08:24am 21 January 2025
NEWS
എന്താണ് സി.ഐ.സി? ജനറൽ സെക്രട്ടറി ഹക്കീംഫൈസി അദൃശ്ശേരിയെ പുറത്താക്കലും, തിരിച്ചെടുക്കലും സമസ്ത പൊട്ടിത്തെറിയിലേക്ക്
01/12/2024  10:11 AM IST
നെല്ലിക്കുത്ത് ഹനീഫ
എന്താണ് സി.ഐ.സി? ജനറൽ സെക്രട്ടറി ഹക്കീംഫൈസി അദൃശ്ശേരിയെ പുറത്താക്കലും,  തിരിച്ചെടുക്കലും സമസ്ത പൊട്ടിത്തെറിയിലേക്ക്

കേരളത്തിലെ വിവിധ മുസ്ലിം സ്ഥാപനങ്ങളുടെ സംയുക്തവേദിയാണ് സി.ഐ.സി അഥവാ 'കൗൺസിൽ ഓഫ് ഇസ്ലാമിക് കോളേജസ്'. ഇ.കെ സുന്നീ വിഭാഗത്തിന് (കേരളാ ജംഇയ്യത്തുൽ ഉലമ അഥവാ സമസ്ത) കീഴിൽ പ്രവർത്തിക്കുന്ന 'വാഫി, വാഫിയ്യാ' ബിരുദങ്ങൾ നൽകുന്ന ഇസ്ലാമിക് കോളേജുകളുടെ സംയുക്ത വേദിയായ ഇതിന്റെ അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും, സംഘടനയുടെ ജനറൽ സെക്രട്ടറി സമസ്ത അംഗമായ അബ്ദുൽഹക്കീം ഫൈസി അദൃശ്ശേരിയുമാണ്. ഇദ്ദേഹത്തെ, ഇ.കെ സുന്നീ സംഘടനയുടെ എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കിയതായി ഇ.കെ സുന്നീ നേതൃത്വം നേരത്തെ പത്രക്കുറിപ്പിറക്കിയിരുന്നു. അബ്ദുൽഹക്കീം ഫൈസി സംഘടനയുടെ ആശയാദർശങ്ങൾക്ക് എതിരായി  സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്നാണ് നടപടിക്ക് കാരണമായി സമസ്ത പറഞ്ഞിരുന്നത്. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ സി.ഐ.സി യോട് അനുകൂല നിലപാട് പുലർത്തുന്നവരാണ്. അതേസമയം അത് പുറമെ, പ്രകടമാക്കാറുമില്ല. സമസ്തയും, സി.ഐ.സി യും തമ്മിൽ ഉടലെടുത്തിട്ടുള്ള ഭിന്നതയിൽ പ്രത്യക്ഷത്തിൽ ലീഗ് കക്ഷിയല്ലെങ്കിലും, പാണക്കാട് സാദിക്കലി തങ്ങളാണ് സി.ഐ.സി യുടെ ചുമതല വഹിക്കുന്നത് എന്നത് കൊണ്ടും, കോളേജുകൾ നടത്തുന്നത് മുസ്ലിംലീഗുകാരാണ്  എന്നതുമാണ് ഇതിന് കാരണം. ഈ പശ്ചാത്തലത്തിൽ പ്രശ്‌നം രമ്യമായി പരിഹരിച്ച് സി.ഐ.സി ജനറൽ സെക്രട്ടറിയെ സമസ്തയിൽ തിരിച്ചെടുക്കുന്നതിനുമായി പല തവണ ശ്രമം നടന്നതാണ്. സമസ്തയുടെ എതിർപ്പ് ശക്തമായതിനാൽ, അത് വിജയിച്ചതുമില്ല.

