11:48pm 22 September 2026
NEWS
വെല്ലുവിളികളെ അവസരങ്ങളാക്കി മുന്നോട്ടുപോകും - മന്ത്രി ബിന്ദുകൃഷ്ണ
14/08/2026  11:43 AM IST
പി. ജയചന്ദ്രൻ
വെല്ലുവിളികളെ അവസരങ്ങളാക്കി മുന്നോട്ടുപോകും - മന്ത്രി ബിന്ദുകൃഷ്ണ

താൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തൊഴിൽജന്യരോഗത്താൽ ജോലിയിൽ നിന്നും വിരമിക്കേണ്ടി വന്ന കശുവണ്ടിത്തൊഴിലാളിയായ ഒരമ്മയുടെ മകൾ ആ നീതിനിഷേധത്തിനെതിരെ പോരാടുവാൻ നിശ്ചയിച്ചുറപ്പിച്ച് കഠിനമായ ജീവിതപ്രാരാബ്ധങ്ങൾക്കിടയിലും നിയമം പഠിക്കുകയും, അമ്മയ്ക്ക് നിഷേധിക്കപ്പെട്ട അവകാശാനുകൂല്യം കേസ് വാദിച്ച് നേടിയെടുക്കുകയും ചെയ്ത കഥയാണ് സംസ്ഥാന തൊഴിൽവകുപ്പുമന്ത്രി അഡ്. ബിന്ദുകൃഷ്ണയ്ക്ക് പറയുവാനുള്ളത്.

? സ്വന്തം അമ്മയ്ക്ക് നിഷേധിക്കപ്പെട്ട അവകാശാനുകൂല്യം, ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിൽ സ്വയം വാദിച്ച് നേടിയെടുത്ത അഭിഭാഷക കൂടിയാണ് താങ്കൾ. ആ താങ്കൾ ഇന്ന് ഈ സംസ്ഥാനത്തിന്റെ തൊഴിൽ വകുപ്പുമന്ത്രിയായപ്പോൾ എന്തുതോന്നുന്നു.

ഒരുപാടൊരുപാട് അഭിമാനം തോന്നുന്നു. ഒരിക്കലും പ്രതീക്ഷിച്ചതല്ല ഈ പദവിയൊന്നും. കടന്നുവന്ന വഴികളെക്കുറിച്ചോർക്കുമ്പോൾ കണ്ണുനിറയും.
കാഷ്യൂ കോർപ്പറേഷന്റെ കൊട്ടിയത്തെ 1-ാം നമ്പർ കമ്പനിയിലെ ജോലിക്കാരിയായിരുന്നു എന്റെ അമ്മ. അമ്മയുടെ സ്ഥലം കൊട്ടിയമായിരുന്നെങ്കിലും അച്ഛന്റെ സ്ഥലമായ കട്ടച്ചലായിരുന്നു ഞങ്ങൾ താമസം. അവിടെ നിന്നും ബസിൽ കൊട്ടിയത്തുപോയിട്ടായിരുന്നു അമ്മ ജോലി ചെയ്തിരുന്നത്. അത് വലിയൊരു സാഹസമായിരുന്നു.

അന്ന് കട്ടച്ചൽ വഴി ഒരേയൊരു ബസ്സേയുള്ളൂ. അതാകട്ടെ ഒരു ചെറിയ ബസും. ഞങ്ങൾ കുഞ്ഞുങ്ങളായിരിക്കുമ്പോൾ ഞങ്ങളെയും കൊണ്ടാണ് കമ്പനിയിലേക്കുള്ള അമ്മയുടെ ബസ് യാത്ര. നിറയെ യാത്രക്കാരുള്ള ബസിൽ ഞെങ്ങിഞെരുങ്ങി യാത്ര ചെയ്യുമ്പോൾ കുഞ്ഞുങ്ങളായ ഞങ്ങൾ പലപ്പോഴും ഊർന്ന് താഴേക്ക് പോകുമായിരുന്നു.

