
തിരുവിതാംകൂർ രാജ്യത്ത് സർക്കാർ ജോലികളിലെ നിയമനങ്ങൾ സുതാര്യമാക്കുന്നതിനായി 1936 ജൂൺ 14 നാണ് മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ പബ്ലിക് സർവ്വീസ് കമ്മീഷൻ(പി.എസ്.സി) രൂപീകരിച്ചത്. ജി.ഡി. നോക്സ് ആണ് ആദ്യത്തെ ഏകാംഗ കമ്മീഷണർ. അതിനുശേഷം വർഷങ്ങൾ തൊണ്ണൂറ് കടന്നുപോയപ്പോൾ പഴയ ഏകാംഗ കമ്മീഷണറുടെ സ്ഥാനത്ത് ഇന്ന് ചെയർമാൻ ഉൾപ്പെടെ 21 അംഗങ്ങളുള്ള ജംബോ കമ്മിഷനാണ് കേരളാ പി.എസ്.സി. ഇൻഡ്യ റിപ്പബ്ലിക് ആയ ദിവസം മുതൽ അത് ഭരണഘടനാ സ്ഥാപനവുമായി. പി.എസ്.സിയുമായി ബന്ധപ്പെട്ട എല്ലാം ഭരണഘടനയുടെ 315 മുതൽ 323 വരെ അനുഛേദങ്ങളിൽ പ്രതിപാദിക്കുന്നു. അംഗങ്ങളുടെ എണ്ണം നിശ്ചയിക്കുക, അവരുടെ ശമ്പളം നിശ്ചയിക്കുക, ഇഷ്ടമുള്ളവരെ അംഗങ്ങളായി നിയമിക്കുക എന്നീ കാര്യങ്ങളിൽ മാത്രമേ പി.എസ്.സിയുമായി ബന്ധപ്പെട്ട് ഗവൺമെന്റിന് അധികാരമുള്ളൂ. സംസ്ഥാന സർക്കാർ ശുപാർശ ചെയ്തുനൽകുന്ന അംഗങ്ങളുടെ ലിസ്റ്റ് ഗവർണർ അംഗീകരിച്ചുകഴിഞ്ഞാൽ അവർക്ക് സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങളായി ചാർജ്ജെടുക്കാം. ചാർജ്ജെടുത്താൽ 6 വർഷം അല്ലെങ്കിൽ 62 വയസ്, ഇതിൽ ഏതാണോ ആദ്യം അതുവരെ അവർക്ക് അംഗങ്ങളായി തുടരാം. അതായത് ഒരാൾ 58-ാം വയസ്സിലാണ് അംഗമാകുന്നതെങ്കിൽ അയാൾക്ക് 4 വർഷം മാത്രമേ ലഭിക്കുകയുള്ളൂ. ആകെ എണ്ണത്തിന്റെ നേർപകുതിപ്പേർ കേന്ദ്ര- സംസ്ഥാന സർക്കാർ സർവ്വീസിൽ 10 വർഷമെങ്കിലും സേവനമനുഷ്ഠിച്ചവരായിരിക്കണം എന്നതുമാത്രമാണ് ഭരണഘടന നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥ.
ഇങ്ങനെ അംഗങ്ങളാകുന്നവരെ പിരിച്ചുവിടാൻ സംസ്ഥാന ഗവൺമെന്റിനോ ഗവർണ്ണർക്കോ അധികാരമില്ല. എന്തുകൊണ്ടാണ് ഇങ്ങനൊരു പരിരക്ഷ നൽകിയിട്ടുള്ളത്? സംസ്ഥാന സർക്കാർ ഒരാളെ ചെയർമാനായി നിയമിച്ചു എന്നു കരുതുക. അതിനിടെ എപ്പോഴെങ്കിലും, ഒരുകാരണവശാലും ചെയ്യാൻ പാടില്ലാത്ത രീതിയിൽ ചില നിയമനങ്ങൾ നടത്തിക്കൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുന്നു എന്നും കരുതുക. സാധാരണഗതിയിൽ അത് ചെയ്തുകൊടുത്തില്ലെങ്കിൽ തന്റെ കസേര തെറിക്കാം എന്നുള്ളതുകൊണ്ട് വഴിവിട്ട മാർഗ്ഗം സ്വീകരിച്ചിട്ടാണെങ്കിൽ കൂടി ചെയർമാൻ അത് ചെയ്തുകൊടുക്കുന്നു. എന്നാൽ തന്നെ പിരിച്ചുവിടാനുള്ള അധികാരം മുഖ്യമന്ത്രിക്കില്ല എങ്കിൽ കസേര ഉറപ്പിക്കാനായി മാത്രം അങ്ങനൊരു വഴിവിട്ട കാര്യം ചെയർമാൻ ചെയ്തുകൊടുക്കേണ്ടി വരുന്നില്ല.