വാഫിയ്യാ കോഴ്‌സിന് ചേരുന്ന പെൺകുട്ടികളുടെ വിവാഹപ്രശ്‌നം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ സി.ഐ.സി യോടുള്ള എതിർപ്പ് സമസ്ത പ്രകടിപ്പിക്കാൻ തുടങ്ങിയിട്ട് ഏറെ കാലമായിരുന്നു. വാഫിയ്യാ കോഴ്‌സുകളിൽ ചേരുന്ന പെൺകുട്ടികൾ പഠനത്തിനിടയ്ക്ക് വിവാഹിതരാവാൻ പാടില്ലെന്നാണ് സി.ഐ.സി യുടെ നിലപാട്. അഥവാ വിവാഹിതരായാൽ കോഴ്‌സിൽ നിന്ന് പുറത്താവുകയും ചെയ്യും. ഫലത്തിൽ 15 വയസ്സിൽ കോഴ്‌സിന് ചേരുന്ന പെൺകുട്ടികൾ, അഞ്ച് വർഷത്തെ കോഴ്‌സ് പൂർത്തീകരിച്ച ശേഷമേ വിവാഹിതയാകാൻ പാടുള്ളൂ. എന്നാൽ പെൺകുട്ടികൾക്ക് പ്രായപൂർത്തിയായാൽ വിവാഹിതയാകാമെന്നും, കോഴ്‌സ് പൂർത്തിയാക്കാൻ കാത്ത് നിൽക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് സമസ്തയുടേത്.

സി.ഐ.സിയുടെ ഉപദേശക സമിതിയിൽ നിന്ന് സമസ്ത അധ്യക്ഷനെ നീക്കം ചെയ്ത്, പകരം സമസ്തയുടെ ഉന്നതാധികാര സമിതിയിൽ നിന്ന് ഏതെങ്കിലും ഒരംഗം മതിയെന്ന് സി.ഐ.സി യുടെ ഭരണഘടനയിൽ ഭേദഗതി വരുത്തിയത് സമസ്തയുമായുള്ള ഭിന്നതയ്ക്ക് ആക്കം കൂട്ടി. ആ ഭേദഗതി തിരുത്താൻ സമസ്ത ആവശ്യപ്പെട്ടിട്ടും സി.ഐ.സി അതിന് തയ്യാറായതുമില്ല. ലീഗ് നേതൃത്വം ഇടപെട്ട് ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും, ഒത്തുതീർപ്പ് നിർദ്ദേശങ്ങൾ നടപ്പാക്കാൻ സി.ഐ.സി ഒരുക്കമല്ലായിരുന്നു. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന അവസ്ഥയിലാണ് സി.ഐ.സിയുടെ ജനറൽ സെക്രട്ടറിയെ, സമസ്തയുടെ എല്ലാ സ്ഥാനത്ത് നിന്നും നീക്കം ചെയ്തതായി സമസ്ത പത്രക്കുറിപ്പിക്കി, സി.ഐ.സിയുമായി സമസ്ത ഒരു തരത്തിലും ഒത്ത് പോകില്ലെന്ന് നേതൃത്വം വ്യക്തമാക്കുകയും ചെയ്തു. കോഴിക്കോട് സ്വപ്നനഗരിയിൽ നടന്ന വാഫി-വഫിയ്യ കലോത്സവത്തിൽ സമസ്തയുടേയും, പോഷക സംഘടനകളുടേയും നേതാക്കൾ വിട്ട് നിൽക്കണമെന്ന് സമസ്ത നേതൃത്വം ആവശ്യപ്പെട്ടെങ്കിലും, ഈ നിർദ്ദേശം അവഗണിച്ച് പാണക്കാട് കുടുംബത്തിലെ പ്രമുഖരെല്ലാം സമ്മേളത്തിൽ പങ്കെടുത്തത് സമസ്തയെ കൂടുതൽ പ്രകോപിതരാക്കി.