അങ്ങനെ ദിവസവും സാഹസപ്പെട്ട് കൊട്ടിയംവരെ യാത്ര ചെയ്തിട്ടാണ് അമ്മ കമ്പനിയിൽ പോയിരുന്നത്. അതിനിടെയാണ് താഴെയിരുന്ന് ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തൊഴിൽജന്യരോഗം അമ്മയെ ബാധിക്കുന്നത്. ഞാനന്ന് രണ്ടാം ക്ലാസിൽ പഠിക്കുകയാണ്. ഒടുവിൽ രോഗം കൂടി ആശുപത്രിയിലായതോടെ ജോലിക്കുപോകാൻ വയ്യാത്ത അവസ്ഥയായി. പിന്നീട് അമ്മ ജോലിക്ക് പോയിട്ടില്ല. ഞാൻ 7-ാം ക്ലാസിൽ എത്തുംവരെ വീടും ആശുപത്രിയുമായി കഴിയുകയായിരുന്നു അമ്മ.

എന്നിട്ടും ഇ.എസ്.ഐ അമ്മയ്ക്കർഹതപ്പെട്ട ഒരാനുകൂല്യവും നൽകിയില്ല. അതേത്തുടർന്ന് ആ ഇല്ലായ്മകൾക്കിടയിലും അമ്മയ്ക്ക് അവകാശപ്പെട്ടത് നേടിയെടുക്കുവാനായി അച്ഛൻ കോടതി കയറിയിറങ്ങി. ഇൻഡസ്ട്രിയൽ ട്രിബ്യൂണലിലായിരുന്നു കേസിന്റെ തുടക്കം. അവിടെ അമ്മയ്ക്കനുകൂലമായ വിധിയുണ്ടായപ്പോൾ ഇ.എസ്.ഐ കോർപ്പറേഷൻ ഹൈക്കോടതിയിൽ പോയി. അവിടെയും തോറ്റപ്പോൾ അവർ സുപ്രീംകോടതിയിൽ പോയി. സുപ്രീംകോടതി പക്ഷേ ആ കേസ് എടുത്തില്ല. അങ്ങനെ വീണ്ടും കൊല്ലത്തെ ട്രിബ്യൂണലിൽ വന്നു.
അപ്പോഴേക്കും ഞാൻ വക്കീലായി. പിന്നെ ഞാനാണ് ട്രിബ്യൂണലിൽ വാദം നടത്തി അമ്മയ്ക്ക് അർഹതപ്പെട്ട ആനുകൂല്യം വാങ്ങിക്കൊടുത്തത്. ആ ഞാനിന്നിപ്പോൾ ലക്ഷക്കണക്കിന് തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുവാൻ ചുമതലപ്പെട്ടിരിക്കുന്നു.

? ജയിക്കുമെന്നോ മന്ത്രിയാകുമെന്നോ ഒക്കെ വിചാരിച്ചിരുന്നോ..

ജയിക്കുമെന്നും മന്ത്രിയാകുമെന്നും തൊഴിൽവകുപ്പുമന്ത്രിയാകുമെന്നോ ഒന്നും വിചാരിച്ചതേയില്ല. തൊഴിൽവകുപ്പ് സാധാരണ സ്ത്രീകൾക്ക് കിട്ടുന്ന വകുപ്പുമല്ല. അതുമാത്രമല്ലല്ലോ മൃഗസംരക്ഷണം, വനിതാക്ഷേമം, ശിശുസംരക്ഷണം എന്നീ വകുപ്പുകളും ലഭിച്ചില്ലെ.

? ഈ ചുമതലകളൊക്കെയും ഭംഗിയായി നിർവഹിച്ചു മുന്നോട്ടുപോകാം എന്ന് വിശ്വാസമുണ്ടോ.

തീർച്ചയായും അങ്ങനൊരു വിശ്വാസം എനിക്കുണ്ട്. പിന്നെ പാർട്ടിക്കും അങ്ങനൊരു വിശ്വാസം ഉള്ളതുകൊണ്ടായിരിക്കുമല്ലോ ഇത്രയും പ്രധാനപ്പെട്ട വകുപ്പുകൾ എന്നെ ഏൽപ്പിച്ചത്. അത് വലിയൊരംഗീകാരമായിട്ടാണ് കാണുന്നത്. ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. അതുകൊണ്ടുതന്നെ കഠിനപ്രയത്‌നം ആവശ്യമാണ്.

