂടിയായ പ്രിൻസിപ്പൽ സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥന് ജൂനിയർ ഐ.എ.എസുകാർക്ക് നൽകുന്ന തസ്തിക നൽകുന്നതിനെതിരെ ഭൂരിപക്ഷം ഐ.എ.എസുകാർക്കിടയിലും അമർഷം ശക്തമായിരുന്നു.
സർക്കാർ നടപടിക്കെതിരെ അശോക് നൽകിയ ഹർജിയിലെ ആക്ഷേപം ഗുരുതരമാണെന്നും സർക്കാരിന് തിരിച്ചടി നേരിടേണ്ടി വരുമെന്നും സ്ഥലം മാറ്റിയ നടപടി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തപ്പോൾ തന്നെ കെ.എം. എബ്രഹാമിനും കൂട്ടർക്കും മനസ്സിലായി. അശോക് സമർപ്പിച്ച ഹർജിയിൽ വാദം തുടരവേ തരംതാഴ്ത്തൽ വേണ്ടെന്നുവെച്ച് ഉദ്യോഗ പരിഷ്‌ക്കാര വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.

ബി. അശോകിനെതിരെയുള്ള ഈ മൂന്നാമത്തെ നീക്കവും പിഴച്ചു. അശോകിനെ ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റിയ ഉത്തരവും സെപ്റ്റംബർ 16 ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. കേന്ദ്രചട്ടം അനുശാസിക്കുന്ന നടപടിക്രമം തന്റെ മാറ്റങ്ങളിൽ മാത്രം തുടർച്ചയായി ലംഘിക്കുന്നുവെന്നും ചട്ടപ്രകാരം സർവ്വീസ് ബോർഡ് പരിശോധിച്ചശേഷമേ തന്റെ മാറ്റം ഉത്തരവിറക്കാവൂ എന്നുമുള്ള ഡോ. ബി.അശോകിന്റെ വാദം അംഗീകരിച്ചാണ് കൃഷിവകുപ്പിൽ തുടരാൻ അനുവദിച്ചത്.

നേരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ(വി.എസ്.എസ്.സി) ചീഫ് കൺട്രോളറായി കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകാൻ 2025 ജൂൺ 11 ന് ഡോ.ബി.അശോക് അപേക്ഷ നൽകിയപ്പോൾ അശോകിനെതിരെ ലോകായുക്തയിൽ കേസ് ഉണ്ടെന്ന് ചീഫ് സെക്രട്ടറി എ. ജയതിലക് തടസ്സം എഴുതി. കേരളം ഇങ്ങനെയൊരു റിപ്പോർട്ടാണ് നൽകിയിരിക്കുന്നത് എന്ന് കേന്ദ്രത്തിൽ നിന്നറിഞ്ഞ അശോക് ലോകായുക്തയിൽ നിന്ന് വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം എടുത്തപ്പോൾ ഒരു കേസും തന്റെ പേരിൽ ഇല്ലെന്നറിഞ്ഞു. കളവായ റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് കത്തുനൽകിയപ്പോഴാണ് വ്യക്തത വരുത്തി വിജിലൻസ് ക്ലിയറൻസ് ചീഫ് സെക്രട്ടറി നൽകിയത്.
അശോകിനെതിരെയുള്ള നീക്കങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതോടെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിയമന, സ്ഥലംമാറ്റ വ്യവസ്ഥയിൽ ഇളവുതേടി സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും നിയമിക്കാനും ബോർഡിന്റെ അനുമതി വേണമെന്ന് 2014 ലെ ഐ.എ.എസ് കേഡർ ഭേദഗതി ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേവർഷമിറങ്ങിയ ഉത്തരവിൽ സംസ്ഥാന സർക്കാരും ഈ കാര്യം അംഗീകരിച്ചിരുന്നു. ഇതിൽ മാറ്റം വരുത്താൻ സർക്കാർ പിന്നീട് ശ്രമം നടത്തിയെങ്കിലും ബോർഡിന്റെ അനുമതി നിർബന്ധമാണെന്ന് കാട്ടി 2023 നവംബറിൽ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഐ.എ.എസ് അസോസിയേഷന് അനുകൂലമായി ഇടക്കാലവിധി പുറപ്പെടുവിച്ചു. അതിനുശേഷം സർക്കാർ ഈ വ്യവസ്ഥ പാലിച്ചിരുന്നു.