എന്നുപറഞ്ഞാൽ, ആരാധനാലയങ്ങളിലെ കാണിക്ക വഞ്ചിയിൽ പണം അങ്ങോട്ടിടാനല്ലാതെ എടുക്കുവാൻ ഭക്തർക്ക് അവകാശമില്ലാത്തതുപോലെ പി.എസ്.സി ചെയർമാനെയായാലും മെമ്പർമാരെയായാലും നിയമിക്കാനേ ഗവൺമെന്റിന് അധികാരമുള്ളൂ. പിരിച്ചുവിടാൻ വകുപ്പില്ല എന്നുസാരം.
എന്തുകൊണ്ടാണ് ഇങ്ങനൊരു പരിരക്ഷ നൽകിയിരിക്കുന്നത്? നിങ്ങളെ നിയമിച്ചയാളിനെ നിങ്ങൾ ഭയക്കേണ്ടതില്ല. അവരുടെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കാത്തതിന്റെ പേരിൽ നിങ്ങളെ അവർ ഒന്നും ചെയ്യില്ല. നിങ്ങളെ നിയമിച്ചയാളോട് ഭീതിയോ പ്രീതിയോ ഒന്നും കാട്ടേണ്ടതില്ല. സത്യസന്ധതയോടും, നിഷ്പക്ഷതയോടും കൂടി കാര്യങ്ങൾ ചെയ്തോളൂ എന്നുള്ള സന്ദേശമാണ് ഈ പരിരക്ഷ.
ആ പരിരക്ഷയാണ് പി.എസ്.സി ചെയർമാനും, അംഗങ്ങൾക്കും ഭരണഘടന നൽകിയിട്ടുള്ളത്. അല്ലാതെ എന്തുവൃത്തികേടും കാണിക്കുവാനുള്ള പരിരക്ഷയല്ല. എന്നാൽ ചിലർ കരുതിയിരിക്കുന്നത് മറിച്ചാണ്. എന്തുചെയ്താലും തങ്ങളെ ആരും ചോദ്യം ചെയ്യില്ലെന്നും, പിരിച്ചുവിടില്ലെന്നും അതിനുള്ള ഭരണഘടനാപരമായ സംരക്ഷണം തങ്ങൾക്കുണ്ട് എന്നുമാണ്. അങ്ങനെ തെറ്റിദ്ധരിച്ചതാണ് പ്രശ്നങ്ങൾക്കൊക്കെയും കാരണം.
തകർന്നടിഞ്ഞ പ്രതീക്ഷാഗോപുരം
2016 ൽ ഉമ്മൻചാണ്ടി സർക്കാർ സ്ഥാനമൊഴിയും വരെ ജനകോടികളുടെ പ്രതീക്ഷാഗോപുരമായിരുന്ന പി.എസ്.സി ഇന്നിപ്പോൾ സർവ്വത്ര കുഴപ്പങ്ങളുടേയും സ്വജനപക്ഷ പാതത്തിന്റേയുമൊക്കെ കുത്തൊഴുക്കിൽപ്പെട്ട് വിശ്വാസത്തിന്റെ ആണിക്കല്ലിളകി അഗാധഗർത്തത്തിലേക്ക് വീണിരിക്കുകയാണ്. രൂപീകൃതമായ ശേഷം ഇത്രയും കാലം അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ വിശ്വസ്ത സ്ഥാപനമായി പി.എസ്.സിക്ക് നിലകൊള്ളുവാൻ കഴിഞ്ഞത് എങ്ങനെയാണ്? തലപ്പത്തിരുന്നവരുടെ ദീർഘവീക്ഷണവും സുതാര്യതയുമൊക്കെത്തന്നെയായിരുന്നു കാരണം.
