03:16pm 13 September 2026
NEWS
കോൺഗ്രസിൽ സംഭവിക്കുന്നത്? വെല്ലുവിളികളും സാദ്ധ്യതകളും വിലയിരുത്തുമ്പോൾ...
17/02/2025  08:52 PM IST
അനീഷ് മോഹനചന്ദ്രൻ
കോൺഗ്രസിൽ സംഭവിക്കുന്നത്? വെല്ലുവിളികളും സാദ്ധ്യതകളും വിലയിരുത്തുമ്പോൾ...

2024ലെ പാർലമെന്റ് പൊതുതിരഞ്ഞെടുപ്പിന് ശേഷം ദേശീയതലത്തിൽ കോൺഗ്രസിന് അത്രമികച്ച നേട്ടങ്ങളൊന്നും കൈവരിക്കാൻ സാധിച്ചില്ലെങ്കിലും കേരളത്തിലെ സ്ഥിതി വിഭിന്നമാണ്. ഇവിടെ ഏറെക്കുറേ 2026 തങ്ങൾക്ക് സ്വന്തം എന്ന നിലയ്ക്കാണ ്കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ തരംഗം ഒരു‘ഭാഗത്ത്. ബി.ജെ.പിക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിക്കുന്നില്ല എന്നത് മറുഭാഗത്ത്. എല്ലാത്തിനുമുപരി കോൺഗ്രസ് പ്രവർത്തകർക്കിടയിൽ മുമ്പെങ്ങുമില്ലാത്തവിധം ഒരു ആവേശവും ആഘോഷവുമൊക്കെ വന്നുചേർന്നിട്ടുമുണ്ട്. രണ്ടുടേം പൂർത്തിയാക്കിയ പിണറായി ഇനിയൊരു ടേംകൂടി കളത്തിലിറങ്ങില്ല എന്ന ചിന്തയാണ് അവരുടെ ആവേശത്തിന് പിന്നിലെ പ്രധാന കാരണം (പിണറായിക്ക് ശേഷംകരുത്തനായ ഒരു നേതാവ് സി.പി.എമ്മിൽ ഉയർന്നുവരില്ല എന്നവർ കരുതുന്നു). ഇനി അഥവാ പിണറായി ഇറങ്ങിയാലും ജനങ്ങൾ ഇടതുമുന്നണിയെ പാടേ നിരാകരിക്കും എന്നതാണ് കോൺഗ്രസ് അണികളുടെ മറ്റൊരു കണക്കുകൂട്ടൽ.

അണികളുടെ ആവേശം അണപൊട്ടുമ്പോൾ അതിന്റെ അനുരണനങ്ങൾ മുകൾത്തട്ടിലും ഉണ്ടാകുന്നത് സ്വാഭാവികം. പക്ഷേ, അടുത്ത തിരഞ്ഞെടുപ്പിൽ ആരെമുന്നിൽ നിർത്തും? ആരാകും യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി? എന്നതൊക്കെ ഒരു ചോദ്യച്ചിഹ്നമാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്ന പാരമ്പര്യം കോൺഗ്രസിന് ഇല്ലെന്ന് പുറമേ പറയുമെങ്കിലും പിന്നിൽ അതല്ല സ്ഥിതി. കൃത്യമായ രാഷ്ട്രീയ ഉപജാപങ്ങളും ഗ്രൂപ്പ് സെറ്റിൽമെന്റുകളുമൊക്കെ അണിയറയിൽ എപ്പോഴും നടക്കാറുണ്ട്. എന്നാലിക്കുറി ആർക്കും ഒന്നിനും ഒരു നിശ്ചയവുമില്ല. ഈ സാഹചര്യത്തിൽ ഓരോ ക്യാമ്പും നേരിടുന്ന വെല്ലുവിളികളും സാദ്ധ്യതകളും ഒന്ന് വിലയിരുത്തുന്നത് ഉചിതമാകും.

