
ഇറാൻ സംഘർഷം ലോകത്തെ മിക്ക രാജ്യങ്ങളെയും വലിയ ഇന്ധനപ്രതിസന്ധിയിലേക്ക് എത്തിച്ചിട്ടുണ്ടെങ്കിലും, കനത്ത തിരിച്ചടി നേരിടുന്നത് മദ്ധ്യേഷ്യൻ രാജ്യങ്ങളാണ്. സമ്പന്ന അറബ്‌രാജ്യങ്ങളും, അവരുടെ സാമ്പത്തികസഹായത്തിൽ നിലനിന്നുപോകുന്നതുമായ ഈ മേഖലയിലെ എല്ലാ രാജ്യങ്ങളും കടുത്ത സാമ്പത്തികപ്രതിസന്ധിയുടെ നടുവിലാണ്. എണ്ണപ്പണത്തിന്റെ ധാരാളിത്തത്തിൽ പൊടിപൊടിച്ച് ഘോഷിച്ചിരുന്ന രാഷ്ട്രങ്ങളും, അവിടുത്തെ സമ്പന്ന അധികാരി വർഗ്ഗങ്ങളും ഇന്ന് സാമ്പത്തിക ഞെരുക്കത്തിന്റെ നാളുകൾ തീരാതെ എണ്ണിത്തീർക്കുകയാണ്.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഒത്തനടുവിലാണ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്(യു.എ.ഇ). ഒപെക്(ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് കൺട്രീസ്) ൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. ലോകത്തിലെ എണ്ണ ഉൽപ്പാദനത്തിന്റെ 40 ശതമാനം കയ്യാളുന്ന കൂട്ടായ്മയാണ് ഒപെക്. 1960 ൽ സൗദി അറേബ്യയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഈ സംഘടനയിൽ പന്ത്രണ്ട് രാജ്യങ്ങളാണ് നിലവിലുള്ളത്. സൗദി അറേബ്യ, ഇറാൻ, ഇറാക്ക്, കുവൈറ്റ്, യു.എ.ഇ, വെനിസ്വേല, ലിബിയ, അൾജീരിയ, നൈജീരിയ, ഗബോൺ, ഇക്വറ്റോറിയൽ ഗിനി, റിപ്പബ്ലിക് ഓഫ് കോൻഗോ എന്നിവരാണ് അംഗങ്ങൾ. റഷ്യയും മറ്റ് പത്ത് രാജ്യങ്ങളും കൂടിച്ചേർന്ന് ഒപെക് പ്ലസ് എന്ന കൂട്ടായ്മ കൂടി എണ്ണ വിപണനരംഗത്തുണ്ട്. ഓരോ രാജ്യങ്ങൾക്കും പ്രത്യേകം പ്രത്യേകം ക്വാട്ട നിശ്ചയിച്ചാണ് എണ്ണ ഉൽപ്പാദനവും വിപണനവും. ഇറാക്കിലെ ബാഗ്ദാദിൽ 1960 സെപ്റ്റംബർ 14 ന് രൂപം കൊണ്ട ഒപെക്‌ന്റെ ആസ്ഥാനം ആസ്ട്രിയയിലെ വിയന്നയാണ്. ആദ്യം അഞ്ച് മെമ്പർമാർ മാത്രമുണ്ടായിരുന്ന സഖ്യം പിന്നീട് പന്ത്രണ്ട് രാജ്യങ്ങളുടെ കൂട്ടായ്മയായി.