ഉദാഹരണത്തിന്, 1984 വരെ ഇന്റർവ്യൂവിന്റെ മാർക്ക് 100 ആയിരുന്നു. '84 ൽ കെ.ജി. അടിയോടി എന്ന കോൺഗ്രസുകാരൻ ചെയർമാൻ അത് 50 ആയി കുറച്ചു. തുടർന്നുവന്ന പ്രൊഫ. വി. ഗോപാലകൃഷ്ണക്കുറുപ്പ് 50 എന്നത് 20 ആക്കി കുറച്ചു. മാത്രവുമല്ല 20 മാർക്കിന്റെ 70 ശതമാനം മാത്രം പരമാവധി നൽകിയാൽ മതി എന്ന ഒരു വ്യവസ്ഥയും നടപ്പിലാക്കി. അങ്ങനെ 100 മാർക്ക് എന്നത് 14 എന്ന നിലയിൽ(20 ന്റെ 70 ശതമാനം) കുത്തനെ വെട്ടിക്കുറച്ചു. ആ രണ്ട് ചെയർമാൻമാരെയും നിയമിച്ചത് '82-87 ലെ കരുണാകരൻ സർക്കാരാണ്. തുടർന്ന് 86 മുതൽ 2016 ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരം ഒഴിയുന്നതുവരെ ഇത് അണുവിട തെറ്റിയില്ല. എന്നാൽ 2016 ൽ പിണറായി സർക്കാർ നിയമിച്ച എം.കെ. സക്കീർ എന്ന ചെയർമാൻ ആസൂത്രണബോർഡിലെ ചീഫ് എന്ന, എന്നും വിവാദം സൃഷ്ടിക്കുന്ന തസ്തികയുടെ ഇന്റർവ്യൂവിന് 70 ശതമാനം എന്ന വ്യവസ്ഥ നഗ്നമായി ലംഘിച്ച് 90 ശതമാനം മാർക്ക് നൽകി. 40 മാർക്ക് ഇന്റർവ്യൂവിന് 28 ന് പകരം 36 മാർക്ക് നൽകി വേണ്ടപ്പെട്ടവനെ ഒന്നാം റാങ്കുകാരനാക്കി. അങ്ങനെ പിണറായി സർക്കാരിനുവേണ്ടി ആദ്യ ചെയർമാൻ ആസൂത്രിതമായി അഴിമതി നടത്തി. അതുകണ്ടിട്ട് ആവേശം മൂത്താകാം രണ്ടാം പിണറായി സർക്കാരിനുവേണ്ടി രണ്ടാം ചെയർമാൻ ബൈജുവിന്റെ ഇപ്പോഴത്തെ പരാക്രമം. ആസൂത്രണബോർഡ് ചീഫ് പരീക്ഷയെഴുതിയ 228 പേരുടേയും 58 മാർക്ക് കൊള്ളയടിച്ച ശേഷം കേവലം 42 മാർക്കിന്റെ ഉത്തരങ്ങൾ മാത്രം മൂല്യനിർണ്ണയം നടത്തി വേണ്ടപ്പെട്ടയാൾക്ക് ഒന്നാം റാങ്ക് നൽകി.
അന്നദാനത്തേക്കാൾ മഹാദാനമത്രെ മാർക്കുദാനം. 100 ലെ 58 മാർക്ക് കൊള്ള ശബരിമലയിലെ കട്ടിളപ്പാളിയേയും കടത്തിവെട്ടി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് അങ്ങ് ശബരിമലയിൽ മാത്രമല്ല, ഇങ്ങ് പട്ടം തുളസിക്കുന്നിലെ പി.എസ്.സി ഓഫീസിലും നല്ല പിടിപാടുണ്ടോ എന്നാണ് അയ്യപ്പഭക്തരും തൊഴിലന്വേഷണ ഭക്തരും ഒരുപോലെ ചോദിക്കുന്നത്. കട്ടിളപ്പാളിക്ക് മുകളിലുള്ളതാണല്ലോ ഉത്തരപ്പാളി.