പിന്നെ തൊഴിൽവകുപ്പ് ഒരുപാട് വെല്ലുവിളികൾ നേരിടുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. ലേബർ കോഡ് ഒക്കെ വന്നു. സ്വാതന്ത്ര്യത്തിന് മുൻപും ശേഷവും നിരവധിയായ തൊഴിലാളി അവകാശസംരക്ഷണ നിയമങ്ങൾ രാജ്യത്തുണ്ടായിരുന്നു. അതെല്ലാമിപ്പോൾ ഒരു സുപ്രഭാതത്തിൽ മാഞ്ഞുപോയി. 29 നിയമങ്ങൾ 4 ആയി ചുരുക്കപ്പെട്ടിരിക്കുന്നു. അതനുസരിച്ച് സമാനതകളില്ലാത്ത വെല്ലുവിളികൾ നേരിടുന്ന ഒരു കാലഘട്ടമാണിത്. ആ വെല്ലുവിളികളെ അവസരങ്ങളായി കാണാനാണ് ആഗ്രഹിക്കുന്നത്. ഏത് സാഹചര്യം വരുമ്പോഴും അതിനെ അതിജീവിച്ചു മുന്നോട്ടുപോവുക എന്നുള്ളതാണ് സ്വന്തം ജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും ഇന്നോളം ഞാൻ സ്വീകരിച്ചിട്ടുള്ള നിലപാട്. അതുകൊണ്ട് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുന്നു.

? തൊഴിൽമേഖലയിൽ കാതലായ എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ കൊണ്ടുവരാനാഗ്രഹിക്കുന്നുണ്ടോ.

ഒരുപാടൊരുപാട് ആഗ്രഹങ്ങളുണ്ട്. പ്രത്യേകിച്ചും നമ്മളിനിയും അഭിസംബോധന ചെയ്യാത്ത നിരവധി മേഖകളുണ്ട്. ഒരുദാഹരണമാണ് വീട്ടുവേലക്കാർ. ധാരാളം സ്ത്രീകൾ ജോലി ചെയ്യുന്ന ഒരു മേഖലയാണത്. പക്ഷേ അവരെ തൊഴിലാളിയായി അംഗീകരിച്ചിട്ടില്ല. സ്വകാര്യ വീടുകൾ തൊഴിലിടങ്ങളായ് നിർവചനങ്ങളിൽ വരുന്നില്ല. അവർക്കുവേണ്ടി എന്തെങ്കിലും സ്‌കീം തയ്യാറാക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. അതിനുള്ള പണിപ്പുരയിലാണ്.

അതുപോലെ സൊമാറ്റോ കുഞ്ഞുങ്ങൾ. അവരുടെ കാര്യവും ഗൗരവമായ പരിഗണനയിലാണ്. അവർ പോകുന്ന വഴിക്ക് വീണുമരിച്ചാൽ വീട്ടുകാർക്കില്ല. തൊഴിലിടവുമായി ബന്ധപ്പെട്ട് യാതൊരു സംരക്ഷണവും അവർക്കില്ല. അവർക്കുവേണ്ടി ചുരുങ്ങിയ സമയം കൊണ്ട് ഒരു ഡ്രാഫ്റ്റ് തയ്യാറാക്കി. എത്രയും പെട്ടെന്ന് അത് നിയമമാക്കും.

അതുപോലെ അഭിസംബോധന ചെയ്യാത്ത എല്ലാ മേഖലകളിലും പരമാവധി നിയമത്തിന്റെ സംരക്ഷണം എത്തിക്കുവാനുള്ള ശ്രമം ഉറപ്പായും ഉണ്ടാകും. അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്.

? ഐ.ടി മേഖലയിലെ പ്രശ്‌നങ്ങൾ ഗൗരവമുള്ളതല്ലെ. കോറോഹെൽത്തുപോലുള്ള സ്ഥാപനങ്ങളിലെ കൂട്ടപിരിച്ചുവിടലിന്റെ സാഹചര്യത്തിൽ പ്രത്യേകിച്ചും.

