02:37pm 11 November 2026
NEWS
കൊല്ലത്ത് കിണറ്റിൽചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; മൂന്നു മരണം
13/10/2025  06:44 AM IST
nila
കൊല്ലത്ത് കിണറ്റിൽചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; മൂന്നു മരണം

 കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറിന്റെ കൽക്കെട്ട് ഇടിഞ്ഞുവീണ് യുവതി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയർഫോഴ്സ് യൂണിറ്റ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ ഇളമ്പ മമതയിൽ സോണി എസ്.കുമാർ (36), നെടുവത്തൂർ പഞ്ചായത്ത് ആനക്കോട്ടൂർ പടിഞ്ഞാറ് മുണ്ടുപാറയ്ക്കൽ വിഷ്ണു വിലാസത്തിൽ അർച്ചന (33), അർച്ചനയ്ക്ക് ഒപ്പം താമസിച്ചിരുന്ന കൊടുങ്ങല്ലൂർ സ്വദേശി ശിവകൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അർച്ചന കിണറ്റിൽ ചാടിയത്. യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.  

മൂന്നു കുട്ടികളുടെ അമ്മയായ അർച്ചനയ്ക്കൊപ്പം രണ്ടു മാസം മുൻപാണ് ശിവകൃഷ്ണൻ താമസം തുടങ്ങിയത്. ഹോം നഴ്സായി ജോലി ചെയ്തുവരികയായിരുന്നു യുവതി. ഇന്നലെ രാത്രി ശിവകൃഷ്ണൻ മദ്യപിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കിയിരുന്നു. വീട്ടിൽ ബാക്കിയിരുന്ന മദ്യം അർച്ചന ഒളിപ്പിച്ചുവച്ചു. ഇത് ചോദ്യം ചെയ്ത ശിവകൃഷ്ണൻ അർച്ചനയെ മർദ്ദിച്ചു. ഇതോടെ രാത്രി പന്ത്രണ്ടരയോടെ അർ‌ച്ചന വീട്ടുമുറ്റത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നു.

കൊട്ടാരക്കരയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. സോണി എസ്. കുമാർ അർച്ചനയെ രക്ഷിച്ച് മുക്കാൽ ഭാഗത്തോളം മുകളിലേക്ക് വന്നിരുന്നു. ഈ സമയത്ത് കിണറിന്റെ കൽക്കെട്ട് ഇടിഞ്ഞ് ഇരുവരും ഉള്ളിലേക്ക് വീഴുകയായിരുന്നു. കിണറിന്റെ കൽക്കെട്ടിൽ ചാരിനിന്ന് രക്ഷാപ്രവർത്തനത്തിനായി ടോർച്ച് കത്തിച്ചു കൊടുക്കുകയായിരുന്ന ശിവകൃഷ്ണനും കിണറ്റിൽ വീണു. സോണിയെ അപ്പോൾ തന്നെ പുറത്ത് എത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് അർച്ചനയുടെയും ശിവകൃഷ്ണന്റെയും മൃതദേഹം പുറത്തെടുക്കാനായത്. മൂന്നുപേരുടെയും മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img