ഇൻഡ്യയിൽ ഏറ്റവും കൂടുതൽ നിയമനം നൽകുന്ന പി.എസ്.സി കേരളാ പി.എസ്.സി ആണെന്നാണല്ലോ മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ പറഞ്ഞിരുന്നത്. അത് നിയമന തട്ടിപ്പിനും നമ്പർ വൺ എന്നുകൂടി ചേർത്താൽ രണ്ടും ശരിയാകും. എങ്കിലും എല്ലാക്കാലത്തും നിയമനങ്ങൾക്ക് നമ്പർവൺ കേരളാ പി.എസ്.സി തന്നെയാണ് എന്നുള്ളത് അംഗീകരിക്കേണ്ട വസ്തുതയാണ്. അതിന്റെ കാരണം പരിശോധിക്കാം. 1995 ൽ ആന്റണി സർക്കാർ സംസ്ഥാന സഹകരണബാങ്ക്, 14 ജില്ലാ സഹകരണ ബാങ്കുകൾ, 14 അപ്പെക്സ് സൊസൈറ്റികളായ മത്സ്യഫെഡ്, കേരഫെഡ്, കയർഫെഡ് തുടങ്ങിയവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ശിപായി മുതൽ ജനറൽ മാനേജർ വരെയുള്ള എല്ലാ തസ്തികകളിലേയും നിയമനം പി.എസ്.സിക്ക് വിട്ട് നിയമനവിപ്ലവം സൃഷ്ടിച്ചു. അതോടെ ബോർഡ് അംഗങ്ങൾ വീതം വച്ചുനടത്തിയിരുന്ന അഴിമതി നിയമനങ്ങൾക്ക് അറുതിവന്നു. തുടർന്ന് 2018 ൽ ഉമ്മൻചാണ്ടി സർക്കാർ 13 സർവ്വകലാശാലകളിലേയും അനദ്ധ്യാപക നിയമനവും പി.എസ്.സിക്ക് കൈമാറി. അതോടെ സിൻഡിക്കേറ്റ് അംഗങ്ങളുടെ വീതംവയ്പ്പ് നിയമനവും ഇല്ലാതാവും. ഒപ്പം നിയമനങ്ങളിൽ സംവരണവും കൊണ്ടുവന്നു. രാഷ്ട്രീയനിയമനമായിരുന്ന അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ നിയമനവും(എ.പി.പി)പി.എസ്.സിക്ക് വിട്ടു. അന്ന് അദ്ധ്യാപക നിയമനം കൂടി പി.എസ്.സിക്ക് വിട്ടിരുന്നെങ്കിൽ, പത്തുവർഷത്തെ പിണറായി ഭരണത്തിൽ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ നേതാക്കളുടെ ഭാര്യമാരാരും വളഞ്ഞവഴിയിൽ അസിസ്റ്റന്റ് പ്രൊഫസർമാരാകാതെ, പണ്ട് എ.കെ. ആന്റണി പ്രഖ്യാപിച്ച തൊഴിലില്ലായ്മ വേതനവും വാങ്ങി ജീവിക്കേണ്ടിവരുമായിരുന്നു.
പി.എസ്.സിക്ക് ഈ മാനഹാനി വന്നതെങ്ങനെ?
ഓരോ തസ്തികയ്ക്കും അപേക്ഷ ക്ഷണിച്ച്, ഓരോന്നിനും പ്രത്യേകം പ്രത്യേകം പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന രീതിയായിരുന്നു 2016 വരെ പി.എസ്.സിയിൽ നിലവിലുണ്ടായിരുന്നത്. എന്നാൽ 2016 നുശേഷം ഈ സംവിധാനം എൽ.ഡി.എഫ് അട്ടിമറിച്ചു. മൂന്ന് തസ്തികകൾക്ക് ഒന്നിച്ച് പരീക്ഷ നടത്തി ആ മാർക്ക് തന്നെ മൂന്നിനും പരിഗണിക്കുന്ന സംവിധാനം കൊണ്ടുവന്നു. അപ്പോൾ മൂന്ന് റാങ്ക് ലിസ്റ്റും പ്രസിദ്ധം ചെയ്ത ശേഷം മാത്രമേ ഉത്തരക്കടലാസിന്റെ പകർപ്പ് നൽകാനാകൂ. സാധാരണഗതിയിൽ ഒരു പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ 15 ദിവസത്തിനകം 335 രൂപ അടച്ച് പരീക്ഷ എഴുതിയ വ്യക്തിക്ക് തന്റെ ഉത്തരക്കടലാസ് ആവശ്യപ്പെടാം.
