
ചരിത്രത്തിൽ ആദ്യമായി രാഷ്ട്രപതി ഭവൻ ഒരു വിവാഹത്തിന് വേദിയാകുകയാണ്. വിവാഹത്തിന് വേണ്ട ഒരുക്കങ്ങൾ ഇവിടെ പുരോഗമിക്കുന്നു. ഈ മാസം പന്ത്രണ്ടിനാണ് രാഷ്ട്രപതി ഭവനിലെ ആദ്യ വിവാഹം. സിആർപിഎഫ് ഉദ്യോഗസ്ഥയായ പൂനം ഗുപ്തയുടെ വിവാഹത്തിനാണ് ഇന്ത്യയുടെ രാഷ്ട്രപതി ഭവൻ വേദിയാകുക. സിആർപിഎഫ് അസിസ്റ്റന്റ് കമാന്റന്റ് അവിനാശ് കുമാറാണ് വരൻ.
രാഷ്ട്രപതി ഭവനിലെ സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥയാണ് പൂനം ഗുപ്ത. 74ാം റിപബ്ലിക് ദിന പരേഡിലെ വനിതാ സംഘത്തെ നയിച്ചത് ഈ യുവതിയായിരുന്നു. ഇതോടെ പൂനം രാജ്യശ്രദ്ധയാകർഷിച്ചു. തൊഴിലിനോടുള്ള ആത്മാർത്ഥതയും കൃത്യനിഷ്ഠയും കണക്കിലെടുത്താണ് രാഷ്ട്രപതി ഭവനിൽ വച്ച് വിവാഹിതയാവാൻ രാഷ്ട്രപതി ദൌപതി മുർമു നിർദ്ദേശിച്ചത്.
മധ്യപ്രദേശ് സ്വദേശിനിയാണ് പൂനം. ഗണിതശാസ്ത്രത്തിൽ ബിരുദധാരിയായ ഈ യുവതി ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും ബിഎഡും നേടിയിട്ടുണ്ട്. 2018ലെ സിഎപിഎഫ് പരീക്ഷയിൽ 81ാം റാങ്കോടെയാണ് പൂനം സേനയുടെ ഭാഗമായത്. ബിഹാറിൽ നക്സൽ ബാധിത മേഖലയിൽ അടക്കം പൂനം സേവനം ചെയ്തിട്ടുണ്ട്. നിലവിൽ ജമ്മു കശ്മീരിലാണ് പൂനത്തിന്റെ ഭാവിവരൻ സേവനം ചെയ്യുന്നത്. രാഷ്ട്രപതി ഭവനിലെ മദർ തെരേസ ക്രൌൺ കോംപ്ലക്സിലാവും ഇവരുടെ വിവാഹം നടക്കുക. കർശന സുരക്ഷയിൽ ഉറ്റ ബന്ധുക്കൾ മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക.











