03:44am 06 November 2026
NEWS
രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുമായിരുന്ന അന്വേഷണങ്ങൾക്ക് സംഭവിച്ചത്: എന്തിനും പോന്ന ആ രണ്ടുപേർ
24/01/2025  08:32 PM IST
ചെറുകര സണ്ണീലൂക്കോസ്
രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുമായിരുന്ന അന്വേഷണങ്ങൾക്ക് സംഭവിച്ചത്: എന്തിനും പോന്ന ആ രണ്ടുപേർ

ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയും രണ്ടാം പിണറായി സർക്കാരിൽ നിലവിൽ എ.ഡി.ജി.പിയായിട്ടുള്ള എം.ആർ. അജിത്കുമാറും മുഖ്യമന്ത്രിക്ക് ഏറ്റവും പ്രിയപ്പെട്ട ഉദ്യോഗസ്ഥരാണ്. മുഖ്യമന്ത്രിയുടെ പ്രത്യേക കരുതലും സംരക്ഷണവും പിന്തുണയും  ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥർ എന്ന നിലയ്ക്കാണ് സംസ്ഥാന പോലീസ് വകുപ്പിൽ മാത്രമല്ല പൊതുസമൂഹത്തിലും ഇവർ അറിയപ്പെടുന്നത്.

ഈ ഉന്നതപോലീസ് ഉദ്യോഗസ്ഥർക്ക് ഭരണതലപ്പത്തുനിന്നും ലഭ്യമായ പ്രത്യേക പരിഗണനയും അമിതാധികാരവും സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ടെങ്കിലും. അതൊന്നും അവരെ ദോഷകരമായി ബാധിക്കുകയുണ്ടായില്ല. എങ്ങനെയിവർ മുഖ്യമന്ത്രിയുടെ വിശ്വസ്തരും അടുപ്പക്കാരുമായി മാറി എന്നന്വേഷിക്കുമ്പോഴാണ് മറ്റ് പോലീസ് ഉന്നതർക്ക് ഒന്നുമില്ലാത്ത വേറിട്ട ബന്ധവും സ്വാധീനവും ഇവർക്ക് കണ്ടെത്താൻ കഴിയുക.

2016 ൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ആദ്യം തീരുമാനമെടുത്ത കാര്യങ്ങളിലൊന്ന് ഡി.ജി.പി ആയിരുന്ന ടി.പി. സെൻകുമാറിനെ പോലീസ് ഹൗസിംഗ് കോർപ്പറേഷൻ എം.ഡിയാക്കി മാറ്റിക്കൊണ്ട് ലോക്‌നാഥ് ബെഹ്‌റയെ ക്രമസമാധാനച്ചുമതലയുള്ള ഡി.ജി.പിയായി അവരോധിക്കുകയാണ്. തന്നെ തരംതാഴ്ത്തിയ നടപടിക്കെതിരെ സെൻകുമാർ നിയമയുദ്ധം നടത്തി. 11 മാസത്തിനുശേഷം 2017 ഏപ്രിൽ 24 ന് സെൻകുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി പുനഃസ്ഥാപിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു.

2017 മെയ് 5 മുതൽ വിരമിച്ച ജൂൺ 30 വരെയുള്ള ചെറിയ കാലയളവിൽ ടി.പി. സെൻകുമാറിനെ വീണ്ടും സംസ്ഥാന പോലീസ് മേധാവിയാക്കേണ്ടി വന്നു. എങ്കിലും 55 ദിവസങ്ങൾക്കുശേഷം ബെഹ്‌റ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേയ്ക്ക് തിരിച്ചെത്തി. 2021 ജൂൺ 30 നാണ് പിന്നീടദ്ദേഹം വിരമിക്കുന്നത്. 2021 ഓഗസ്റ്റ് 29 ന് സർക്കാർ അദ്ദേഹത്തെ കൊച്ചി മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. വിരമിക്കുമ്പോൾ ബെഹ്‌റയുടെ ശമ്പളം 2,25000 രൂപയായിരുന്നു. ശമ്പളവും അലവൻസുകളും അടക്കം ഡി.ജി.പിയായിരുന്നപ്പോൾ വാങ്ങിയ സമാനത്തുക വാങ്ങിക്കൊണ്ട് കൊച്ചി മെട്രോയുടെ എം.ഡിയായി തുടരുകയാണ് ബെഹ്‌റ ഇപ്പോഴും.

