09:08pm 26 July 2026
NEWS
പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയേയും ബാധിക്കുന്നു; വസ്ത്ര വ്യവസായത്തിൽ കടുത്ത ആശങ്ക
04/03/2026  04:19 PM IST
nila
പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയേയും ബാധിക്കുന്നു; വസ്ത്ര വ്യവസായത്തിൽ കടുത്ത ആശങ്ക

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം ഇന്ത്യയുടെ ടെക്‌സ്‌റ്റൈൽ മേഖലയെ ശക്തമായി ബാധിക്കുകയാണ്. രാജ്യത്തെ പ്രധാന വസ്ത്രനഗരമായ സൂറത്തിലെ ടെക്‌സ്‌റ്റൈൽ വ്യവസായം യുദ്ധം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ തന്നെ വലിയ പ്രതിസന്ധിയിലായി. ഷിപ്പിംഗ് ചെലവ് 400 ശതമാനം വരെ ഉയർന്നതും, കയറ്റുമതിയിലൂടെയുള്ള വരുമാനം വൈകുന്നതും, അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ വർധിച്ചതുമാണ് ആശങ്ക വർധിപ്പിക്കുന്നത്.

നിലവിൽ കയറ്റുമതി ചെയ്ത ചരക്കുകൾ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്നതിനാൽ വ്യവസായികൾക്ക് പണമിടപാടുകൾ വൈകുകയാണ്. അതേസമയം അസംസ്‌കൃത വസ്തുക്കളുടെ വില വേഗത്തിൽ ഉയരുന്നതും അന്താരാഷ്ട്ര വിതരണ ശൃംഖലയെയും ആഭ്യന്തര വിപണിയെയും ഒരുപോലെ ബാധിക്കുമെന്ന വിലയിരുത്തലുണ്ട്.

യുദ്ധത്തിന്റെ നേരിട്ടുള്ള ഫലമായി സൂറത്തിലെ വ്യവസായത്തിന് ഉടൻ തന്നെ 300 മുതൽ 400 കോടി രൂപ വരെ വരുമാന നഷ്ടം നേരിടേണ്ടിവരുമെന്നാണ് കണക്ക്. ഇവിടെ നിർമ്മിക്കുന്ന നേർത്ത നൂലുകളുടെ വലിയൊരു പങ്ക് ഇറാൻ, ഇസ്രയേൽ എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഇറാൻ ദുബായിൽ നടത്തിയ ആക്രമണത്തെ തുടർന്ന് ആഫ്രിക്കയിലേക്കുള്ള വിതരണ ശൃംഖലയും അസ്ഥിരമായതായി വ്യവസായ പ്രതിനിധികൾ പറയുന്നു.

തുണിത്തരങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മനുഷ്യനിർമ്മിത ഫൈബർ നാരുകളുടെ വില കിലോഗ്രാമിന് 10 മുതൽ 15 രൂപ വരെ ഉയർന്നിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചതും ക്രൂഡ് ഓയിൽ വില വർധിച്ചതും സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക. വരും ദിവസങ്ങളിൽ ഫൈബർ നാരുകളുടെ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് സൂറത്തിലെ ടെക്‌സ്‌റ്റൈൽ വ്യവസായ പ്രമുഖർ മുന്നറിയിപ്പ് നൽകുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ സിന്തറ്റിക് നാരുകളുടെ നിർമ്മാണ കേന്ദ്രമായ സൂറത്തിൽ ദിവസേന ആറുകോടി മീറ്ററിലധികം തുണിത്തരങ്ങളാണ് ഉത്പാദിപ്പിക്കുന്നത്.

സമാനമായ പ്രതിസന്ധിയാണ് ഇന്ത്യയുടെ നെയ്ത്ത് വസ്ത്രങ്ങളുടെ തലസ്ഥാനമായ തിരുപ്പൂരും നേരിടുന്നത്. തിരുപ്പൂരിൽ നിന്ന് കയറ്റുമതി ചെയ്യുന്ന വസ്ത്രങ്ങളുടെ വലിയൊരു പങ്കും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കാണ്. നിലവിലെ അസാധാരണ സാഹചര്യം കയറ്റുമതിക്കാരെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഷിപ്പിംഗിലെ കാലതാമസം ഓർഡറുകൾ റദ്ദാകാൻ ഇടയാക്കുമോയെന്ന ഭീതിയും വ്യാപാരികൾക്കുണ്ട്. ഈ സാഹചര്യത്തിൽ വിദേശ വാങ്ങലുകാരുമായി നിരന്തരം ബന്ധം പുലർത്തണമെന്ന് തിരുപ്പൂർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ അംഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

യുഎസ്, യൂറോപ്യൻ വിപണികളിലേക്കുള്ള നെയ്ത്ത് വസ്ത്രങ്ങൾ പോലും പശ്ചിമേഷ്യ വഴിയാണ് കയറ്റുമതി ചെയ്യുന്നത്. സൗദി അറേബ്യയിലേക്കും യുഎഇയിലേക്കും വലിയ അളവിൽ വസ്ത്രങ്ങൾ ഇവിടെ നിന്നാണ് എത്തുന്നത്. സീസൺ അടിസ്ഥാനത്തിലുള്ള ഈ വസ്ത്രങ്ങൾ വൈകിയാൽ വിൽപ്പനയ്ക്ക് കഴിയാതെ പോകുമെന്നതും വലിയ ആശങ്കയാണ്. ഒരിക്കൽ സീസൺ കഴിഞ്ഞാൽ വാങ്ങലുകാർ വീണ്ടും ഒരു വർഷം കാത്തിരിക്കേണ്ട അവസ്ഥയുണ്ടാകും.

ഇതിനുമുമ്പേ തന്നെ വിപണി മന്ദഗതിയിലായിരുന്ന സാഹചര്യത്തിൽ യുദ്ധം കൂടി ചേർന്നതോടെ വ്യവസായം വലിയ തിരിച്ചടിയാണ് നേരിടുന്നത്. വിമാന സർവീസുകളിലെ തടസ്സങ്ങളും വ്യോമാതിർത്തി നിയന്ത്രണങ്ങളും മൂലം കയറ്റുമതി ചെയ്യാൻ കഴിയാത്ത ചരക്കുകൾക്ക് ഈടാക്കുന്ന ഡെമറേജ് ചാർജുകൾ ഒഴിവാക്കണമെന്ന് വസ്ത്ര കയറ്റുമതി പ്രമോഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കാർഗോ ടെർമിനൽ ഓപ്പറേറ്റർമാർക്ക് ഉചിതമായ നിർദേശങ്ങൾ നൽകണമെന്ന് ബന്ധപ്പെട്ട അധികാരികളോടും കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img