04:08pm 11 November 2026
NEWS
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേമപെൻഷൻ വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ
20/10/2025  03:45 PM IST
nila
 തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേമപെൻഷൻ വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേമപെൻഷൻ വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ക്ഷേമ പെൻഷൻ വർധനവ് അടക്കം നിരവധി ജനപ്രിയ പദ്ധതികൾ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്ഷേമ പെൻഷനിൽ 200 രൂപയുടെ വർധനവ് വരുത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഇതോടെ പ്രതിമാസം 1800 രൂപയായി ക്ഷേമപെൻഷൻ തുക ഉയരും. 

കേരളത്തിലെ 60 ലക്ഷം പേരിലേക്കാണ് ക്ഷേമപെൻഷൻ നേരിട്ടെത്തുന്നത്. ഘട്ടം ഘട്ടമായി പെൻഷൻ 2500 രൂപയാക്കി കൂട്ടുമെന്നത് ഇടതുമുന്നണി സർക്കാരിന്റെ പ്രകടന പത്രികയിലെ വലിയ വാഗ്ദാനങ്ങളിലൊന്നാണ്. ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് 2021ലാണ് അവസാനമായി പെൻഷൻ കൂട്ടി 1600 രൂപയാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പിന്നീട് വർദ്ധനവൊന്നും ഉണ്ടായിരുന്നില്ല.

ഇതിനിടയിലാണ് തിരഞ്ഞെടുപ്പ് വരാനിരിക്കെ പെൻഷൻ കൂട്ടുന്ന പ്രഖ്യാപനത്തിന് ധനവകുപ്പിൽ ഒരുക്കം നടക്കുന്നത്. 200 രൂപയെങ്കിലും കൂട്ടി പെൻഷൻ 1800 രൂപയാക്കാനുള്ള നിർദ്ദേശം വകുപ്പിന്റെ സജീവ പരിഗണനയിലാണ്. ഇതോടൊപ്പം ഒരു മാസത്തെ കുടിശിക തീർത്ത് കൊടുക്കാനുള്ള തീരുമാനവും പ്രതീക്ഷിക്കുന്നുണ്ട്.സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലുംആശാ വർക്കർമാരുടെ ഓണറേറിയം വർ‍ദ്ധനയിലും നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img