കേരളാ പോലീസിന്റെ ചരിത്രത്തിൽ സംസ്ഥാന പോലീസ് മേധാവി, വിജിലൻസ് ഡയറക്ടർ, ജയിൽമേധാവി, അഗ്നിസേനാവിഭാഗം മേധാവി എന്നീ നാല് തസ്തികകളിലും ജോലിചെയ്ത ഏക വ്യക്തിയാണ് ബെഹ്‌റ.

അധികാരദുർവിനിയോഗവും അഴിമതിയും സംബന്ധിച്ച് നിരവധി ആരോപണങ്ങൾ ഡി.ജി.പിയായിരിക്കെ ബെഹ്‌റയ്‌ക്കെതിരെയുണ്ടായി. 2020 ഫെബ്രുവരി 12 ന് അക്കൗണ്ടന്റ് ജനറൽ എസ്. സുനിൽരാജ് നടത്തിയ വാർഷിക പത്രസമ്മേളനത്തിൽ ഡി.ജിപിക്കെതിരെ ഗുരുതര വിവരങ്ങളാണ് പുറത്തുവിട്ടത്. അതിനുമുമ്പ് ഇതേകാര്യങ്ങൾ അന്തരിച്ച പി.ടി. തോമസ് നിയമസഭയിലും ഉന്നയിച്ചിരുന്നു. പോലീസ് മേധാവിയെന്ന് പേരെടുത്ത് പറഞ്ഞ് സി.എ.ജി പത്രസമ്മേളനം നടത്തുന്നത് ചരിത്രത്തിലാദ്യമായിരുന്നു.

എസ്.ഐമാർക്കും സി.ഐമാർക്കും ക്വാർട്ടേഴ്‌സിനുള്ള 2.91 കോടി രൂപ തിരുവനന്തപുരം വഴുതക്കാട്ട് ഉന്നതപോലീസ് ഉദ്യോഗസ്ഥർക്ക് 4 വില്ലകൾ നിർമ്മിക്കാൻ വക മാറ്റി. ഇതിന് സർക്കാരിന്റെ അനുമതി വാങ്ങിയില്ല. ഇതിലൊരു വില്ലയിലാണ് ഡി.ജി.പി ബെഹ്‌റ പിന്നീട് താമസിച്ചത്. ഒരു വാഹനം പോലുമില്ലാത്ത 5 സ്റ്റേഷനുകൾ ഉണ്ടായിരിക്കെ ഡി.ജി.പിക്കും എ.ഡി.ജി.പിക്കുമായി ടെൻഡറില്ലാതെ ആഡംബരവാഹനങ്ങൾ വാങ്ങി, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങേണ്ടതിനാവശ്യമായ മാർഗ്ഗരേഖകളും നടപടിക്രമങ്ങളും പാലിച്ചില്ല എന്നുതുടങ്ങി വെടിയുണ്ടകൾ കാണാതായതടക്കം അനവധി ക്രമക്കേടുകൾ അക്കൗണ്ടന്റ് ജനറൽ ചൂണ്ടിക്കാട്ടി.

ബെഹ്‌റ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റശേഷം പോലീസ് നവീകരണത്തിനായി വാങ്ങിയത് 151.41 കോടി രൂപയുടെ ഉപകരണങ്ങളായിരുന്നു. സ്റ്റോർ പർച്ചേസ് ചട്ടവും വിജിലൻസ് കമ്മിഷന്റെ മാർഗ്ഗനിർദ്ദേശവും ലംഘിച്ചാണ് ഇവ വാങ്ങിയതെന്ന് സി.എ.ജി കണ്ടെത്തി. വില നിശ്ചയിക്കുന്നതിൽ പോലീസും കെൽട്രോണും തമ്മിൽ ഒത്തുകളിച്ചെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഡി.ജി.പി ഉത്തരവ് നൽകിയതനുസരിച്ച് സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറികളിലും കോടികളുടെ ഉപകരണങ്ങൾ വാങ്ങിക്കൂട്ടുകയുണ്ടായി.

