04:29am 17 September 2026
NEWS
കോടീശ്വരിയായ ബിന്ദു പത്മനാഭന് എന്തു സംഭവിച്ചു?
30/07/2025  09:10 PM IST
nila
കോടീശ്വരിയായ ബിന്ദു പത്മനാഭന് എന്തു സംഭവിച്ചു?

ചേർത്തല പള്ളിപ്പുറം  ചെങ്ങതറ വീട്ടിൽ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നും   കരിഞ്ഞ നിലയിൽ മനഷ്യശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തതോടെ വാർത്തകളിൽ നിറയുന്നത് ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ സ്വദേശിനി ബിന്ദു പത്മനാഭൻറെ തിരോധാന കഥയാണ്. വർഷങ്ങൾക്ക് മുമ്പ് കാണാതായ ബിന്ദു പത്മനാഭൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്നുപോലും ആർക്കും അറിയില്ല. എന്നാൽ,  ബിന്ദു പത്മനാഭൻ തിരോധാനക്കേസിലെ മുഖ്യ പ്രതിയെന്ന് പൊലീസും ക്രൈംബ്രാഞ്ചും സംശയിക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത് എന്നതാണ് വീണ്ടും ബിന്ദു പത്മനാഭൻ തിരോധാനക്കേസ് വാർത്തകളിൽ ഇടംപിടിക്കാൻ കാരണമായത്. കേരള ശബ്ദമാണ് ബിന്ദു പത്മനാഭൻ തിരോധാനം ആദ്യമായി പുറംലോകത്തെ അറിയിച്ചത്. കൃത്യമായി പറഞ്ഞാൽ 2018 ജൂൺ പതിനേഴിനാണ് കേരളത്തിൽ ആദ്യമായി ബിന്ദു പത്മനാഭന്റെ തിരോധാനത്തെ കുറിച്ച് ഒരു വാർത്ത വരുന്നത്. അത് കേരള ശബ്ദത്തിലായിരുന്നു. ഒരു സിനിമാ കഥയെ പോലും വെല്ലുന്നതാണ് ബിന്ദു പത്മനാഭൻ തിരോധാന കേസ്. 

ഇന്നും ദുരൂഹമായി തുടരുന്ന ബിന്ദു പത്മനാഭന്റെ ജീവിതത്തിലൂടെ നമുക്കൊന്ന് പോയിവരാം. ബിന്ദു പത്മനാഭൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ഇന്നും ആർക്കും യാതൊരു ഉറപ്പുമില്ല, ഇലന്തൂർ നരബലിക്കേസ് പുറത്തുവന്നതോടെ ബന്ദു പത്മനാഭനും നരബലിക്ക് ഇരയായോ എന്ന സംശയവും ഉയർന്നിരുന്നു. അതവിടെ നിൽക്കട്ടെ, നമുക്ക് ബിന്ദു പത്മനാഭന്റെ ജീവിതത്തിലൂടെ ഒന്നു പോയിവരാം..

റിട്ടയേർഡ്എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പത്മനാഭപിള്ളയ്ക്കു സ്വന്തമായി ധാരാളം ഭൂസ്വത്തുണ്ടായിരുന്നു. മകൻ പ്രവീൺ ഇറ്റലിയിലായിരുന്നു. മകൾ ബിന്ദു ബെം​ഗളുരുവിലും. വീസ സംബന്ധമായ പ്രശ്നങ്ങൾ കാരണം പ്രവീണിന് വർഷങ്ങളോളം നാട്ടിൽ വരാൻ കഴിഞ്ഞിരുന്നില്ല. പത്മനാഭപിള്ള 1999 ഡിസംബർ നാലിനാണ്, മക്കളായ പ്രവീണിനും ബിന്ദുവിനും തുല്യമായി സ്വത്തുക്കൾ വീതിച്ച് വിൽപത്രം തയാറാക്കിയത്.

പിന്നീട്, സ്വത്തുക്കളെല്ലാം ബിന്ദുവിന്റെ പേരിലേക്കു മാത്രമായി എത്തുന്നവിധം 2002 നവംബർ 22നു മറ്റൊരു വിൽപത്രം റജിസ്റ്റർ ചെയ്യുകയായിരുന്നു. പത്മനാഭ പിള്ള മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു പുതിയ വിൽപത്രം തയ്യാറാക്കിയത്. പത്മനാഭ പിള്ള മരിക്കുന്നതിന് രണ്ടുമാസം മുമ്പ് ഭാര്യ മരിച്ചിരുന്നു. പിതാവ് സ്വത്തെല്ലാം തനിക്ക് മാത്രമായി നൽകിയെന്നും സഹോദരൻ പ്രവീണിൽ നിന്നും തനിക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ബിന്ദു പൊലീസിൽ പരാതി നൽകുമ്പോഴാണ് പ്രവീണും സ്വത്തുക്കളെല്ലാം സഹോദരിക്കായി പിതാവ് എഴുതിവെച്ച വിവരം അറിയുന്നത്. ഇറ്റലിയിലായിരുന്നതിനാലും, സ്വന്തം സഹോദരി ആയതിനാലും പ്രവീൺ തർക്കത്തിനും കേസിനുമൊന്നും പോയില്ല. സഹോദരി സമ്പന്നയായി ജീവിക്കുന്നു എന്ന വിശ്വാസത്തിൽ പ്രവീൺ ഇറ്റലിയിൽ കഴിഞ്ഞു. എന്നാൽ, ഇറ്റലിയിൽ നിന്നും നാട്ടിലെത്തിയ പ്രവീൺ മനസ്സിലാക്കുന്നത് സഹോദരി സ്വത്തെല്ലാം വിറ്റുതുലച്ചെന്നും കഴിഞ്ഞ മൂന്നു വർഷമായി ബിന്ദുവിനെ കുറിച്ച് ബന്ധുക്കൾക്കാർക്കുംവിവരമില്ല എന്നും. ഇതോടെയാണ് പ്രവീൺ സഹോദരിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകുന്നത്. ഇതോടെയാണ് ബിന്ദു പത്മനാഭൻ തിരോധാനക്കേസിന്റെ തുടക്കം.  