രാഷ്ട്രീയലക്ഷ്യത്തോടെ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരെ നിയമിക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ സുപ്രീംകോടതി നിർദ്ദേശപ്രകാരം രൂപീകരിക്കപ്പെട്ടതാണ് സിവിൽ സർവ്വീസ് ബോർഡ്. സ്ഥലം മാറ്റങ്ങൾ നിയമനങ്ങൾ എന്നിവയിൽ മേൽനോട്ടം വഹിക്കുന്ന സമിതിയുടെ നേതൃത്വം ചീഫ് സെക്രട്ടറിക്കായിരിക്കും.
സ്ഥലംമാറ്റത്തിന് ബോർഡിന്റെ അനുമതി വേണമെന്ന ചട്ടം ഡോ. ബി.അശോകിനെ അടിയറവ് പറയിപ്പിക്കാനുള്ള ശ്രമത്തിന് തടസമാകുന്നുവെന്നുകണ്ടതോടെയാണ് ചട്ടം ഒഴിവാക്കാൻ സർക്കാർ നിയമപോരാട്ടത്തിന് ഇറങ്ങിയത്. ഐ.എ.എസ് അസോസിയേഷനെ എതിർകക്ഷിയാക്കിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഐ.എ.എസുകാർക്കെതിരെയുള്ള നീക്കത്തിന് പുറമെ ബി.അശോകിനെ സർക്കാർ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവുകൾക്കെതിരെയും സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജി നിലവിലുണ്ട്.

ഡി.ജി.പി റാങ്കുള്ള ഫയർ സർവ്വീസ് ഡയറക്ടർ ജനറൽ എങ്ങനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിരോധത്തിന് പാത്രമായി എന്ന് ഇനിയും പുറംലോകം അറിഞ്ഞിട്ടില്ല. ഡോ.കെ.എം. എബ്രഹാമിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ അനധികൃത സ്വത്തുസമ്പാദനക്കേസിൽ ഹൈക്കോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതുസംബന്ധിച്ച വിധിയിൽ നേരത്തെ കേസന്വേഷിച്ച സംസ്ഥാന വിജിലൻസിനോട് രേഖകൾ കൊച്ചി സിബിഐയ്ക്ക് കൈമാറാനും ഉത്തരവുണ്ടായിരുന്നു. ഇതിനെതിരെ ഡോ. എബ്രഹാം സുപ്രീംകോടതിയെ സമീപിച്ച് താൽക്കാലിക സ്റ്റേ നേടി. എന്നാലതിന് മുമ്പുതന്നെ വിജിലൻസ് കേസ് ഡയറി അടക്കമുള്ള രേഖകൾ സി.ബി.ഐക്ക് കൈമാറിയെന്നതാണ് യോഗേഷ് ഗുപ്തയെ പൊടുന്നനേ വിജിലൻസിൽ നിന്ന് മാറ്റാനുള്ള കാരണം.

മുമ്പ് സി.ബി.ഐയിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും(ഇ.ഡി) പ്രവർത്തിച്ചിട്ടുള്ള യോഗേഷ് ഗുപ്ത സംശുദ്ധനായ പോലീസ് ഉദ്യോഗസ്ഥൻ എന്ന് രാജ്യം മുഴുവൻ അറിയപ്പെടുന്നയാളാണ്. കൽക്കത്തയിൽ ഇദ്ദേഹം ഇ.ഡിയുടെ കിഴക്കൻ മേഖലാ മേധാവിയാരിക്കെ ശാരദ, റോസ്‌വാലി, നാരദ തുടങ്ങിയ പ്രമാദ കേസുകളിൽ നടപടിയെടുത്തയാളാണ്. യോഗേഷ് വിജിലൻസ് മേധാവിയായിരിക്കെ സർക്കാരിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെതിരെയുള്ള പകപോക്കൽ തുടരുന്നത്.
ഡി.ജി.പി തലത്തിൽ ഒട്ടേറെപ്പേരെ മാറ്റി ഉത്തരവ് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ചെങ്കിലും യോഗേഷിന്റെ മാറ്റമൊഴിച്ച് മറ്റെല്ലാം പിന്നീട് മരവിപ്പിച്ചു. 9 മാസം മാത്രമാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് ജോലി ചെയ്യാൻ യോഗേഷ് ഗുപ്തയ്ക്ക് അവസരം ലഭിച്ചത്. ഇതിനിടെ വിജിലൻസ് ആസ്ഥാനത്ത് കെട്ടിക്കിടന്ന ആയിരത്തിലേറെ ഫയലുകൾ തീർപ്പാക്കി നാലുമാസത്തിനകംമാത്രം നാൽപ്പതിലേറെ കൈക്കൂലി ട്രാപ്പുകൾ നടത്തി.