തുടക്കം 'ദാറുൽഹുദാ'.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അഥവാ ഇ.കെ സുന്നീവിഭാഗം തികഞ്ഞ യാഥാസ്ഥിതികരാണ്. ഇസ്ലാംമത നിയമങ്ങളെ പദാനുപദ അർത്ഥത്തിൽ വ്യാഖ്യാനിക്കുകയും, നിർവ്വചനം നടത്തുകയും ചെയ്യുന്ന രീതിയാണ് കാലങ്ങളായി ഇവർ പുലർത്തി വരുന്നതു. ആധുനിക വിദ്യാഭ്യാസത്തിനും, സ്ത്രീവിദ്യാഭ്യാസത്തിനുമൊന്നും അത്രതന്നെ യോജിപ്പുള്ളവരല്ല സമസ്ത. പക്ഷേ ഘട്ടം ഘട്ടമായി രൂപപ്പെട്ട സാമൂഹിക മാറ്റങ്ങൾക്ക് സമസ്തയ്ക്ക് വഴങ്ങേണ്ടതായ സാഹചര്യവും അനിവാര്യമായി വന്നു. സമീപനങ്ങളിൽ മാറ്റം വരുത്താൻ അവർ നിർബന്ധിതരായി. വിദ്യാഭ്യാസ മേഖലയിൽ മതപരം, ആത്മീയം എന്നിങ്ങനെയുള്ള വേർ തിരിവില്ലാത്ത ഒരു നില അവർക്ക് കൈക്കൊള്ളേണ്ടതായും വന്നു. അതേസമയം സ്ത്രീ വിദ്യാഭ്യാസത്തിന് വേണ്ടത്ര പ്രാധാന്യം സമസ്ത നൽകിയിരുന്നുമില്ല. ഈ സാഹചര്യത്തിന്റെ പരിസരത്തുനിന്നാണ്, ഭൗതിക വിദ്യാഭ്യാസവും, മത വിദ്യാഭ്യാസവും സമാന്തരമായി കൊണ്ടുപോകുന്ന 'സമന്വയ' വിദ്യാഭ്യാസരീതി അതനുസരിച്ചുള്ള ഒരു പാഠ്യപദ്ധതി വികസിപ്പിച്ചെടുത്ത്, 'ദാറുൽഹുദാ' എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് രൂപം നൽകുന്നത്. ഈ വിദ്യാഭ്യാസരീതി കൊണ്ടുള്ള ഗുണം, ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം എന്നതിനപ്പുറം,  വിശാലമായ ചിന്തയും, കാഴ്ചപ്പാടും വിദ്യാർത്ഥികളിൽ രൂപപ്പെടാനിടയാക്കിയെന്നതാണ്. ദാറുൽഹുദായിൽ നിന്ന് പുറത്തിറങ്ങിയ വിദ്യാർത്ഥികൾ ജെ.എൻ.യു പോലുള്ള കേന്ദ്ര സർവ്വകലാശാലകളിലും, രാജ്യാന്തര സർവ്വകലാശാലകളിലുമെല്ലാം എത്തപ്പെട്ടു.

വാഫി-വാഫിയ്യാ

കോഴ്‌സ്

ഓപ്പൺ യൂണിവേഴ്‌സിറ്റികളെ ആശ്രയിച്ച് കൊണ്ട്, 10+2+3 എന്ന ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തിന് പകരം, സ്‌കൂളിംഗും, ഹയർ സെക്കണ്ടറിയുമില്ലാതെ ഡിഗ്രിതലത്തിലേക്ക് കുട്ടികളെ നേരിട്ടെത്തിക്കുന്ന രീതിയാണ് ദാറുൽഹുദ പരീക്ഷിച്ചത്. ജാതി-മത ഭേദെമന്യേ വിദ്യാഭ്യാസ വിചക്ഷണൻമാരെ ഉൾപ്പെടുത്തി, 10+2+3 എന്ന പരമ്പരാഗത രീതി പിന്തുടർന്ന് കൊണ്ട് അന്തർ ദേശീയ നിലവാരത്തിലുള്ള ഒരു മാതൃകയിൽ കരിക്കുലം രൂപകൽപ്പന ചെയ്ത്, വിദ്യാഭ്യാസ പ്രക്രിയയെ വിപ്ലവകരമായ ഒരു ചുവടുവയ്പ്പിലേക്ക് നയിച്ചു. ഇതും പ്രകാരമാണ് 'വാഫി, വാഫിയ്യാ' കോഴ്‌സുകൾക്ക് രൂപം നൽകുന്നത്. പുതിയ കരിക്കുലം പ്രകാരം ബിരുദം നേടുന്ന വിദ്യാർത്ഥികൾ 'വാഫി'മാരെന്നും, വിദ്യാർത്ഥിനികൾ 'വഫിയ്യാ' എന്നുമായി അറിയപ്പെട്ടു. ഇപ്രകാരം നൂറോളം കോളേജുകൾ ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. 'വഫിയ്യാകോളേജ്' എന്ന പേരിൽ പെൺകുട്ടികൾക്ക് മാത്രമായി പ്രവർത്തിക്കുന്ന 18 കോളേജുകളും ഇതിലുൾപ്പെടും. ഈ കോളേജുകളെയെല്ലാം സർവ്വകലാശാലാ മാതൃകയിൽ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് 'കോ-ഓർഡിനേഷൻ ഓഫ് ഇസ്ലാമിക്ക് കോളേജസ്' (സി.എ.സി) രൂപീകൃതമാകുന്നത്. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് സമസ്തയിൽ നിന്ന്  പുറത്താക്കപ്പെട്ട അബ്ദുൽഹക്കിം ഫൈസി ആദൃശ്ശേരിയാണ്. മലബാറിൽ സമന്വയ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച രണ്ട് പരീക്ഷണങ്ങളായിരുന്നു 'ഹുദവി, വാഫി' സംരംഭങ്ങൾ. കരിക്കുലത്തിന്റെ സമീപനരീതി വ്യത്യസ്തമെങ്കിലും രണ്ട് ധാരകളും മുസ്ലിം സമുദായത്തിൽ വലിയ മുന്നേറ്റമാണ് നടത്തിയത്. ഈ സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ രാജ്യത്തെ മികച്ച ഇൻസ്റ്റിറ്റിയൂഷനുകളിൽ പ്രവേശനം നേടുകയും, അവിടെ നിന്ന് ലോകോത്തര  സർവ്വകലാശാലകളിലുമെത്തി. പെൺകുട്ടികൾ വിവാഹിതരാവുന്നതോടെ, പഠനം നിർത്തുന്ന അവസ്ഥ ഉള്ളതിനാൽ, ഡിഗ്രിപഠനം പൂർത്തീകരിച്ച ശേഷം മാത്രമേ പെൺകുട്ടികൾ വിവാഹം കഴിക്കാൻ പാടുള്ളൂ എന്ന നിലപാടായിരുന്നു വാഫിയ്യാ സ്ഥാപനങ്ങളുടെ നിബന്ധന.

