09:00am 20 April 2026
NEWS
മലപ്പുറത്ത് വിവാഹ സദ്യ ഒരുക്കവെ കറിക്കൂട്ടിൽ യുവതി മണ്ണ് വാരിയിട്ടു
19/04/2026  04:17 PM IST
nila
മലപ്പുറത്ത് വിവാഹ സദ്യ ഒരുക്കവെ കറിക്കൂട്ടിൽ യുവതി മണ്ണ് വാരിയിട്ടു

മലപ്പുറം: വിവാഹസദ്യയ്ക്കായി മുറിച്ചുവെച്ച കറിക്കൂട്ടുകളിലേക്ക് അയൽവാസിയായ യുവതി മണ്ണ് വാരിയിട്ടു. മലപ്പുറം ജില്ലയിലെ ചോക്കാടാണ് വെള്ളിയാഴ്ച്ച വൈകിട്ട് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മാളിയേക്കൽ ജുമാ മസ്ജിദിന് കീഴിലെ മദ്രസ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച്ച നടക്കേണ്ട വിവാഹത്തിനായി ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് സംഭവം. അരിഞ്ഞുവെച്ചിരുന്ന പച്ചക്കറികളിലേക്കാണ് യുവതി മണ്ണ് വാരിയിട്ടത്. 

വിവാഹം നടക്കുന്ന സ്ഥലത്തെച്ചൊല്ലി യുവതിയും മദ്രസ കമ്മിറ്റിയും തമ്മിൽ നിലവിൽ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഈ സ്ഥലത്തുള്ള കിണറ്റിലെ വെള്ളം ഉപയോഗിക്കാൻ കോടതി യുവതിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ കിണറിന് സമീപം പാചകം ചെയ്യുന്നതിനെ യുവതി എതിർത്തു. ഇതിനു പിന്നാലെ പച്ചക്കറികളിലേക്ക് മണ്ണ് എറിയുകയായിരുന്നു.

സംഭവം അറിഞ്ഞതോടെ നാട്ടുകാർ കൂട്ടത്തോടെ പ്രതിഷേധവുമായി എത്തിയത് സ്ഥലത്ത് വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് കാളികാവ് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. വരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിക്കെതിരെ കേസെടുത്തു. പ്രതിഷേധങ്ങളെത്തുടർന്ന് നിർത്തിവെച്ച പാചകം പിന്നീട് പൊലീസ് കാവലിലാണ് പൂർത്തിയാക്കിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img