എന്നാൽ നിയമസഭയിൽ ഡി.ജി.പിക്കെതിരെ ആരോപണം ഉയർന്നപ്പോഴും സഭയ്ക്ക് പുറത്തും പാർട്ടിക്കുള്ളിലും ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ശക്തമായ സംരക്ഷണമാണ് മുഖ്യമന്ത്രമ നൽകിയത്. കേന്ദ്രഫണ്ടായി കിട്ടിയ 433 ലക്ഷം രൂപ ബെഹ്‌റ വകുപ്പുമാറ്റി ചെലവഴിച്ചതിനെ സാധൂകരിക്കണമെന്ന ഫയൽ മുഖ്യമന്ത്രി ആസൂത്രണ, സാമ്പത്തിക കാര്യവിഭാഗത്തിനയച്ചിരുന്നു.

'എന്നാൽ ഡി.ജി.പിയുടെ നടപടി സാധൂകരിക്കാനാവില്ല. അംഗീകരിച്ച പദ്ധതികൾക്ക് മാത്രമേ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഫണ്ട് ലഭിക്കൂ, കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയ അനുമതി മറികടന്ന് മറ്റൊരു പ്രവൃത്തി ചെയ്തത് നഗ്നമായ ചട്ടലംഘനമാണ്, സംസ്ഥാന ഗവൺമെന്റിന്റെ ഭരണപരവും സാമ്പത്തികവുമായ അധികാരങ്ങളെ മറികടക്കുക മാത്രമല്ല, കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കേണ്ട തുക നഷ്ടപ്പെടുത്തുക കൂടിയാണ് മുൻ പോലീസ് മേധാവി ചെയ്തത്, അതിനാൽ പോലീസ് മേധാവിക്കെതിരെ കടുത്ത അച്ചടക്ക നടപടി എടുക്കണം, ഇതിന് ധനമന്ത്രിയുടെ അംഗീകാരമുണ്ട്' ഇങ്ങനെയാണ് ധനവകുപ്പ് മുഖ്യമന്ത്രിക്ക് ഫയൽ തിരിച്ചയപ്പോൾ അതിൽ കുറിച്ചത്.

എന്നാൽ ഈ ഫയൽ 2022 ജൂലൈയിൽ മന്ത്രിസഭയുടെ മുമ്പിലെത്തിയപ്പോൾ എതിർപ്പെല്ലാം തള്ളി മുഖ്യമന്ത്രി ബെഹ്‌റ ചെയ്തത് ശരിവെച്ചു. മന്ത്രിസഭാ തീരുമാനപ്രകാരം 2022 ജൂലൈ 30 ന് നടപടി സാധൂകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

അമൂല്യവും അപൂർവ്വവുമായ പുരാവസ്തുശേഖരം ഉണ്ടെന്ന് കാട്ടിയാണ് കലൂരിലെ മോൻസൺ മാവുങ്കലിന്റെ വീടിന് പോലീസ് സുരക്ഷ അനുവദിക്കാൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പ്രത്യേക ഉത്തരവ് ഇറക്കിയത്. പോലീസ് സംരക്ഷണവും പുരാവസ്തു മൂല്യവും ഉയർത്തിക്കാട്ടിയാണ് പലരിൽ നിന്നായി 20 കോടിയോളം രൂപ മോൻസൺ തട്ടിയത്. ബെഹ്‌റയുമായുള്ള ബന്ധത്തെക്കുറിച്ച് മോൻസനോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തന്റെ വീട്ടിലെ സിസിടിവി പരിശോധിക്കാനാണ് മോൻസൻ മാവുങ്കൽ പറഞ്ഞത്. സിസിടിവി ദൃശ്യങ്ങളാകട്ടെ പോലീസ് പുറത്തുവിട്ടുമില്ല. ഡി.ജി.പിയായിരിക്കെ ബെഹ്‌റ ഒരു തവണ മോൻസന്റെ വീട് സന്ദർശിക്കുന്ന ചിത്രങ്ങൾ മാത്രമാണ് പുറത്തുവന്നത്. മോൻസന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച സംഘം കെ. സുധാകരനെയടക്കം കേസിൽ പ്രതി ചേർത്തപ്പോഴും മോൻസന് പ്രത്യേക പോലീസ് സുരക്ഷ എന്തിനേർപ്പെടുത്തി എന്ന് അന്വേഷണ ഉദ്യോഗസ്ഥരും ലോക്‌നാഥ് ബെഹ്‌റയോട് ചോദിക്കുക പോലും ഉണ്ടായില്ല.

