02:08am 13 November 2026
NEWS
​വയറ്റിലൊരു 'മസ്‌കിറ്റോ' ഇരുന്നാൽ എന്താ? 50 കൊല്ലം കഴിഞ്ഞാലും ഈർച്ചവാളാകില്ലെന്ന് ഡോക്ടർ
21/02/2026  08:58 AM IST
സുരേഷ് വണ്ടന്നൂർ
​വയറ്റിലൊരു മസ്‌കിറ്റോ ഇരുന്നാൽ എന്താ? 50 കൊല്ലം കഴിഞ്ഞാലും ഈർച്ചവാളാകില്ലെന്ന് ഡോക്ടർ

തിരുവനന്തപുരം:​ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം മറന്നുവെച്ച സംഭവത്തിൽ, ശാസ്ത്രലോകത്തെ പോലും ഞെട്ടിക്കുന്ന 'പുതിയ കണ്ടുപിടിത്തവുമായി' ഡോക്ടർ ലളിതാംബിക രംഗത്തെത്തിയിരിക്കുകയാണ്. വയറ്റിൽ കിടക്കുന്നത് കത്രികയല്ലെന്നും അതൊരു ചെറിയ 'മസ്‌കിറ്റോ' (ഫോഴ്‌സ്‌പ്‌സ്) ആണെന്നുമാണ് ഡോക്ടറുടെ കണ്ടെത്തൽ. എന്ന് കരുതി കൊതുക് വല കെട്ടി ഇതിനെ തടയാനൊന്നും നിൽക്കണ്ട, കാരണം ഇത് 50 വർഷം വയറ്റിൽ കിടന്നാലും ഒന്നും സംഭവിക്കില്ലത്രേ!
​പരാതിക്കാരിയായ ഉഷയുടെ വയറ്റിലെ വേദനയ്ക്ക് കാരണം ഈ അഞ്ചാറ് ഇഞ്ച് നീളമുള്ള ഇരുമ്പ് കഷ്ണമല്ല, മറിച്ച് വെറും മൂത്രക്കല്ല് ആണെന്ന് ഡോക്ടർ തറപ്പിച്ചു പറയുന്നു. ശരീരത്തിനുള്ളിൽ ലോഹങ്ങൾ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഹാനികരമല്ലെന്ന ഡോക്ടറുടെ ഈ 'ഉദാരമായ' നിലപാട് കേട്ട് അന്തംവിട്ടിരിക്കുകയാണ് മെഡിക്കൽ ലോകം. അങ്ങനെയെങ്കിൽ ഇനിമുതൽ താക്കോൽക്കൂട്ടവും പേനയും ഒക്കെ സൂക്ഷിക്കാൻ സേഫിന് പകരം വയറ് തന്നെ ഉപയോഗിക്കാമോ എന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.
​ഓപ്പറേഷൻ നടത്തിയത് താനല്ലെന്ന് 100 ശതമാനം ഉറപ്പിച്ചു പറയുന്ന ഡോക്ടർ, യൂണിറ്റ് ചീഫ് എന്ന നിലയിൽ തന്റെ പേര് വന്നത് വെറും സാങ്കേതികത്വം മാത്രമാണെന്ന് വാദിക്കുന്നു. ഉപകരണങ്ങൾ എണ്ണി നോക്കാൻ സർക്കാർ ആശുപത്രിയിൽ ആളില്ലാത്തതാണ് പ്രശ്നമെന്നും, സിസ്റ്റം പരാജയമാണെന്നും പറഞ്ഞ് കൈ കഴുകുകയാണ് ഇവർ.
​രോഗിയുടെ വയറ്റിൽ ഉപകരണം ഇരിക്കുന്നത് എക്സ്റേയിൽ വലുതായി കാണുന്നത് 'മാഗ്നിഫൈഡ് വ്യൂ' ആയതുകൊണ്ടാണെന്നും, യഥാർത്ഥത്തിൽ അതൊരു കുഞ്ഞു സാധനമാണെന്നും ഡോക്ടർ ലാഘവത്തോടെ പറയുന്നു. മുൻപ് എപ്പോഴോ നടന്ന ഓപ്പറേഷനിൽ കയറിക്കൂടിയതാകാം ഈ മസ്‌കിറ്റോ എന്നൊരു 'ബൗൺസർ' ചോദ്യം കൂടി ഡോക്ടർ എറിയുന്നുണ്ട്. ചുരുക്കത്തിൽ, വയറ്റിൽ കത്രികയോ പാത്രമോ എന്തുമിരുന്നോട്ടെ, അതൊന്നും ഒരു പ്രശ്നമേയല്ല; അത് കണ്ടുപിടിക്കുന്നതാണ് അസൽ പ്രശ്നം എന്ന ലൈനിലാണ് ഡോക്ടറുടെ ന്യായീകരണങ്ങൾ.
​

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img