03:15am 28 August 2026
NEWS
മാർപാപ്പ ഏകാന്തതയിൽ പറഞ്ഞത് എന്തായിരിക്കും?
15/08/2026  09:57 AM IST
ആർ. പവിത്രൻ
മാർപാപ്പ ഏകാന്തതയിൽ പറഞ്ഞത് എന്തായിരിക്കും?

അമേരിക്കക്കാരനായ ലിയോ പതിനാലാമൻ മാർപാപ്പ, തന്റെ രാജ്യം 250-ാം സ്വാതന്ത്ര്യദിനമാഘോഷിച്ച ജൂലൈ 6-ാം തീയതി, ബഹളങ്ങളിൽ നിന്നെല്ലാമൊഴിഞ്ഞു നാടും വീടുമില്ലാതെ അലയുന്ന അഗതികളെയോർത്ത് ആഫ്രിക്കയോടടുത്തുള്ള വിജനമായ ഒരു ദ്വീപിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു.

ഇറ്റലിയുടെ അധീനതയിലുള്ളതാണ് ലാംപിഡ്യൂസ് എന്ന ചെറുദ്വീപ്. ലിബിയയിൽ നിന്നും തുനീസിയയിൽ നിന്നും മെച്ചപ്പെട്ടതും, സുരക്ഷിതവുമായ ജീവിതം തേടി ആയിരക്കണക്കിന് സാധുക്കൾ കൊച്ചുവള്ളങ്ങളിലും ഫൈബർ ബോട്ടുകളിലും, യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിനായി ഇവിടേക്ക് വന്നിരുന്നു. വളരെ അപകടകരവും സാഹസികവുമായിരുന്നു ആ കടൽയാത്ര. നൂറുകണക്കിന് അഭയാർത്ഥികളുടെ ജീവനുകൾ കടലിൽ താഴുകയോ, വെടിയുണ്ടകൾക്കിരയാകുകയോ ചെയ്തു. സദാ കടൽക്കാറ്റ് വീശിയടിക്കുന്ന, പാറക്കെട്ടുകൾ നിറഞ്ഞ, മരണഗന്ധം വമിക്കുന്ന പ്രദേശമാണ് ലാംപിഡ്യൂസ്.

'വികാരസാന്ദ്രമായ പ്രവർത്തികൾ വാക്കുകളേക്കാൾ വാചാലമാണ്. മനുഷ്യസ്പർശിയാകണമെങ്കിൽ ആ പ്രവർത്തികളെല്ലാം ഹൃദയം കൊണ്ട് ചെയ്യണം'- തന്റെ സന്ദർശനത്തെക്കുറിച്ച് മാർപാപ്പ പറഞ്ഞു.

കരതൊടാതെ കടലിൽ പൊലിഞ്ഞ അഗതികളെ അടക്കിയിട്ടുള്ള ശ്മശാനത്തിൽ മാർപാപ്പ ദീർഘനേരം പ്രാർത്ഥിച്ചു. പ്രശസ്ത ഇറ്റാലിയൻ ആർട്ടിസ്റ്റായ മിമോപലാഡിനോ ലാംപിഡ്യൂസ് തീരത്ത് നിർമ്മിച്ച 'യൂറോപ്പിലേക്കുള്ള കവാടം' എന്ന ഇൻസ്റ്റലേഷനിൽ നിന്ന് സദാ ആർത്തലയ്ക്കുന്ന സമുദ്രത്തിലേക്ക് നോക്കി മണിക്കൂറുകളോളം അദ്ദേഹം നിന്നു. എന്തായിരിക്കും അദ്ദേഹം മൗനമായി പറഞ്ഞത്?
2013 ൽ പദവിയിൽ അവരോധിതനായശേഷം ഫ്രാൻസിസ് മാർപാപ്പ ആദ്യം സന്ദർശിച്ചതും ലാംപിഡ്യൂസായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.