2017ലാണ് ബിന്ദുപത്മനാഭനെ കാണാനില്ലെന്നു സഹോദരൻ പ്രവീൺ ആഭ്യന്തര വകുപ്പു സെക്രട്ടറിക്കു പരാതി നൽകിയത്. 2013നു ശേഷം സഹോദരിയെക്കുറിച്ചു വിവരങ്ങളില്ലെന്നാണ് പരാതി. 2013 ആഗസ്റ്റിൽ മാവേലിക്കരയിൽ മാതാവിന്റെ സഹോദരിയുടെ വീട്ടിൽ ബിന്ദുവും പള്ളിപ്പുറത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനുമായി എത്തിയെന്നും പിന്നീട് ബിന്ദുവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ 2013നു ശേഷവും ബിന്ദുവിനെ കണ്ടതായി വസ്തു ഇടനിലക്കാരനും പള്ളിപ്പുറം സ്വദേശിയുമായ സെബാസ്​റ്റ്യൻ അടക്കം മൊഴി നൽകിയിരുന്നു. എന്നാൽ ഇതിലൊന്നും വ്യക്തത വന്നിട്ടില്ല.

വസ്തു ഇടനിലക്കാരൻ സെബാസ്റ്റ്യനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഇയാളോടൊപ്പമാണ് അവസാനകാലങ്ങളിൽ ബിന്ദുവിനെ പലരും കണ്ടിട്ടുള്ളത്. ബിന്ദുവിന്റെ പേരിൽ വ്യാജ മുക്ത്യാർ ചമച്ച് വസ്തു വിൽപന നടത്തിയതിന് സെബാസ്റ്റ്യനെ സഹായിച്ച കുറുപ്പംകുളങ്ങര സ്വദേശിനി മിനി എന്ന ടി.ജയ, പ്രമാണം തയാറാക്കിയ ഇടപ്പള്ളി അറയ്ക്കൽ പറമ്പിൽ വീട്ടിൽ ജി.ഗോവിന്ദൻകുട്ടി മേനോൻ, സാക്ഷിയായി ഒപ്പിട്ട ചേന്നംപള്ളിപ്പുറം സ്വദേശി പി.കുര്യൻ, ഒന്നാം പ്രതിയുടെ സഹായി ഷിൽജി എന്നിവരും അറസ്റ്റിലായി. മിനിയാണ് ബിന്ദുവിന്റെ പേരിൽ ആൾമാറാട്ടം നടത്തി മുക്ത്യാറിൽ ഒപ്പിട്ടതെന്നു പൊലീസ് കണ്ടെത്തി. സെബാസ്റ്റ്യൻ പതിവായി യാത്ര ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവർ എസ്.മനോജിനെ അന്വേഷണം നടക്കുന്നതിനിടെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തിയിരുന്നു. 

എറണാകുളത്ത് ബിന്ദുവിന്റെ പേരിലുള്ള കോടികൾ വിലമതിക്കുന്ന വസ്തു ഇവർ വ്യാജമായി വിൽപന നടത്തിയതായി കണ്ടെത്തുകയും റജിസ്ട്രേഷൻ റദ്ദാക്കുന്നതിന് പൊലീസ് റജിസ്ട്രാർക്ക് കത്ത് നൽകുകയും ചെയ്തു. ബിന്ദുവിന്റെ പിതാവിന്റെ പെൻഷൻ തുക 2006 വരെ ബിന്ദു ട്രഷറിയിൽ ഒപ്പിട്ട് വാങ്ങിയതിന് രേഖയുണ്ട്. എന്നാൽ അതിന് ശേഷം ഇവരെ കുറിച്ച് ഒരു വിവരവുമില്ല. 2013 ഓഗസ്റ്റ് 10 മുതൽ ഇവരെ കാണാനില്ലെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. 

