
കൊച്ചി: പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍, സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ഇന്ത്യയില്‍ അതിന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി മന്ത്രി തലത്തിലുള്ള അനൗപചാരിക സംഘം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ധനമന്ത്രി നിര്‍മ്മല സീതാരാമന്, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്, പെട്രോളിയം- പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി, വൈദ്യുതി മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ , കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് മന്ത്രി ജെ.പി. നദ്ദ, ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, ശാസ്ത്ര സാങ്കേതിക സഹമന്ത്രി (സ്വതന്ത്ര ചുമതല) ജിതേന്ദ്ര സിംഗ്, വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ പങ്കെടുത്തു.
ഈ വിഷയത്തിലുള്ള രണ്ടാമത്തെ ഐജിഒഎം (ഇന്‍ഫോമല്‍ ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സ് ) യോഗമാണ് ഡല്‍ഹിയിലെ കര്‍ത്തവ്യ ഭവന്-2 ല്‍ പ്രതിരോധ മന്ത്രി വിളിച്ചു ചേര്‍ത്തത്. മേഖലയിലെ സമീപകാല സംഭവവികാസങ്ങള്‍ ഉന്നതതല യോഗത്തില്‍ അവലോകനം ചെയ്തു. നിലവിലുള്ള പ്രതിസന്ധിയില്‍ നിന്ന് ഉണ്ടാകുന്ന സാമ്പത്തികവും തന്ത്രപരവുമായ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളെക്കുറിച്ച് വിശദമായ ചര്‍ച്ചയും നടന്നു.
'അനിശ്ചിതാവസ്ഥ' എടുത്തുകാണിച്ചുകൊണ്ട്, ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ 24 മണിക്കൂറും നിരീക്ഷണത്തിന്റെയും സൂക്ഷ്മതയാര്‍ന്ന പ്രതികരണത്തിന്റെയും ആവശ്യകത പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഊന്നിപ്പറഞ്ഞു. സംഘര്‍ഷം മൂലം പൗരന്മാര്ക്ക് ഏറ്റവും കുറഞ്ഞ തടസ്സങ്ങളേ ഉണ്ടാകൂ എന്നുറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും ഇന്ത്യയുടെ സാമ്പത്തിക, ഊര്‍ജ്ജ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള അന്തര്‍ മന്ത്രാലയ ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്ന യത്നം ഐജിഒഎം തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
Photo Courtesy - Google