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം ഉത്തരവായത്, മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനും ജലതിലക് ഉൾപ്പെടെ 7 സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർക്കുമെതിരെ ലഭിച്ച പരാതികളിൽ സർക്കാരിന്റെ അനുമതി വാങ്ങാതെ പരിശോധനയ്ക്ക് ഉത്തരവിട്ടത്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ പുനർജനിക്കേസിൽ കഴമ്പില്ലെന്ന് കണ്ട് അന്വേഷണ അവസാനിപ്പിക്കാൻ ശുപാർശ ചെയ്ത്, കേസെടുത്തേ പറ്റൂ എന്ന് മുകളിൽ നിന്ന് നിർദ്ദേശം ലഭിച്ചെങ്കിലും അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട് നൽകിയത് തുടങ്ങിയ നടപടികളെല്ലാം യോഗേഷ് ഗുപ്തയെ സർക്കാരിന് അനഭിമതനാക്കി.

കേന്ദ്രത്തിൽ നിയമനം ലഭിക്കുന്നതിനുള്ള വിജിലൻസിന്റെ സ്ഥിതി വിവരറിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറാതെയും യോഗേഷ് ഗുപ്തയോട് സർക്കാർ പകവീട്ടി. കേന്ദ്ര സർവ്വീസിൽ ഡി.ജി.പിയായി എം.പാനൽ ചെയ്യുന്നതിനാവശ്യമായ വിജിലൻസ് ക്ലിയറൻസ് റിപ്പോർട്ട് നൽകാൻ കത്തും ഇമെയിലും വഴി 9 തവണ കേന്ദ്രം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ പരിഗണിച്ചില്ല. കഴിഞ്ഞ 10 വർഷത്തെ സേവനകാലയളവിലെ വിശദാംശങ്ങൾ ആരാഞ്ഞ് അടിയന്തിരമായി ലഭ്യമാക്കുക എന്ന നിർദ്ദേശത്തോടെ 2025 ഏപ്രിലിലാണ് കേന്ദ്രം റിപ്പോർട്ട് ആവശ്യപ്പെട്ടത്. മേയിൽ അനുകൂലമായ റിപ്പോർട്ട് അന്നത്തെ പോലീസ് മേധാവി എസ്. ദർവേഷ് സാഹിബ് ചീഫ് സെക്രട്ടറ് നൽകിയെങ്കിലും സർക്കാർ അതുപിടിച്ചുവെച്ചു. റിപ്പോർട്ട് കൈമാറണമെന്നഭ്യർത്ഥിച്ച് യോഗേഷ് ഗുപ്ത നിവേദനം നൽകിയെങ്കിലും അതും ഗൗനിച്ചില്ല. പിന്നാലെ മുഖ്യമന്ത്രിയുടെ പരാതി പരിഹാരപോർട്ടലിലും അപേക്ഷ നൽകിയെങ്കിലും മറുപടി പോലും ലഭിച്ചില്ല. ഡി.ജി.പി നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ നൽകിയെങ്കിലും അതും നിഷേധിക്കപ്പെട്ടു. തന്റെ പേരിലുള്ള റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ കഴിഞ്ഞ ജൂലൈ 18 ന് പോലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ച മറുപടി രഹസ്യമായതിനാൽ നൽകാനാവില്ല എന്നായിരുന്നു. ഇതേ മറുപടി തന്നെ ഓഗസ്റ്റ് 13 ന് പൊതുഭരണ വകുപ്പുസെക്രട്ടറിയും നൽകി. ഒടുവിൽ കേരളം വിടാനുള്ള എല്ലാ വഴികളും അടഞ്ഞപ്പോൾ യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് ഓഗസ്റ്റ് 27 ന് ഹർജി സമർപ്പിച്ചിരിക്കുകയാണ്.