ഡോ. ശശി തരൂർ

എ.ഐ.സി.സി. അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് മ ല്ലികാർജ്ജുന ഖാർഗെയ്‌ക്കെതിരെ മത്സരിച്ച നേതാവാണ് ഡോ. ശശി തരൂർ. 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് തന്റെ അവസാനമത്സരമാണ് എന്ന് തരൂർ പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്തെ ഒരു സുരക്ഷിതമണ്ഡലത്തിൽ നിന്നും ജയിച്ച് മുഖ്യമന്ത്രിക്കസേര സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്ന നേതാവാണ്. എന്നാൽ തന്റെ ആഗ്രഹം അത്രവേഗത്തിൽ പൂർത്തീകരിക്കാവുന്ന ഒന്നല്ല എന്ന് മറ്റാരെക്കാളും നന്നായി തരൂരിന് അറിയാം. ഇവിടെ തരൂർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നിലവിൽ എം.പിയായ തന്നെ മത്സരിക്കാൻ പാർട്ടി അനുവദിക്കുമോ എന്നതാണ്. ഇനി അനുവദിച്ചാലും കൂടെയുള്ളവർ തന്നെ കാലുവാരാൻ സാദ്ധ്യത ഏറെയാണ്. മുമ്പ് തറവാടിനായരെന്ന് തന്നെ വിശേഷിപ്പിച്ച എൻ.എസ്.എസ്. പോലും ഒപ്പം നിൽക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പില്ല. രണ്ട് താൻ ജയിച്ചാലും അവസാനനിമിഷം മുഖ്യമന്ത്രി ആകാൻ മറ്റൊരാൾ വന്നാൽ പിന്നെ അവർക്കുകീഴിൽ ഒരു മന്ത്രിയായി ഒതുങ്ങാൻ ഒരുക്കമല്ല എന്നതാണ് മറ്റൊരു പ്രതിസന്ധി.

വി.ഡി. സതീശൻ

നിയമസഭയ്ക്കകത്ത് ഇത്രയും കത്തിക്കയറുന്ന ഒരു പ്രതിപക്ഷ നേതാവ് അടുത്തിടെയൊന്നും കേരളത്തിൽ ഉണ്ടായിട്ടില്ല. വി.എസിന്റെ കാലത്ത് അദ്ദേഹം പവർഫുൾ ആയിരുന്നെങ്കിലും രാഷ്ട്രീയപ്രതിരോധം തീർക്കുന്ന കാര്യത്തിൽ അത്രകണ്ട് കേമനായിരുന്നില്ല. പ്രതിരോധം എന്നതിനേക്കാൾ ആക്രമണമായിരുന്നു അദ്ദേഹത്തിന്റെ ശൈലി. എന്നാൽ സതീശന് ആക്രമണവും പ്രതിരോധവും വഴങ്ങും. എന്നാൽ സഭയ്ക്ക് പുറത്ത് അത്രകണ്ട് ശോഭിക്കാൻ പലപ്പോഴും അദ്ദേഹത്തിന് സാധിക്കാറില്ല. സഭാ, സമുദായ നേതാക്കൻമാരുമായിട്ട് അത്രകണ്ട് അനരഞ്ജനപ്പെട്ട് പോകുന്ന കീഴ്‌വഴക്കമില്ല എന്നതാണ് അദ്ദേഹം നേരിടുന്ന മറ്റൊരു വെല്ലുവിളി. മതവും രാഷ്ട്രീയവും രണ്ടുവഴിക്ക് നീങ്ങണം എന്നതാണ് സതീശന്റെ പൊതുനിലപാട്. ഇത് പലർക്കും സ്വീകാര്യമല്ല എന്നതാണ് അദ്ദേഹത്തിന് തിരിച്ചടിയാകുന്ന മറ്റൊരു പ്രധാന ഘടകം.