അങ്ങനിരിക്കെയാണ് ആസൂത്രണ ബോർഡ് മൂന്ന് വ്യത്യസ്ത തസ്തികകൾക്കായി പൊതുപരീക്ഷ നടത്തിയത്. പ്ലാനിംഗ് & ഇൻഫ്രാസ്ട്രക്ചർ, പ്ലാനിംഗ്& കോ ഓർഡിനേഷൻ, പെഴ്പെക്റ്റീവ് പ്ലാനിംഗ് ഡിവിഷൻ എന്നീ മൂന്ന് തസ്തികകളിലും ഓരോ വേക്കൻസി വീതമാണ് ഉണ്ടായിരുന്നത്. കേവലം 228 പേർ മാത്രമുള്ള ഈ തസ്തികയ്ക്ക് പ്രത്യേകം പ്രത്യേകം പരീക്ഷ നടത്താതിരുന്നത് ക്രമക്കേടുകൾ നടത്തുവാൻ വേണ്ടി മാത്രമായിരുന്നു എന്ന് ഇന്നിപ്പോൾ ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാകുമോ? പൊതുപരീക്ഷയിലെ ഒരു റാങ്ക് പട്ടിക മാത്രം പ്രസിദ്ധം ചെയ്യുമ്പോൾ, ആ ഘട്ടത്തിൽ റാങ്ക് ലിസ്റ്റിൽ എഴുത്തുപരീക്ഷയ്ക്ക് കിട്ടിയ മാർക്കും ഇന്റർവ്യൂവിന്റെ മാർക്കും വെളിപ്പെടുത്താനാകില്ലല്ലോ.
രണ്ടാം റാങ്ക്ലിസ്റ്റ് പ്രസിദ്ധം ചെയ്തശേഷം മൂന്നാമത്തെ റാങ്ക് ലിസ്റ്റ് 2026 ഒക്ടോബർ 10 നാണ് പ്രസിദ്ധം ചെയ്തത്. സംശയം തോന്നി റാങ്ക് ലിസ്റ്റിൽ പിന്നിലായവർ ഉത്തരക്കടലാസ് ചോദിച്ചുവെങ്കിലും മൂന്നാംറാങ്ക് ലിസ്റ്റ് പ്രസിദ്ധം ചെയ്തില്ല എന്ന സാങ്കേതികത്വം പറഞ്ഞ് ഉത്തരക്കടലാസോ മാർക്കുകളോ പി.എസ്.സി നൽകിയില്ല. വിവരാവകാശ പ്രകാരം ചോദിച്ചിട്ടും നൽകിയില്ല. സഹികെട്ട് മുഖ്യവിവരാവകാശ കമ്മീഷണർക്ക് അപ്പീൽ നൽകിയശേഷമാണ് ഉത്തരക്കടലാസ് ലഭിച്ചത്. അപ്പോഴാണ് ഞെട്ടിക്കുന്ന വെട്ടിപ്പ് പുറത്തായത്. 58 മാർക്കിന്റെ പത്ത് ചോദ്യോത്തരങ്ങൾ 228 പേരുടെയും മൂല്യനിർണ്ണയം നടത്തിയിട്ടില്ല. ശബരിമല അയ്യപ്പന്റെ സ്വർണ്ണം അടിച്ചുമാറ്റിയത് കേട്ട് ഞെട്ടിയതിനേക്കാൾ ഞെട്ടിച്ചവാർത്ത സ്വാഭാവികമായും വൈറലായി. 42 മാർക്ക് മൂല്യനിർണ്ണയത്തിൽ ഒന്നാംറാങ്ക് നേടിയ വ്യക്തിക്ക് പിന്നീട് 100 മാർക്ക് മൂല്യനിർണ്ണയത്തിൽ ലഭിച്ചത് 46.25 മാർക്ക്.
