12:52am 25 May 2026
NEWS
പുതിയ സർക്കാരിൽനിന്ന് പ്രതീക്ഷിക്കുന്നത്
24/05/2026  07:37 AM IST
പുതിയ സർക്കാരിൽനിന്ന് പ്രതീക്ഷിക്കുന്നത്

വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയ്ക്ക് 'കേരളശബ്ദം' ഗ്രൂപ്പിന്റെ അഭിനന്ദനങ്ങളും വിജയാശംസകളും അറിയിക്കുന്നു. പുതിയ സർക്കാരിന്റെ ആദ്യമന്ത്രിസഭാ തീരുമാനങ്ങളും ആദ്യചുവടുവെപ്പുകളും ജനാഭിലാഷങ്ങളോട് ചേർന്നുനിൽക്കുന്നതാണ്. എന്നാൽ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് സംസ്ഥാനം നേരിടുന്നുണ്ട് എന്നതിനാൽ മുന്നോട്ടുള്ള പാത ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കല്ലും മുള്ളും നിറഞ്ഞതായിരിക്കും.

വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായത് നിയമസഭാ തിരഞ്ഞെടുപ്പിലൂടെ മാത്രമല്ല അതിനുശേഷം നടന്ന അനൗദ്യോഗികമായൊരു ജനഹിത പരിശോധനയിലൂടെ കൂടിയാണ്. ജനങ്ങൾ വോട്ടുചെയ്താൽ മതി ഇനിയെല്ലാം ഞങ്ങൾ തീരുമാനിച്ചുകൊള്ളും എന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ പരമ്പരാഗത ശൈലിയാണ്, അത് പറ്റില്ല ഞങ്ങളെ കൂടി കേട്ടിട്ടുമതി കാര്യങ്ങളെന്ന് പറഞ്ഞ് ജനങ്ങൾ തിരുത്തിച്ചത്. അത് ഒരു സൂചനയാണ്. കൃത്യമായ ജനാധിപത്യ ഇച്ഛകളുള്ള ഒരു പൗരസമൂഹം, ഞങ്ങളിവിടെ എപ്പോഴുമുണ്ട് എല്ലാം നിരീക്ഷിച്ച് എന്ന് വി.ഡി. സതീശനേയും സഹമന്ത്രിമാരേയും ഓർമ്മപ്പെടുത്തുന്ന സൂചന.

യു.ഡി.എഫ് ഭരണത്തിൽ എത്തിയാൽ അഴിമതിയാവും സർവ്വത്ര എന്നാണ് അവരുടെ രാഷ്ട്രീയ പ്രതിയോഗികൾ പ്രചരിപ്പിക്കാറുള്ളതെന്ന് മറക്കണ്ട. ഭരണം അഴിമതി രഹിതവും സുതാര്യവുമായി കൊണ്ടുപോകും എന്നതിലായിരിക്കണം വി.ഡി. സതീശന്റെ കാർക്കശ്യം പ്രകടമാക്കേണ്ടത്.

ജൂൺ അഞ്ചിന് പുതിയ സർക്കാരിന്റെ ബജറ്റ് അവതരിപ്പിക്കുകയാണ്. സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് സ്റ്റേറ്റിന്റെ സാമ്പത്തികപ്രയാസം തടസ്സമായിക്കൂടാ. ഒപ്പം നാടിന്റെ സമഗ്രവികസനത്തിന് ചിന്തിച്ച് മികച്ച ആസൂത്രത്തോടെയുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾക്ക് രൂപം നൽകുകയും വേണം.

വാഗ്ദാനങ്ങൾ പാലിക്കാനുള്ളതാണ്. 5 ഇന്ദിരാഗ്യാരന്റികൾ നടപ്പാക്കുമ്പോൾ പ്രത്യേകിച്ച് കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര നടപ്പാക്കുമ്പോൾ, റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനും, സ്വകാര്യബസ് സർവ്വീസ് വ്യവസായവും തകരാതിരിക്കാനുള്ള ജാഗ്രത കൂടി പാലിക്കാൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ട്.

സാധാരണ ജനങ്ങളുടെ ജീവിതത്തെ ആഴത്തിൽ ബാധിക്കുന്ന കാര്യമാണ് പാചകവാതകത്തിന്റെയും, പെട്രോളിന്റെയും, ഡീസലിന്റെയും വിലവർദ്ധനവ് എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ക്രൂഡോയിൽ വില ഉയരുന്നത് തുടരുന്ന സാഹചര്യത്തിലാണ് എണ്ണക്കമ്പനികൾ വില കൂട്ടിയത്.

രാജ്യാന്തര വിപണിയിൽ വില കൂടുമ്പോൾ രാജ്യത്തും പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നത് പതിവാണ്. എന്നാൽ രാജ്യാന്തര വില കുറയുമ്പോൾ ഇവിടെ കുറയാറില്ല. ഇന്ധനവില വർദ്ധന സമസ്ത മേഖലകളിലുമുള്ള വിലക്കയറ്റത്തിന് കൂടി ഇടയാക്കിയിരിക്കുകയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്   വർദ്ധനവിലൂടെയുള്ള അധികലാഭം വേണ്ടെന്നുവെച്ച് സംസ്ഥാനത്തെ ജനങ്ങൾക്ക് ചെറിയ ആശ്വാസം നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ 10 വർഷം ഇന്ധനവില വർദ്ധനവ് ഉണ്ടായപ്പോഴൊന്നും സംസ്ഥാന സർക്കാർ ആ നിലയിൽ ചിന്തിച്ചിട്ടില്ല. ജനങ്ങൾക്ക് മുമ്പിൽ ഇപ്പോഴുള്ള ഈ കഠിനപ്രയാസം തരണം ചെയ്യാൻ ഏത് നിലയ്ക്ക് ആശ്വാസമരുളാനാകും എന്നുകൂടി വി.ഡി. സതീശൻ സർക്കാർ ആലോചിക്കണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.