03:19am 30 April 2026
NEWS
ബിജെപിക്കായി മുസ്ലീം വോട്ട് മറിക്കാൻ ആയിരം കോടി രൂപ; ഒളിക്യാമറ ദൃശ്യങ്ങൾ പുറത്ത്
10/04/2026  07:42 AM IST
nila
ബിജെപിക്കായി മുസ്ലീം വോട്ട് മറിക്കാൻ ആയിരം കോടി രൂപ; ഒളിക്യാമറ ദൃശ്യങ്ങൾ പുറത്ത്

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി മുസ്ലീം വോട്ടുകൾ സമാഹരിക്കാൻ ആം ജനതാ ഉന്നയൻ പാർട്ടി (എ.ജെ.യു.പി) നേതാവ് ഹുമയൂൺ കബീർ ആവശ്യപ്പെട്ടത് ആയിരം കോടി രൂപ. മുസ്‌ലിം വോട്ടുകൾ വിഭജിച്ച് ബി.ജെ.പിയ്ക്ക് അധികാരത്തിലേറാൻ വഴിയൊരുക്കാമെന്നും അതിന് 1000 കോടി രൂപ വേണമെന്നും ഹുമയൂൺ കബീർ ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വീഡിയോ തൃണമൂൽ കോൺഗ്രസാണ് ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

പ്രതിപക്ഷ നേതാവ് ശുഭേന്ദു അധികാരി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് എന്നിവർക്കും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരാൾക്കും ഈ പദ്ധതിയെക്കുറിച്ച് അറിയാമെന്നുമാണ് വീഡിയോയിൽ കബീർ പറയുന്നത്. മതവികാരം ചൂഷണം ചെയ്ത് വോട്ട് നേടാനുള്ള ഗൂഢാലോചനയാണിതെന്ന് ആരോപിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് മന്ത്രി ഫിർഹാദ് ഹക്കീമും തൃണമൂൽ വക്താവ് കുനാൽ ഘോഷും ആവശ്യപ്പെട്ടു. അതേസമയം, വീഡിയോ നിർമ്മിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഹുമയൂൺ കബീർ പ്രതികരിച്ചു.

മുഖം കാണിക്കാത്ത ഒരാളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്ന രീതിയിലാണ് വീഡിയോ. ബി.ജെ.പിക്ക് ഭൂരിപക്ഷമായ 148 സീറ്റുകൾ നേടാൻ കഴിയില്ലെന്നും പരമാവധി 120 വരെ മാത്രമേ നേടാനാകൂ എന്നും കബീർ അവകാശപ്പെടുന്നു. തനിക്ക് 80–90 സീറ്റുകൾ ലഭിക്കാമെന്നും അങ്ങനെ വന്നാൽ തൃണമൂലിന്റെ ശക്തി കുറയുമെന്നും, 75–80 സീറ്റുകൾ നേടിയാൽ ഉപമുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തതായി ശുഭേന്ദു അധികാരി പറഞ്ഞുവെന്നും വീഡിയോയിൽ പറയുന്നു.

മുസ്‌ലിം വോട്ടർമാരെ സ്വാധീനിക്കാനാകുമോയെന്ന ചോദ്യത്തിന് “അതെളുപ്പമാണ്” എന്ന മറുപടിയാണ് നൽകുന്നത്. ഇതിനായി വലിയ തോതിൽ പണം ആവശ്യമാണ് എന്നും, കുറഞ്ഞത് 1000 കോടി രൂപ വേണമെന്നുമാണ് ആവശ്യപ്പെടുന്നത്. താൽക്കാലികമായി 300 കോടി രൂപ നൽകണമെന്നുമാണ് വീഡിയോയിൽ പറയുന്നത്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ട കബീർ, 2021-ൽ തൃണമൂലിൽ തിരിച്ചെത്തി എം.എൽ.എ ആയിരുന്നു. പിന്നീട് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം ആം ജനതാ ഉന്നയൻ പാർട്ടി രൂപീകരിച്ചു. നിലവിൽ അസദുദ്ദീൻ ഒവൈസിയുടെ മജ്‌ലിസ് പാർട്ടിയുമായി സഖ്യത്തിലാണ് മത്സരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img