അതൊരു വലിയ സാമൂഹ്യപ്രശ്‌നമാണ്. കേരളം മാത്രമല്ല ലോകം മുഴുവനും ഇപ്പോൾ അക യുഗത്തിലേക്കാണ് പോകുന്നത്. അക യുടെ വരവോടുകൂടി പല കമ്പനികളിലും ഹ്യൂമൻ റിസോഴ്‌സസ് കുറയുകയാണ്. അത് ഈ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ ആധുനിക വെല്ലുവിളിയാണ്. കോറോഹെൽത്തിലെ പിരിച്ചുവിടലിൽ തൊഴിൽവകുപ്പ് കൃത്യമായി ഇടപെടുകയും ഉദ്യോഗസ്ഥതലത്തിലും മന്ത്രിതലത്തിലുമൊക്കെ ചർച്ച നടത്തുകയും ചെയ്തു. അത് തുടരും. ഒരു വഴിക്ക് നമ്മുടെ ഉത്തരവാദിത്വം എന്ന നിലയിൽ അതിലിടപെട്ടുപോകുമ്പോഴും അതൊരു വലിയ ചോദ്യച്ചിഹ്നമായി നമുക്ക് മുന്നിൽ നിൽക്കുകയാണ്.

അതിന്റടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുമായും ഐ.ടി മന്ത്രിയുമായും ആലോചിച്ചിട്ട് ഒരു വെൽനെസ് പോളിസി നടപ്പിലാക്കാനാഗ്രഹിക്കുന്നു. കാരണം ഐ.ടി മേഖലയിൽ ലേബർ വകുപ്പിന് അധികം ഇടപെടലുകളില്ല. പരമാവധി ഐ.ടി കമ്പനികളെ സ്വാഗതം ചെയ്യുക എന്നുള്ളതാണല്ലോ നമ്മുടെ നയം. അതിനാൽ തൊഴിൽപ്രശ്‌നങ്ങളോ മറ്റ് കാര്യങ്ങളോ ഒന്നുമില്ലാതെ സ്മൂത്തായി പ്രവർത്തിക്കുവാനുള്ള സാഹചര്യം അവർക്ക് ഒരുക്കിക്കൊടുക്കുകയാണ് ഗവൺമെന്റ് ചെയ്യുന്നത്. എങ്കിലും തൊഴിലാളികളുടെ അവകാശങ്ങളെ ചൂഷണം ചെയ്യുമ്പോൾ കൈയും കെട്ടി നോക്കിനിൽക്കാനാവില്ലല്ലോ. അതിനുള്ള പോംവഴികളുടെ ആലോചനയിലാണ്.

? സ്ത്രീപീഡനങ്ങൾക്കെതിരെ തെരുവിൽ ഒരുപാട് പോരാട്ടങ്ങൾ നടത്തിയിട്ടുള്ള വനിതാനേതാവ് കൂടിയല്ലെ.

ആ മേഖലയിൽ ഒരുപാട് നിയമങ്ങളുണ്ട്. ആ നിയമങ്ങൾ നടപ്പിലാക്കുന്നതിന് മുൻ ഗവൺമെന്റ് വിട്ടുവീഴ്ച വരുത്തിയതിന്റെ പരിണിതഫലങ്ങൾ ഒട്ടനവധിയാണ്. അതുകൊണ്ട് നിലവിലുള്ള നിയമങ്ങൾ പരമാവധി ശക്തമായി നടപ്പാക്കാൻ ശ്രമിക്കും. പക്ഷേ നിയമങ്ങൾ, ലീഗൽ പ്രൊസീഡിംഗ്‌സ് എപ്പോഴാണ് നമ്മൾ ഇനിഷ്യേറ്റ് ചെയ്യുന്നത്. കുറ്റകൃത്യം ഉണ്ടാകുമ്പോൾ. കുറ്റകൃത്യം ഉണ്ടായിട്ട്, അഫക്റ്റഡായിട്ട് നിയമം ഇനിഷ്യേറ്റ് ചെയ്യുന്നതിനേക്കാൾ, അതുണ്ടാകാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പരമാവധി കർശനമാക്കുകയല്ലേ വേണ്ടത്. ഗാർഹികപീഡനം മൂലം എത്രയെത്ര പെൺകുട്ടികളാണ് ഓരോ വർഷവും ആത്മഹത്യ ചെയ്യുന്നത്. കഴിഞ്ഞദിവസം ആറ്റുകാലിൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്ത വാർത്ത കണ്ടില്ലെ. ഭർതൃവീട്ടിലെ പീഡനങ്ങളെക്കുറിച്ച് അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ അഡ്ജസ്റ്റ് ചെയ്യാനാണ് അവർ പറഞ്ഞത്. അതൊരു വലിയ മനോഭാവമാണ്. അതിനൊരു മാറ്റം അനിവാര്യമാണ്.

