02:47pm 25 August 2026
NEWS
തമിഴ്നാട്ടിൽ ക്ഷേമപെരുമഴ; 2.5 ലക്ഷം രൂപയിൽ താഴെ വരുമാനക്കാർക്ക് 3 സൗജന്യ ഗ്യാസ് സിലിണ്ടർ ; സ്ത്രീകൾക്ക് കൂടുതൽ ബസുകളിൽ സൗജന്യ യാത്ര
24/08/2026  12:29 PM IST
NILA
തമിഴ്നാട്ടിൽ ക്ഷേമപെരുമഴ; 2.5 ലക്ഷം രൂപയിൽ താഴെ വരുമാനക്കാർക്ക് 3 സൗജന്യ ഗ്യാസ് സിലിണ്ടർ ; സ്ത്രീകൾക്ക് കൂടുതൽ ബസുകളിൽ സൗജന്യ യാത്ര

 

ചെന്നൈ: തമിഴ്നാട്ടിൽ കൂടുതൽ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. രണ്ടര ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് അടുത്ത പൊങ്കൽ മുതൽ മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുമെന്ന് നിയമസഭയിൽ വിജയ് പ്രഖ്യാപിച്ചു. പദ്ധതിയുടെ പ്രയോജനം 1.34 കോടി കുടുംബങ്ങൾക്ക് ലഭിക്കും. സബ്സിഡി തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ആറ് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുമെന്നത് വിജയ് നേരത്തെ തിരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ചിരുന്നു.

സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയും കൂടുതൽ സർവീസുകളിലേക്ക് വ്യാപിപ്പിച്ചു. ഗാന്ധിജയന്തി ദിനം മുതൽ നഗരങ്ങളിലും മെട്രോപൊളിറ്റൻ മേഖലകളിലും ഡീലക്സ്, ലിമിറ്റഡ് സ്റ്റോപ്പ്, എക്സ്പ്രസ് ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് വിജയ് അറിയിച്ചു. നിലവിൽ ഓർഡിനറി, സിറ്റി ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കുന്നത്. ‘വെട്രി പയന തിട്ടം’ എന്ന പേരിലുള്ള പദ്ധതിക്കായി പ്രതിവർഷം 6000 കോടി രൂപ ചെലവഴിക്കുമെന്നും സർക്കാർ അറിയിച്ചു.

കാഞ്ചീപുരം ജില്ലയിലെ പരന്തൂരിൽ നിർമിക്കാനിരുന്ന വിമാനത്താവള പദ്ധതിയും സർക്കാർ റദ്ദാക്കിയതായി വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണെന്നും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ മറ്റൊരു സ്ഥലത്ത് പുതിയ വിമാനത്താവളം നിർമിക്കുമെന്നും നിലവിലെ ചെന്നൈ വിമാനത്താവളത്തിൽ അഞ്ചാമത്തെ ടെർമിനൽ സ്ഥാപിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. രാഷ്ട്രീയപ്രവർത്തകനെന്ന നിലയിൽ വിജയ് ആദ്യമായി ഏറ്റെടുത്ത പ്രധാന ജനകീയ വിഷയങ്ങളിലൊന്നായിരുന്നു പരന്തൂർ വിമാനത്താവളത്തിനെതിരായ കർഷക സമരം. പരന്തൂരിലെ 13 ഗ്രാമങ്ങളിലായി 5746 ഏക്കർ ഭൂമിയിൽ 29,400 കോടി രൂപ ചെലവിൽ വിമാനത്താവളം നിർമിക്കാനായിരുന്നു മുൻ ഡിഎംകെ സർക്കാരിന്റെ പദ്ധതി. കർഷകരുടെ ശക്തമായ പ്രതിഷേധത്തിനിടയിലും ഭൂമിയേറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ടുപോയിരുന്നു. 2025 ജനുവരിയിൽ വിജയ് പരന്തൂരിലെത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിഷയം ദേശീയതലത്തിൽ കൂടുതൽ ശ്രദ്ധ നേടിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img