 പഞ്ചവത്സര വാഫിയ്യാ കോഴ്‌സിന് പഠിക്കുന്ന പെൺകുട്ടികൾ, പഠനം പൂർത്തീകരിക്കുമ്പോൾ 21-22 വയസ്സിലേക്കെത്തും. കോഴ്‌സ് പൂർത്തീകരിക്കുന്നതിന് മുമ്പ് വിദ്യാർത്ഥിനികളെ നിക്കാഹ് നടത്താൻ പാടില്ലെന്ന നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത നേതൃത്വം സി.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽഹക്കീം ഫൈസിയോട് രേഖാമൂലം ആവശ്യപ്പെട്ടത്, സമസ്ത പ്രസിഡണ്ട് സി.ഐ.സി  ഉപദേശകസമിതി അംഗമാണ് എന്ന അധികാരം ഉപയോഗിച്ചായിരുന്നു. അതേസമയം, സി.ഐ.സി ജനറൽ ബോഡിയിലെ ഭരണഘടനാ ഭേദഗതി പ്രകാരം സമസ്ത പ്രസിഡണ്ട് ഉപദേശക സമിതി അംഗമാകണമെന്നില്ല. മറിച്ച് സമസ്തയിലെ ഏതെങ്കിലുമൊരു അംഗം ഉപദേശക സമിതിയിൽ ഉണ്ടായിരുന്നാൽ മതി എന്നാണ്. ഇത് സി.ഐ.സി യെ നിയന്ത്രിക്കുന്നതിൽ നിന്ന് സമസ്തയെ ഒഴിവാക്കാനുള്ള നീക്കമായി സമസ്ത വിലയിരുത്തി. ഇതിന്റെ പ്രതിഫലനമായിരുന്നു സി.ഐ.സി ജനറൽ സെക്രട്ടറിയെ പുറത്താക്കുന്നതിന് വഴി വെച്ചതും. ഹക്കീം ഫൈസിയുടെ പല കാഴ്ചപ്പാടുകളും സമസ്ത നേതൃത്തിന് നിരന്തരം തലവേദന സൃഷ്ടിച്ചു. കുറഞ്ഞകാലം കൊണ്ട്  അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ അംഗീകാരം കൈവരിച്ച ഒരു നൂതന വിദ്യാഭ്യാസ പദ്ധതിയെ ചിറകരിയാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് സി.ഐ.സി യുടെ ജനറൽ സെക്രട്ടറിയെ പുറത്താക്കിയതിലൂടെ ലക്ഷ്യമിടുന്നതെന്ന് ചിലർ ആരോപിച്ച് തുടങ്ങി. അതേസമയം എല്ലാറ്റിനും പിറകിൽ ചിലരുടെ വ്യാപാര താത്പ്പര്യം മാത്രമാണെന്ന ആരോപണവുമുണ്ടായി.