എണ്ണ ഉൽപ്പാദനവും വിപണനവും ക്വാട്ട അടിസ്ഥാനത്തിൽ നിയന്ത്രിച്ച് വിപണി വില പിടിച്ചുനിർത്തുകയാണ് ഒപെക് കൂട്ടായ്മയുടെ അത്യന്തികലക്ഷ്യം. ഓരോ രാജ്യങ്ങൾക്കും പ്രതിദിനം ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ബാരലുകൾക്ക് കണക്കുണ്ട്. ഏറ്റവും വലിയ ഉൽപ്പാദകർ 6.43 ബില്യൻ ക്രൂഡ് ഓയിൽ ഉൽപ്പാദിപ്പിക്കുന്ന സൗദി അറേബ്യയാണ്. ഇറാക്കിന് 3.26 മില്യൻ ബാരലും. യു.എ.ഇയ്ക്ക് 2.88 മില്യൻ ബാരലുമാണ് പ്രതിദിന ക്വാട്ട. ഇറാന്റെ 1.67 മില്യനും, നൈജീരിയയുടെ 1.4 മില്യനും കുവൈറ്റിന്റെ 1.33 മില്യനും ലിബിയയുടെ 1.21 മില്യനും ആണ് 12 രാജ്യങ്ങളിലെ ആദ്യപട്ടികക്കാർ. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ശേഖരവുമായി വെനിസ്വേല ആ പട്ടികയിൽ വളരെ പിന്നിലാണ്. അവരുടെ ക്വാട്ട 0.7 മില്യൻ മാത്രമാണ്. ഇപ്പോൾ വെനിസ്വേലയിൽ അമേരിക്ക രാഷ്ട്രീയമായി ഇടപെട്ടതിനുശേഷം വൻതോതിൽ കയറ്റുമതിക്ക് അവർ തയ്യാറെടുക്കുകയാണ്.
ഒപെക്ൽ നിന്ന് പിന്മാറി സ്വതന്ത്രമായി എണ്ണക്കച്ചവടം നടത്താൻ യു.എ.ഇ തുനിഞ്ഞതിന്റെ പിന്നിൽ വലിയ സാമ്പത്തിലക്ഷ്യങ്ങളുണ്ട്. ഇറാൻ സംഘർഷം തീർത്ത കടുത്ത സാമ്പത്തികപ്രതിസന്ധിയുടെ നടുവിലാണ് യു.എ.ഇ. ദിനംപ്രതി ഏതാണ്ട് 10 ദശലക്ഷം വീപ്പയുടെ എണ്ണ കയറ്റുമതിയാണ് ഹോർമുസ് കടലിടുക്കുവഴി നടന്നുകൊണ്ടിരുന്നത്. അത് തടയപ്പെട്ടതോടെ വലിയ വരുമാന നഷ്ടമാണ് യു.എ.ഇയ്ക്ക് ഉണ്ടാകുന്നത്. യഥാർത്ഥത്തിൽ ഹോർമുസ് കടലിടുക്ക് യു.എ.ഇയുടെ സാമ്പത്തികസ്രോതസ്സിന്റെ ജീവനാഡിയാണ്. ഒപെക്‌ന്റെ ക്വാട്ടാസിസ്റ്റവും, ഹോർമുസ് കടലിടുക്കിലൂടെയുള്ള വിപണനവും യു.എ.ഇയെ സാമ്പത്തികമായി ഒട്ടൊന്നുമല്ല പിടിച്ചുലച്ചിരിക്കുന്നത്. എണ്ണ ക്കച്ചവടം മാത്രമല്ല യു.എ.ഇയുടെ വരുമാനത്തിന്റെ ഉറവിടം. ലോകത്തിലെ ടൂറിസ്റ്റ് ഹബ്ബായിരുന്നു യു.എ.ഇ. പ്രത്യേകിച്ച് ദുബൈയിൽ ദിനംതോറും വന്നിറങ്ങുന്ന വിനോദ സഞ്ചാരികളിലൂടെ അവർ വാരിക്കൂട്ടിയിരുന്നത് ദശലക്ഷക്കണക്കിന് വിദേശനാണ്യമായിരുന്നു. വേൾഡ് ട്രാവൽ ടൂറിസം കൗൺസിലിന്റെ എസ്റ്റിമേഷൻ അനുസരിച്ച് പ്രതിദിനം ഏതാണ്ട് 600 ദശലക്ഷം ഡോളറിന്റെ വരുമാന നഷ്ടമാണ് ഇപ്പോൾ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്. വിനോദ സഞ്ചാരത്തിന്റെയും, ബിസിനസ് ടൂറിസത്തിന്റെയും ഹബ്ബായിരുന്ന ദുബൈ ഇന്ന് അതെല്ലാം തകിടം മറിഞ്ഞ് വൻ സാമ്പത്തികനഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. കോടികൾ വാരിക്കൂട്ടിയിരുന്ന എയർലൈൻസ് മേഖലയും ആകെ നഷ്ടത്തിന്റെ നടുക്കടലിലാണ്. റിയൽ എസ്റ്റേറ്റ് ബിസിനസും, നിർമ്മാണ മേഖലയും വലിയ പ്രതിസന്ധി നേരിടുകയാണ് ഇപ്പോൾ. ഇതെല്ലാം യു.എ.ഇയുടെ തൊഴിൽരംഗത്ത് വലിയ തകർച്ചയാണ് സൃഷ്ടിക്കുന്നത്. സ്ഥാപനങ്ങൾ പൂട്ടിപ്പോകുകയോ, തൊഴിലാളികളെ വെട്ടിച്ചുരുക്കുകയോ, വേതനമില്ലാത്ത അവധി പ്രഖ്യാപിക്കുകയോ ഒക്കെ സർവ്വ സാധാരണ സംഭവമായിരിക്കുന്നു. ഈ വലിയ പ്രതിസന്ധികളെ മറികടക്കാനാണ് ഒപെക്ൽ നിന്ന് വിട്ടുപോയി ഇഷ്ടം പോലെ ക്രൂഡ് ഓയിൽ ഉൽപ്പാദിപ്പിച്ച് പിടിച്ചുനിൽക്കാൻ യു.എ.ഇ ശ്രമിക്കുന്നത്.
ഇറാൻ സംഘർഷം കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്ന മറ്റൊരു രാജ്യം ഖത്തറാണ്. 1990 കളിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ട ഖത്തർ എൽ.എൻ.ജി(ലിക്വിഫൈഡ് നാച്വറൽ ഗ്യാസ്)യുടെ ഉൽപ്പാദനം ത്വരിതപ്പെടുത്തിക്കൊണ്ടാണ് ഇതിൽ നിന്ന് കരകയറിയത്. റാസ് ലഫാൻ എന്ന എൽ.എൻ.ജിയുടെ ഇൻഡസ്ട്രിയൽ സിറ്റി തന്നെ സൃഷ്ടിച്ചുകൊണ്ട് ലോകത്തിലെ ഒന്നാം നമ്പർ വാതക കയറ്റുമതിയിലേക്ക് ഖത്തർ ഉയർന്നു. എന്നാൽ ഇക്കഴിഞ്ഞ മാർച്ച് 18 ന് ഇതിന്മേൽ കനത്ത ഇരുട്ടടിയാണ് ഖത്തറിനുണ്ടായത്. റാസ് ലഫാനിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ കനത്ത നഷ്ടമാണ് സംഭവിച്ചത്. ഖത്തറിൽ നിന്ന് ലോകത്തിന് ലഭിച്ചിരുന്ന എൽ.എൻ.ജി സപ്ലൈയുടെ 17 ശതമാനവും ഈ ഒരൊറ്റ ആക്രമണത്തിലൂടെ പൂട്ടിക്കാൻ ഇറാന് കഴിഞ്ഞു. ഖത്തർ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഖത്തർ എനർജി കോർപ്പറേഷന്റെ വാർഷിക വരുമാനത്തിൽ 20 ബില്യൻ ഡോളറിന്റെ നഷ്ടമാണ് ഇപ്പോൾ കണക്കാക്കുന്നത്. അതിലുപരി ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള എൽ.എൻ.ജി വിമാനത്തിന്റെ വലിയൊരളവും നിശ്ചലമായി. റാസ് ലഫാൻ റിപ്പയർ ചെയ്ത് പൂർവ്വ സ്ഥിതിയിലെത്തിക്കാൻ ചുരുങ്ങിയത് 5 വർഷമെങ്കിലും വേണ്ടിവരുമെന്നാണ് വിദഗ്ദ്ധർ പ്രവചിക്കുന്നത്.