കെ.സി. വേണുഗോപാൽ

നിലവിൽ എ.ഐ.സി.സി. ജനറൽസെക്രട്ടറിയായി പ്രവർത്തിക്കുന്ന നേതാവാണ് കെ.സി. വേണുഗോപാൽ. 2001 - 2006 കാലഘട്ടത്തിൽ യു.ഡി.എഫ്. ഗവൺമെന്റിൽ ടൂറിസം മന്ത്രി ആയിരുന്ന കെ.സി. വേണുഗോപാൽ യു.പി.എ. സർക്കാരിൽ വ്യോമയാന സഹമന്ത്രി ആയിരുന്നു. ശേഷം ഡെൽഹിയിൽതന്നെ തുടർന്ന അദ്ദേഹം കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ വലംകൈ ആണ്. ഹൈക്കമാന്റ് തീരുമാനങ്ങളിലെ നിർണ്ണായകശക്തിയായ കെ.സിക്ക് ഡെൽഹിയിൽ നല്ല പിടിപാടാണ്. കേന്ദ്രത്തിൽ മാത്രമല്ല ഇതര സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതൃത്വവുമായിട്ടും അദ്ദേഹത്തിന് നല്ല ബന്ധമാണുള്ളത്. നിലവിൽ താൻ കേരളത്തിലേക്ക് വരേണ്ട സാഹചര്യമില്ല എന്നാണ് കെ.സി. പറയുന്നതെങ്കിലും 2026 ൽ യു.ഡി.എഫ്. ഭരണം പിടിക്കുന്നപക്ഷം കെ.സി. കേരളത്തിലേക്ക് പറന്നിറങ്ങും എന്ന് ഏറെക്കുറേ ഉറപ്പാണ്. ഇതിനായുള്ള ചരടുവലികൾ അദ്ദേഹം ഇപ്പോഴേ നടത്തുന്നുണ്ട്. മത, സാമുദായിക നേതാക്കൻമാരുമായിട്ട് അത്ര നല്ല ബന്ധമൊന്നുമില്ലെങ്കിലും കെ.സി.ക്ക് മുഖ്യമന്ത്രി ആകണമെങ്കിൽ അതിന്റെയൊന്നും ആവശ്യമില്ല. രാഹുൽഗാന്ധിയുടെ ഒരു യെസ ്മാത്രം മതി കെ.സിക്ക് തന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ.

രമേശ് ചെന്നിത്തല

ഒന്നാം പിണറായി വിജയൻ സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച പദ്ധതികളുമായി ബന്ധപ്പെട്ട് 12 ഓളം അഴിമതി കേസുകൾ വെളിച്ചത്തുകൊണ്ടുവന്ന നേതാവാണ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു എങ്കിലും അദ്ദേഹത്തിന് പലപ്പോഴും കാര്യങ്ങൾ സമർത്ഥമായി പറഞ്ഞുഫലിപ്പിക്കാൻ സാധിച്ചിട്ടില്ല. അതേസമയം, ചെറുപ്രായത്തിൽതന്നെ കരുണാകരൻ മന്ത്രിസഭയിൽ എത്തിയിട്ടുള്ള ചെന്നിത്തലയ്ക്ക് കേരളനിയമസഭയിലും പാർലമെന്റിലും നല്ല പ്രവർത്തിപരിചയമുണ്ട്. മത, സാമുദായിക നേതാക്കൻമാരുമായി നല്ല ബന്ധമാണ് ചെന്നിത്തലയ്ക്കുള്ളത്. കെ.പി.സി.സി. പ്രസിഡന്റ് ആയിരുന്ന ഘട്ടത്തിൽ അദ്ദേഹം ഒട്ടുമിക്ക ഘടകകക്ഷി നേതാക്കൻമാരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തരം കൈകാര്യംചെയ്തിരുന്ന ചെന്നിത്തല ജനങ്ങൾക്ക് സുപരിചിതനും അഭിമതനുമാണ്. ഇതെല്ലാം അദ്ദേഹത്തിന് കരുത്തേകുന്ന സംഗതികളാണ്.

