
വാഷിങ്ടൺ/ടെഹ്റാൻ: തെക്കുപടിഞ്ഞാറൻ ഇറാനിൽ യുഎസ് യുദ്ധവിമാനം തകർന്നുവീണ സംഭവത്തെ തുടർന്ന് കാണാതായ പൈലറ്റിനായുള്ള തിരച്ചിൽ ശക്തമാക്കി അമേരിക്ക. ഇതിനിടെ, പൈലറ്റിനെ ജീവനോടെ പിടികൂടാൻ ഇറാൻ ശ്രമിക്കുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ എഫ്–15 ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനവും യുഎച്ച്60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഇറാൻ വെടിവെച്ചിട്ടതായാണ് റിപ്പോർട്ടുകൾ. രണ്ട് പൈലറ്റുമാരിൽ ഒരാളെ ഇതിനകം രക്ഷപ്പെടുത്തിയെങ്കിലും, മറ്റൊരാളുടെ വിവരമില്ല. ഇയാൾ ഇറാൻ സേനയുടെ പിടിയിലായിരിക്കാമെന്ന ആശങ്കയും നിലനിൽക്കുന്നു.
യുദ്ധസാഹചര്യങ്ങളിൽ ശത്രുരാജ്യത്തിനുള്ളിൽ കുടുങ്ങുന്ന പൈലറ്റുകൾക്ക് മുൻകരുതലായി പ്രത്യേക പരിശീലനമാണ് നൽകുന്നത്. യുഎസ് സൈന്യത്തിന്റെ SERE (Survival, Evasion, Resistance, Escape) പരിശീലനം ഇത്തരം ഘട്ടങ്ങളിൽ നിർണായകമാണ്. ഒളിവിൽ കഴിയുക, ആവശ്യമായ ഭക്ഷണവും വെള്ളവും കണ്ടെത്തുക, പകൽ മറഞ്ഞിരുന്ന ശേഷം രാത്രി നീങ്ങുക, പിടിയിലാകാതിരിക്കുക തുടങ്ങിയ തന്ത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ശരിയായ സമയത്ത് കൃത്യമായ നീക്കങ്ങൾ സ്വീകരിക്കുന്നത് രക്ഷപ്പെടാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു.
അതേസമയം, കാണാതായ പൈലറ്റിനെ കണ്ടെത്താൻ തീവ്ര തെരച്ചിൽ രക്ഷാ (Combat Search and Rescue (CSAR)) ദൗത്യസംഘങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. ഡ്രോണുകൾ, ഉപഗ്രഹ ചിത്രങ്ങൾ, സിഗ്നൽ ഇന്റലിജൻസ് തുടങ്ങിയ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് പൈലറ്റിന്റെ സ്ഥാനം കണ്ടെത്താൻ ശ്രമം തുടരുന്നു. കണ്ടെത്തിയാൽ ഹെലികോപ്റ്റർ വഴി സുരക്ഷിതമായി പുറത്തേക്കെത്തിക്കാനാണ് പദ്ധതി.