ഖത്തറിന്റെ എൽ.എൻ.ജി ഉൽപ്പാദന കേന്ദ്രങ്ങളിലേക്ക് ഇറാൻ നടത്തിയ ആക്രമണം ആ രാജ്യത്തെ രണ്ട് പതിറ്റാണ്ടുകൾക്ക് പിന്നിലെ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചിരിക്കുകയാണ്. ഇറാൻ സംഘർഷത്തിന്റെ ആകെ നഷ്ടം 58 ബില്യൻ ഡോളറിന് മുകളിലേക്ക് എത്തിച്ചേരുമെന്നാണ് പല കണക്കുകളും സൂചിപ്പിക്കുന്നത്. ഏതാണ്ട് 80 ഓളം ഉൽപ്പാദന കേന്ദ്രങ്ങൾ പലതരത്തിലുള്ള ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ടെന്ന് വിലയിരുത്തുന്നു. ഖത്തർ, ബഹറൈൻ, കുവൈറ്റ്, യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെല്ലാം ഈ തകർച്ചയുടെ അലയൊലികൾ വ്യക്തമായിട്ടുണ്ട്. വേൾഡ് ബാങ്ക് മദ്ധ്യേഷ്യയിൽ 4 ശതമാനം സാമ്പത്തികവളർച്ചയാണ് 2026 ൽ പ്രതീക്ഷിച്ചിരുന്നത്. ഇത് 2 ശതമാനത്തിന് താഴെ പോകുമെന്നാണ് ഇപ്പോൾ കണക്ക് കൂട്ടുന്നത്. ഇതിന്റെ തിരിച്ചടി കടുപ്പമാകുന്നത് ഖത്തറിലും കുവൈറ്റിലുമാണ്.
ഇറാൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ ഏതാണ്ട് പിടിച്ചുനിൽക്കുന്നത് സൗദി അറേബ്യ മാത്രമാണ്. ഹോർമുസ് വഴിയും, മറ്റു പൈപ്പ് ലൈനുകൾ വഴിയും സൗദി തങ്ങളുടെ എണ്ണവിപണനം ഒട്ടൊക്കെ സ്ഥിരമായി പിടിച്ചുനിർത്തിയിട്ടുണ്ട്. സൗദി അറേബ്യയുടെ ഈസ്റ്റ് വെസ്റ്റ് പൈപ്പ്‌ലൈൻ അവരുടെ സുപ്രധാന ജീവനാഡിയാണ്. സമ്പന്ന അറേബ്യൻ രാജ്യങ്ങൾ മാത്രമല്ല മദ്ധ്യപൂർവ്വേഷ്യയിലെ മിക്ക രാജ്യങ്ങളും വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായം വഴി പിടിച്ചുനിൽക്കുന്ന നിരവധി രാജ്യങ്ങളുടെ വരുമാനസ്രോതസ് കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. ഇതിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് ഗാസ, ലബനൻ, സിറിയ തുടങ്ങിയ രാജ്യങ്ങളാണ്. ഈ രാജ്യങ്ങളുടെ സാമ്പത്തിക രംഗം കെട്ടിപ്പടുക്കുന്നതിൽ വലിയ സംഭാവനകൾ ചെയ്തിരുന്ന സമ്പന്ന അറബ് രാജ്യങ്ങളിൽ നിന്നുള്ള വരുമാനം ഏതാണ്ട് നിശ്ചലമായി.
പശ്ചിമേഷ്യൻ സംഘർഷം ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും വലിയ പ്രതിസന്ധി ഉരുവായിട്ടുണ്ട്. എ.ഐ(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) മേഖലയിൽ ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപം നടത്തിയിരുന്ന ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ ഈ രംഗത്തുനിന്ന് ഏതാണ്ട് പിൻവാങ്ങിയ മട്ടാണ്. ഫുട്‌ബോൾ, ക്രിക്കറ്റ് അടക്കം കായികരംഗത്ത് വൻതുകകൾ ഇൻവെസ്റ്റ് ചെയ്തിരുന്ന സമ്പന്ന ഗൾഫ് രാജ്യങ്ങൾ പിൻമാറ്റം ഉറപ്പിച്ച മട്ടാണ്. ഇറാൻ സംഘർഷം ഇന്നവസാനിച്ചാലും അതിന്റെ പ്രതിസന്ധികളിൽ നിന്ന് കരകയറാൻ ഒരു പതിറ്റാണ്ടെങ്കിലും കഴിയാതെ പശ്ചിമേഷ്യക്കാകില്ല.