അങ്ങനെ ഒന്നാംറാങ്കുകാരൻ 5-ാംമതും മൂന്നാം റാങ്കുകാരൻ ഒന്നാമതും എത്തി. സ്വർണ്ണം ചെമ്പായും ചെമ്പ് സ്വർണ്ണമായും മാറിയ മഹാമറിമായം. ഇവിടെയാണ് ചെയർമാന്റെ അതിബുദ്ധി പ്രവർത്തിച്ചത്. ആദ്യലിസ്റ്റ് 2025 മേയ് 31 ന് പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ ലിസ്റ്റും അതിനോടടുപ്പിച്ച് പ്രസിദ്ധീകരിച്ചു. അതിന്റെയടിസ്ഥാനത്തിൽ ആദ്യലിസ്റ്റിലെ ഒന്നാംറാങ്കുകാരൻ നിയമിതനുമായി. എന്നാൽ പിന്നീട് ഒരു വർഷം കഴിഞ്ഞ് മാത്രമേ മൂന്നാമത്തെ ലിസ്റ്റിട്ടുള്ളു. അതിനുശേഷം മാത്രമാണ് മാർക്ക്ലിസ്റ്റ് പുറത്തുവിട്ടതും കൃത്രിമം കണ്ടെത്തിയതുമൊക്കെ. അവിടെയാണ് ബൈജുവിന്റെ അതിബുദ്ധിയോ പാർട്ടിക്കൂറോ വെളിവായത്. ഒന്നാം റാങ്കുകാരൻ അരുൺ ജെ. പ്രസാദ് ജോലിയിൽ കയറി ഒരു വർഷം കഴിഞ്ഞ് മാത്രമാണ് 3-ാമത്തെ ലിസ്റ്റ് പ്രസിദ്ധീകരിച്ചതും വിവാദങ്ങൾ ഉയർന്നുവന്നതുമൊക്കെ. പി.എസ്.സിയുടെ നിയമം അനുസരിച്ച് ഒരാളെ അഡൈ്വസ് ചെയ്ത് ഒരു വർഷം കഴിഞ്ഞാൽ പി.എസ്.സിക്കായിട്ട് അയാളെ പിരിച്ചുവിടാനാവില്ല. ഗവൺമെന്റോ കോടതിയോ ഇടപെട്ടുവേണം അത് ചെയ്യുവാൻ. ആദ്യം ഷോക്കോസ് കൊടുത്ത് മറുപടി വാങ്ങണം. എന്നിട്ടുമാത്രമേ പിരിച്ചുവിടാൻ ഗവൺമെന്റിന് അധികാരമുള്ളൂ. അങ്ങനെ പിരിച്ചുവിടുമ്പോൾ അയാൾ സ്വാഭാവികമായും കോടതിയിൽ കേസുമായി പോകും. ആ കേസ് പലപ്പോഴും തീരുക അയാൾ റിട്ടയറായശേഷമായിരിക്കും. അതൊക്കെ അറിയാവുന്നതുകൊണ്ടുതന്നെയാകണം ആദ്യലിസ്റ്റ് പ്രസിദ്ധീകരിച്ച് അരുൺ ജെ. പ്രസാദിനെ അകത്തുകയറ്റി ഒരു വർഷം കഴിഞ്ഞുമാത്രം മൂന്നാമത്തെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അതുകൊണ്ടാണ് ഈ കോലാഹലങ്ങൾ ഒക്കെ നടക്കുമ്പോഴും അരുൺ ജെ. പ്രസാദ് ജോലിയിൽ തുടരുന്നത്.
ആ്വ്യ മൂല്യനിർണ്ണയ മാർക്ക് പി.എസ്.സി ഇനിയും പുറത്തുവിട്ടിട്ടില്ല. വിട്ടാൽ ഞെട്ടുമെന്നുള്ള കാര്യം ഉറപ്പാണ്. എന്തായാലും ഹൈക്കോടതിയിൽ ഇത് വെറും 'ക്ലറിക്കൽ എറർ' എന്നുവാദിച്ചപ്പോൾ 'അത് വീട്ടിൽ പോയി പറഞ്ഞാൽ മതി' എന്നാണ് തിരിച്ചു മറുപടി കിട്ടിയത്. ഒറ്റപ്പെട്ട സാങ്കേതിക തകരാർ എന്ന പി.എസ്.സി നിലപാടിനേയും കോടതി ശകാരിച്ചു. 200 ൽ അധികം പരാതികളാണോ ഒറ്റപ്പെട്ടത്. വൃത്തികേടുകൾ മുഴുവൻ നടത്തിയിട്ട് വീട്ടുകാരും നാട്ടുകാരും അറിയാതിരിക്കാനാണോ വിവരാവകാശ മറുപടി നൽകാത്തതെന്ന ചങ്കിൽ കുത്തിയ ചോദ്യവും കോടതിയുടെ ഭാഗത്തുനിന്നുമുണ്ടായി. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ചെയർമാൻ സഹകരിക്കുന്നില്ല എന്ന് സർക്കാർ വക്കീൽ പറഞ്ഞപ്പോൾ, കൊലക്കേസ് പ്രതി സഹകരിച്ചില്ലെങ്കിൽ ചെയ്യുന്ന പണി പോലീസിനറിയില്ലേ എന്നുവരെ കോടതിക്ക് ചോദിക്കേണ്ടി വന്നു. അതിന്റെ നാടൻഭാഷ്യം 'തൂക്കിയെടുത്ത് അകത്തിടൂ' എന്നാണെന്ന് ഏത് ബംഗാളിക്കാണറിയാത്തത്.
