01:11am 10 November 2026
NEWS
കേവല ലാഭത്തിൻ്റെ പേരിൽ നാടിനെ തകർക്കാൻ അനുവദിക്കില്ല: വി ഡി സതീശൻ
10/08/2026  02:34 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കേവല ലാഭത്തിൻ്റെ പേരിൽ നാടിനെ തകർക്കാൻ അനുവദിക്കില്ല: വി ഡി സതീശൻ
HIGHLIGHTS

കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ ഓപറേഷന്റെ (സി സി സി) മൂന്നാം വാര്‍ഷികാഘോഷത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ, വ്യവസായ, ഐ ടി, എ ഐ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഡോ. ഗൾഫാർ 
പി മുഹമ്മദ് അലി, കണ്ണൂര്‍ ബിഷപ്പ് റൈറ്റ് റവ. ഡോ. അലക്‌സ് വടക്കുന്തല, സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍, സ്വാമി നന്ദാത്മജാനന്ദ, ഫാ. ഡോ. ആന്റണി വടക്കേക്കര, ഓടമ്പള്ളി മുഹമ്മദ് ഫൈസി, പി രാമചന്ദ്രൻ, ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, ഹൈബി ഈഡൻ എം പി തുടങ്ങിയവർ.

 

കൊച്ചി: മതേതരത്വമെന്നത് കേവലമൊരു വാക്ക് മാത്രമല്ല ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലം മുതലുള്ള ആദർശമാണെന്ന് കേരള മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ ഓപറേഷന്റെ (സി സി സി) മൂന്നാം വാര്‍ഷികം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതമോ രാഷ്ട്രീയമോ എന്തുമായാലും നമ്മെ ഭിന്നിപ്പിക്കാൻ അനുവദിക്കരുത്. കേവല ലാഭത്തിൻ്റെ പേരിൽ നാടിനെ തകർക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ ലാഭത്തിനു വേണ്ടി യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഒരു ശ്രമത്തിനും പിന്തുണ നൽകില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

മത സൗഹാർദ്ദത്തിന് ആവശ്യമായ കാര്യങ്ങൾ ഭരണകൂടം നിർവഹിക്കുമെന്നും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന കൂട്ടായ്മകൾ പ്രോത്സാഹിപ്പിക്കുമെന്നും വിശിഷ്ടാതിഥിയായി പങ്കെടുത്ത വ്യവസായ, ഐ ടി, എ ഐ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ മതങ്ങളിലും യോജിപ്പിൻ്റെ വചനങ്ങളാണ് പറയുന്നത്. ഭിന്നിപ്പിൻ്റെ വാക്കുകൾ മനുഷ്യരാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം വിശദമാക്കി.

ഡോ. ഗള്‍ഫാര്‍ പി മുഹമ്മദ് അലി  അധ്യക്ഷത വഹിച്ചു. മൂന്നാം വാഷികം ആഘോഷിക്കുകയല്ല എന്തുകൊണ്ട് ഇത്തരമൊരു സംഘടന രൂപീകരിക്കപ്പെടാൻ കാരണമായി എന്ന് ഓർമപ്പെടുത്തുന്ന നിമിഷമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹങ്ങൾക്കിടയിൽ ആശങ്കയും തെറ്റിദ്ധാരണയും ഉണ്ടായപ്പോഴാണ് ഇത്തരമൊരു കൂട്ടായ്മ രൂപീകരിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
 
സാമുദായിക സൗഹാര്‍ദ്ദം- യുവജനങ്ങളുടെയും സര്‍ക്കാരിന്റെയും പങ്ക് എന്ന പ്രമേയം ഓടമ്പള്ളി മുഹമ്മദ് ഫൈസി അവതരിപ്പിച്ചു. 

കണ്ണൂര്‍ ബിഷപ്പ് റൈറ്റ് റവ. ഡോ. അലക്‌സ് വടക്കുന്തല, സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍, തൃശൂര്‍ ശ്രീരാമകൃഷ്ണ മഠത്തിന്റെ പ്രബുദ്ധ കേരളം മാഗസിന്‍ എഡിറ്റര്‍ സ്വാമി നന്ദാത്മജാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.

കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ ഓപറേഷൻ ജനറൽ സെക്രട്ടറി പി രാമചന്ദ്രന്‍, വൈസ് പ്രസിഡൻ്റ് 
ഡോ. യാക്കൂബ് മാര്‍  ഐറേനിയോസ് മെത്രാപ്പോലീത്ത എന്നിവർ പ്രസംഗിച്ചു.

കേരള സര്‍ക്കാര്‍ പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്ന സഹിഷ്ണുതാ മന്ത്രാലയത്തിനുള്ള ശിപാര്‍ശ സി സി സി ട്രഷറര്‍ ഫാ. ഡോ. ആന്റണി വടക്കേക്കര സമര്‍പ്പിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img