03:15am 28 August 2026
NEWS
യെച്ചൂരി ഏകാന്തതയിൽ എന്തായിരിക്കും മകനോട് പറഞ്ഞത്?
14/08/2026  09:19 PM IST
ആർ. പവിത്രൻ
യെച്ചൂരി ഏകാന്തതയിൽ എന്തായിരിക്കും മകനോട് പറഞ്ഞത്?

മസിലുപിടിത്തമോ നാട്യങ്ങളോ ഇല്ലാത്ത നേതാവായിരുന്നു സി.പി.ഐ(എം) ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി(1952 ആഗസ്റ്റ് 12- 2024 സെപ്റ്റംബർ 12). കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ നേതാക്കളിൽ നിന്ന് പല കാര്യങ്ങളിലും അദ്ദേഹം വിഭിന്നനായിരുന്നു. അതിസമർത്ഥമായി കാര്യങ്ങൾ ചടുലതയോടും വ്യക്തതയോടും അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും ബംഗാളിയിലും തമിഴിലും അദ്ദേഹം ഒഴുക്കോടെ സംസാരിക്കുമായിരുന്നു. ശ്രോതാക്കളുടെ മനസ്സിലേക്ക് നേരിട്ടുകയറാനുള്ള സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിയോഗം അപരിഹാര്യമായ ഒരു ശൂന്യതയായി ആ പാർട്ടി ഇന്നും നേരിടുന്നു. 
സീതാറാം യെച്ചൂരിയിൽ ലോലഹൃദയവും ആർദ്രമനസ്സുമുള്ള ഒരു പിതാവ് കൂടിയുണ്ടായിരുന്നു എന്ന് പുറംലോകം മനസ്സിലാക്കിയത് ഒരു സംഭവത്തോടെയാണ്.

യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി മികച്ച ചിത്രകാരനും ഫോട്ടോഗ്രാഫറുമായിരുന്നു. 2021 ഏപ്രിലിൽ കോവിഡ് ബാധിച്ചു 36-ാം വയസ്സിൽ മരണമടഞ്ഞു. മകനുമായി അതിതീവ്രമായ ഹൃദയബന്ധമുണ്ടായിരുന്നു യെച്ചൂരിക്ക്, മകന്റെ അകാലവിയോഗം വലിയൊരു ആഘാതമായിരുന്നു.
സ്മരണാഞ്ജലി എന്ന നിലയിൽ 36-ാം പിറന്നാൾ ദിനത്തിൽ ആശിഷിന്റെ ചിത്രങ്ങളുടെയും ഫോട്ടോകളുടെയും ഒരു പ്രദർശനം ദില്ലിയിലെ ബിക്കാനീർ ഹൗസിൽ സംഘടിപ്പിക്കപ്പെട്ടു. മകന്റെ ചിത്രങ്ങൾ സാകൂതം നോക്കിക്കണ്ട യെച്ചൂരി ഒരു ഘട്ടത്തിൽ വല്ലാതെ വികാരത്തിനടിപ്പെട്ടു. അദ്ദേഹം ഉടൻതന്നെ ഹാളിലുണ്ടായിരുന്നവരോടെല്ലാം പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടു. മറ്റെല്ലാവരും ഒഴിഞ്ഞുപോയപ്പോൾ, ഗ്യാലറിയുടെ വാതിൽ അദ്ദേഹം അകത്തുനിന്ന് കുറ്റിയിട്ടു. അരമണിക്കൂറിനുശേഷമാണ് വാതിൽ തുറന്നത്.

ആ സമയം ഒറ്റയ്ക്ക് മകന്റെ ചിത്രങ്ങളിലൂടെ അദ്ദേഹം മകനുമായി സംവദിക്കുകയായിരുന്നോ? എന്തായിരിക്കും ആ അച്ഛൻ മകനുമായി സംസാരിച്ചത്?

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.