മേൽപ്പറഞ്ഞ നാലുപേരുകാരിൽ അന്തിമപട്ടികയിൽ ഇടം നേടാൻ സാദ്ധ്യതയുള്ള രണ്ടുപേരുകൾ രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലുമാണ്. കെ.സിക്ക് കേന്ദ്രത്തിലുള്ള മൃഗീയസ്വാധീനം തനിക്ക് തിരിച്ചടിയാകുമോ എന്നതാണ് ചെന്നിത്തലയുടെ വേവലാതി. ഇനി അഥവാ അങ്ങിനൊരു നീക്കുപോക്കുണ്ടായാൽ കേരളത്തിലെ മുന്നണി സമവാക്യങ്ങൾ മാറുമെന്ന ഭീഷണി ഉയർത്തുന്നത് മാത്രമാകും രമേശിന് മുന്നിലെ പോംവഴി. അതായത് ചെന്നിത്തലയെ മാത്രമേ തങ്ങൾ അംഗീകരിക്കൂ എന്ന് മുസ്ലീംലീഗിനെക്കൊണ്ട് പറയിപ്പിക്കുക. ലീഗ് ഇല്ലാതെ ഒരിക്കലും യു.ഡി.എഫിന് ഭരണം പിടിക്കാനോ നിലനിർത്താനോ സാധിക്കുകയുമില്ല. ഇനി ഒരുവേള കേന്ദ്രം വഴങ്ങുന്നില്ലെങ്കിൽ കെ.സിയെ വെട്ടി കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൻമാരെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാനും ഒരുപക്ഷേ രമേശ് തയ്യാറായേക്കും. അത്രകണ്ട് അമർഷത്തിലും അസ്വസ്ഥതയിലുമാണ് രമേശ് പാർട്ടിക്കുള്ളിൽ കഴിഞ്ഞുകൂടുന്നതത്രേ.

2021 ൽ പ്രതിപക്ഷനേതൃസ്ഥാനം നഷ്ടമായതുമുതൽ രമേശ് അസ്വസ്ഥനാണ്. തന്നെ വെട്ടിയൊതുക്കാൻ കേന്ദ്രത്തിൽ ചരടുവലിച്ച നേതാക്കൻമാർ ആരൊക്കെയെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. എന്നിട്ടും എല്ലാം സഹിച്ച് പാർട്ടിയിൽതുടരുന്നത് 2026 ൽ ലഭിച്ചേക്കാവുന്ന മുഖ്യമന്ത്രി കസേര കണ്ടിട്ടുതന്നെയാണ്. അതുകൂടി കൈമോശം വന്നാൽ പിന്നൊരുപക്ഷേ അദ്ദേഹം ചില കൈവിട്ട കളികൾ കളിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. ഇതിന് മുന്നോടിയായി തനിക്കൊപ്പം നിൽക്കുന്ന എം.എൽ.എമാരേയും എം.എൽ.എ. സ്ഥാനമോഹികളേയും ഫിൽറ്റർ ചെയ്യുന്ന പ്രോസസിലൂടെയാണ്  ചെന്നിത്തല ഇപ്പോൾ കടന്നുപോകുന്നത്.

താമരയിൽ വീഴുമോ ?

രമേശ് ചെന്നിത്തലയെ സംബന്ധിച്ചിടത്തോളം ഇനിയൊരു അങ്കത്തിന് ബാല്യമില്ല. എഴുപതിലേക്ക് അടുക്കുന്ന തനിക്ക് ഇക്കുറി (2026) മുഖ്യമന്ത്രി ആകാൻ സാധിച്ചില്ലെങ്കിൽ ഇനിയൊരവസരം ലഭിക്കില്ല എന്നദ്ദേഹത്തിന് നന്നായി അറിയാം. അതുകൊണ്ട്തന്നെ 2026ൽ ഒരു വെട്ടിനിരത്തൽ ഉണ്ടായാൽ അദ്ദേഹം കേന്ദ്രക്യാബിനറ്റ് റാങ്ക് പ്രതീക്ഷിച്ച് ബി.ജെ.പി. പാളയത്തിലേക്ക് പോകുമോ എന്നതാണ് രാഷ്ട്രീയനിരീക്ഷകരിൽ പലരും ഉറ്റുനോക്കുന്നത്. ഒരിക്കലും ഉണ്ടാകില്ല എന്നാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഞങ്ങൾക്ക് ബോദ്ധ്യമായത്. മരണം വരെയും കോൺഗ്രസ്സിൽ തുടരണം എന്നതാണ് ചെന്നിത്തലയുടെ ആഗ്രഹം.

