11:43am 19 May 2026
NEWS
ഇമാമുമാർക്കും പൂജാരിമാർക്കുമുള്ള ഓണറേറിയം പശ്ചിമബം​ഗാൾ സർക്കാർ നിർത്തലാക്കി
18/05/2026  08:09 PM IST
nila
ഇമാമുമാർക്കും പൂജാരിമാർക്കുമുള്ള ഓണറേറിയം പശ്ചിമബം​ഗാൾ സർക്കാർ നിർത്തലാക്കി

കൊൽക്കത്ത: ആദ്യ മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങളുമായി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ. മതാടിസ്ഥാനത്തിലുള്ള സർക്കാർ ധനസഹായ പദ്ധതികൾ ജൂൺ മുതൽ അവസാനിപ്പിക്കാനും, കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നിലവിലെ ഒബിസി പട്ടിക റദ്ദാക്കാനും മന്ത്രിസഭ തീരുമാനിച്ചു. പുതിയ ഒബിസി മാനദണ്ഡങ്ങൾ രൂപപ്പെടുത്താൻ പ്രത്യേക സമിതിയും സർക്കാർ നിയോഗിക്കും.

സാംസ്കാരിക വകുപ്പ്, ന്യൂനപക്ഷ-മദ്രസ വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ കീഴിൽ നടപ്പാക്കിയിരുന്ന മതപരമായ തിരിച്ചറിവിനെ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ മേയ് അവസാനത്തോടെ അവസാനിക്കുമെന്ന് മന്ത്രി അഗ്നിമിത്ര പോൾ അറിയിച്ചു. ക്ഷേമപദ്ധതികൾ മതപരമായ പരിഗണനകളെ അടിസ്ഥാനമാക്കിയല്ല, സാമൂഹികവും സാമ്പത്തികവുമായ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണമെന്നാണ് പുതിയ സർക്കാരിന്റെ നിലപാടെന്നും അവർ വ്യക്തമാക്കി.

മമത ബാനർജി സർക്കാരിന്റെ കാലത്ത് ഇമാമുമാർക്കും മുഅദ്ദിൻമാർക്കും ഹിന്ദു പൂജാരിമാർക്കും പ്രതിമാസ ഓണറേറിയം അനുവദിച്ചിരുന്ന പദ്ധതികളാണ് ഇപ്പോൾ നിർത്തലാക്കുന്നത്. 2012ൽ ആരംഭിച്ച പദ്ധതിപ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇമാമുമാർക്ക് പ്രതിമാസം 2,500 രൂപ വീതം സഹായം നൽകിയിരുന്നു. പിന്നീട് മുഅദ്ദിൻമാരെയും പദ്ധതിയിൽ ഉൾപ്പെടുത്തി.

ഇതിന് പിന്നാലെ, മുസ്ലിം മതനേതാക്കൾക്ക് മാത്രം സർക്കാർ ആനുകൂല്യം നൽകുന്നുവെന്ന വിമർശനം ഉയർന്നതിനെ തുടർന്ന് 2020ൽ ഹിന്ദു പൂജാരികൾക്കുമായി സമാന പദ്ധതി കൊണ്ടുവന്നു. ആദ്യം 1,000 രൂപയായിരുന്ന ഓണറേറിയം, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2,000 രൂപയായി വർധിപ്പിച്ചിരുന്നു.

അതേസമയം, മുൻ തൃണമൂൽ സർക്കാരിന്റെ കാലത്തെ ഫണ്ട് വിതരണത്തിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ പുതിയ സർക്കാർ പ്രത്യേക കമ്മിഷനും രൂപീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img