എട്ടുവർഷത്തിലേറെ പിണറായി സർക്കാരിന്റെ വിശ്വസ്തനായിരുന്ന പി.വി.അൻവർ എം.എൽ.എ നൊട്ടോറിയസ് ക്രിമിനൽ എന്ന് പരസ്യമായി പലതവണ മാധ്യമങ്ങളോട് വിശേഷിപ്പിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥനെ കോടതിയുടെ രൂക്ഷവിമർശനം കേട്ടിട്ടും സംരക്ഷിച്ച് ചേർത്തുപിടിക്കുന്ന, മുഖ്യമന്ത്രിയും സർക്കാരുമാണ്, കസ്റ്റഡി മർദ്ദന ആരോപണവിധേയൻ ഡി.വൈ.എസ്.പി മധുബാബുവിന് ഡി.ജി.പിയുടെ പ്രശംസാപത്രം നൽകുന്ന അതേ സർക്കാരാണ്, മതാടിസ്ഥാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതും മൊബൈൽ ഫോൺ ഹാക്ക് ചെയ്തതായി പോലീസിന് വ്യാജപരാതി നൽകിയതും എല്ലാം ഉദാരപൂർവ്വം ക്ഷമിച്ച് കെ. ഗോപാലകൃഷ്ണൻ ഐ.എ.എസിനെ സംരക്ഷിച്ച സർക്കാരാണ് യോഗേഷ് ഗുപ്തയോടും ഡോ. ബി.അശോകിനോടും എൻ. പ്രശാന്ത് ഐ.എ.എസിനോടുമെല്ലാം ഇത്രയധികം പ്രതികാരബുദ്ധിയോടെ പെരുമാറുന്നത്.

ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ കടുത്ത ശത്രുതയ്ക്ക് പാത്രമായ പ്രശാന്തിന്റെ സസ്‌പെൻഷൻ അനന്തമായി നീണ്ടുപോയ്‌ക്കൊണ്ടേയിരിക്കുകയാണ്. പ്രശാന്ത് പക്ഷേ ഒരു അച്ചടക്കനടപടിക്കും മുമ്പിൽ വിധേയനാവാൻ തയ്യാറല്ലെന്ന വാശിയിലുമാണ്. നട്ടെല്ലുവളയ്ക്കാൻ മടിയുള്ള ഐ.എ.എസ് -ഐ.പി.എസ് ഉദ്യോഗസ്ഥർ നീതിനിഷേധത്തോടെ പൊരുതി നിൽക്കുമ്പോൾ ഒരു വിഭാഗം സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയടക്കം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി എന്ന ഐ.എ.എസ് കേഡറിന് പുറത്തുള്ള പദവി വഹിക്കുന്ന, എന്നാൽ ക്യാബിനറ്റ് പദവിയുള്ള കെ.എം. എബ്രഹാമിനു മുമ്പിൽ വിനീതവിധേയരായി നിലകൊള്ളുന്നു എന്നതാണ് സംസ്ഥാന ഭരണനിർവ്വഹണ ഉദ്യോഗസ്ഥ തലത്തിലെ ഇപ്പോഴത്തെ അവസ്ഥ.

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണത്രേ മിക്ക മന്ത്രിമാരുടേയും വകുപ്പുകളിൽ സെക്രട്ടറിമാരെ നിർദ്ദേശിക്കുന്നത്. പല വകുപ്പുകളുടേയും ഏകോപന യോഗങ്ങൾ വിളിക്കുന്നതും ഇദ്ദേഹമാണ്. മന്ത്രിമാർ അറിയാതെ അവരുടെ വകുപ്പുകളെ സംബന്ധിച്ച ക്യാബിനറ്റ് കുറിപ്പുകൾ സ്വന്തം കംപ്യൂട്ടറിൽ സൃഷ്ടിച്ച് വകുപ്പുകളെ ക്കൊണ്ട് തീരുമാനം എടുപ്പിക്കുന്നതായി ഉദ്യോഗസ്ഥർക്ക് ആക്ഷേപം ഉണ്ട്. ഏതായാലും മുഖ്യമന്ത്രിക്ക് തന്റെ സഹമന്ത്രിമാരെക്കാൾ വിശ്വാസമുള്ള ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കൈവശമാണ് രണ്ടാം പിണറായി സർക്കാരിന്റെ താക്കോൽ സ്ഥാനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img