മുഖ്യമന്ത്രിപദത്തേക്കാൾ വലിയ ഓഫറുകളുമായി പലരും ചെന്നിത്തലയെ നേരത്തേതന്നെ വന്നുകണ്ടിട്ടുണ്ടത്രേ. രമേശിന്റെ ഒരു യെസ് ലഭിച്ചാൽ സാക്ഷാൽ നരേന്ദ്രമോദിതന്നെ അദ്ദേഹത്തെ നേരിട്ട് വന്നു കാണുമെന്നതുൾപ്പെടെയുള്ള ഓഫറുകളാണ് രമേശിനെ തേടിയെത്തിയത് എന്നും അറിയുന്നു. അപ്പോഴൊക്കെയും കോൺഗ്രസ് വിട്ടൊരുകളി ഇല്ല എന്നതായിരുന്നു രമേശ് ചെന്നിത്തലയുടെ നിലപാട്. അതേസമയം, രാഷ്ട്രീയത്തിൽ ഒന്നും മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ല. ഏതൊരു നേതാവും സാഹചര്യങ്ങൾക്ക് അനുസൃതമായി പുതിയ നയസമീപനം കൈക്കൊണ്ടാൽ അതിൽ തെറ്റുപറയാൻ സാധിക്കില്ല എന്നും ചെന്നിത്തലയുടെ കാര്യത്തിലും സ്ഥിതി വിഭിന്നമല്ലെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

പുറമേ കാണുന്നതിനുമപ്പുറം ഗൗരവകരമായ നീക്കുപോക്കുകളാണ് യു.ഡി.എഫിൽ ഇപ്പോൾ നടക്കുന്നത്. കോൺഗ്രസ്സിലെ പ്രമുഖ നേതാക്കൻമാരിൽ പലരും പൊതുപരിപാടികളിൽ പങ്കെടുക്കുന്നതുപോലും കൃത്യമായ രാഷ്ട്രീയ നീക്കുപോക്കുകൾ ലക്ഷ്യമിട്ടാണ്. അകം വേവുന്നത് പുറം അറിയുന്നില്ലെന്ന് മാത്രം. ഇത് മുന്നിൽ കണ്ടാണ് മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് സംസാരിക്കേണ്ട സമയം ആയിട്ടില്ലെന്ന മുന്നറിയിപ്പ് സാക്ഷാൽ എ.കെ. ആന്റണിതന്നെ നൽകിയത്. സ്ഥിതിഗതികൾ ഇങ്ങിനെ തുടർന്നാൽ അതൊരുപക്ഷേ അണികൾക്കും നേതാക്കൻമാർക്കും ഓവർ കോൺഫിഡൻസ് നൽകുമെന്നും അതിലൂടെ 2026 ൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പലരോടും വ്യക്തിപരമായിത്തന്നെ പറഞ്ഞുകഴിഞ്ഞു. 2024 ൽ 400 ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ബി.ജെ.പി കേവല ഭൂരിപക്ഷം പോലും ലഭിക്കാതെ വലഞ്ഞതും ആന്റണി ഉദാഹരിച്ചത്രേ. എന്നാൽ ആന്റണിയുടെ വാക്കുകൾ ഒരു കാതിൽകൂടി കേട്ട് മറുകാതിൽക്കൂടി കളഞ്ഞ നേതാക്കൻമാരിൽ പലരും പ്രായോഗിക രാഷ്ട്രീയത്തിന്റെ പുത്തൻ സമസ്യകൾക്ക് പിന്നാലെ പായുന്നതാണ് സമകാലിക യാഥാർത്ഥ്യം. പലരും ഇന്ന് മുഖ്യമന്ത്രി പദവും കഴിഞ്ഞ് മന്ത്രിസഭാ രൂപീകരണത്തിലേക്ക് പോലും കടന്നിട്ടുണ്ട് എന്നാണ് തലസ്ഥാനത്ത് നിന്നും ലഭ്യമാകുന്ന വിവരം.