ഡി.ജി.പി ബെഹ്‌റയുടെ ഭാര്യ ടെക്‌നോപാർക്കിൽ ജോലി ചെയ്തിരുന്ന സന്ദർഭത്തിൽ അവർക്ക് പ്രത്യേക സുരക്ഷ ഒരുക്കാനായി വനിതാ ബറ്റാലിയനിലെ 18 സിവിൽ പോലീസ് ഉദ്യോഗസ്ഥരെ മാനദണ്ഡങ്ങൾ എല്ലാം മറികടന്ന് നിയമിച്ചിരുന്നു. ഇതിൽ സർക്കാരിനുണ്ടായ നഷ്ടത്തിന് അക്കൗണ്ടന്റ് ജനറൽ കേരള പോലീസിനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ഈ തുകയും സംസ്ഥാന മന്ത്രിസഭ പ്രത്യേകമായി അനുവദിച്ച് പ്രശ്‌നം തീർത്തു.

ലോക്‌നാഥ് ബെഹ്‌റ എന്ന പോലീസ് ഉദ്യോഗസ്ഥന് ലഭിച്ച ഇങ്ങനെയെല്ലാമുള്ള അസാധാരണ പരിഗണന എന്തുകൊണ്ടാണെന്നറിയണമെങ്കിൽ അദ്ദേഹത്തെ കൊണ്ട് മുഖ്യമന്ത്രിക്ക് അല്ലെങ്കിൽ സർക്കാരിനുള്ള അസാധാരണ പ്രയോജനം എന്ത് എന്ന ചോദ്യം ഉയരുക സ്വാഭാവികമാണ്.

ഒന്നാം പിണറായി സർക്കാരിനെ പിടിച്ചുലച്ച നയതന്ത്ര പരിരക്ഷയുടെ മറവിൽ നടന്ന സ്വർണ്ണക്കടത്ത് കേസിന് എന്ത് സംഭവിച്ചു എന്നറിയണം. ഈ സംഭവത്തിൽ മുഖ്യപ്രതിയായി ആരോപിക്കപ്പെട്ട സ്വപ്നാസുരേഷ് എന്ന സ്ത്രീ 164 പ്രകാരം കോടതിയിൽ കൊടുത്ത മൊഴി, മാധ്യമങ്ങളോട് പറഞ്ഞത്. തൃശൂർ കറന്റ് ബുക്‌സ് വഴി 'ചതിയുടെ പത്മവ്യൂഹം' എന്ന പേരിൽ  പ്രസിദ്ധീകരിച്ച പുസ്തകം വഴി അവർ വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ ഇതിനൊന്നും ഇന്നുവരെയും ജനങ്ങൾക്ക് ബോധ്യമാകുന്ന ഒരു വിശദീകരണവും ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വരെയേ നിയമത്തിന്റെ പിടിയിൽ അകപ്പെട്ടിട്ടുള്ളായിരിക്കാം. എന്നാൽ അതുകൊണ്ട് അദ്ദേഹത്തിന് വേണ്ടി അദ്ദേഹം സ്വയം ആസൂത്രണം ചെയ്തതാണ് നടന്നതൊക്കെ, അദ്ദേഹത്തിന്റെ മേൽ അധികാരം ഉണ്ടായിരുന്നവർക്ക് ഇതിലൊന്നും മനസ്സറിവില്ല, പങ്കില്ല എന്ന് സാമാന്യബുദ്ധിയുള്ള ഒരാളും വിശ്വസിക്കില്ലെന്നുറപ്പാണ്. വിവാദങ്ങൾക്കെല്ലാം ശേഷവും നിയമസഭാ ഇലക്ഷനിൽ സർക്കാരിന് ഭൂരിപക്ഷം ലഭിച്ചതുകൊണ്ട് യഥാർത്ഥത്തിൽ നടന്ന നിയമവിരുദ്ധ കാര്യങ്ങൾക്കുള്ള സാധൂകരണം ആകുന്നില്ല. ഭൂരിപക്ഷം ഉണ്ടെങ്കിലും ഇല്ലെങ്കിലും സത്യത്തിന്റെ മുഖം ഒന്നേയുള്ളൂ.

