
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര പ്രതിസന്ധി കൂടുതൽ ഗുരുതരമായി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി നിയമസഭാ സ്പീക്കർ അംഗീകരിച്ചതായാണ് റിപ്പോർട്ട്. ഇതോടെ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ് ഉയർന്നിരിക്കുന്നത്. 58 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് അവകാശപ്പെട്ട വിമതവിഭാഗം, ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായും അഖ്രുജ്ജമാനെ ചീഫ് വിപ്പായും അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ രവീന്ദ്രനാഥ് ബോസിന് കത്ത് നൽകിയിരുന്നു. ഈ ആവശ്യം സ്പീക്കർ അംഗീകരിച്ചതോടെ മമത ബാനർജിക്ക് സ്വന്തം പാർട്ടിയും നഷ്ടമായ സാഹചര്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
തങ്ങളാണ് യഥാർഥ തൃണമൂൽ കോൺഗ്രസ് എന്ന അവകാശവാദവുമായി വിമതർ രംഗത്തെത്തിയത് മമത ബാനർജിയെ പ്രതിരോധത്തിലാക്കുകയാണ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നേരത്തെ പുറത്താക്കപ്പെട്ട ഋതബ്രത ബാനർജിക്കും സന്ദീപൻ സാഹയ്ക്കും ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ ലഭിച്ചെന്നാണ് വിമതരുടെ വാദം. 80 അംഗങ്ങളുള്ള പാർട്ടിയിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികം എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് വിമതർ അവകാശപ്പെടുന്നു. ഈ സാഹചര്യത്തിൽ കൂറുമാറ്റ നിരോധന നിയമത്തിലെ നടപടികളിൽനിന്ന് സംരക്ഷണം ലഭിക്കുമെന്നും പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിന്മേലും അവകാശവാദം ഉന്നയിക്കാനാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.











