03:22pm 12 May 2026
NEWS
തമിഴ്നാട്ടിൽ ഡി എം കെ - കോൺഗ്രസ്സ് ബന്ധം തകർന്നതിന്റെ പിന്നിൽ?
12/05/2026  10:58 AM IST
വിഷ്ണുമംഗലം കുമാർ
തമിഴ്നാട്ടിൽ ഡി എം കെ - കോൺഗ്രസ്സ് ബന്ധം തകർന്നതിന്റെ പിന്നിൽ

നിയമസഭാതെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ഡിഎംകെയെ കയ്യൊഴിഞ്ഞ് വിജയിന്റെ ടിവികെയോടൊപ്പം ചേർന്നതിന്റെ പേരിൽ കോൺഗ്രസ്സ് നേതൃത്വം കേൾക്കുന്ന പഴി കുറച്ചൊന്നുമല്ല. ആപത്തിൽ ചതിക്കുന്നവരാണ് കോൺഗ്രസുകാരെന്ന് കുറ്റപ്പെടുത്തിയ ഡി എം കെ ആ പാർട്ടിയുമായുള്ള സകല ബന്ധങ്ങളും വിഛേദിക്കുകയും ചെയ്തു. ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികളായിരുന്നു കോൺഗ്രസ്സും ഡിഎ കെയും. മാത്രവുമല്ല തമിഴ്നാട്ടിൽ ഡി എം കെ നേതൃത്വം കൊടുത്ത പ്രോഗ്രസ്സിവ് മുന്നണിയിൽ പ്രധാന ഘടകകക്ഷിയായിരുന്നു കോൺഗ്രസ്സ്. എന്നാൽ കോൺഗ്രസിന് വലിയ പരിഗണനയൊന്നും ഡിഎംകെ നൽകിയിരുന്നില്ല. 2021 ലെ നിയമസഭാതെരഞ്ഞെടുപ്പിൽ മുന്നണി നേടിയത് 159 സീറ്റുകളാണ്. 133 സീറ്റുകളിൽ വിജയിച്ച ഡി എം കെ തമിഴകം തനിച്ചു ഭരിച്ചു. കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. ഇത്തവണത്തെ സീറ്റുവിഭജന ചർച്ചകളിലും ഡി എം കെ മുന്നണിമര്യാദ പാലിച്ചില്ലെന്നാണ് കോൺഗ്രസ്സ് കുറ്റപ്പെടുത്തുന്നത്. രാഹുൽ ഗാന്ധി ഫോൺ ചെയ്തിട്ടും അറ്റൻഡ് ചെയ്യാൻ സ്റ്റാലിൻ കൂട്ടാക്കിയിരുന്നില്ലത്രേ. കോൺഗ്രസിന്റെ തമിഴ്നാട് ഘടകവും ഡിഎംകെയും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല. വളരെയേറെ ബുദ്ധിമുട്ടുകൾക്കും അപമാനപ്പെടുത്തലിനും ശേഷമാണ് 28 സീറ്റുകൾ ഡി എം കെ കോൺഗ്രസിന് വിട്ടുനൽകിയത്. അതിൽ അഞ്ചു സീറ്റിൽ കോൺഗ്രസ്സ് വിജയിച്ചു. ഡി എം കെ അധികാരത്തിൽ നിന്ന് പുറത്തായപ്പോൾ 108 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് വിജയിന്റെ ടി വികെയാണ്. വിജയ് പിന്തുണ തേടി തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷവും രാഹുൽ ഗാന്ധിയെ സമീപിച്ചു. അക്കാര്യത്തിൽ തമിഴ്നാട് ഘടകത്തിന് തീരുമാനമെടുക്കാമെന്ന് രാഹുൽഗാന്ധി നിർദ്ദേശം നൽകി. അതേ തുടർന്നാണ് കോൺഗ്രസ് തമിഴ്നാട് ഘടകം വിജയിന് പിന്തുണ നൽകാൻ തീരുമാനിച്ചത്. വിജയിന്റെ സത്യപ്രതിജ്ഞയ്‌ക്ക് രാഹുൽ ഗാന്ധി എത്തിച്ചേരുകയും ചെയ്തു. രാഹുൽ ഗാന്ധിയും വിജയും മുമ്പുതന്നെ നല്ല സൗഹൃദത്തിലായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് തന്റെ കൂടെ ചേരാൻ വിജയ് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. 75 സീറ്റുകളാണ് വിജയ് കോൺഗ്രസ്സിന് വാഗ്ദാനം ചെയ്തത്. ഭരണം കിട്ടിയാൽ ആറോ ഏഴോ മന്ത്രി സ്ഥാനങ്ങളും. 50 ശതമാനം ലോകസഭാ സീറ്റുകളും വിജയ് വാഗ്ദാനം ചെയ്തിരുന്നു. രാഷ്ട്രീയ മര്യാദയുടെ പേരിലാണ് ആ ഓഫർ രാഹുൽ നിരസിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം വിജയ് വീണ്ടും ഓഫർ മുന്നോട്ടുവെച്ചപ്പോൾ രാഹുൽ ഉണർന്നു പ്രവർത്തിച്ചു. വിജയിന്റെ കൈകളിലാണ് ഇനി തമിഴകമെന്ന് രാഹുൽ മനസ്സിലാക്കിയിരുന്നു. രണ്ടു മന്ത്രിസ്ഥാനങ്ങൾ കോൺഗ്രസിന് നൽകാനും ധാരണയായിട്ടുണ്ട്. ഇതാണ് കോൺഗ്രസിന്റെ രാഷ്ട്രീയവഞ്ചനയായി ഡി എം കെ വിശേഷിപ്പിച്ചതും ബന്ധം അവസാനിപ്പിച്ചതും. മുമ്പും ഡി എം കെ ഇങ്ങനെയൊക്കെ ആയിരുന്നെന്നു തമിഴ്നാട്ടിലെ കോൺഗ്രസ് നേതാക്കൾ ഓർക്കുന്നു. 2006 ൽ 96 സീറ്റുകൾ നേടിയിരുന്ന ഡി എം കെയ്‌ക്ക് കേവല ഭൂരിപക്ഷത്തിന് 22 സീറ്റുകളുടെ പിന്തുണ വേണ്ടിയിരുന്നു. 34 സീറ്റുകളിൽ ജയിച്ചിരുന്ന കോൺഗ്രസ് പിന്തുണ നൽകി. പക്ഷെ സംസ്ഥാന ഭരണത്തിൽ ഡി എം കെ കോൺഗ്രസിന് പങ്കാളിത്തം നൽകിയില്ല. എന്നാൽ കോൺഗ്രസ്സ് നയിച്ച കേന്ദ്ര ഗവണ്മെന്റിൽ ഡി എം കെ യ്‌ക്ക് പ്രതിനിധ്യം നൽകിയിരുന്നെന്നും കോൺഗ്രസ്സ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഡി എം കെ- കോൺഗ്രസ് ബന്ധം തകർന്ന തമിഴ്നാട്ടിലെ രാഷ്ട്രീയ ചിത്രം അടിമുടി മാറിയിരിക്കുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img