തന്റെ പുസ്തകത്തിന്റെ അവസാന പേജിൽ സ്വപ്നാസുരേഷ് പറയുന്നുണ്ട്; 'ഈ നിസ്സഹായവസ്ഥയിൽ കേന്ദ്ര സർക്കാർ എന്നെ സഹായിക്കുമെന്നാണ് എന്റെ വിശ്വാസം' എന്ന്. അവിടെയാണ് അവർക്ക് തെറ്റിയത്. കൊടിയുടെ നിറവും, രാഷ്ട്രീയ പ്രത്യയശാസ്ത്രവും വ്യത്യസ്തമായിരിക്കാം, പൊതുമണ്ഡലത്തിൽ പരസ്പരം വിമർശനങ്ങൾ ഉന്നയിച്ചു കടിച്ചുകീറുന്നവരായിരിക്കാം, എന്നാൽ അധികാരം നിയന്ത്രിക്കുന്നവർ അപകടത്തിൽപ്പെടുമെന്നുകണ്ടാൽ എത്ര കടുത്തവിരോധമുള്ള രാഷ്ട്രീയ ശത്രുക്കളുമായും ഒത്തുതീർപ്പുകൾ ഉണ്ടാകും. അത് രണ്ടുകൂട്ടർക്കും ലാഭമുള്ള ഒരേർപ്പാടായിരിക്കും. ഈ ഏർപ്പാടിന് പക്ഷേ ഇരുപക്ഷത്തിനും വിശ്വാസമുള്ള ഇരുകൂട്ടരോടും കൂറ് തെളിയിച്ചിട്ടുള്ള മീഡിയേറ്റർമാർ വേണം. അവിടെയാണ് ലോക്‌നാഥ് ബെഹ്‌റയേയും എം.ആർ. അജിത്ത്കുമാറിനേയും പോലുള്ളവർ നിയമത്തേയും സംവിധാനങ്ങളേയും ഒന്നും ഭയപ്പെടാത്ത സർവ്വാധികാരികളായി മാറുന്നത്.

സ്പ്രിംഗ്‌ളർ ഇടപാടിലെ യഥാർത്ഥ ഗുണഭോക്താവിലേക്ക് ഒരിക്കലും അന്വേഷണങ്ങളൊന്നും പോയില്ല. പോകത്തുമില്ല. അത് ശിവശങ്കർ കൊണ്ട് അവസാനിച്ചു. ബലിയാട് എന്ന് വേണമെങ്കിൽ പറയാം. സ്വർണ്ണക്കടത്ത് കേസിലെ ബലിയാട് ആയി മാറിയത് സ്വപ്നാസുരേഷ് ആണ്. കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര ഏജൻസി അന്വേഷിക്കട്ടെ എന്നത് സ്വപ്നാസുരേഷിന്റെ വെറും സ്വപ്നം മാത്രമാണ്. ജനങ്ങൾ എല്ലാം മറന്നുകഴിഞ്ഞു. പ്രതിപക്ഷവും എന്നേ ഉപേക്ഷിച്ചു ഈ വിഷയം. 2023 നവംബർ ആദ്യം കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ 44 പ്രതികൾക്ക് 66.60 കോടി രൂപ പിഴയിട്ടതാണ് പ്രമാദമായ ഈ കേസിൽ ഒരു നടപടിയെന്ന നിലയിൽ ഉണ്ടായിട്ടുള്ള ഏകകാര്യം. നയതന്ത്രചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലും സോളാർ കടത്തുകേസിലും പ്രധാനപ്രതി സ്വപ്നാ സുരേഷാണ്. അവർ ആറുകോടി അറുപത്തഞ്ച് ലക്ഷം രൂപ പിഴയൊടുക്കണം. എം. ശിവശങ്കറിന് ഒരുകോടി പതിനഞ്ച് ലക്ഷത്തിന്റെ പിഴയാണ് ലഭിച്ചത്. പിഴ ഒടുക്കുന്നതിനൊപ്പം രണ്ട് കേസുകളിലും കോടതിയിലെ പ്രോസിക്യൂഷൻ നടപടിയും പ്രതികൾ നേരിടണം.

