06:46pm 29 April 2026
NEWS
പശ്ചിമേഷ്യൻ പ്രതിസന്ധി: ടയർ നിർമ്മാണ മേഖലയിൽ ആശങ്ക; കേന്ദ്ര ഇടപെടൽ തേടി ആത്മ.
29/04/2026  03:38 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പശ്ചിമേഷ്യൻ പ്രതിസന്ധി: ടയർ നിർമ്മാണ മേഖലയിൽ ആശങ്ക; കേന്ദ്ര ഇടപെടൽ തേടി ആത്മ

കൊച്ചി: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വിതരണ ശൃംഖലയിലുണ്ടായ അനിശ്ചിതത്വം പരിഹരിക്കാൻ കേന്ദ്ര സർക്കാർ നയപരമായ പിന്തുണ നൽകണമെന്ന് ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ) ആവശ്യപ്പെട്ടു. ടയർ നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവയിൽ ഇളവ് നൽകണമെന്നാണ് അസോസിയേഷന്‍റെ പ്രധാന ആവശ്യം. നിലവിലെ പ്രതിസന്ധി മറികടക്കാൻ സിന്തറ്റിക് റബ്ബർ,  പ്രത്യേക റെസിനുകൾ എന്നിവയ്ക്ക് 2026 ജൂൺ 30 വരെ താൽക്കാലിക കസ്റ്റംസ് തീരുവ ഇളവ് അനുവദിച്ച സർക്കാർ നടപടിയെ അസോസിയേഷൻ സ്വാഗതം ചെയ്തു. എന്നാൽ ടയർ നിർമ്മാണത്തിന് ഒഴിച്ചുകൂടാനാവാത്ത നൈലോൺ ടയർ കോർഡ് ഫാബ്രിക്, ബീഡ് വയർ, സ്റ്റീൽ ടയർ കോർഡ്, കാർബൺ ബ്ലാക്ക് തുടങ്ങിയവയ്ക്ക് ഇപ്പോഴും ഉയർന്ന ഇറക്കുമതി തീരുവ നിലനിൽക്കുന്നത് വ്യവസായത്തിന് തിരിച്ചടിയാണെന്ന് ആത്മ ചൂണ്ടിക്കാട്ടി.
ആഗോള സാഹചര്യങ്ങൾ ഇപ്പോഴും അനിശ്ചിതത്വത്തിലായതിനാൽ കൂടുതൽ അസംസ്‌കൃത വസ്തുക്കൾക്ക് തീരുവ ഇളവ് നൽകുന്നത് ഉൽപ്പാദന സുസ്ഥിരത ഉറപ്പാക്കാൻ അത്യന്താപേക്ഷിതമാണെന്ന് ആത്മ ചെയർമാൻ അരുൺ മാമ്മൻ പറഞ്ഞു. ടയർ നിർമ്മാണ ചിലവിന്‍റെ 60 മുതൽ 70 ശതമാനം വരെ വരുന്നത് ക്രൂഡ് ഓയിൽ അധിഷ്ഠിത വസ്തുക്കൾക്കാണ്. ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടവും ഹോർമുസ് കടലിടുക്ക്, സൂയസ് കനാൽ തുടങ്ങിയ പ്രധാന കപ്പൽ പാതകളിലെ പ്രതിസന്ധിയും ചരക്ക് നീക്കത്തെയും ഇൻഷുറൻസ് നിരക്കുകളെയും ബാധിക്കുന്നുണ്ട്. ഇത് ഉൽപ്പാദന ചിലവ് കുത്തനെ ഉയർത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.
ടയറുകളുടെ സുരക്ഷയിൽ നിർണ്ണായകമായ ബീഡ് വയറുകളുടെ ലഭ്യതയിലുള്ള കുറവും അസോസിയേഷൻ സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വ്യാവസായിക വാതകങ്ങളുടെയും എൽപിജിയുടെയും ക്ഷാമം ആഭ്യന്തര ഉൽപ്പാദകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതിനാൽ ബീഡ് വയറുകളുടെ ഇറക്കുമതിക്ക് ക്വാളിറ്റി കൺട്രോൾ ഓർഡറിൽനിന്ന് താൽക്കാലിക ഇളവ് അനുവദിക്കണമെന്നും ആത്മ ആവശ്യപ്പെട്ടു. കൂടാതെ ടയർ നിർമ്മാണത്തിന് ആവശ്യമായ സൾഫർ, റബ്ബർ പ്രോസസ് ഓയിലുകൾ തുടങ്ങിയവയുടെ ലഭ്യത ഉറപ്പുവരുത്താൻ റിഫൈനറികളുടെ ഇടപെടലും അസോസിയേഷൻ തേടിയിട്ടുണ്ട്.
കൃഷി, ഗതാഗതം, ചരക്ക് നീക്കം തുടങ്ങിയ മേഖലകളിൽ ടയർ ഉൽപ്പാദനം നിർണ്ണായകമായ പങ്കുവഹിക്കുന്നുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വിതരണത്തിലുണ്ടാകുന്ന ഏത് തടസ്സവും കർഷകരെയും സാധാരണക്കാരെയും നേരിട്ട് ബാധിക്കുമെന്നും അസോസിയേഷൻ ഓർമ്മിപ്പിച്ചു. മേക്ക് ഇൻ ഇന്ത്യ, സ്വയംപര്യാപ്തത തുടങ്ങിയ സർക്കാരിന്‍റെ മുൻഗണനാ പദ്ധതികളോട് പൂർണ്ണമായും സഹകരിച്ചു കൊണ്ടുതന്നെ ബാഹ്യമായ തടസ്സങ്ങൾ മറികടക്കാൻ സർക്കാരും വ്യവസായ ലോകവും തമ്മിലുള്ള നിരന്തരമായ ഇടപെടൽ അത്യാവശ്യമാണെന്ന് ആത്മ വ്യക്തമാക്കി. കൃത്യമായ നയപരമായ പിന്തുണ ലഭിച്ചാൽ മാത്രമേ ഉൽപ്പാദകരുടെയും ഉപഭോക്താക്കളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കൂ എന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img