എല്ലാവരുടെയും പേടിയെന്താ, പെൺകുട്ടികൾ ഗാർഹിക പീഡനമേറ്റ് ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് വന്നാൽ സമൂഹത്തിനുമുന്നിൽ ഉത്തരം പറയാൻ പറ്റില്ല എന്നുള്ളതാണ് പലരേയും അലട്ടുന്ന പ്രശ്‌നം. സമൂഹത്തിനല്ല, കുഞ്ഞുങ്ങളുടെ ജീവനാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത്. ആ സമൂഹവും മാറേണ്ടതുണ്ട്.

അതുപോലെ തന്നെയാണ് കുഞ്ഞുങ്ങൾക്കെതിരെയുള്ള ആക്രമണം. പ്രപഞ്ചത്തിന്റെ തന്നെ അടിസ്ഥാന തത്വം എന്നുപറയുന്നത്, കുഞ്ഞുങ്ങൾ ഏറ്റവും സുരക്ഷിതരായി ഇരിക്കുന്ന ഇടം സ്വന്തം അച്ഛന്റേയും അമ്മയുടേയും അടുത്താണെന്നുള്ളതാണ്. അമ്മയുടെ മടിത്തട്ടാണ് ലോകത്ത് ഏറ്റവും സുരക്ഷിതം എന്നാണ് വയ്പ്. അതെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഇന്ന് ഓരോ സംഭവവും ഉണ്ടാകുന്നത്. നെടുമങ്ങാട്ടെ ഒന്നരവയസ്സുകാരി ഇപ്പോഴും ഒരിറ്റു കണ്ണുനീരായി നിൽക്കുകയാണ്. അങ്ങനെ എത്രയെത്ര കുഞ്ഞുങ്ങളാണ് ആക്രമിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്യുന്നത്. അതിൽ പലതും പെറ്റമ്മ അറിഞ്ഞുകൊണ്ടാണ് നടക്കുന്നത്.
അങ്ങനെ മുൻപില്ലാത്ത ഒത്തിരി സാമൂഹ്യപ്രശ്‌നങ്ങളെ നമ്മളിപ്പോൾ നേരിടുകയാണ്. അതിനെയൊക്കെ നേരിടാനും പരിഹരിക്കാനും പ്രതിരോധിക്കുവാനും ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവുമാണാവശ്യം. അത് ഗൗരവമായി ആലോചിക്കുകയാണ്.

? തെരഞ്ഞെടുപ്പുകാലത്ത് മണ്ഡലത്തിലെ വോട്ടർമാർക്ക് നൽകിയ വാഗ്ദാനങ്ങൾ ഓർമ്മയുണ്ടോ.

തീർച്ചയായും ഓർമ്മയുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ മുന്നോട്ടുപോകാൻ കഴിഞ്ഞിട്ടില്ല. കാരണം ഇതൊരു പുതിയ ബജറ്റല്ല. റിവൈസിംഗ് മാത്രമേയുള്ളൂ. അപ്പോൾ അതിന്റേതായ പരിമിതികളുണ്ട്. അടുത്ത ബജറ്റിൽ അത് പരിഹരിക്കും. വാഗ്ദാനം ചെയ്ത കാര്യങ്ങൾ ഒന്നില്ലാതെ നടപ്പാക്കും. കൊല്ലം മണ്ഡലത്തിൽ ഒരു മെഡിക്കൽ കോളേജ് കൊണ്ടുവരണം എന്ന വലിയ ആഗ്രഹമുണ്ട്. ഇ.എസ്.ഐ മെഡിക്കൽ കോളേജിന് എന്തെങ്കിലും ബുദ്ധിമുട്ടുവന്നാൽ സഹകരണമേഖലയിൽ കൊണ്ടുവരാനുള്ള ആലോചനയുണ്ട്.
അങ്ങനെ യു.ഡി.എഫിന്റെ പ്രകടനപത്രികയിലും ഞാൻ വ്യക്തിപരമായും വോട്ടർമാർക്ക് നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ ഒന്നില്ലാതെ നടപ്പിലാക്കുമെന്ന് ഉറപ്പുനൽകുകയാണ്. പക്ഷേ അതിന് കുറച്ചുസമയം ആവശ്യമാണ്. അത് ചെയ്യും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img