2022 അവസാനം സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക്ക് മാറ്റണം എന്ന സ്വപ്നാസുരേഷിന്റെ ആവശ്യത്തോട് കേന്ദ്ര സർക്കാരും, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അനുഭാവപൂർണ്ണമായ നിലപാടാണ് സ്വീകരിച്ചത്. അങ്ങനെയാണ് കേസിന്റെ വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റുവാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ ഇ.ഡിക്കുള്ള താൽപ്പര്യം നഷ്ടപ്പെടുന്ന ഇടപെടൽ മുകളിൽ നിന്നുണ്ടായിട്ടുണ്ടാവണം. കേസിലെ വാദം മാറ്റിവച്ച് മാറ്റിവച്ച് കേസ് നീട്ടിക്കൊണ്ടുപോകുവാൻ ഇ.ഡി ശ്രമിച്ചു. 2024 ഒക്‌ടോബർ 1 ന് സുപ്രീംകോടതി ബെഞ്ച് കേസിൽ നിങ്ങൾക്ക് താൽപ്പര്യമില്ലെന്ന് മനസ്സിലായെന്ന് പച്ചയ്ക്ക് പറഞ്ഞു. വീണ്ടും 2024 നവംബർ 19 ന് കേസ് പരിഗണനയ്ക്ക് എടുത്തപ്പോഴും ഇ.ഡി. വാദത്തിന് തയ്യാറല്ലായിരുന്നു. ഹർജിക്കാർക്ക് കേസിൽ താൽപ്പര്യമില്ലെന്ന് നിശിതമായി വിമർശിച്ചുകൊണ്ടാണ് സുപ്രീംകോടതി കേസ് മാറ്റിവെച്ചത്.

സമീപകാലത്ത് കെ. കരുണാകരന്റെ മകൾ പത്മജാ വേണുഗോപാൽ ബി.ജെ.പിയിൽ ചേർന്നപ്പോൾ അതിൽ മീഡിയേറ്ററായത് മെട്രോ എം.ഡി ലോക്‌നാഥ് ബെഹ്‌റയാണെന്ന് സഹോദരൻ കെ. മുരളീധരൻ ആരോപിച്ചപ്പോൾ ചിലരെങ്കിലും അത്ഭുതപ്പെട്ടുകാണും. അത്ഭുതപ്പെടാനൊന്നുമില്ല. പിണറായി വിജയന്റെ വിശ്വസ്തനാകുന്നതിനും വളരെ മുമ്പേ ലോക്‌നാഥ് ബെഹ്‌റ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ വിശ്വസ്തനായിരുന്നു.

11 വർഷം സി.ബി.ഐയിലും അഞ്ചുവർഷം എൻ.ഐ.എയിലും പ്രവർത്തിച്ച കാലത്ത് ദേശീയതലത്തിൽ രാഷ്ട്രീയപ്രാധാന്യമുള്ള നിരവധി കേസുകളുടെ അന്വേഷണച്ചുമതല വഹിച്ചിട്ടുണ്ട് ലോക്‌നാഥ് ബെഹ്‌റ. എൻ.ഐ.എ നിലവിൽ വന്നപ്പോൾ തന്നെ ബെഹ്‌റ അതിന്റെ സംഘാടകൻ കൂടിയായ അംഗമായിരുന്നു. ഗുജറാത്ത് കലാപക്കേസുകളിലും, ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസുകളിലും മോദിക്കും അമിത്ഷായ്ക്കും ലോക്‌നാഥ് ബെഹ്‌റ ക്ലീൻ ചിറ്റ് നൽകുന്ന നിരവധി റിപ്പോർട്ടുകൾ ആഭ്യന്തര സഹമന്ത്രിയായിരിക്കേ തന്റെ ഓഫീസിന് ലഭിച്ചിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റായിരിക്കെ മുല്ലപ്പള്ളി രാമചന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. ഒരു മീഡിയേറ്ററാകാനുള്ള ബെഹ്‌റയുടെ യോഗ്യതയ്ക്ക് വേറെ തെളിവിന്റെ ആവശ്യമില്ല.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് സമാനറോളിലെത്തിയ ആളാണ് എം.ആർ. അജിത്കുമാർ. അദ്ദേഹത്തിന്റെ ആർ.എസ്.എസ്- ബി.ജെ.പി ബന്ധം സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതായതുകൊണ്ട് കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ല. വിജിലൻസ് മേധാവിയായിരിക്കെ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ നിർദ്ദേശിച്ചപ്രകാരം ഇടനിലക്കാരനായ ഷാജ്കിരൺ ഒത്തുതീർപ്പിനായി തന്നെ പാലക്കാട്ടു വന്ന് പറഞ്ഞതിനൊപ്പം ഫോൺസംഭാഷണം പുറത്തുവിട്ടപ്പോൾ എ.ഡി.ജി.പി സ്വപ്നയെ സ്വാധീനിക്കാൻ ശ്രമിച്ചത് വ്യക്തമായിരുന്നു. അജിത്കുമാറിന്റെ ഇടപെടലുകൾ വിവാദമായതിനെ തുടർന്ന് കുറച്ചുദിവസത്തേയ്ക്ക് ചുമതല മാറ്റിയെങ്കിലും ക്രമസമാധനച്ചുമതലയുള്ള എ.ഡി.ജി.പി എന്ന ശക്തമായ പദവിയിലേക്കാണ് തിരിച്ചെത്തിയത്. ഡി.ജി.പിയെ വെറും റബ്ബർ സ്റ്റാമ്പ് ആക്കി മാറ്റി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ നിർദ്ദേശാനുസരണം എം.ആർ. അജിത്കുമാർ പോലീസിനെ ഭരിച്ചപ്പോൾ നിയമപാലനത്തിൽ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള ഇരട്ടനീതി എങ്ങനെയാണെന്ന് കേരളം കണ്ടു.

മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസും കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലും തമ്മിലെ ദുരൂഹ പണമിടപാടിൽ പിടിമുറുക്കാൻ ഇ.ഡി, അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇ.ഡി. എന്നെല്ലാം 2024 ഏപ്രിൽ ആദ്യം ലോക്‌സഭാ ഇലക്ഷന് മുമ്പ് മാധ്യമങ്ങൾ വാർത്ത നൽകുമ്പോൾ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ തന്നിലർപ്പിതമായ മീഡിയേറ്ററുടെ റോൾ ഭംഗിയായി നിർവ്വഹിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ആകാശം തന്നെ ഇടിഞ്ഞുവീഴും, എന്തുവന്നാലും തന്നെ സഹായിക്കുന്നവരെ, തന്നോട് കൂറ് പുലർത്തുന്നവരെ സംരക്ഷിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും പിണറായി വിജയൻ തയ്യാറാകില്ല.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ പി.വി.അൻവറല്ല, പി.വിജയൻ ഐ.പി.എസ് അല്ല, ഡി.ജി.പി അല്ല; ആരുവിചാരിച്ചാലും എം.ആർ. അജിത്കുമാറിനെ ഒന്നും ചെയ്യാൻ പറ്റില്ല. എത്ര അന്വേഷണം നടന്നാലും 2025 ജൂലൈയിൽ അജിത്കുമാർ ഡി.ജി.പി റാങ്കിലെത്തും. ഡിസംബർ 18 ന് നടന്ന മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാർക്ക് അക്കാര്യം ഉറപ്പായിക്കാണും.

എക്‌സാലോജിക് കമ്പനിക്ക് സി.എം.ആർ.എൽ പണം നൽകിയത് അഴിമതിയാണെന് ഡൽഹി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്(എസ്.എഫ്.ഐ.ഒ) ഡൽഹി ഹൈക്കോടതിയിൽ എടുത്തിട്ടുള്ള നിലപാട് മാത്രമാണ് ഒരു ചെറിയ പ്രശ്‌നമായി അവശേഷിച്ചിട്ടുള്ളത്. എക്‌സാലോജിക്കിന് പണം നൽകിയത് പ്രമുഖരാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണോയെന്ന് സംശയമുണ്ടെന്ന് എസ്.എഫ്.ഐ.ഒ നേരത്തേ ആരോപിച്ചിരുന്നു. ഇതുവരെയുള്ള അനുഭവം വെച്ച് എസ്.എഫ്.ഐ.ഓയും നിലപാട് എപ്പോൾ വേണമെങ്കിലും മാറ്റാം. ഒത്തുതീർപ്പുരാഷ്ട്രീയത്തിൽ ഒന്നും അസാധ്യമല്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img