കാരണം വിചിത്രം

ഇ.കെ സുന്നീ വിഭാഗത്തിന്റെ ആഭ്യന്തരപ്രശ്‌നം എന്ന നിലയിൽ മാത്രമല്ല, മറ്റ് പല ദുരൂഹകാരണങ്ങളാലും ഈ വിഷയത്തിൽ ഇതര മുസ്ലിം സംഘടനകളെല്ലാം തന്നെ തികഞ്ഞ മൗനത്തിലായിരുന്നു. പ്രവേശന പരീക്ഷയിലൂടെ അഡ്മിഷൻ കൊടുക്കുന്ന രീതിയാണ് സി.എ.സി യുടേത്. അതുകൊണ്ട് തന്നെ ഉയർന്ന നിലവാരം പുലർത്തുന്ന വിദ്യാർത്ഥികളെല്ലാം സി.എ.സി യിലെത്തുകയും, അഡിമിഷൻ ലഭിയ്ക്കാത്തവർ മറ്റ് സ്ഥാപനങ്ങളിലേയ്ക്ക് പോവുന്ന അവസ്ഥയുമുണ്ടായി. 'ദൈവിക മാർഗ്ഗത്തിലെന്ന്' അവകാശപ്പെട്ട് മാതൃകാ ജീവിതം നയിക്കുന്ന പല മുസ്ലിയാക്കൻമാരും ഉൾപ്പെടുന്ന സമുദായ നേതൃപ്രമാണിമാർക്കെല്ലാം തന്നെ അവരവരുടേതായ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. സി.ഐ.സി സ്വീകാര്യത കൈവരിച്ചതോടെ, ഇത്തരത്തിലുള്ള പല സ്ഥാപനങ്ങൾക്കും അത് കടുത്ത ക്ഷീണം വരുത്തി. ഈ വസ്തുത സംഘടനയിൽ പലരേയും ചൊടിപ്പിച്ചു. സമസ്തയിൽ നിന്ന് ഹക്കീംഫൈസി അദൃശ്ശേരിയെ പുറത്താക്കിയ നടപടിയെ തുടർന്ന് അദ്ദേഹം നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്, വിദ്യാഭ്യാസരംഗത്ത് താൻ പുതിയ മാതൃക കൊണ്ട് വന്നതോടെ, സമസ്തയിൽ നിന്ന് ചിലർ തനിക്ക് പിറകെ കൂടുകയായിരുന്നു എന്നാണ്.

സമസ്തയുടെ ആശയാദർശങ്ങൾ അനുസരിച്ച് സി.ഐ.സി പ്രവർത്തിക്കണമെന്ന ഭരണഘടനയിലെ ഭാഗം വെട്ടിമാറ്റി സുന്നീ വിരുദ്ധർക്ക് സി.എ.സി യിൽ സ്വാധീനമുണ്ടാക്കാൻ വഴിയൊരുക്കിയെന്നാണ് ഹക്കീംഫൈസിക്കെതിരെ സമസ്ത നേതൃത്വം നൽകുന്ന കുറ്റപത്രം. ഇക്കാര്യം രേഖാമൂലം അറിയിച്ചിട്ടും ഹക്കീം ഫൈസി സമസ്തയെ വെല്ലുവിളിച്ച് മുന്നോട്ട് പോവുകയാണ് ചെയ്തതെന്ന് ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാർ അന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.  നബിദിനാഘോഷത്തിന്റെ പേരിൽ ലക്ഷങ്ങൾ ധൂർത്തടിക്കുന്നതിൽ ഹക്കീം ഫൈസി പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത്തരം ദുർച്ചെലവുകൾ വെട്ടിക്കുറച്ച് എന്തുകൊണ്ട് ആ പണം വിദ്യാഭ്യാസരംഗത്ത് നിക്ഷേപിച്ചുകൂടാ എന്നാണ് ഹക്കീം ഫൈസിയുടെ വാദം. ഈ വാദത്തെ അംഗീകരിക്കുന്നവരും ഏറെയുണ്ട്. മുജാഹിദ്-ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മുസ്ലിം സംഘടനകൾ നബിദിനാഘോഷത്തോട് യോജിപ്പുള്ളവരല്ല. അതുകൊണ്ട് തന്നെ ഇത്തരം ആശയക്കാരുടെ സമാന ചിന്താഗതിയാണ് ഹക്കീംഫൈസിയ്‌ക്കെന്നും സമസ്ത ആരോപിച്ചിരുന്നു.