പിന്നീട് കേസ് അന്വേഷണം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏൽപിച്ചു. ബിന്ദുവിനെ കണ്ടെത്തുന്നതിന് ഇവർ പഠിച്ച തമിഴ്നാട്ടിലെയും കർണാടകയിലെ കോളജുകളിലും പൊലീസ് എത്തി. പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ലുക്ക് ഒൗട്ട് നോട്ടിസ് പതിക്കുകയും ചെയ്തു. ഒരു സൂചനയും ലഭിച്ചില്ല. സെബാസ്റ്റ്യന്റെ വീട്ടിൽനിന്നു ബിന്ദുവിന്റെ പേരിലുള്ള വ്യാജ എസ്എസ്എൽസി സർട്ടിഫിക്കറ്റും വ്യാജ ഡ്രൈവിങ് ലൈസൻസും കണ്ടെത്തിയിരുന്നു.

ഇവ തയാറാക്കിയതിനു കേസുണ്ട്. വസ്തുവിന്റെ തീറാധാരം നഷ്ടപ്പെട്ടതായി കാണിച്ച് 2011 ജൂൺ 15നു ബിന്ദുവിന്റെ പേരിൽ നൽകിയ പത്രപ്പരസ്യം സെബാസ്റ്റ്യന്റെ വീട്ടിൽനിന്നു പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പാലാരിവട്ടം മരിയ പാർക്കിനു സമീപത്തെ 11 സെന്റ് വസ്തുവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയും ബിന്ദുവും തമ്മിലുള്ള വിൽപന കരാറിന്റെ നോട്ടറി സാക്ഷ്യപ്പെടുത്തിയ പകർപ്പും ഇന്ത്യൻ ബാങ്കിന്റെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും ചെക്കുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അന്വേഷണോദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു. യഥാർഥ രേഖകളെ വെല്ലുന്ന വ്യാജ രേഖകൾ ചമച്ച് സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ള പ്രതികൾ ക്രമക്കേട് നടത്തിയത് ബിന്ദു ഇല്ലാതായതിനു ശേഷമാകാനുള്ള സാധ്യതയെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു.

ഇവയൊന്നും പൂർത്തിയായില്ല. സെബാസ്റ്റ്യനു സംസ്ഥാനത്തിനു പുറത്തുള്ള ബന്ധങ്ങൾ പൊലീസ് അന്വേഷിച്ചിരുന്നു. ഷിമോഗയിലും തളിപ്പറമ്പിലുമാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. ബിന്ദുവിന്റെ ഫോൺ നമ്പരുകളൊന്നും പൊലീസിനു കണ്ടെത്താനായിട്ടില്ല. ബിന്ദുവ‍ുമായി ചേർന്ന് പാലാരിവട്ടത്തു ഭൂമി വാങ്ങിയെന്നും ഈ ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നെന്നും സെബാസ്റ്റ്യൻ പൊലീസിനു നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ട്. ഇതു വിൽക്കാൻ ബിന്ദു സഹകരിക്കാത്തതിനാലാണ് വ്യാജരേഖകൾ തയാറാക്കിയതെന്നായിരുന്നു സെബാസ്റ്റ്യന്റെ വാദം.

വർഷങ്ങൾ കഴിഞ്ഞിട്ടും ബിന്ദു പത്മനാഭന് എന്തു സംഭവിച്ചു എന്ന കാര്യത്തിൽ മാത്രം വ്യക്തത വന്നില്ല, ഇതിനിടെയാണ് 2022ൽ ഇലന്തൂർ നരബലിക്കേസ് പുറംലോകം അറിഞ്ഞത്. ഇതോടെ ബിന്ദുവും നരബലിക്ക് ഇരയായോ എന്ന സംശയം പ്രദേശവാസികൾ ഉയർത്തിയിരുന്നു.  ബിന്ദുപത്മനാഭന്റെ തിരോധാനത്തിനു പിന്നിൽ നരബലിയുടെ സൂത്രധാരൻ മുഹമ്മദ്ഷാഫിക്കു ബന്ധമുണ്ടെന്നായിരുന്നു അന്ന് ഉയർന്ന അഭ്യൂഹം. ഷാഫിയുടെ ചിത്രങ്ങൾ പത്രങ്ങളിലും ചാനലുകളിലും കണ്ടതോടെയാണ് സംശയങ്ങൾ ഉയർന്നത്. അച്ഛന്റെ മരണകാലത്തും സ്ഥലമിടപാടുകളിലും ബിന്ദുവിനൊപ്പമെത്തിയിരുന്ന എറണാകുളം ജില്ലക്കാരനായ അജ്ഞാതനാണ് നാട്ടുകാരിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.

പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിൽ കാണാതായ ബിന്ദു 2003 മുതൽ സെബാസ്റ്റ്യനുമായി അടുത്ത ബന്ധംപുലർത്തിയിരുന്നതായും പലതവണ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ വന്നിട്ടുള്ളതായും മൊഴിലഭിച്ചിരുന്നു. ബിന്ദു മാതാപിതാക്കളുടെ മരണശേഷം ഏറ്റവും കൂടുതൽ ഇടപഴകിയിട്ടുള്ളത് സെബാസ്റ്റ്യനുമായി മാത്രമായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img