ഇതിനിടെ മുൻ ഗവർണർ പോകുന്ന പോക്കിൽ പി.എസ്.സി ചെയർമാനേയും അംഗങ്ങളേയും പുറത്താക്കുവാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി. അങ്ങനെ ഒരേസമയം 'പുറത്താക്കാൻ' ഗവർണറുടേയും 'അകത്താക്കാൻ' ജഡ്ജിയുടെയും ഇരട്ട ഇരുട്ടടി നേടുവാനുള്ള ഭാഗ്യവും ഈ വേതാളക്കൂട്ടങ്ങൾക്കുണ്ടായി.
ഇത്രയുമൊക്കെയായിട്ടും, ദൈവത്തിന് തെറ്റുവരാം. പക്ഷേ പിണറായിക്കും അദ്ദേഹം നിയമിക്കുന്നവർക്കും ഒരു തെറ്റും പറ്റുകയില്ല എന്ന് വിശ്വസിക്കുന്ന അന്ധവിശ്വാസികളായ സി.പി.എം ബഹുജന സംഘടനകൾ ഇന്നീ പി.എസ്.സി ലോകമെങ്ങും നാണംകെട്ടതിൽ കാരണഭൂതർക്കെതിരെ ഒറ്റയക്ഷരം ഉരിയാടുന്നില്ല.
ഏതായാലും പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ തുറന്നു പരിശോധിച്ചപ്പോഴോ, ശബരിമല അയ്യപ്പന്റെ സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റിയും, പിണറായി നിയമിച്ച മൂന്ന് ദേവസ്വം ബോർഡ് പ്രസിഡന്റുമൊരുമൊക്കെച്ചേർന്ന് അടിച്ചുമാറ്റി ചെമ്പാക്കിമാറ്റി എന്നുകേട്ടപ്പോഴോ കേരളം ഇത്രയും ഞെട്ടിയിട്ടില്ല. മൂക്കത്ത് വിരൽവച്ചിട്ടില്ല. അത്ഭുതത്താൽ വായപൊളിച്ചിട്ടില്ല. ഇവിടെ ഇപ്പോൾ അതാണ് സംഭവിക്കുന്നത്. ആസൂത്രണബോർഡിൽ തുടങ്ങി ഫിഷറീസ്, ഡി.വൈ.എസ്.പി, കെ.എ.എസ്, എം.വി.ഡി, ഖാദി ബോർഡ്, പി.ആർ.ഡി... മലയുടെ ഒരു ഭാഗം മാത്രമാണ് കാണുന്നത്. കൂടുതൽ ഭാഗങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ.
ഈ വിഷയത്തിലിപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് ഗവർണർ രാഷ്ട്രപതിക്ക് കൊടുത്ത ശുപാർശയും സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയ ക്രൈംബ്രാഞ്ചിന്റെ എസ്.ഐ.ടി അന്വേഷണവുമാണ്. അത് അതിന്റെ മുറയ്ക്ക് നടക്കട്ടെ. പക്ഷേ പി.എസ്.സിയെ പഴയ പ്രകാശഗോപുരമായി തിരികെ ലഭിക്കാനും ചെമ്പായ നിറം തേച്ചുമിനുക്കി തനി തങ്കമാക്കാനും കഴിയേണ്ടവർക്ക് കഴിയണം.