സെക്രട്ടറിയെ

തിരിച്ചെടുത്തു

സി.ഐ.സി കോഴിക്കോട് സംഘടിപ്പിച്ച വാഫി-വഫിയ്യ കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സനദ് ദാന സമ്മേളനത്തിൽ നേതാക്കളും, പോഷക സംഘടനാ നേതാക്കളും വിട്ടു നിൽക്കണമെന്ന് സമസ്തനേതൃത്വം ആഹ്വാനം നടത്തിയിരുന്നുവെങ്കിലും, ഈ വിലക്ക് മാനിക്കാതെ, പാണക്കാട് കുടുംബത്തിലെ പ്രമുഖരെല്ലാം തന്നെ സനദ് ദാന സമ്മേളനത്തിൽ പങ്കെടുത്തു. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ, റഷീദലി തങ്ങൾ, അബ്ബാസ്അലി തങ്ങൾ, ഹമീദലി തങ്ങൾ എന്നിവർക്ക് പുറമെ, പി.കെ കുഞ്ഞാലിക്കുട്ടിയും ഈ സമ്മേളനത്തിനെത്തിയിരുന്നു. 'ആരും ഒറ്റ ദിവസം കൊണ്ട് വിപ്ലവം ഉണ്ടാക്കിയിട്ടില്ലെന്നും, പാണക്കാട് കുടുംബവും, മുസ്ലിം പണ്ഡിതരുമെല്ലാം ചേർന്നാണ് സാമുദായിക നവോത്ഥാനം ഉണ്ടാക്കിയതെന്നുമുള്ള' കുഞ്ഞാലിക്കുട്ടിയുടെ ആശംസാ പ്രസംഗത്തിലെ പരാമർശം, സമസ്തയെ പരോക്ഷമായി വിമർശിച്ചതാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് സമസ്തയെ ചൊടിപ്പിച്ചിരുന്നു. നവോത്ഥാനത്തിനായി എല്ലാവരും അണിനിരന്നിട്ടുണ്ടെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി, നവ മാധ്യമങ്ങളെ ഉപയോഗിക്കേണ്ടത് ഐക്യത്തിന് വേണ്ടിയാകണമെന്നും ഓർമ്മിപ്പിച്ചു. സനദ്ദാന സമ്മേളനത്തിൽ സമസ്തയെ പരോക്ഷമായി വിമർശിച്ചു എന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്ന്  കുഞ്ഞാലിക്കുട്ടി പിന്നീട് നിഷേധിച്ചു. പാണക്കാട് സാദിക്കലി തങ്ങളുടെ വസതിയിൽ വെച്ച്  സ്വാദിക്കലി തങ്ങളും, സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളും പലതവണ സി.ഐ.സി വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. ഇതേതുടർന്ന് സമസ്തയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കാമെന്ന് സി.ഐ.സി പ്രസിഡണ്ട് കൂടിയായ സാദിക്കലി തങ്ങൾ സമസ്തയ്ക്ക് രേഖാമൂലം ഉറപ്പ് നൽകിയതായും പറയുന്നു. എന്നാൽ ഇത് കേവലം തൊലിപ്പുറത്തുള്ള താത്ക്കാലിക ചികിത്സ മാത്രമാണെന്നാണ് പല കോണിൽ നിന്നും വിമർശനവും ഉയർന്നിരുന്നു. നേരിയ ഇടവേളയ്ക്ക് ശേഷം, സമസ്തയുടെ അനുവാദമില്ലാതെ, സാദിഖലി തങ്ങൾ സി.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽഹക്കീം ഫൈസി അദൃശ്ശേരിയെ സംഘടനയിൽ തിരിച്ചെടുത്തതാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് കാരണമായിട്ടുള്ളത്. ഇതോടെ സമസ്തയിൽ ഒരു പിളർപ്പിനുള്ള സാധ്യതയാണ് ഇപ്പോൾ തെളിഞ്ഞ് വരുന്നതും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img img