അൻവറും ചെന്നിത്തലയും

തമ്മിൽ

ഇടതുപാളയത്തിൽ നിന്നും തെറ്റിപ്പിരിഞ്ഞ് വന്ന മുൻ എം.എൽ.എ പി.വി. അൻവർ ആദ്യം ഡി.എം.കെയിലാണ് എത്തിയത്. പിന്നീട് രാഷ്ട്രീയകേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് അദ്ദേഹം തൃണമൂൽ കോൺഗ്രസിലേക്ക് എത്തിയത്. അൻവറിനെപ്പോലെ ഉത്തരേന്ത്യയിൽ വലിയ പിടിപാടൊന്നുമില്ലാത്ത ഒരു നേതാവിന് എങ്ങിനെ തൃണമൂലിന്റെ അമരക്കാരി മമത ബാനർജിയുടെ മുന്നിലെത്തിപ്പെടാൻപറ്റി എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഇതുമായി ബന്ധപ്പെട്ട ചരടുവലികളിൽ, ഡെൽഹിയിൽ പിടിയുള്ള ആരോ അൻവറിനെ സഹായിച്ചിട്ടുണ്ട് എന്നുറപ്പാണ്. പക്ഷേ, ആ നേതാവ് ആര് എന്നത് ഇപ്പോഴും ദുരൂഹമായിതുടരുന്നു. അൻവറിന്റെ തൃണമൂൽ പ്രവേശവും കേരളത്തിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന ചില രാഷ്ട്രീയ ഉപജാപങ്ങളും തമ്മിൽ എന്തേലും ബന്ധമുണ്ടെന്ന് ആരേലും കരുതിയാൽ അവരെ തെറ്റുപറയാൻ സാധിക്കില്ല എന്നും ചില നിരീക്ഷണങ്ങൾ വരുന്നുണ്ട്.

അൻവറിന്റെ യു.ഡി.എഫ്. പ്രവേശം സംബന്ധിച്ച് ഔദ്യോഗിക തീരുമാനമൊന്നും വന്നിട്ടില്ലെങ്കിലും പിന്നാമ്പുറത്ത് അതുമായി ബന്ധപ്പെട്ട പല ചർച്ചകളും നടക്കുന്നുണ്ട്. മലപ്പുറത്ത് ലീഗിന്റെ താത്പര്യത്തിന് വിരുദ്ധമായി ഒന്നും നടക്കില്ലെന്നിരിക്കെ അൻവറിനെ പാലക്കാടൻ ‘ഭാഗത്ത് പരീക്ഷിച്ച് വിജയം ഉറപ്പാക്കാൻ വേണ്ടതൊക്കെ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്. അവസാനഘട്ടത്തിൽ ലീഗ് വഴങ്ങുന്ന പക്ഷം ഒരുവേള അൻവറിനെ നിലമ്പൂരിൽ തന്നെ പരീക്ഷിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. അൻവറിന്റെ താത്പര്യങ്ങൾ കോൺഗ്രസിൽ സംരക്ഷിച്ച് നിർത്തുന്നത് കെ.പി.സി.സി. അദ്ധ്യക്ഷൻ കെ. സുധാകരനാണ്. എന്നാൽ സുധാകരന്റെ പ്രതാപമൊക്കെ ഏറെക്കുറേ കഴിയാറായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ചില ഗോഡ് ഫാദർമാർകൂടി അൻവറിനിപ്പോൾ കോൺഗ്രസ്സിലുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. കാര്യങ്ങൾ അൻവർ കണക്കുകൂട്ടുന്നതുപോലെ നീങ്ങുകയാണെങ്കിൽ അദ്ദേഹം ഒരുപക്ഷേ യു.ഡി.എഫ്. മന്ത്രിസഭയിലെ വനംവകുപ്പ് മന്ത്രിയായിമാറിയാൽപ്പോലും അത്ഭുതപ്പെടേണ്ടി വരില്ല. അത്തരത്തിൽ ആളും അർഥവും എറിഞ്ഞുള്ള വൻകിട ചരടുവലികളാണ് പിന്നാമ്പുറത്ത് നടക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img